Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightകൊട്ടാരങ്ങളുടെ...

കൊട്ടാരങ്ങളുടെ നാട്ടിലേക്ക്

text_fields
bookmark_border
കൊട്ടാരങ്ങളുടെ നാട്ടിലേക്ക്
cancel

ഹില്‍സ്റ്റേഷനുകള്‍ വേണ്ടെന്ന ഭാര്യയുടെ നിര്‍ദേശമാണ് ഇത്തവണ കുന്നും മലകളും ഒഴിവാക്കിയുള്ള യാത്രക്ക് പ്രേരിപ്പിച്ചത്. പട്ടിനും ചന്ദനത്തിനും പേരുകേട്ട കൊട്ടാരങ്ങളുടെ നഗരമായ മൈസൂരാണ് (മൈസൂരു) ലക്ഷ്യം. കുടുംബവുമൊത്തുള്ള യാത്രയായതിനാല്‍ തയാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്തു. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കി യാത്രാ പ്ളാന്‍ തയാറാക്കി. സര്‍വിസ് സെന്‍ററില്‍ കൊണ്ടുപോയി വാഹനവും ഉഷാറാക്കിയെടുത്തു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച യാത്ര നാടുകാണി ചുരം കയറി മുതുമലയും ബന്ദിപൂരും പിന്നിട്ട് 12 മണിയോടെ ഗുണ്ടല്‍പേട്ടയിലത്തെി. റോഡിന് ഇരുവശവും ഇളനീരും തണ്ണിമത്തനും വില്‍ക്കുന്നവര്‍ ഇടംപിടിച്ചിരിക്കുന്നു. വാഹനങ്ങളില്‍ പോകുന്നവരെ കൈ കാണിച്ച് വിളിക്കുന്ന തിരക്കിലാണ് അവര്‍.

 

നല്ല ദാഹമുള്ളതിനാല്‍ ഞങ്ങളും ഇളനീര്‍ കുടിക്കാന്‍ തീരുമാനിച്ചു. 30 രൂപയാണ് ഒരു ഇളനീരിന്. ദാഹമകറ്റി സമീപത്തെ കൃഷിയിടം കാണാനിറങ്ങി. അവിടെ മഞ്ഞള്‍ കൃഷിക്കുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ഗുണ്ടല്‍പേട്ടയിലെ കൃഷിയിടങ്ങള്‍. സീസണല്ലാത്തതിനാല്‍ സൂര്യകാന്തിയടക്കമുള്ള പൂകൃഷി കാണാന്‍ സാധിക്കില്ളെന്ന് കര്‍ഷകര്‍ പറഞ്ഞത് ഞങ്ങളെ അല്‍പ്പം നിരാശരാക്കി. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരമുള്ളതിനാല്‍ തിരിച്ച് വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.

