Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഅതിരപ്പിള്ളി കാണാം,...

അതിരപ്പിള്ളി കാണാം, കാട്ടിലൂടെ നടക്കാം

text_fields
bookmark_border
അതിരപ്പിള്ളി കാണാം, കാട്ടിലൂടെ നടക്കാം
cancel
camera_alt???????????? ?????????????

കാടും മലകളും താണ്ടി അനേകം സഞ്ചരിച്ചിട്ടുണ്ടെങ്കിലും മഴക്കാല യാത്രകള്‍ പ്രത്യേക അനുഭൂതി നല്‍കാറുണ്ട്. അത്തരം യാത്രകള്‍ ആവേശവുമാണ്. ഈ മഴക്കാലത്ത് അതിരപ്പിള്ളിയെന്ന മാലാഖയെയും കാടും കാണാനിറങ്ങുകയാണ്. കഴിഞ്ഞ ഡിസംബറില്‍ വാല്‍പാറയില്‍ പോയപ്പോഴാണ് വഴിവക്കില്‍ അതിരപ്പിള്ളി ജലപാതം ആദ്യമായി കണ്ണില്‍പെടുന്നത്. ലക്ഷ്യം വാല്‍പാറയായതിനാല്‍ വെള്ളച്ചാട്ടം പ്രദേശത്ത് കൂടുതല്‍ സമയം അന്ന് ചെലവഴിക്കാനായില്ല. വെള്ളവും തീരെ കുറവായിരുന്നു. അടുത്ത മഴക്കാലത്തുതന്നെ വെള്ളച്ചാട്ടം സന്ദര്‍ശിക്കണമെന്ന് അന്നവിടുന്ന് മടങ്ങുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു.

അവധി ദിനത്തിലാണ് അതിരപ്പിള്ളി കാണാനിറങ്ങിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടാമ്പിയിലത്തെിയപ്പോള്‍ നേരം വെളുത്തിരുന്നു. പ്രഭാതഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. കഴിഞ്ഞ ദിനങ്ങളിലെ കനത്ത മഴയില്‍ പട്ടാമ്പി പാലത്തിന് താഴെ നിളക്ക് ജീവന്‍ വെച്ചിട്ടുണ്ട്. യാത്രയില്‍ ഇടക്കിടെയത്തെിയ ചാറ്റല്‍മഴ മനസ്സിനെയും ശരീരത്തെയും നനച്ചുകൊണ്ടിരുന്നു. ദേശീയപാതയില്‍നിന്ന് അതിരപ്പിള്ളി റോഡിലേക്ക് കയറി കുറച്ച് ദൂരം പിന്നിട്ടപ്പോള്‍തന്നെ തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. കാട്ടിലേക്ക് സ്വാഗതം പറഞ്ഞ് റോഡിനിരുവശവും വന്‍ മരങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

തുമ്പൂര്‍മുഴിപാര്‍ക്കിലെ തൂക്കുപാലം


അതിരപ്പിള്ളിയിലത്തെുന്നതിന് മുമ്പ് റോഡരികിലായാണ് തുമ്പൂര്‍മുഴി പുഴയോരപാര്‍ക്ക്. ഈ വഴിവരുന്ന സഞ്ചാരികള്‍ ഇവിടുത്തെ ശലഭോദ്യാനം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. തുമ്പൂര്‍മുഴിയില്‍ ചിത്രശലഭങ്ങളെ അവയുടെ ഇഷ്ട സസ്യങ്ങള്‍ ഉദ്യാനത്തില്‍ വെച്ചുപിടിപ്പിച്ചാണ് ആകര്‍ഷിക്കുന്നത്. ടിക്കറ്റെടുത്ത് അകത്തു കയറി. ഒരേ നിരയില്‍ വെച്ചുപിടിപ്പിച്ച പലതരം സസ്യങ്ങളുടെയും ചെടികളുടെയും അപൂര്‍വ കലവറയുണ്ടിവിടെ. വേനല്‍ക്കാലത്ത് വന്‍തോതില്‍ ചിത്രശലഭങ്ങള്‍ ഇവിടെ എത്തിപ്പെടാനുള്ള കാരണവും ഇതുതന്നെ. 140 ഇനം ചിത്രശലഭങ്ങളെയാണ് ഇവിടെ കണ്ടത്തെിയിട്ടുള്ളത്. നാല് ഇനം ശലഭങ്ങളാണ് ഇവിടെ സാധാരണയായി കാണപ്പെടുന്നത്. അതില്‍തന്നെ ബ്ളൂ ടൈഗര്‍, ബ്ളൂ ബോട്ടില്‍ ഇനങ്ങളാണ് അധികവും.

