Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
alhoota cave
cancel
Homechevron_rightTravelchevron_rightNaturechevron_rightആട്ടിടയന്‍...

ആട്ടിടയന്‍ കണ്ടുപിടിച്ച ഗുഹാന്തരത്തിലൂടെ

text_fields
bookmark_border

ഒറ്റപ്പെട്ടുപോയ എന്‍െറ ആട്ടിന്‍കുട്ടി എവിടെയാണവന്‍? മലമുകളില്‍ എന്‍െറ വരണ്ട ചുവടുവെപ്പുകള്‍ അവസാനിക്കാറായി. ഞാന്‍ ഇടറിവീഴാറായി. ദൈവമേ, നീണ്ട കാത്തിരിപ്പിനാല്‍ നീലിച്ചുപോയ ചുണ്ടുകളില്‍ ജ്ഞാനത്തിന്‍െറ ജലമല്‍പം തെളിച്ച് അവയെ മിനുസ്സപ്പെടുത്തിയാലും, മലനിരകളിലലയുന്ന എന്‍െറ ആട്ടിന്‍കുട്ടിക്ക് സംരക്ഷണപ്പന്തലേകിയാലും.

സൗമ്യമായ മധ്യാഹ്നം മലനിരകള്‍ക്കപ്പുറം മറയുകയായിരുന്നു. ആ ആട്ടിടയന്‍ പ്രാര്‍ഥനയില്‍നിന്നുണര്‍ന്നു. ആത്മാവില്‍ നിറയുന്ന വിഷാദത്തോടെയും എന്നാല്‍ പ്രാര്‍ഥനയാല്‍ അതിനെ മറികടന്ന ആത്മവിശ്വാസത്തോടെയും അവന്‍ മലകളുടെ നേര്‍ക്കു നോക്കി.

ആട്ടിന്‍കൂട്ടത്തില്‍നിന്ന് കാണാതെപോയ ആട്ടിന്‍കുട്ടിയെ തേടിയാണീ അലച്ചില്‍. വരണ്ട പാറകള്‍ക്കിടയിലും മുള്‍ച്ചെടിക്കൂട്ടങ്ങള്‍ക്കിടയിലും തേടിക്കഴിഞ്ഞു. അവനെ കണ്ടത്തെിയേ ഇന്നിനി വീട്ടിലേക്ക് മടക്കമുള്ളൂ. നിശ്ചയദാര്‍ഢ്യം ആത്മധൈര്യത്തിന്‍െറ വിയര്‍പ്പൊപ്പി. കൂര്‍ത്ത കല്‍മുനകള്‍ തട്ടി ചോരയൊലിച്ചു തുടങ്ങിയ കാലുമായി മല കയറാന്‍ തുടങ്ങി. നടക്കുന്തോറും മുള്‍മരങ്ങളുടെ നിഴലില്‍ ഇടറിപ്പോയി. ഏറെ ദൂരം നടന്നുകാണും. നേര്‍ത്തൊരു കരച്ചില്‍ കേട്ടതുപോലെ. വളരെ അകലെനിന്ന്. അവന്‍ ആവേശത്തോടെ നടന്നു. ഉവ്വ്... കേള്‍ക്കുന്നുണ്ട്. അകലെയെവിടെയോ നിന്ന്... വളരെ നേര്‍ത്ത്. മാറ്റൊലി മട്ടിലുള്ളൊരു കരച്ചില്‍. ദാ, ഞാനത്തെിക്കഴിഞ്ഞു. പക്ഷേ, എവിടെ? കാണുന്നില്ലല്ളോ... പക്ഷേ, കേള്‍ക്കുന്നുണ്ട്. എവിടെ? ഓ... ആ വിള്ളലില്‍നിന്നാണ്. ദൈവമേ... ദൈവമേ... എന്നുരുവിട്ടുകൊണ്ട് അവന്‍ അതിലേക്ക് എത്തിച്ചുനോക്കി.

