Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightസ്പെയിനിലെ...

സ്പെയിനിലെ വിറ്റോറിയയിലൂടെ..

text_fields
bookmark_border
സ്പെയിനിലെ വിറ്റോറിയയിലൂടെ..
cancel

വിറ്റോറിയയുടെ വിരിമാറിലേക്കാണ് ഇന്നു യാത്ര. കൊളോണിയല്‍ സംസ്ക്കാരത്തിന്‍്റെ ദൃശ്യത്തനിമ അനുഭവിച്ചറിയാന്‍ ഒരു ഉള്‍നാടന്‍ യാത്രയുടെ സുഖം കൂടി വേണം. മാഡ്രിഡില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരം. പുലര്‍ച്ചെയാണെങ്കിലും സൂര്യനെ എങ്ങും കാണാനില്ല. റോഡില്‍ തിരക്കും കുറവുണ്ട്. പോകുന്നതിന്  മുന്നെ ഇന്‍്റര്‍നെറ്റില്‍ ആകെയൊന്നു പരതി. സ്ഥലത്തെക്കുറിച്ചും ഹോട്ടലുകളെക്കുറിച്ചുമൊക്കെ ഏകദേശം ഒരു വിവരം തരപ്പെടുത്തി. പ്രാദേശി ഭാഷാ വ്യതിയാനങ്ങള്‍ ഇവിടെ പ്രകടമായതു കൊണ്ട് ഉള്ള സ്പാനിഷ് ഭാഷ വച്ച് ചിലപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയെന്നു വരില്ല. അതു കൊണ്ട്, കൂടുതല്‍ റിസ്ക്ക് എടുക്കാതെ കിട്ടിയ വിവരങ്ങള്‍ ഐ പാഡില്‍ സേവ് ചെയ്തു.
ഫോണില്‍ കൈ്ളമറ്റ് കണ്‍ട്രോള്‍ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്തു. വിറ്റോറിയയിലെ കാലാവസ്ഥ നോക്കി. മഴ പെയ്യാന്‍ സാധ്യതയില്ല, എന്നാല്‍ മാനമൊട്ട് തെളിയുന്ന മട്ടുമില്ല. കൈയിലുള്ള യൂറോ തപ്പിപ്പെറുക്കി രണ്ടു പേഴ്സുകള്‍ക്കുള്ളിലാക്കി മാറ്റി. ദൂരയാത്രയാണ്. അതും റോഡ് മുഖേന. എന്തും സംഭവിക്കാമല്ളോ. ട്രാവലേഴ്സ് ചെക്ക് ഉള്ളത് കൈയില്‍ സുരക്ഷിതമാക്കി. നല്ല തണുപ്പുണ്ട്. ഇതു കുറയുകയാണോ കൂടുകയാണോ എന്നു തിരിച്ചറിയാന്‍ പറ്റുന്നില്ല. ഇംഗ്ളണ്ടില്‍ താമസിക്കുന്നയൊരാളായ എനിക്ക് ഈ തണുപ്പ് ഒരു പ്രശ്നമാകരുതാത്തതാണ്. എന്നിട്ടും, തണുപ്പിന്‍്റെ ആക്രമണം അസഹനീയമായി തോന്നി. ജിബ്രാള്‍ട്ടര്‍ കടലിടുക്കു കടന്നു ഒരു ചെറു ചൂടു കാറ്റ് അടിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ അല്‍പ്പം ആശ്വാസം കിട്ടിയേനെ. അത് മരുഭൂമിയില്‍ അലയുമ്പോള്‍ ഒരു നദിപ്രവാഹം കാണാനിയിരുന്നെങ്കില്‍ എന്ന് ആശ്വസിക്കുന്നതു പോലെ നിരര്‍ത്ഥകമാണെന്നു തോന്നു. കൂടിയ താപനില ഏഴു ഡിഗ്രിയാണ്. കുറഞ്ഞതു മൈനസ് രണ്ടും. ഇനിയങ്ങോട്ടു എന്നും മൈനസ് തന്നെയായിരിക്കും താപനില. ഹൈവേയില്‍ നിന്നും നല്ല വോള്‍വോ ബസിലാണ് കയറിയത്. നല്ല സുഖകരമായ യാത്ര. കണ്ണാടിജനാലയ്ക്കു പുറത്ത് സ്പെയിന്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. വാഹനത്തിനുള്ളില്‍ ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും സെറ്റ് ചെയ്യാവുന്ന വിധത്തില്‍ അത് ക്രമീകരിച്ചിരിക്കുന്നു. എന്‍്റെ സഹയാത്രിക ഒരു സ്ളൊവാക്യക്കാരിയാണ്. അവര്‍ ബസില്‍ കയറിയപ്പോള്‍ തന്നെ പുസ്തകത്തിനുള്ളിലേക്ക് തല താഴ്ത്തിയിരിക്കുകയാണ്. നേരിയ മഞ്ഞ ലെതര്‍ സ്വെര്‍ ധരിച്ചിട്ടുണ്ട്. തലയും ചെറുതായി മൂടിയിട്ടുണ്ട്. പുറത്തേക്കിറങ്ങാന്‍ തന്നെ മടിയാകുന്ന ഈ സമയത്ത് ഇവരിത് എവിടെ പോവുകയാണ്. കുശലസംഭാഷണത്തിനു ശ്രമിച്ചെങ്കിലും അവര്‍ക്കതിലൊന്നും വലിയ താത്പര്യം തോന്നിയില്ല.