കാഴ്ചകള്‍ പിന്നിലേക്ക് ഓടിമറഞ്ഞുകൊണ്ടിരുന്നു. നഞ്ചന്‍ഗുഡ് കഴിഞ്ഞതോടെ പലയിടത്തും വാഹനത്തിന്‍െറ വേഗത കുറക്കാന്‍ നിര്‍ബന്ധിതരായി. റോഡ് നാലുവരി പാതയാക്കുന്നതിന്‍െറ പണി നടന്നുകൊണ്ടിരിക്കുകയാണ്. മൈസൂര്‍ അടുക്കുന്തോറും കരിമ്പ് കൃഷിയിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. മൈസൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപമാണ് റൂം ബുക്ക് ചെയ്തിരുന്നത്. മൂന്ന് മണിയോടെ റൂമിലത്തെി. ഗുണ്ടല്‍പേട്ടയില്‍നിന്ന് അകത്താക്കിയ ഇളനീരിന്‍െറ ഊര്‍ജമെല്ലാം തീര്‍ന്നതിനാല്‍ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി. സമീപത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മൈസൂര്‍ കൊട്ടാരം ലക്ഷ്യമാക്കി വാഹനത്തില്‍ കയറി. ഞങ്ങളത്തെിയ ദിവസം സ്വഛ് അഭിയാന്‍ പദ്ധതിയില്‍ വീണ്ടും രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ ആഘോഷത്തിലായിരുന്നു മൈസൂര്‍. 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈസൂരിന്‍െറ നേട്ടം. മാലിന്യ നിര്‍മാര്‍ജനത്തിലെ ശ്രദ്ധേയ നേട്ടമാണ് രാജ്യത്തെ ശുചിത്വ നഗരമായി നിലനിര്‍ത്തിയത്. 14 ലക്ഷം പേര്‍ താമസിക്കുന്ന ഈ പൈതൃക നഗരത്തില്‍ ദിവസേനെ പുറംതള്ളുന്ന 405 ടണ്‍ മാലിന്യം ചീഞ്ഞുനാറാതെ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനമുണ്ട്. 2008ല്‍ ആരംഭിച്ച ‘ലെറ്റ്സ് ഡു ഇറ്റ് മൈസൂര്‍’ കാമ്പയിനായിരുന്നു ശുചിത്വത്തിലേക്കുള്ള പ്രധാന ചുവടുവെപ്പ്. ശരാശരി ഒരു ലക്ഷത്തിനടുത്ത് വിദേശികളും 20 ലക്ഷം ഇന്ത്യക്കാരും വര്‍ഷത്തില്‍ മൈസൂര്‍ സന്ദര്‍ശിക്കുന്നു.

നഗരത്തിലെ നാലുവരി പാതകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്നു. ഓരോ ജംഗ്ഷനിലും റൗണ്ടുകളുമുണ്ട്. ഇതില്‍ മിക്കവയിലും ചരിത്ര നായകരുടെ പ്രതിമകള്‍ ഇടംപിടിച്ചിരിക്കുന്നു. കൊട്ടാരങ്ങളുടെ നഗരമായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും ആശുപത്രികളുടെയും മാളുകളുടെയും നിര്‍മാണം ഇവക്ക് സമാനമാണ്. രാവിലെ നടക്കാനും വൈകുന്നേരങ്ങളില്‍ സല്ലപിച്ചിരിക്കാനുമുള്ള ചെറിയ ഉദ്യാനങ്ങള്‍ പലയിടത്തായി കാണാം. നാല് മണിയോടെ മൈസൂര്‍ പാലസിന് മുന്നിലത്തെി. വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോഴേക്കും തെരുവ് കച്ചവടക്കാര്‍ സാധനങ്ങളുമായി പിന്നാലെ കൂടി. വളകളും മാലകളും വിറ്റിരുന്ന അവരുടെ കൈകളില്‍ ഇന്ന് സെല്‍ഫി സ്റ്റിക്കുകളും കുത്തക കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഇടംപിടിച്ചിരിക്കുന്നു. അവരെ അവഗണിച്ച് ഞങ്ങള്‍ ടിക്കറ്റെടുത്ത് കൊട്ടാര മുറ്റത്തേക്ക് കടന്നു. കൊട്ടാരത്തിന്‍െറ പുറത്തുനിന്ന് ഫോട്ടോയെല്ലാം എടുത്ത് ക്യാമറ ലോക്കര്‍ റൂമില്‍ ഏല്‍പ്പിച്ചു. കൊട്ടാരത്തിനകത്ത് ഫോട്ടോയെടുക്കല്‍ നിരോധിച്ചിട്ടുണ്ട്. എന്നാലും ചില വിദ്വാന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇതിനിടയില്‍ പിടിക്കപ്പെടുന്നവരുടെ ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ പിടിച്ചെടുത്ത് ചിത്രം ഡിലീറ്റ് ചെയ്യുന്നു.