ആ എത്തിനോട്ടമായിരുന്നു ഒമാന്‍െറ ചരിത്രത്തിലെ മറ്റൊരു വിശേഷമായി പുറം ലോകമറിഞ്ഞത്... ആകസ്മികതയിലേക്കുള്ളൊരു വഴികാട്ടിയായിരുന്നു കാണാതെപോയ ആ ആട്ടിന്‍കുട്ടിയും അതിനെ അന്വേഷിച്ചുചെന്ന ഇടയനും. അമ്പതില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു അത്. ആ വിള്ളല്‍ തുടര്‍ന്നു ചെന്നത്തെിയത് ഒരു ഗുഹയിലേക്കായിരുന്നു. ലോകത്ത് കണ്ടുപിടിച്ചിട്ടുള്ളവയില്‍വെച്ച് ഏറ്റവും വലുപ്പം കൂടിയ ഗുഹകളില്‍ ഒന്ന്. മായക്കാഴ്ചകള്‍ ഒളിപ്പിച്ചുവെച്ച് പ്രകൃതി കണ്ണുപൊത്തിക്കളിക്കുന്നയിടം, അല്‍ ഹൂത്ത.


പ്രകൃതിയുടെയും മനുഷ്യന്‍െറയും ചരിത്രമുറങ്ങുന്ന ഇടങ്ങളാണ് ഗുഹകള്‍. മാനവസംസ്കാരത്തിന്‍െറ ആദ്യകിരണങ്ങള്‍ പിറവികൊണ്ടത് ഏതെങ്കിലുമൊരു ഗുഹയിലാണ്. ചരിത്രത്തിന്‍െറ അവശേഷിപ്പുകള്‍ തേടിപ്പോകുന്ന ഓരോ യാത്രയും ചെന്നത്തെുന്നത് ഇത്തരം ഇടങ്ങളിലായിരിക്കും. മനുഷ്യനെ മനുഷ്യനാക്കിയ, അവന്‍െറ ഭാവനകള്‍ക്ക് പുതുവസന്തം നല്‍കിയ, സാമൂഹിക ജീവിതത്തിന്‍െറ തുടിപ്പുകള്‍ ജനിച്ച ഏതെങ്കിലുമൊരു ഗുഹയില്‍ ആ പുരാതന മിടിപ്പുകള്‍ക്കു കാതോര്‍ത്ത് അല്‍പനേരമെങ്കിലും ചെലവഴിക്കണം എന്നൊരാഗ്രഹം കുറേക്കാലമായി ഉള്ളില്‍ കൊണ്ടുനടക്കുന്നു.
നിസ്വയില്‍ അത്തരമൊരു പുരാതന ഗുഹയുണ്ടെന്നും അതു കാണാന്‍ അവധിക്കു പോകാമെന്നും അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിപ്പോയി. മാത്രമല്ല, ഗുഹക്ക് രണ്ടര മില്യണ്‍ കൊല്ലങ്ങള്‍ പഴക്കമുണ്ടെന്നും ലോകത്തെ ഏറ്റവും വിസ്താരമേറിയ ഗുഹകളില്‍ ഒന്നാണിതെന്നും കേട്ടപ്പോള്‍ ആവേശം ഒന്നുകൂടി വര്‍ധിച്ചു. അങ്ങനെ പെരുന്നാള്‍ അവധിക്കുള്ള കാത്തിരിപ്പിന്‍െറ അവസാനം ഗുഹായാത്രക്കുള്ള ദിവസമായി. ഞങ്ങള്‍ താമസിക്കുന്ന വാദികബീര്‍ എന്ന സ്ഥലത്തുനിന്ന് രണ്ടുരണ്ടര മണിക്കൂര്‍ യാത്രയാണ് ഗുഹ സ്ഥിതിചെയ്യുന്ന നിസ്വയിലേക്ക്. നിസ്വയില്‍നിന്ന് ബഹ്ലയിലേക്കുള്ള വഴിയില്‍ അല്‍ ഹമ്ര എന്ന സ്ഥലത്താണ് ഗുഹയുള്ളത്.