സ്പെയിനിലെ തിരക്കേറിയ ഒരു നഗരമാണ് വിറ്റോറിയ. അവിടെയാണ് പായിസ് ബാസ്കോയുടെ തലസ്ഥാനം. 1814 ലെ പെനിന്‍സുലാര്‍ യുദ്ധത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ തോറ്റതും ഇവിടെ വച്ചു തന്നെ. ഉര്‍ക്യോള മലനിരകളിലേക്കു കടന്നു വേണം വിറ്റോറിയയിലേക്ക് പോകാന്‍. വഴിയില്‍  കനത്ത മൂടല്‍ മഞ്ഞ് പ്രശ്നമായേക്കും. എന്നാല്‍ ഈ റൂട്ടില്‍ സ്ഥിരം വാഹനമടിക്കുന്ന ഡ്രൈവര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഡ്രൈവറുടെ തലയ്ക്കു മുകളില്‍ ഒരു ചെറിയ ബോര്‍ഡ്, ഭാഗ്യം അത് ഇംഗ്ളീഷിലാണ്. ഡ്രൈവറോട് സംസാരിക്കരുത് എന്ന മുന്നറിയിപ്പാണത്. കൊള്ളാം, എന്തെങ്കിലും സംശയവുമായി ആശാനെ സമീപിക്കരുതെന്നു സാരം. മൂടല്‍ മഞ്ഞിന്‍്റ തൊപ്പിയണിഞ്ഞ മലയുടെ മുകള്‍ കാഴ്ചകളൊക്കെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. താഴ്വാരത്തുള്ള വീടുകളും പച്ചപ്പു നിറഞ്ഞ മലയടിവാരവും കാണാം. കേരളത്തില്‍ മൂന്നാറില്‍ കൂടി കടന്നു പോകുന്ന പ്രതീതി. പുറത്തു നല്ല തണുപ്പു തന്നെ. 
മലനിരകള്‍ക്കു മുകളില്‍ ഒരു വലിയ പള്ളി കണ്ടു. പ്രകൃതി രമണീയമായ സ്ഥലം. ഞാന്‍ ക്യാമറയില്‍ വണ്ടിക്കുള്ളിലിരുന്നു തന്നെ ചില ചിത്രങ്ങള്‍ പകര്‍ത്തി. മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഇവിടം യൂറോപ്പിലെ ഭംഗിയേറിയ സ്ഥലങ്ങളിലൊന്നാണെന്നു തോന്നി. ഉര്‍ക്യോള പള്ളിയോടു ചേര്‍ന്നു ബസ് നിന്നു. അവിടം ചെറിയൊരു സ്റ്റോപ്പാണ്. ആവശ്യക്കാര്‍ക്ക് ഇവിടെ വേണമെങ്കില്‍ ഇറങ്ങാം. എന്‍്റെ സഹയാത്രിക അവിടെ ഇറങ്ങി. അവര്‍ തിരിച്ചു വരില്ളെന്നു തോന്നി. കെട്ടും ഭാണ്ഡവുമൊക്കെയായാണ് ഈ കൊടും തണുപ്പിലേക്ക് അവര്‍ ഇറങ്ങിയത്. ഞാനും നടുവൊന്നു നിവര്‍ത്താം എന്ന് ഉദ്ദേശത്തോടെ പുറത്തിറങ്ങി. താമസമുണ്ടോയെന്ന് ചോദിക്കാനായി ഡ്രൈവറുടെ അടുത്ത് ചെന്നപ്പോള്‍ ഒരു കുന്ത