മൈസൂരു ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തിന്‍െറ ഒൗദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. മൈസൂരിലെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും അംബാ വിലാസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇതുതന്നെയാണ്. വാഡിയാര്‍ രാജാക്കന്മാര്‍ 14ാം നൂറ്റാണ്ടിലാണ് ആദ്യമായി കൊട്ടാരം നിര്‍മിക്കുന്നത്. എന്നാല്‍, ഇത് പില്‍കാലത്ത് പലവട്ടം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയുമുണ്ടായി. ഇന്നുകാണുന്ന കൊട്ടാരത്തിന്‍െറ നിര്‍മണം 1897ലാണ് ആരംഭിക്കുന്നത്. 1912ല്‍ പണി പൂര്‍ത്തിയായി. 1940കളില്‍ ഈ കൊട്ടാരം വീണ്ടും വിപുലീകരിച്ചു. ഇന്‍ഡോ സാര്‍സനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയിലാണ് മൈസൂര്‍ കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണിത്. മാര്‍ബിളില്‍ തീര്‍ത്ത അര്‍ധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താല്‍ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനകത്ത് 12ഓളം ക്ഷേത്രങ്ങളുമുണ്ട്. ഹെണ്‍ട്രി ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്‍െറ വാസ്തുശില്പി. എല്ലാ വര്‍ഷവും ശരത്കാലത്ത് നടക്കുന്ന ദസറ മഹോത്സവത്തിന്‍െറ പ്രധാന വേദി ഈ കൊട്ടാരമാണ്. ഇതുകൂടാതെ മറ്റു ആറു കൊട്ടാരങ്ങളും മൈസൂരിലുണ്ട്.

ജഗന്‍മോഹന്‍ പാലസ്, ജയലക്ഷ്മി വിലാസ്, ലളിത മഹല്‍, രാജേന്ദ്ര വിലാസ്, ചെലുവമ്പ, കരഞ്ചി വിലാസ് എന്നിവയാണ് വാഡിയാര്‍ രാജാക്കന്‍മാര്‍ വിവിധ കാലങ്ങളിലായി പണികഴിപ്പിച്ച കൊട്ടാരങ്ങള്‍. ഇതില്‍ പലതും ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളായി മാറി. പാദരക്ഷകള്‍ പുറത്ത് അഴിച്ചുവെച്ചിട്ടു വേണം കൊട്ടാരത്തിനകത്ത് കയറാന്‍. കൊട്ടാരത്തിലെ വാസ്തുശില്‍പങ്ങളും ചിത്രങ്ങളും രാജാക്കാന്‍മാര്‍ ഉപയോഗിച്ച വസ്തുക്കളും വിവരിച്ചുതരുന്ന ഓഡിയോ സംവിധനം ഇതിനകത്തുനിന്ന് ലഭിക്കും. വിദേശികളാണ് ഈ സംവിധാനം കൂടുതലായും ഉപയോഗിക്കുന്നത്. കൊട്ടാരത്തിന്‍െറ ചുമരുകളെല്ലാം ചിത്രപ്പണികളാല്‍ സമ്പന്നമാണ്. രണ്ട് ദര്‍ബാര്‍ ഹാളുകളും നടുമുറ്റവുമുണ്ട് അകത്ത്. ഇവ കണ്ടിറങ്ങി പിന്നിലോട്ട് നടന്നാല്‍ പഴയ കൊട്ടാരം കാണാം. ഇന്ന് മ്യൂസിയമായാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനകത്തേക്ക് കയറാന്‍ വീണ്ടും ടിക്കറ്റെടുക്കണം. രാജഭരണ കാലത്തെ ആയുധങ്ങള്‍, പല്ലക്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇതിനകത്തുള്ളത്.

