Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലമുകളിലെ മരവീട്ടില്‍ ഒരുദിവസം
cancel
Homechevron_rightTravelchevron_rightNaturechevron_rightമലമുകളിലെ മരവീട്ടില്‍...

മലമുകളിലെ മരവീട്ടില്‍ ഒരുദിവസം

text_fields
bookmark_border
വിനോദ യാത്രകള്‍ പ്ളാന്‍ ചെയ്യുമ്പോള്‍ വലിയ റിസോര്‍ട്ടുകള്‍ തപ്പിയെടുത്ത് രണ്ടു ദിവസം പ്രകൃതിയുമായി ഒരു ബന്ധവുമില്ലാതെ ആഘോഷിച്ച് തിരിച്ചുവരുന്നവര്‍ക്ക് പറ്റിയതല്ല ഈ യാത്ര. ഒരു അപ്പൂപ്പന്‍ താടി പോലെ പാറി നടക്കാന്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ അന്തിയുറങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണിത്. ഒരു ശനിയാഴ്ച രാവിലെ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നൗഷാദ് സാറിന്‍െറ കോള്‍ മൂന്നാറിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനായ പ്രസാദ് സര്‍ ഒരു മീറ്റിങിനായി വിളിച്ചിരിക്കുന്നു. വിട്ടാലൊ എന്ന്. പിന്നെ ഒന്നും ആലോചിട്ടില്ല കാരണം വിളിക്കുന്നത് കാടിന്‍െറ എന്‍സൈക്ളോപീഡിയ. സാറിനോടമൊപ്പമുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. ഉച്ചതിരിഞ്ഞ് തൃശൂരില്‍ നിന്നും ഞങ്ങള്‍ യാത്ര തിരിച്ചു. വൈകുന്നേരം ആറു മണിയോട്കൂടി മൂന്നാര്‍ മലനിരകള്‍ പിന്നിട്ട് പാമ്പാടുംചോല ചെക്പോസ്റ്റിനരികിലത്തെി.

സൂര്യന്‍ പിന്‍വാങ്ങി കാടാകെ കോടപുതച്ചു നില്‍ക്കുന്നു. മൂന്നാറില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കില്‍ ഇവിടെ നൂല്‍പരിവത്തിലുള്ള ചാറ്റല്‍ മഴയും കോടയും കാഴ്ചകള്‍ എല്ലാം തന്നെ മറച്ചിരിക്കുന്നു. ആഗമന ഉദ്ദേശം അറിയച്ചപ്പോള്‍ ഉദ്യോഗസ്ഥനായ ഹരിദാസ് സാറും സുമേഷും എത്തി. അവിടെ നിന്നും പാമ്പാടുംചോലയില്‍ വനംവകുപ്പിന്‍െറ കീഴിലുള്ള ഡോര്‍മെട്രിയിലേക്ക് കൂട്ടികൊണ്ടുപോയി, കാരണം എറണാകുളത്തു നിന്നും വിദ്യാര്‍ഥികള്‍ കാടുകാണാനായി എത്തിയിരുന്നു. അവര്‍ക്ക് മുന്നില്‍ ഞങ്ങളെ ഗസ്റ്റുകളാക്കി പരിചയപ്പെടുത്തി. തുടര്‍ന്നുള്ള ഹരിദാസ് സാറിന്‍െറയും നൗഷാദ് സാറിന്‍െറ പരിസ്ഥിതി പഠന ക്ളാസുകള്‍ കാടിനെയും വന്യമൃഗങ്ങളെയും കുറിച്ചു ഞങ്ങള്‍ക്ക് കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നു.


സ്വന്തം വീടിന്‍െറ ഹൗസ് വാമിങ് നടക്കുമ്പോള്‍ ഒരു തുള്ളി പ്ളാസ്റ്റിക് പോലും ഞാന്‍ ഉപയോഗിക്കില്ളെന്ന് മനസില്‍ ശപഥമെടുത്തു, നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെ ചടങ്ങില്‍ പങ്കെടുത്ത 300 പേര്‍ക്ക് ഭക്ഷണമായി ഇല അട നല്‍കി ഹരിദാസ് സര്‍ ആ നാടിനും വീടിനും മാതൃകയായ കഥ ഞങ്ങളില്‍ പലര്‍ക്കും പ്രചോദനമായി മാറി. കാടിനേയും വന്യമൃഗങ്ങളെയും കുറിച്ചുള്ള അവരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കി നൗഷാദ് സാറിന്‍െറയും ക്ളാസ് കൈയടി നേടി. ക്ളാസില്‍ മുഴുകിയിരുന്നതിനാലാവണം അതുവരെയുള്ള തണുപ്പ് ആരും അറിഞ്ഞില്ല.