മുന പോലെ ഡ്രൈവറോടു സംസാരിക്കരുതെന്ന ബോര്‍ഡ് കണ്ണിലുടക്കി. എന്തായാലും ചോദിക്കുക തന്നെ, അരമണിക്കൂര്‍ താമസമുണ്ട്. ദൂരത്തേക്ക് എങ്ങും പോകരുതെന്ന് ഡ്രൈവറുടെ നിര്‍ദ്ദേശം. ഞാന്‍ ബാഗ് ബസിനുള്ളിലെ കബോര്‍ഡിലേക്ക് ഇറക്കി വച്ചു. പുറത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ തണുപ്പ് അനുഭവപ്പെട്ടു. ഉര്‍ക്യോള മലനിരകള്‍ കാണാന്‍ എന്തു ഭംഗിയാണ്. നല്ല വാസ്തുശില്‍പ്പ ഭംഗി നിറഞ്ഞു തുളുമ്പിയ പള്ളി മുന്നില്‍ നില്‍ക്കുന്നു. ഉള്ളിലേക്ക് ഒന്നു കയറണമെന്നു തോന്നിയെങ്കിലും ബസ് വിട്ടു പോയാലോ എന്നു ഭയന്ന് തിരികെ പോന്നു. ഉര്‍ക്യോള മലനിരകള്‍ യൂറോപ്പിലെ അറിയപ്പെടുന്ന മലഞ്ചെരിവുകളാണ്. ബസ് നീങ്ങിത്തുടങ്ങി. ഇപ്പോള്‍ ഗ്യാപ് റോഡ് പോലെ തോന്നുന്ന റോഡില്‍ വളവും പുളവുകളുമായി ബസ് ഇറക്കം ഇറങ്ങികൊണ്ടിരിക്കുകയാണ്. റോഡിനു വലതു വശം ചേര്‍ന്നു തേക്കടി തടാകത്തെ ഓര്‍മ്മപെടുത്തുന്ന വിറ്റോറിയന്‍ റിസര്‍വോയര്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനൊരു തടാകത്തിന്‍്റെ ഗെറ്റപ്പ് ഉണ്ടെന്നു തോന്നി. ബസില്‍ യാത്ര തുടങ്ങിയിട്ട് മൂന്നര മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഇരുനൂറു കിലോമീറ്റര്‍ സഞ്ചരിച്ച പ്രതീതിയൊന്നും തോന്നിയില്ല. നല്ല ഹൈവേ ആയിരുന്നതിനാല്‍ ദൂരം ഒരു പ്രശ്നമായി തോന്നിയില്ല. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു. തണുപ്പിന് ഒരു കുറവും തോന്നിയില്ല. മാനത്ത് മേഘങ്ങളുടെ മേലാപ്പ് തന്നെ. സൂര്യനെ എവിടെയും കാണാനില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിലേക്ക് മഞ്ഞും കയറി നിന്നു. വിരഹവേദനയോടെയാണ് വിറ്റോറിയ കിടക്കുന്നത് ആദ്യ കാഴ്ചയില്‍ തോന്നി. മെല്ളെ ചൂടാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ബസ് വിട്ട് തിരക്കിലേക്ക് ഇറങ്ങി. 