 

അടുത്ത ലക്ഷ്യസ്ഥാനം കൃഷ്ണരാജ സാഗര ഡാമും ബൃദ്ധാവന്‍ ഗാര്‍ഡനുമാണ്. മൈസൂര്‍ ടൗണില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഈ പൂന്തോട്ടവും ഡാമും. ഗൂഗിള്‍ മാപ്പിന്‍െറ സഹായത്തോടെയാണ് യാത്ര. ദൂരം കുറഞ്ഞ റൂട്ടിലൂടെ പോയതിനാല്‍ ഹെബ്ബാള്‍ ഇന്‍റസ്ട്രിയല്‍ ഏരിയയിലെ ഇന്‍ഫോസിസിന്‍െറ ഓഫിസും പിന്നിട്ട് വൈകീട്ട് ആറ് മണിയോടെ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തത്തെി. കാവേരി നദിയില്‍ 1924ലാണ് കൃഷ്ണരാജ സാഗര ഡാമിന്‍െറ നിര്‍മാണം ആരംഭിക്കുന്നത്. മൈസൂരിവിലെയും മാണ്ഡ്യയിലെയും കൃഷിക്ക് ആവശ്യമായ വെള്ളം ഈ ഡാമില്‍നിന്ന് ലഭിക്കുന്നു. കൂടാതെ ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവിന്‍െറ കുടിവെള്ള സ്രോതസ്സും ഈ ഡാം തന്നെ. ഇതിനോട് ചേര്‍ന്ന് 1932ലാണ് ബൃദ്ധാവന്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. 60 ഏക്കറുകളിലായി പരന്നുകിടക്കുകയാണ് ഉദ്യാനം. രാത്രിയുള്ള മ്യൂസിക്കല്‍ ഫൗണ്ടയിനാണ് (ജലനൃത്തം) ഇവിടത്തെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന്. ഉദ്യാനത്തിനകത്തുള്ള ചെറിയ തടാകം കഴിഞ്ഞുവേണം ഇവിടെയത്തൊന്‍. 500 മീറ്ററിനടുത്ത് നീളമുള്ള പാലത്തിലൂടെയും തടാകത്തിലൂടെയുള്ള ബോട്ട് സര്‍വിസ് വഴിയും മ്യൂസിക്കല്‍ ഫൗണ്ടയിന് അടുത്തത്തൊം. ഞങ്ങള്‍ എത്തിയപ്പോഴേക്കും സിനിമാ ഗാനങ്ങള്‍ക്കനുസരിച്ചുള്ള ജലനൃത്തം ആരംഭിച്ച് കഴിഞ്ഞിരുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ ഈ മനോഹര ദൃശ്യം പകര്‍ത്തുന്ന തിരക്കിലാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ബൃദ്ധാവന്‍ ഗാര്‍ഡനിലെ ജലനൃത്തം കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന അതേ പാട്ടുകള്‍ക്കൊത്ത് തന്നെയാണ് ഇന്നും ഇവിടെത്തെ വെള്ളം നൃത്തം ചെയ്യുന്നത്. ഗ്യാലറിയിലിരുന്ന് കാഴ്ച ആസ്വദിക്കുന്നതിനിടെ അറിയാതെ പഴയ സ്കൂള്‍ കാലത്തേക്ക് മനസ്സ് ഓടിപ്പോയി. ജലനൃത്തം അവസാനിച്ചതോടെ ഉദ്യാനത്തില്‍നിന്ന് ഇറങ്ങി ചാമുണ്ടി ഹില്‍സിലോട്ട് യാത്രതിരിച്ചു. മൈസൂര്‍ നഗരത്തില്‍നിന്ന് 13 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വളവുകള്‍ നിറഞ്ഞ റോഡിലൂടെ മുകളിലോട്ട് കയറുമ്പോള്‍ താഴെ മൈസൂര്‍ നഗരം വെട്ടിത്തിളങ്ങി നില്‍ക്കുന്നത് കാണാം. ഈ മലയുടെ മുകളിലാണ് പ്രസിദ്ധമായ ചാമുണ്ടേഷ്വരി ക്ഷേത്രം നിലകൊള്ളുന്നത്. മൈസൂര്‍ രാജാക്കന്‍മാരുടെ കുലദേവതയായ ചാമുണ്ടേഷ്വരിയാണ് ഇവിടെത്തെ പ്രതിഷ്ഠ. രാത്രി വൈകിയും ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ തിരക്കാണ്. മൈസൂര്‍ കൊട്ടാരം, കാരഞ്ചി തടാകം എന്നിവയെല്ലാം ഇവിടെനിന്ന് കാണാം. രാത്രിയിലെ തണുത്ത കാറ്റ് ശരീരത്തിനുള്ളിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. മൈസൂരു മൃഗശാലയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ലക്ഷ്യം. 