ക്ളാസ് കഴിഞ്ഞതും തണുപ്പ് ഇരച്ചുകയറി കയറി എല്ലാവരും ജാക്കറ്റും സ്വെറും ഒക്കെപുതച്ച് തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സുമേഷിന്‍െറ വിളി എല്ലാവര്‍ക്കും ഉള്ള ചൂടുകഞ്ഞി തയാര്‍. ഒരു ദൈവിക വിളിയായിട്ടാണ് അത് എല്ലാവരുടെയും ചെവിയില്‍ മുഴങ്ങികേട്ടത്. പയറും അച്ചാറും കുഴച്ചുള്ള ആ ചൂടു കഞ്ഞിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുന്തിയ ഡിഷിനെക്കാളും ടേസ്റ്റായിരുന്നു. വീട്ടില്‍ അമ്മ കഞ്ഞി എന്നു പറയുമ്പോള്‍ പുച്ഛമായിരുന്നു. വീട്ടില്‍ ചെന്നാലുടന്‍ ഭാര്യയോട് ഇതുപോലെയൊരു കഞ്ഞി ഉണ്ടാക്കി തരാന്‍ പറയണം എന്നൊക്കെയുള്ള കമന്‍റ്സ് ആ ഹാള്‍ മുഴുവന്‍ മുഴങ്ങികേട്ടു കൊണ്ടേയിരുന്നു. ഭക്ഷണത്തിനുശേഷം സുമേഷും ഹരിദാസ് സാറും കൂടി ജീപ്പില്‍ ഞങ്ങളെ മലമുകളിലെ മരവീട്ടിലേക്ക് കൂട്ടികൊണ്ടുവിട്ടിട്ട് തിരികെ പോയി.

കാടിനു നടുവിലെ മലമുകളില്‍ കുഞ്ഞു രണ്ട് മരക്കൂടുകള്‍ അതാണ് പാമ്പാടുംചോലയിലെ ഹട്ടുകള്‍. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ നാലുപാടും കിടങ്ങുകള്‍ തീര്‍ത്തിരിക്കുന്നു. അവിടെ താമസിക്കുന്നവര്‍ക്ക് കാവലായും ഭക്ഷണം വെച്ചുകൊടുക്കാനുമായി തൊട്ടുപിറകിലെ കുടിലില്‍ രണ്ട് ഉദ്യോഗസ്ഥരുമുണ്ട്. കുറച്ചുനേരം തണുപ്പാസ്വദിക്കാനായി ഞങ്ങള്‍ രണ്ടും പേരും പുറത്തെ കസേരയില്‍ ഇരുപ്പുറപ്പിച്ചു. രാത്രി കൂടുതല്‍ മൂകമായിരുന്നു. മഞ്ഞുപെയ്യുന്ന തണുപ്പ് സ്വരങ്ങള്‍ പോലും വ്യക്തമായി കേള്‍ക്കാവുന്നത്ര ശവക്കച്ചപോലെ രാത്രിയെ പുതക്കുന്ന മൂടല്‍മഞ്ഞ്. നിശദ്ബത പുതപ്പിച്ച ശവക്കച്ചക്കുള്ളില്‍ തെളിയുന്ന നിലാവിനും അകലുന്ന നക്ഷത്രങ്ങള്‍ക്കും സാക്ഷിയായി കുറച്ചുനേരം പുറത്തിരുന്നു കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും കേട്ടിരുന്ന കാലൊച്ചകള്‍ വ്യക്തതയാര്‍ജിക്കുന്നു. രണ്ടു ദിവസം ഈ പരിസരത്ത് കടുവയുടെ സാമീപ്യം ഉണ്ടെന്ന് ഹരിദാസ് പറയുകയുണ്ടായി.