ലെതര്‍ ജാക്കറ്റ് ഇട്ടിട്ടു പോലും തണുപ്പ് അരിച്ചിറങ്ങുന്നു. ഭാഗ്യം താപനില മൈനസ് വിട്ടിു, ഒരു ഡിഗ്രിയില്‍ എത്തിയിരിക്കുന്നു. ബസ്സ് ടെര്‍മിനലിനോടു ചേര്‍ന്നു തന്നെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ഉണ്ട്. അവിടെ നിന്നും വിറ്റോറിയയുടെ മാപ്പ് വാങ്ങി. അതിനുള്ളിലുണ്ടായിരുന്ന അമ്മച്ചിയോടു കാര്യങ്ങള്‍ വല്ലവിധേനയും ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിലൊന്നും വലിയ താത്പര്യം തോന്നിയില്ല. മുന്നോട്ടു നടന്നപ്പോള്‍ നഗരത്തില്‍ തിരക്കേറി വരുന്നതു പോലെ തോന്നി. തണുപ്പിനെ വക വെക്കാതെ ഒരു പാടു ആളുകള്‍ വിറ്റോറിയയിലേക്ക് വരുന്നു. പായിസ് ബാസ്കൊയുടെ തലസ്ഥാനമായ വിറ്റോരിയയിലെ പാര്‍ലമെന്‍്റ് കെട്ടിടം മുന്നില്‍ കാണുന്നു. അതൊരു പാര്‍ലമെന്‍്റ് മന്ദിരമാണെന്നു തോന്നിയതേയില്ല. രണ്ടു നിലയുള്ള ചെറിയ ഒരു കെട്ടിടം.  മതിലിനു ചുറ്റും രാഷ്ര്ട നേതാക്കന്‍മാരുടെ ഫോട്ടോകള്‍. കൂട്ടത്തില്‍, ഒബാമയും സാര്‍കൊസിയും ബുഷും ഫിഡല്‍ കാസ്ട്രോയും. ഇന്ത്യക്കാരെക്കുറിച്ച് വലിയ പിടിയില്ളെന്നു തോന്നുന്നു. ആരെയും കണ്ടില്ല. അവിടെ നിന്നൊരു സെല്‍ഫി എടുത്തു. വേറെയും ചില സന്ദര്‍ശകര്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതു കണ്ടു. പുറത്ത് ഇങ്ങനെയാണെങ്കില്‍ അകത്ത് കാര്യമായൊന്നും തടയാനിടയില്ളെന്നു തോന്നി ഞാന്‍ മുന്നോട്ടു തന്നെ നടന്നു. കൈയിലുണ്ടായിരുന്ന മാപ്പ് എടുത്തു നീട്ടി പിടിച്ചു. പാര്‍ലമെന്‍്റിനു പിന്നില്‍ ഫ്ളോറിഡ പാര്‍ക്ക്. ഇരുപതാം നൂറ്റാണ്ടില്‍ ഗോത്തിക് ശൈലിയില്‍ പണിത ആകര്‍ഷകമായ കെട്ടിടം ഇവിടെയുണ്ട്. ഒപ്പം ഒരു പള്ളിയും കാണാനാവുന്നുണ്ട്. നേരെ അങ്ങോട്ട് തന്നെ നടന്നു. ചെറു ദൂരമേ ഇവിടേക്കുള്ളു. പലരും ധൃതിയില്‍ നടക്കുന്നു. മഴ പെയ്യുമോയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ അന്തരീക്ഷം വിറങ്ങലിച്ചു നില്‍ക്കുന്നു. മുന്നില്‍ നിരവധി ചെറു പ്രതിമകള്‍ കാണാം. പള്ളിക്കു ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ പുല്‍ത്തകിടി. ഇത് ചുറ്റി ഒരു നടപ്പാതയുണ്ട്. ഇതു പോകുന്നത് വിറ്റോറിയയിലെ കാസ്കൊ വീഹൊ എന്നറിയപ്പെടുന്ന പഴയ പട്ടണത്തിലേക്കാണ്. ഇവിടെയാണ് യുദ്ധസ്മാരകങ്ങള്‍. 
പ്ളാസ ദെ ലാ വിര്‍ഹിന്‍ ബ്ളാന്‍ക എന്നാണ് ഇതിനു പേര്. വിറ്റൊറിയ യുദ്ധം ജയിച്ചതിനു പ്രതീകമായി സ്ഥാപിച്ച ശില്‍പ്പങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. അതില്‍ തന്നെ ചരിത്രകഥയും കൊത്തി വച്ചിട്ടുണ്ട്. സ്പാനിഷ് ഭാഷയിലാണ്. പക്ഷേ, ഞാന്‍ അത് ഇംഗ്ളീഷിലുള്ളത് മനസ്സിലാക്കിയിരുന്നു. സംഭവം പതിനേഴം നൂറ്റാണ്ടിലേതാണ്. അന്ന് സ്പെയിന്‍ ആക്രമിച്ചു കീഴടക്കിയ നെപ്പോളിയന്‍ ഇവിടുത്തെ ഭരണാധികാരിയായി സഹോദരന്‍ ജോസഫിനെ നിയമിച്ചു. എന്നാല്‍ ഈ ഭരണം ബ്രിട്ടീഷുകാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ പോര്‍ചുഗല്‍- സ്പെയിന്‍ എന്നീ സഖ്യകക്ഷികളുമായി ചേര്‍ന്ന് നെപ്പോളിയനെതിരേ യുദ്ധം പ്രഖ്യാപിച്ചു. വെല്ലിങ്ടണ്ണിന്‍്റെ നേതൃത്വത്തില്‍ സഖ്യകക്ഷികളെല്ലാം ചേര്‍ന്നു നെപ്പോളിയന്‍്റെ സൈന്യത്തെ തോല്‍പ്പിച്ചു. ഘോരമായ യുദ്ധത്തിനൊടുവില്‍ നെപ്പോളിയന്‍്റെ രാജവാഴ്ച സ്പെയിനില്‍ നിന്നു. അതാണ് ചരിത്രം. അതിന്‍്റെ വീര ഇതിഹാസങ്ങള്‍ പെയ്തിറങ്ങുന്ന ഭൂമിയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. 