യാത്ര തുടങ്ങി. പ്രകൃതിയുടെ ഗാഢമുദ്രകള്‍ പതിഞ്ഞയിടങ്ങളേ... നിരന്തര സ്പന്ദരൂപികളായ ശിലാശില്‍പങ്ങളേ... ചരിത്രത്തിന്‍െറ അവശേഷിപ്പുകളേ... വരുന്നുണ്ട് ഞാന്‍ നിങ്ങളുടെ മിടിപ്പുകള്‍ക്കു കാതോര്‍ക്കാന്‍.
വിജനമായ പാതയിലൂടെ കാര്‍ നല്ല സ്പീഡില്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. ഞാന്‍ വഴിയോരങ്ങളിലെ കാഴ്ചകളിലേക്കു തിരിഞ്ഞു. ഒറ്റപ്പെട്ട വരണ്ട മലകളാണ് പ്രധാന കാഴ്ച. ചെറിയൊരു മഴ കിട്ടിയ അവസരമായതുകൊണ്ടാകാം ഇടക്കൊക്കെ മലകളില്‍ പച്ചപ്പ് കാണാനുണ്ട്. മലയോരങ്ങളില്‍ ആടുകള്‍ കൂട്ടത്തോടെ മേയുന്നുണ്ട്; കഴുതകളും. അവയെ പോറ്റുന്ന ഇടയന്മാരായ ബദുക്കളുടെ വീടുകളും കാണാം. നല്ല കാലാവസ്ഥ. നല്ല തെളിഞ്ഞ ആകാശത്തില്‍ മേഘങ്ങളുടെ പാല്‍പ്പുഞ്ചിരി.

പിന്നെയും കുറെ ദൂരം ചെന്നപ്പോള്‍ തുടര്‍ച്ചയായ മലനിരകള്‍ കാണാന്‍ തുടങ്ങി. ഹജര്‍ മലനിരകളാണവ. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ഉയരംകൂടിയ ഭൂപ്രദേശം. ആ മലനിരകളുടെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളാണ് ഒമാനിലെ ഊട്ടി എന്നു വിളിക്കാവുന്ന ജബല്‍ അക്തറും സൂര്യമല എന്നറിയപ്പെടുന്ന ജബല്‍ ഷംസും. ഹജര്‍ മലനിരകളുടെ തെക്കുവടക്ക് ദിശയിലാണ് നമ്മളിപ്പോള്‍ പോകുന്ന ഗുഹ അല്‍ഹൂത്ത. നാലര കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കവും ഒരു ഭൂഗര്‍ഭ ഉറവയുടെ തുടര്‍ച്ചയായി രണ്ടു തടാകങ്ങളും ഇതിനകത്തുണ്ട്. എന്തൊക്കെ അദ്ഭുതങ്ങളാണ് പ്രകൃതി നമുക്കുവേണ്ടി കാത്തുവെച്ചിരിക്കുന്നതല്ളേ? ഗുഹയുടെ നടുവിലുള്ള വലിയ തടാകത്തില്‍ 30,000 ക്യുബിക് മീറ്റര്‍ വെള്ളം കൊള്ളും. 800 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും 15 മീറ്റര്‍ ആഴവും ഇതിനുണ്ട്. ഗുഹയുടെ ആകെ നീളം നാലര കിലോമീറ്റര്‍ ആണെങ്കിലും 500 മീറ്റര്‍ വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് പോകാന്‍ അനുവാദമുള്ളൂ. 45 മിനിറ്റോളം എടുക്കും അവിടം ചുറ്റിക്കാണാന്‍.

രണ്ടു മണിക്കൂര്‍ യാത്രക്കുശേഷം ഞങ്ങള്‍ ഗുഹയുടെ സന്ദര്‍ശക ഓഫിസില്‍ എത്തി, ടിക്കറ്റ് എടുത്തു. ഒരു ഇലക്ട്രിക് ട്രെയിനിലാണ് സഞ്ചാരികളെ ഗുഹക്കകത്തേക്കു കൊണ്ടുപോകുന്നത്. ഏഴു കമ്പാര്‍ട്മെന്‍റ് ഉള്ള കൊച്ചു ട്രെയിന്‍. 48 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. ഒമാനിലെ ഒരേയൊരു ട്രെയില്‍ സര്‍വിസ് ആണിത്. ഓഫിസ് മുറ്റത്തുനിന്ന് ഗുഹാമുഖം വരെ ഈ ട്രെയിന്‍ പോകും. അവിടെ നിന്ന് കാല്‍നടയായി വേണം പോകാന്‍. ചെറിയ ഗ്രൂപ് ആയാണ് കൊണ്ടുപോകുക. ഒരു ദിവസം ഗുഹക്കകം സന്ദര്‍ശിക്കാവുന്ന ആള്‍ക്കാര്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. 750 പേര്‍ക്കേ ഒരു ദിവസം ഗുഹക്കകത്തേക്ക് പോകാന്‍ അനുമതി നല്‍കുകയുള്ളൂ. ഗുഹക്കകത്തെ ആവാസ വ്യവസ്ഥക്ക് ഭംഗംവരാതിരിക്കാനാണത്. ഗുഹക്കകത്ത് തിന്നാനോ കുടിക്കാനോ പുക വലിക്കാണോ അനുവാദമില്ല. ഗുഹക്കകം വവ്വാലുകള്‍, പലയിനം ആര്‍ത്രോപോടുകള്‍, വലിയ വേട്ടക്കാരന്‍ചിലന്തികള്‍, അട്ടകള്‍ തുടങ്ങി നൂറോളം ജീവികളുടെ ആവാസകേന്ദ്രമാണ്. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഗുഹ ഇത്രയധികം ജീവികളുടെ ആവാസ കേന്ദ്രമാണെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി.