ശോഭിനിയായ രാത്രി ആകാംക്ഷ പൂണ്ടു. കാലൊച്ച അടുക്കുന്തോറും ആകാംക്ഷ ഭയപ്പാടായി മാറി. പെട്ടെന്ന് മുറിയുടെ അരണ്ട വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ ആ രൂപം തെളിഞ്ഞു ഒരു വന്‍ കാട്ടുപോത്ത്. കടുവയെ പ്രതീക്ഷിച്ചെടുത്ത് അതിന്‍െറ തീറ്റയായ കാട്ടുപോത്ത് . കുറച്ചുനേരം അവിടെയൊക്കെ പരതി നടന്നിട്ട് അവന്‍ അപ്രത്യക്ഷമായി. ഞങ്ങള്‍ക്കിടയില്‍ വീണ്ടും നിശബ്ദത താളം കെട്ടി. "പണ്ട് പണ്ട് ഒരു കാട്ടില്‍" എന്ന് മുത്തശി പറഞ്ഞുതന്ന കഥയിലെ കാട് ഇതാണൊ എന്ന് മനസില്‍ തോന്നി. സമയം അര്‍ദ്ധരാത്രിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ ഉറങ്ങാനായി അകത്തു കയറി പിറ്റേന്ന് പുലരുമ്പോള്‍ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ട് നിദ്രയില്‍ ആണ്ടു.


പുലര്‍ച്ചെ ജനല്‍പ്പാളികള്‍ക്കിടയിലൂടെ അരിച്ചത്തെുന്ന കിരണങ്ങളില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതത്തെ ഞാന്‍ അറിയാന്‍ പോവുകയാണെന്ന് മനസ് മന്ത്രിച്ചു. പ്രതീക്ഷകള്‍ ഏറെയാണ് സ്വപ്നങ്ങളുടെ ഭാരത്താല്‍ ഹൃദയം പൊട്ടുന്നതുപോലെ. ഉറക്കത്തിന്‍െറ അതിര്‍വരമ്പുകള്‍ ലംഘിച്ച് കാമറയുമായി ചാടി പുറത്തേക്കിറങ്ങി. എനിക്ക് പ്രകൃതി കാണിച്ചുതന്നത് വശ്യമനോഹരമായ കാഴ്ചകളായിരുന്നു. ചുറ്റുമുള്ള മലനിരകളില്‍ മഞ്ഞിന്‍െറ മേലെ വനത്തിലേക്ക് അരിച്ചിറങ്ങുന്ന കോടമഞ്ഞ്. പ്രഭാതത്തില്‍ മഞ്ഞുതീര്‍ക്കുന്ന ആകാശത്തിന്‍െറ ശുദ്രമായ ശൂന്യതയിലേക്ക് പറന്നകലുന്ന പേരറിയാ കിളികള്‍, താഴ്വാരങ്ങളില്‍ എങ്ങും പച്ചപ്പ്, അതിനിടയില്‍ നീലനിറത്തില്‍ ജലസംഭരണം എല്ലാംകൊണ്ടും കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം. ഞങ്ങള്‍ താമസിച്ച മലമുകളിലെ മരവീടിന്‍െറ ഭംഗി ആസ്വദിക്കാനായി താഴ്വാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചു. മേടിന്‍െറ പച്ചപുതച്ച ചെരിവിലേക്ക് നടന്നിറങ്ങുമ്പോള്‍ താഴത്തെ പച്ചപ്പില്‍ തൊട്ടുവരുന്ന തണുത്തകാറ്റ്എന്നെ തഴുകി കടന്നുപോയി.