രാവിലെ ഒമ്പത് മണിക്ക് തന്നെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുമ്പില്‍ ആളുകള്‍ നിറഞ്ഞിരുന്നു. കൂടുതലും സ്കൂളുകളില്‍നിന്ന് വിനോദയാത്ര വന്ന വിദ്യാര്‍ഥികള്‍. നഗരമധ്യത്തില്‍ 157 ഏക്കറുകളിലായി പരന്നുകിടക്കുയാണ് മൃഗശാല. മൈസൂര്‍ രാജാവിന്‍െറ സഹായത്തോടെ 1892ല്‍ പത്ത് ഏക്കറിലായിട്ടാണ് ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങുന്നത്. ശ്രീ ചാമരാജേന്ദ്ര സുവേളജിക്കല്‍ ഗാര്‍ഡന്‍ എന്നതാണ് ഒൗദ്യോഗിക പേര്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം പക്ഷിമൃഗാദികളും ഇഴജീവികളും ഇന്നിവിടെയുണ്ട്. വിവിധ മരങ്ങളും നട്ടുവളര്‍ത്തിയിട്ടുണ്ട്. പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഈ മരങ്ങള്‍ തണലേകുന്നതിനാല്‍ ഏത് സമയത്തും മൃഗശാല ചുറ്റിക്കാണാമെന്നത് ആശ്വാസകരമാണ്.

മൂന്ന് കിലോമീറ്ററിലേറെ ദൂരം വരുന്ന പാതക്ക് ഇരുവശവുമാണ് മൃഗങ്ങളുടെ കൂടുകളും വാസസ്ഥലവും ഒരുക്കിയിട്ടുള്ളത്. പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമൊക്കെ സഹായകരമാകുന്ന വിധത്തില്‍ പ്രത്യേക ഇലക്ട്രിക് വാഹനവും ഇവിടെയുണ്ട്. ഏകദേശം രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്തു മൃഗശാല മൊത്തമായും ചുറ്റിക്കാണാന്‍. അടുത്ത യാത്ര സെന്‍റ് ഫിലോമിനാസ് ചര്‍ച്ചിലോട്ടായിരുന്നു. നഗര മധ്യത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമാണിത്. കല്ലില്‍ തീര്‍ത്ത ചര്‍ച്ചിന്‍െറ അംബര ചുംബികളായ ഗോപുരങ്ങള്‍ നഗരത്തിന്‍െറ ദൂരപ്രദേശങ്ങളില്‍നിന്ന് തന്നെ ദൃശ്യമാകും. 1936ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ചര്‍ച്ച് നിര്‍മിച്ചത്.

ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രലിന്‍െറ മാതൃകയാണ് നിര്‍മാണത്തില്‍ പിന്‍പറ്റിയിട്ടുള്ളത്. പള്ളിക്കകം പ്രാര്‍ഥനയില്‍ മുഴുകിയ വിശ്വാസികളാലും സഞ്ചാരികളാലും നിറഞ്ഞിട്ടുണ്ട്. പെയിന്‍റ് ചെയ്ത ഗ്ളാസുകളാലും വര്‍ണദീപങ്ങളാലും ആള്‍ത്താര മനോഹരമാക്കപ്പെട്ടിരിക്കുന്നു. ഇതിന് നടുവിലൂടെയുള്ള പടികള്‍ ഇറങ്ങിച്ചെന്നാല്‍ ബേസ്മെന്‍റിലത്തൊം. അവിടെ രണ്ട് വശത്തേക്കും വഴികള്‍. ചുമരുകളില്‍ കുമ്പസാരങ്ങളും പ്രാര്‍ഥനകളും എഴുതിവെച്ചിരിക്കുന്നു. വഴികളിലൂടെ നടത്തം തുടര്‍ന്ന് ചര്‍ച്ചിന് പിന്നില്‍ പുറത്തേക്കത്തെി. സമയം ഉച്ചയായിട്ടുണ്ട്. ചര്‍ച്ചിന് സമീപത്തെ മലയാളി ഹോട്ടലില്‍നിന്ന് ഉച്ചയൂണും അകത്താക്കി ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന കാലത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

മൈസൂരില്‍നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീരംഗപട്ടണത്തിലേക്ക്. കാവേരി നദിയുടെ തീരത്താണീ പൈതൃക നഗരം. ആദ്യം സന്ദര്‍ശിച്ചത് ടിപ്പുസുല്‍ത്താന്‍െറ വേനല്‍ക്കാല കൊട്ടാരമായ ദരിയ ദൗലത്ത് പാലസാണ്. 1784ലാണ് കൊട്ടാരം നിര്‍മിക്കുന്നത്. നാലുഭാഗത്തും പരന്നുകടക്കുന്ന പൂന്തോട്ടത്തിന് നടുവിലാണ് ഈ ചെറിയ കൊട്ടാരം. തേക്ക് മരമാണ് നിര്‍മാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചിട്ടുള്ളത്. ഇന്നിത് ടിപ്പുസുല്‍ത്താന്‍െറ ജീവിതം പറയുന്ന മ്യൂസിയമാണ്. ചുമരുകളില്‍ യുദ്ധ രംഗങ്ങളും മറ്റും വിവരിക്കുന്ന മനോഹര ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. പലതിനും മങ്ങലേറ്റിട്ടുള്ളതിനാല്‍ എല്ലാം പോളിഷ് ചെയ്യുന്ന തിരക്കിലാണ് ജീവനക്കാര്‍. അകത്ത് ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങി പ്രധാന കവാടത്തിലത്തെിയപ്പോള്‍ സവാരിക്കായി കുതിരകള്‍ നില്‍ക്കുന്നു. പണ്ട് ടിപ്പു സുല്‍ത്താനും അനുയായികളും കുതിരപ്പുറത്ത് പിന്നിട്ട വഴികളിലൂടെ ഞങ്ങളും അല്‍പനേരം സഞ്ചരിച്ചു. 

കൊട്ടാരത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെയാണ് ടിപ്പു സുല്‍ത്താന്‍െറയും പിതാവ് ഹൈദരലിയുടെയും ഖബറുകളുള്ള ഗുംബസ് സ്ഥിതി ചെയ്യുന്നത്. പിതാവിന്‍െറ മരണ ശേഷം 1782ലാണ് ടിപ്പു സുല്‍ത്താന്‍ ഈ ശവകുടീരം നിര്‍മിക്കുന്നത്. മനോഹരമായ പൂന്തോട്ടത്തിന് നടുവിലൂടെ നടന്നുവേണം ഇങ്ങോട്ടത്തൊന്‍. ബിജാപൂര്‍ രീതിയില്‍ നിര്‍മിച്ച ഗുംബസിന് ചുറ്റും കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത 36 തൂണുകളുണ്ട്. ഉള്‍വശത്തെ ചുമരുകളില്‍ കടുവയുടെ നിറത്തിലെ പെയിന്‍റിങ്ങ് നിറഞ്ഞിരിക്കുന്നു. ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദരലി, മാതാവ് ഫക്രുന്നീസ എന്നിവരുടെ ഖബറുകള്‍ ഒരുമിച്ചാണ്. ഇതിന് തൊട്ടടുത്ത് തന്നെയാണ് മസ്ജിദ് അഖ്സ. പള്ളിക്ക് ചുറ്റും ടിപ്പുവിന്‍െറ കുടുംബത്തിന്‍െറയും സൈന്യാധിപതികളുടെയും ഖബറുകള്‍ കാണാം. ഖുംബസില്‍നിന്നുള്ള റോഡ് നേരെ എത്തിച്ചേരുന്നത് ലോകപവാനി, ഹേമാവതി, കാവേരി എന്നീ നദികള്‍ ഒരുമിച്ചുചേരുന്ന സംഗമത്തിലേക്കാണ്. സഞ്ചാരികളേക്കാള്‍ കൂടുതല്‍ ബലിതര്‍പ്പണത്തിന് എത്തിയവരായിരുന്നു ഞങ്ങളത്തെുമ്പോള്‍ അവിടെയുണ്ടായിരുന്നത്. ഇവര്‍ നല്‍കുന്ന ബലിച്ചോര്‍ തിന്നാന്‍ മത്സരിക്കുന്ന കാക്കളുടെ ബഹളം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു. 

യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം 1799ലെ യുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ വാളാല്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ട സ്ഥലത്തേക്കാണ്. മൈസൂരു-ബംഗളൂരു നാലുവരിപ്പാത മുറിച്ചുകടന്നാല്‍ ശ്രീരംഗപട്ടണത്തിലെ പഴയ കോട്ട കാണം. രണ്ട് നിരയായുള്ള കോട്ടയിലൂടെ ഒരു വാഹനത്തിന് കഷ്ടിച്ച് പോകാം. കോട്ട കഴിഞ്ഞാല്‍ എത്തുന്നത് ജുമാമസ്ജിദിലോട്ടാണ്. അവിടെനിന്ന് 100 മീറ്റര്‍ ദൂരമുണ്ട് ടിപ്പു മരിച്ചുകിടന്ന സ്ഥലത്തേക്ക്. ഒരു സ്ത്രീ ജീവനക്കാരിയല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. ചെരുപ്പ് പുറത്ത് അഴിച്ചുവെച്ചിട്ടു വേണം അകത്തുകടക്കാന്‍. നടുവിലുള്ള ശിലാഫലകത്തില്‍ ടിപ്പു സുല്‍ത്താന്‍െറ മൃതദേഹം ഇവിടെനിന്നാണ് ലഭിച്ചതെന്ന് എഴുതിവെച്ചിട്ടുണ്ട്. ഇതിന് അടുത്ത് തന്നെയാണ് ക്യാപ്റ്റന്‍ ബെയിലീസ് ഡങ്കന്‍ എന്നറിയപ്പെടുന്ന ഭൂഗര്‍ഭ ജയിലുള്ളത്. കാവേരി നദിയുടെ തീരത്തുള്ള ഈ ജയിലിലായിരുന്നു ടിപ്പുസുല്‍ത്താന്‍െറ ഭരണകാലത്ത് തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നത്. 

സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബന്ദിപ്പൂരിലെ ചെക്ക് പോസ്റ്റുകള്‍ രാത്രി ഒമ്പത് മണിക്ക് അടക്കുന്നതിനാല്‍ പെട്ടെന്നുതന്നെ മടക്കയാത്ര ആരംഭിച്ചു. ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു രണ്ട് ദിവസത്തെ യാത്ര. ഒരുപാട് അറിവുകളും അനുഭവങ്ങളും മൈസൂര്‍ പകര്‍ന്നേകി. എന്നാല്‍, തിരിച്ചുമടങ്ങുമ്പോള്‍ ബ്രിട്ടീഷ് സാമ്രജ്യത്വത്തിനെതിരെ പൊരുതിയ ടിപ്പുസുല്‍ത്താന്‍െറ ജന്മദിനാഘോഷത്തിന്‍െറ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysore
Next Story