ഞങ്ങളുടെ ടിക്കറ്റ് നമ്പര്‍ 21. പതിനെട്ടേ ആയിട്ടുള്ളൂ. ഇനിയും സമയമുണ്ട്. ഞങ്ങള്‍ വെയ്റ്റിങ് ഹാളില്‍ ചെന്നിരുന്നു. ഹാളില്‍ പല രാജ്യക്കാരുമുണ്ട്. എല്ലാവരും അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനില്‍ ഗുഹയുടെ വിവരണം കണ്ടുകൊണ്ടിരിക്കുകയാണ്. ഞാനും കാണാന്‍ പോകുന്ന പൂരം ശ്രദ്ധിച്ചുകണ്ടു. 1960ല്‍ ഒരു ആട്ടിടയന്‍ ഗുഹ കണ്ടുപിടിച്ച കാര്യവും ഗുഹക്കുള്ളിലെ കാഴ്ചകളെപ്പറ്റിയും സന്ദര്‍ശകര്‍ക്ക് അതിനകത്തുള്ള നിയന്ത്രണങ്ങളെപ്പറ്റിയുമെല്ലാം വിശദമായി പറയുന്നുണ്ട്. സ്റ്റാല്‍ഗമൈറ്റ്സ് പാറകള്‍ നിറഞ്ഞതാണ് അതിന്‍െറ ഉള്‍ഭാഗം. 2006ലാണ് ഇത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.
വിവരണം കണ്ടുതീര്‍ന്നപ്പോഴേക്കും ഞങ്ങളുടെ നമ്പര്‍ വന്നു. ഉല്ലാസത്തോടെ എല്ലാരും എണീറ്റ്, ട്രെയിനില്‍ കയറി. അഞ്ചു മിനിറ്റുകൊണ്ട് ഞങ്ങള്‍ ഗുഹാമുഖത്തത്തെി. എല്ലാവരും ഇറങ്ങി.


നിലത്ത് കാല്‍കുത്തിയപ്പോള്‍ ഒരു പുരാതന തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നതുപോലെ തോന്നി. പ്രകൃതിയുടെ ഭൂതകാലം ഉറഞ്ഞു കിടക്കുന്ന കനത്ത അന്തരീക്ഷം. രണ്ടര മില്യണ്‍ വര്‍ഷങ്ങള്‍...! ഇവിടെ ആരൊക്കെ....? എന്തൊക്കെ...? ഹൊ... ആലോചിക്കുമ്പോള്‍ തന്നെ വീണ്ടും ആ പുരാതനകുളിര്‍ അരിച്ചു കയറുന്നു. ഞാന്‍ ചെരിപ്പൂരി കൈയില്‍ പിടിച്ചു. എന്‍െറ കാലടികളും അവിടെ നല്ലവണ്ണം പതിയട്ടെ!


ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു. ഓ... ചുമ്മാ ഒരു ഇടുങ്ങിയ ഗുഹയല്ല. കടന്നുചെല്ലുന്നത് വളരെ വിശാലമായ ഒരു ഭാഗത്തേക്കാണ്. ഗൈഡ് വിവരണം തുടങ്ങി. ഇതുപോലുള്ള മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഗുഹ. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് താഴെയുള്ള തട്ടില്‍, ഇനി ഇതിനു മുകളിലും, അതിനപ്പുറത്ത് വീണ്ടും താഴെയുമായി രണ്ടു തട്ടുകള്‍കൂടി. കടന്നപ്പോള്‍തന്നെ വെള്ളം ഒഴുകിച്ചാടുന്ന ശബ്ദം, ഭൂഗര്‍ഭ ഉറവയുടേതാണ്. നല്ല തണുപ്പും. സ്റ്റീല്‍കൊണ്ട് നടപ്പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലൂടെ വേണം നടക്കാന്‍. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഗുഹയില്‍ അവിടവിടെ ചൂട് വളരെ കുറഞ്ഞ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഗുഹക്കുള്ളിലെ അന്തരീക്ഷത്തെ ഒട്ടും ശല്യപ്പെടുത്താത്ത വിധത്തിലാണ് സംവിധാനമൊക്കെയും.
ചുറ്റുമൊന്നു കണ്ണോടിച്ചു.