അറിയാതെ ഒരു നിമിഷം ഞാന്‍ അതില്‍ അലിഞ്ഞുചേരുന്നതായി തോന്നി. മഞ്ഞുതുള്ളികള്‍ ആവാഹിച്ചെടുത്ത പുല്ലുകള്‍ക്കിടയില്‍ പൊട്ടിമുളച്ചുപൊന്തിയ കാട്ടുപൂക്കള്‍ വഴിനീളെ കിന്നരം ചൊല്ലി. ഒടുവില്‍ പുല്‍മേടുകള്‍ താഴെ എത്തി തിരിഞ്ഞുനോക്കിയപ്പോഴേക്കും ഇന്നലെ അന്തിയുറങ്ങിയത് ഏതോ ദേവലോകമാണെന്ന് തോന്നിപ്പോയി. സഹ്യന്‍െറ തുഞ്ചത്ത് കാഴ്ചകളുടെ സമൃദ്ധിയില്‍ പൊതിഞ്ഞ മലമുകളിലെ മരവീടിന് ചുറ്റും ഭിത്തികള്‍ തീര്‍ത്ത പശ്ചിമഘട്ടം അവസാനിച്ചിറങ്ങുന്ന കാഴ്ച വന്ന്യവും വശ്യവുമായിരുന്നു. അന്ന് ഉച്ചവരെ ഞങ്ങള്‍ ആ കാടു മുഴുവന്‍ ചുറ്റിനടന്നു. കണ്ടാലും കണ്ടാലും മതിരവാത്ത കാട് എത്ര ആസ്വദിച്ചിട്ടും ഞങ്ങള്‍ക്ക് മതിവരുന്നതേ ഇല്ലായിരുന്നു. ഒടുവില്‍ ഉച്ചക്ക് പ്രസാദ് സാറിന്‍െറ മീറ്റിങ് കഴിഞ്ഞ് വൈകുന്നരത്തോടെ പുറപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് സുമേഷ് പറഞ്ഞത് സമയം നാലരയായി ഇപ്പൊ നിങ്ങള്‍ താമസിച്ച ഹട്ടിന്‍െറ താഴെ കാട്ടുപോത്തുക്കളെകൊണ്ട് നിറഞ്ഞുകാണും എന്ന്.

ഇത് കേട്ടതും ഞാനും നൗഷാദ് സാറും കാമറയുമായി അവിടേക്ക് നടന്നു. സുമേഷ് പറഞ്ഞത് സത്യമായി കാട്ടുപോത്തുകള്‍ കൂട്ടമായി നില്‍ക്കുന്നു. ഞങ്ങള്‍ക്കൊപ്പം വന്ന ഹരിസാര്‍ പറഞ്ഞു 5000 അല്ളെങ്കില്‍ 10000 രൂപ കൊടുത്ത് മൂന്നാറിലെ എത്രവലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഇരുന്നാലും ഇതുപോലത്തെ ഒരു കാഴ്ച നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റില്ല. കാരണം കാടിന് ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് ഈ ഹട്ടിന്‍െറ നിര്‍മാണം. അതുകൊണ്ട് വന്യമൃഗങ്ങള്‍ എല്ലാം തന്നെ അവിടേക്ക് വരുന്നതും കാണാന്‍ കഴിയുന്നതും. വെറും 3500 രൂപക്ക് രണ്ടുപേര്‍ക്കും ഒരു ദിവസം താമസിക്കാം. ഒപ്പം ഭക്ഷണവും ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രകൃതികാഴ്ചകളും ആസ്വദിക്കുകയും ചെയ്യാം. എന്തായാലും ഇനി മൂന്നാറിലേക്ക് പോകുമ്പോള്‍ ഇവിടെ താമസിക്കാന്‍ മറക്കണ്ട. ഒടുവില്‍ ഞങ്ങളെ കാടുകാണിക്കാന്‍ കൊണ്ടുപോയ ഹരിദാസ് സാറിനും സുമേഷിനും നന്ദി പറഞ്ഞ് വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയില്‍ മലയിറങ്ങി.

താമസസൗകര്യങ്ങള്‍: മലമുകളില്‍ രണ്ട് ഹട്ടുകള്‍ കൂടാതെ താഴെ വനംവകുപ്പിന്‍െറ ഡോര്‍മെട്രിയും. ഹട്ടില്‍ രണ്ട് പേര്‍ 3500 രൂപ താമസം ഭക്ഷണം ഉള്‍പ്പെടെ. ഡോര്‍മെട്രിയില്‍ 350 രൂപ ഒരാള്‍ക്ക്. ഫോര്‍ ബുക്കിങ്: 8301024187, 04865231587.

തൊട്ടടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍: ടോപ്സ്റ്റേഷന്‍, കുണ്ടല ഡാം, മാട്ടുപെട്ടി ഡാം, വട്ടവട.

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമാണ് പാമ്പാടുംചോല. സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി രൂപീകൃതമായ ദേശീയ ഉദ്യാനങ്ങളില്‍ ഒന്നു ഇതുതന്നെയാണ്. വൈകുന്നേരങ്ങളില്‍ ആനയും കാട്ടുപോത്തും ഇവിടെയുള്ള തടാകത്തില്‍ വെള്ളം കുടിക്കാന്‍ വരാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelmoonar trippambadum shola
Next Story