പാര്‍ക്കിലെ ചിത്രശലഭങ്ങള്‍


ചിത്രശലഭങ്ങളിലെ ഭീമന്‍മാരായ ഗരുഡശലഭവും തുമ്പൂര്‍മുഴി ശലഭോദ്യാനത്തിലുണ്ട്. ഉദ്യാനത്തിലൂടെ കറങ്ങിത്തിരിഞ്ഞ് തൂക്കുപാലത്തിന് സമീപത്ത് കുറച്ചുസമയം വിശ്രമിച്ചു. എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം നദിയോര പാര്‍ക്കിനെയും തൃശൂര്‍ ജില്ലയുടെ തുമ്പൂര്‍മുഴി നദിയോര പാര്‍ക്കിനെയും ബന്ധപ്പെടുത്തിയാണ് തൂക്കുപാലം. പാലത്തിലൂടെ മറുകര ലക്ഷ്യമാക്കി നടന്നു. താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിമയുള്ള വെള്ളം വെയിലേറ്റ് തിളങ്ങുന്നു. ചെക്ഡാമിന് മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുന്ന സുന്ദരമായ കാഴ്ച പാലത്തില്‍നിന്നാല്‍ കാണാം. വാച്ച് ടവറില്‍നിന്നുള്ള കാഴ്ചകളും ഹൃദ്യമാണ്. അവധിദിനമായതിനാല്‍ സഞ്ചാരികളേറെയത്തെിയിട്ടുണ്ട്. ലക്ഷ്യം അതിരപ്പിള്ളിയായതിനാല്‍ തുമ്പൂര്‍മുഴിയില്‍നിന്ന് വേഗം മടങ്ങി.

അതിരപ്പിള്ളിയിലേക്കുള്ള വഴി


ഇവിടുന്ന് 14 കിലോമീറ്ററാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രദേശത്തേക്ക് ദൂരം. പത്തരയോടെ അതിരപ്പിള്ളിയിലത്തെി. റോഡില്‍നിന്ന് നോക്കുമ്പോള്‍ രൗദ്രഭാവത്തില്‍ ആര്‍ത്തലച്ച് ഭൂമിയിലേക്ക് പതിക്കുകയാണ് അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരി. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തില്‍നിന്ന് ജലകണങ്ങള്‍ പാറിക്കളിക്കുന്നു. വണ്ടി ഒതുക്കിനിര്‍ത്തി വെള്ളച്ചാട്ടം പ്രദേശത്തേക്ക് നടന്നു.

പ്രകൃതിയിലേക്ക് കടന്നുകയറിയതിന്‍െറ മാറ്റം അനുഭവിച്ചുതുടങ്ങി. തലക്കുമീതെ വന്‍മരങ്ങളില്‍നിന്ന് പണ്ട് കേട്ടുമറന്ന പലജാതി പക്ഷികളുടെ ശബ്ദം. ദൂരെ കോട മൂടിയ കാടുകള്‍. മഴയും പ്രകൃതിയും കൂടിച്ചേരുന്ന അനുഭൂതിയെ തൊട്ട് പതിയെ നടന്നു. തൊട്ടുമുമ്പ് പെയ്ത മഴയില്‍ മരച്ചില്ലകളില്‍ തങ്ങിനിന്നിരുന്ന വെള്ളത്തുള്ളികള്‍ കാറ്റടിച്ചപ്പോള്‍ താഴേക്ക് പതിച്ചു. തണുത്ത കാറ്റില്‍ ശരീരമാകെ തണുത്തു വിറക്കാന്‍ തുടങ്ങി. പ്രകൃതിയുടെ എല്ലാ ചേരുവകളും ചേര്‍ന്ന ഭൂമികയാണിവിടം. ഡിസംബര്‍ മാസത്തിലേതില്‍ നിന്ന് ഒരുപാട് മാറ്റം വര്‍ഷക്കാലമായപ്പോള്‍ അതിരപ്പിള്ളിക്കുണ്ടായിട്ടുണ്ട്. റോഡില്‍നിന്ന് വെള്ളച്ചാട്ടത്തിനരികിലേക്ക് നടന്നു.