ആഹാ...! എന്തായീ കാണുന്നത്...! ചുറ്റിലും പലതരം രൂപങ്ങളുടെ മായക്കാഴ്ച. ചുണ്ണാമ്പുകല്ലിന്‍െറ മായാജാലം. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍കൊണ്ട് തനിയെ വാര്‍ന്നുണ്ടായ രൂപങ്ങള്‍. ഒരിടത്ത് തൂണുകള്‍ പോലെ വരിയും നിരയുമൊപ്പിച്ച്. ഒരിടത്ത് ഭൂമിയില്‍നിന്ന് മുളച്ചുപൊന്തി നില്‍ക്കുന്ന രൂപങ്ങള്‍. നമുക്ക് പല രൂപങ്ങളും സങ്കല്‍പിച്ചെടുക്കാം. കാല്‍സ്യം ഡിപ്പോസിറ്റിന്‍െറ ഡള്‍ റെഡും മഗ്നീഷ്യത്തിന്‍െറ ഇളംറോസും കലര്‍ന്ന രൂപങ്ങള്‍ ഇരുണ്ട ഗുഹാപശ്ചാത്തലത്തില്‍ ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും ചിത്രങ്ങളിലെ രൂപങ്ങളെ അനുസ്മരിപ്പിച്ച് തൂങ്ങിക്കിടന്നു. ധാരാളം ഞൊറിവുകളുള്ള ഭംഗിയാര്‍ന്ന തിരശ്ശീലകള്‍ ചിലയിടത്ത് ഒരു കല്യാണപ്പന്തലില്‍ എന്നപോലെ മേലാപ്പില്‍ നിന്നു താഴേക്ക് ഊര്‍ന്നുകിടക്കുന്നുണ്ട്. ഒരിടത്ത് നിരപ്പാര്‍ന്ന തറയില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പ്രകൃതി ധാരാളം മണ്ണപ്പങ്ങള്‍ ചുട്ടുവെച്ചിരിക്കുന്നു. കുറുമ്പി!


ഇനി അടുത്ത തട്ടിലേക്ക്. പടികളിലൂടെ സൂക്ഷിച്ചു വേണം കയറാന്‍. ഞങ്ങള്‍ മുകള്‍ത്തട്ടിലെ ചെറിയൊരു കളിസ്ഥലത്തിന്‍െറ വലുപ്പമുള്ള ഭാഗത്തത്തെി. ഇവിടെ നമ്മെ വരവേല്‍ക്കുന്നത് വലിയൊരു സിംഹമാണ്; ചുണ്ണാമ്പുകല്ലിന്‍െറ മായാജാലം സിംഹരൂപത്തില്‍. ഗാംഭീര്യത്തോടെ വശം തിരിഞ്ഞങ്ങനെയിരിക്കുകയാണവന്‍. അതിനപ്പുറത്ത് ശില്‍പങ്ങളുടെ ഒരു കൂട്ടം. ഒറ്റക്കിരിക്കുന്ന ബാലികയും പലയിനം മൃഗങ്ങളും ഒക്കെയുണ്ട്. അതാ ഏറ്റവും മുകളില്‍ നമ്മുടെ ഗണപതി, തുമ്പിക്കൈയുമൊക്കെയായി അനുഗ്രഹം ചൊരിഞ്ഞ് ഇരിക്കുന്നു. ഒപ്പമുള്ള ഗൈഡ് ഓരോ രൂപത്തിനെയും ലേസര്‍ ടോര്‍ച്ചുകൊണ്ട് ചൂണ്ടിക്കാണിച്ചുതരുന്നുണ്ട്. ചില രൂപങ്ങള്‍ ഗൈഡ് പറയുമ്പോഴാണ് ഇന്നതാണെന്ന് മനസ്സിലാകുന്നത്. ഗൈഡ് ചൂണ്ടിക്കാണിക്കുന്നതിനു മുമ്പുതന്നെ ഗണപതിയെ എല്ലാര്‍ക്കും മനസ്സിലായി. ഇവിടെ ഫോട്ടോ എടുക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. പക്ഷേ, ഫ്ളാഷ് ഇല്ലാതെ കൂടെയുള്ള ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുത്തു. ഈ തട്ടില്‍ നല്ല ചൂടാണ്. സ്വെര്‍ ഇട്ടിരുന്നവരൊക്കെ വിയര്‍ത്തുതുടങ്ങി, അത് ഊരി കൈയില്‍ പിടിച്ചു. ആ തട്ടില്‍നിന്ന് മലയുടെ മുകള്‍ഭാഗത്തേക്ക് അധികം ദൂരമുണ്ടാകില്ല. അതുകൊണ്ടാണ് ചൂട്.