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന സാന്‍ മിഗെല്‍ എന്ന പേരോടു കൂടിയ പള്ളി ഇവിടെ തന്നെയാണ്. അതൊന്നു കാണണം. അതിനു പിന്നിലായി സുസൊ പാലസ് ഉണ്ട്. മൂന്നു നിലയുള്ള ചതുരത്തില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയമാണിത്. 1791-ല്‍ നിര്‍മിച്ച ഇതിന്‍്റെ ഒരു വശത്തു മുനിസിപ്പാലിറ്റി ഓഫിസാണ്. ശേഷിച്ചിടിത്ത് ഇപ്പോള്‍ താമസക്കാരുണ്ട്. അടുത്തിടെവരെ ഇവിടെ തക്കാളിയേറും കാളപ്പോരുമെല്ലാം നടന്നിരുന്നുവത്രേ. ഓള്‍ഡ് ഡല്‍ഹിയിലൂടെ നടക്കുന്ന അതേ പ്രതീതി. വൃത്തിക്കു മുന്നിലാണെന്ന വ്യത്യാസം മാത്രം. എങ്കിലും അല്‍പ്പം ഇടുങ്ങിയ വഴിത്താരകള്‍, പാരമ്പര്യത്തിന്‍്റെ ഘനീഭവിച്ചു നില്‍ക്കുന്ന ശില്‍പ്പചാതുര്യം എല്ലാം കൂടി നോക്കുമ്പോള്‍ ഈ കെട്ടിട സമുച്ചയത്തിനു ചരിത്രത്തോടു പലതും പറയാനുണ്ടെന്നു തോന്നി. ഇതിനോടു ചേര്‍ന്നാണ് പാലസ്.


പതിനൊന്നാം നൂറ്റാണ്ടിലെ പട്ടണത്തിന്‍്റെ കോട്ടയുടെ ഭാഗങ്ങള്‍. യൂറോപ്പിനു പരിചിതമല്ലാത്ത ശില്‍പ്പഭംഗി. പല കെട്ടിടങ്ങളുടെയും വാസ്തുഭംഗി അമ്പരിപ്പിച്ചു കളഞ്ഞു. അക്കാലത്ത് നഗരം എങ്ങനെ സംരക്ഷിച്ചു നിര്‍ത്തിയോ അതു പോലെ തന്നെ ഇന്നും ഇവിടം സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. നടന്നിട്ടാവാം, ശരീരത്തിലേക്ക് അല്‍പ്പം ചൂട് കയറി തുടങ്ങിയിട്ടുണ്ട്. ഫോണിലേ ടെംപ്റേച്ചര്‍ ആപ് എടുത്തു നോക്കി. തണുപ്പ് ഒരു ഡിഗ്രിയില്‍ നിന്നും ആറു ഡിഗ്രിയായി കൂടിയിട്ടുണ്ട്. നഗരത്തിനു ചെറിയ വെട്ടം വീണു തുടങ്ങിയിരിക്കുന്നു. പഴയ വീഥിയിലൂടെ നടന്നു. മാപ്പ് എടുത്തപ്പോള്‍ കണ്ട എല്‍ പോര്‍ട്ടലൊണ്‍ എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ സത്രത്തിലത്തെി. മൂന്നു നിലയുള്ള ആ കെട്ടിടം കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത തോന്നി. അവിടെ ആദ്യം കണ്ട യൂറോപ്യനോടു ഇംഗ്ളീഷില്‍ ചോദിച്ചു, അയാള്‍ വാസ്തവത്തില്‍ സ്പാനിഷുകാരന്‍ തന്നെയായിരുന്നു. ഉച്ചാരണശുദ്ധി കുറഞ്ഞ ഇംഗ്ളീഷില്‍ കാര്യങ്ങള്‍ അയാള്‍ വിശദമാക്കി. എന്നോട് അതിന്‍്റെ ബേസ്മെന്‍്റിലേക്ക് നോക്കാന്‍ പറഞ്ഞു. 