തുമ്പൂര്‍മുഴി ചെക്ക് ഡാം


ഏതാണ്ട് 24 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഈ ജലപാതം താഴേക്ക് പതിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്ക്മാറി അതിരപ്പിള്ളി പഞ്ചായത്തിലാണ് വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍ ചവിട്ടി കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ പാറിയത്തെുന്ന മഞ്ഞുകണങ്ങള്‍ ശരീരത്തെ തണുപ്പിക്കാന്‍ തുടങ്ങി. വെള്ളം പതിക്കുന്ന കനത്ത ശബ്ദം കേട്ടും സഞ്ചാരികളുടെ ഫോട്ടോയെടുപ്പ് കണ്ടും കുറെ സമയം ഒരു പാറക്കല്ലിലിരുന്നു.

വിടപറയാന്‍ പറ്റാത്തത്ര സൗന്ദര്യമാണ് ഈ പ്രകൃതിക്ക്. അതുകൊണ്ടുതന്നെ കുറേ സമയം ഇവിടെ ചെലവഴിച്ചു. ചാലക്കുടിപ്പുഴയുടെ സൗന്ദര്യത്തില്‍ ലയിക്കാന്‍ അനേകം വിനോദ സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. പലജാതി പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളെ ഇവിടെ കാണാം. ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളും വിവിധയിനം ചിത്രശലഭങ്ങളും ഈ കാടിന്‍െറ ഉടമകളാണ്.

തുമ്പൂര്‍മുഴി വാച്ച്ടവര്‍


വെള്ളച്ചാട്ടത്തിന് ഇരു ഭാഗങ്ങളിലുമായി കാണപ്പെടുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്‍െറ കലവറയാണ്. ഇരൂള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് അതിരപ്പിള്ളി. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങള്‍ അതിരപ്പിള്ളിയില്‍ ചിത്രീകരിച്ചതാണ്. പിന്നീട് ഗ്രാഫിക്സിന്‍െറ സഹായത്തോടെ രംഗങ്ങള്‍ വിപുലീകരിക്കുകയായിരുന്നു.

അതിരപ്പിള്ളിയിലേക്കുള്ള വനപാത


അതിരപ്പിള്ളി സന്ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത വാഴച്ചാല്‍ വെള്ളച്ചാട്ടംകൂടി കാണണം. ഇവിടുന്ന് വെറും അഞ്ച് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടം പ്രദേശത്തത്തൊം. നിബിഢ വനങ്ങള്‍ക്കടുത്തായാണ് വാഴച്ചാല്‍ സ്ഥിതിചെയ്യുന്നത്. റോഡിനിരുവശവും തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നു. മരച്ചില്ലകള്‍ മേലാപ്പിട്ട റോഡിലൂടെ, വെയില്‍വെട്ടംപോലും നിലത്ത് പതിക്കാത്തത്ര കാട്ടിലൂടെയുള്ള സഞ്ചാരം അനുഭവിച്ചു തന്നെ അറിയണം.

മുളങ്കാടുകള്‍ക്ക് സമീപം വനം വകുപ്പ് ചെക്പോസ്റ്റ് കടന്ന് ചാലക്കുടിപ്പുഴയുടെ ഭാഗമായ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് നടന്നു. പരന്നുകിടക്കുന്ന ചെറുപാറക്കെട്ടുകള്‍ക്കിടയിലൂടെ മലവെള്ളം കുത്തിയൊലിച്ചത്തെുന്ന കാഴ്ചയുണ്ടിവിടെ. വെള്ളച്ചാട്ടത്തിലെ മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഒരിക്കല്‍കൂടി എത്താമെന്ന പ്രതീക്ഷയോടെയാണ് വൈകുന്നേരം വെള്ളച്ചാട്ടങ്ങളോടും പ്രകൃതിയോടും വിട പറഞ്ഞത്. മലയാളികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പ്രദേശങ്ങളാണിത്. വീട്ടിലേക്ക് മടങ്ങുമ്പോഴും വെളുത്ത മഞ്ഞായി, മഴയായി അതിരപ്പിള്ളിയെന്ന മാലാഖ മനസ്സിലേക്ക് പതിച്ചു കൊണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam TravelTravel NewsTravel IndiaTravel KeralaAthirapilly Waterfalls
Next Story