ഇനി വീണ്ടും ഇറക്കം. സ്റ്റീല്‍പടികളിലൂടെ സൂക്ഷിച്ച്...! ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്‍െറ ശബ്ദം ഉച്ചത്തിലായി. വീണ്ടും നല്ല തണുപ്പ്. വശങ്ങളില്‍ പാറകളിലൂടെ വെള്ളം ഊറിയിറങ്ങുന്നു. ചിലയിടത്ത് നല്ല വഴുക്കലുണ്ട്. ഗൈഡ് മുന്നറിയിപ്പ് തന്നു.
ലക്ഷം ലക്ഷം വര്‍ഷങ്ങളായി വെള്ളം ഒലിച്ചിറങ്ങുന്ന പാറകള്‍. പാറകളെ അലിയിച്ചു കൊണ്ട് ജലം തീര്‍ത്ത ശില്‍പങ്ങള്‍. ഇവിടെ ജലം ഒരു ശില്‍പിയായിരിക്കുന്നു. കടുത്ത പാറക്കെട്ടുകള്‍ ശില്‍പിയുടെ കൈയില്‍ മെഴുകുപോലെ മൃദുലമാകുന്നു; കാലത്തിന്‍െറ ഉളികൊണ്ട് ജലത്താല്‍ കൊത്തിയെടുക്കപ്പെട്ട ശില്‍പങ്ങള്‍! മഹാനായ ഡാവിഞ്ചിയെ ഓര്‍ക്കാതെ ഇവിടെനിന്നു നീങ്ങാനാകില്ല. 'കാലത്തിന്‍െറ കൂടെ ചേര്‍ന്ന് ജലം സകലതിനെയും മാറ്റുന്നു' എന്നു പറഞ്ഞ അദ്ദേഹത്തിന്‍െറ ചിത്രങ്ങളില്‍ ജലത്തിന്‍െറ അനവധി രൂപഭാവങ്ങള്‍ കാണാം.

ജലത്തിന്‍െറ ചലനങ്ങളും ഓളങ്ങളും ഒക്കെ അദ്ദേഹത്തെ എന്നും മോഹിപ്പിച്ചിരുന്നു. പ്രകൃതിക്ക് എവിടെയും യാത്ര പോകാനുള്ള വാഹനമാണ് ജലം എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ചലിക്കാനാകാത്ത പ്രകൃതി സര്‍വ ചരാചരങ്ങളെയും ജലത്താല്‍ കൈയത്തെിച്ചു തൊടും, തലോടും. ആകാശത്തിനു മരങ്ങളെ, പുഴയെ, പുല്‍ക്കൊടികളെ ഒക്കെ തൊടാം മഴയുടെ കൈയുകളാല്‍. കടലിനു ചിലപ്പോള്‍ കാടിനെ ഒന്നു തൊടാന്‍ മോഹം തോന്നും. അപ്പോള്‍ കടലില്‍ നിന്നൊരു മഴക്കൈ പതിയെ കിഴക്കോട്ട് ഉയര്‍ന്നു പോകും. കാടിനെ കാണുമ്പോള്‍ താഴ്ന്നുചെന്ന് തൊടും. പ്രകൃതി ജലത്തിന്‍െറ തേരിലേറി എവിടെയും എത്തുന്നു. എല്ലാത്തിനെയും വാത്സല്യത്തോടെ പുണരുന്നു. കാലത്തെ കൂട്ടുപിടിച്ച് ശില്‍പിയാകുന്നു, ശില്‍പവുമാകുന്നു.അതുപോലെ ഈ ഗുഹയും. കാലവും ജലവും ചേര്‍ന്ന് കൊത്തിയുണ്ടാക്കിയ ഒരു ശില്‍പം. 25 ലക്ഷം വര്‍ഷങ്ങള്‍കൊണ്ട് പാറയെ അലിയിച്ചിറക്കിയ വെള്ളത്തിന്‍െറ ശില്‍പ ചാതുരി...!

പാറകളുടെ ഉപരിതലത്തില്‍ ജലജീവികളുടെ ഫോസില്‍ ഭാഗങ്ങള്‍ കാണാനുണ്ട് പലയിടത്തും. എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജലത്തില്‍ നീന്തിക്കളിച്ചിരുന്നവ! ഓരോ ഫോസിലിനും പറയാനുണ്ടാകും ജലകേളികളുടെ തീരാക്കഥകള്‍. ഓര്‍മകളിലെവിടെയോ ഉറഞ്ഞുപോയ ഓളങ്ങളെ ഓര്‍മിച്ചെടുക്കാനാകണം പിന്നെയും ജലം അവയെ തഴുകിയൊഴുകുന്നത്.
ഇനി വീണ്ടും പടികള്‍ താഴേക്ക്. എത്തിച്ചേര്‍ന്നത് ചെറിയൊരു തടാകത്തിനരികില്‍. പടികള്‍ അവിടെ അവസാനിച്ചു. ലക്ഷക്കണക്കിനു വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നുചെല്ലാത്ത ആ തടാകത്തിലും ജീവനുണ്ട്...! പലയിനം ചെറുമത്സ്യങ്ങളെ അതില്‍ കാണാം. നമ്മുടെ ഗപ്പി പോലെയുള്ള ചെറിയ മത്സ്യങ്ങള്‍, തീരെ ചെറിയ കണ്ണുകളുള്ളവ, പിന്നെ ലോകത്തില്‍തന്നെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും (blind fish). ഉള്‍ഭാഗങ്ങള്‍ കാണത്തക്കവിധം സുതാര്യമായ ഇളം റോസ് നിറമാണവക്ക്. സൂര്യനെ കാണാനല്ളെങ്കില്‍ പിന്നെന്തിനു കണ്ണുകള്‍ എന്ന് പ്രകൃതി ചിന്തിച്ചു കാണണം.
വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല. അഴികളിട്ടിട്ടുണ്ട്. എന്നാലും ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ശാന്തമായങ്ങനെ കിടക്കുന്ന തടാകത്തില്‍ കാലൊന്നു നനക്കാന്‍ മോഹം. അഴികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട്, എത്തിച്ച് കാലൊന്നു നനച്ചു. ഹൊ... വീണ്ടും ആ ചിരപുരാതന കുളിര്...! ചെറിയൊരു കല്ലും അതില്‍നിന്നെടുത്തു. അങ്ങനെ ലക്ഷോപലക്ഷം വര്‍ഷത്തിലധികം വിലയുള്ള ഒരു കല്ലിന്‍െറ ഉടമയായി ഞാന്‍...!


ഇനി മടക്കം. തടാകത്തില്‍നിന്ന് പടികള്‍ വേറൊരു ദിശയിലൂടെ പുറത്തേക്ക്. ചരിത്രത്തിന്‍െറ ഇരുളില്‍നിന്ന് ഞങ്ങള്‍ വര്‍ത്തമാനത്തിന്‍െറ വെളിച്ചത്തിലേക്ക് വന്നു. അവിടെ ട്രെയിന്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു. എല്ലാവരും ചരിത്രപരമായ നിശ്ശബ്ദതയോടെ അതില്‍ കയറിയിരുന്നു. അപ്പോള്‍ അങ്ങകലെ മലകള്‍ക്കപ്പുറത്ത് അതേ ചിരപുരാതനമായ ഗാംഭീര്യത്തോടെ ചുവന്നുതുടുത്ത് സൂര്യന്‍ വിശ്രമിക്കാന്‍ ചായുകയായിരുന്നു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Journey To The Cave#oman#travel#alhoota cave
Next Story