മരത്തടിയിലാണ് തറ കെട്ടിയിരിക്കുന്നത്. അതിനിടയില്‍ ചുടുകട്ട അടുക്കി വെച്ചിരിക്കുന്നു. ആദ്യ നിലയില്‍ കുതിരകളെ കെട്ടുവാനായിരുന്ന¤്രത ഉപയോഗിച്ചിരുന്നത്. രണ്ടാം നിലയിലും മൂന്നാം നിലയിലുമാണു താമസിക്കാന്‍ ഉപയോഗിക്കുന്ന സത്രം ഉള്ളത്. ഇപ്പോള്‍ ഇതൊരു ഹോട്ടല്‍ ആണ്. എന്നാല്‍, സാധാരണക്കാര്‍ക്ക് ഇവിടെ താമസിക്കാന്‍ വലിയ പണം നല്‍കേണ്ടി വരും. മുന്തിയ വിവാഹ പാര്‍ട്ടികളും സല്‍ക്കാരവുമാണ് ഇവിടെ പ്രധാനം. പരമ്പരാഗത ശൈലിയിലാണ് ഇവിടെ ഇപ്പോഴും വിവാഹം നടക്കുന്നതെന്ന് അയാള്‍ പറഞ്ഞു. വെറുതെ ഒരു നേരമ്പോക്കിന് അകത്തൊന്നു കയറി. പുറത്തുള്ളതിനേക്കാള്‍ നല്ല ചൂട് അകത്ത് തോന്നി. നല്ല ഭംഗിയുള്ള വിധത്തില്‍ ഉള്ളു ഡെക്രേറ്റ് ചെയ്തിരിക്കുന്നു. മനോഹരമായ ഡിസൈനുകള്‍. വസ്ത്രാലങ്കാരവും തെല്ലും കുറവല്ല. ഞാന്‍ പുറത്തേക്കിറങ്ങി, ചില ചിത്രങ്ങള്‍ പകര്‍ത്തി. മാപ്പ് നിരത്തി, ഇനിയെങ്ങോട്ട് പോകണമെന്നു നോക്കി. കുറഞ്ഞ് നാലഞ്ചു കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാവണം. വലിയ ക്ഷീണമൊന്നും തോന്നിയില്ല. അന്തരീക്ഷം പ്രഭാ സമ്പന്നമായി.
പതിനാലാം നൂറ്റാണ്ടിലെ ഗോത്തിക് ശൈലിയില്‍ പണിത സാന്‍്റ മരിയ കത്തീഡ്രല്‍ ഇവിടെ അടുത്താണ്. നേരെ അങ്ങോട്ട് വച്ചു പിടിച്ചു. അകത്തു കടക്കണമെങ്കില്‍ പാസ് എടുക്കണം. പാസ് എടുക്കുന്ന കൗണ്ടറില്‍ ചെറിയൊരു ക്യൂ കണ്ടു. അഞ്ചു യൂറോയാണ് ടിക്കറ്റ് ചാര്‍ജ്. ഹെല്‍മറ്റ് ധരിച്ചു മാത്രമേ സന്ദര്‍ശകരേ അകത്തേക്കു കടത്തി വിടൂ. കുറഞ്ഞത് 700 വര്‍ഷത്തെ കാലപഴക്കമെങ്കിലും കെട്ടിടത്തിനു കാണുമെന്നു തോന്നി. പള്ളിയുടെ ഒരു വശം ചരിഞ്ഞ മട്ടാണ്. അതു കൊണ്ട് അടിയന്തരമായി സ്പാനിഷ് സര്‍ക്കാര്‍ പള്ളി നവീകരിക്കുന്ന തിരക്കിലാണ്. പലേടത്തും നിര്‍മ്മാണം നടക്കുന്നുണ്ട്. 60 മീറ്റര്‍ ഉയരത്തിലുള്ള മധ്യത്തിലെ മകുടമാണു പ്രധാന ആകര്‍ഷണം. ഫോട്ടോഗ്രാഫിയൊന്നും പറ്റില്ല. എല്ലാവര്‍ക്കുമായി ഒരു ഗൈഡ് കൂടെയുണ്ട്. ഭാഗ്യം അദ്ദേഹം നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നു. ഒപ്പം സ്പാനിഷ് ഭാഷയും ഒഴുക്കന്‍ മട്ടില്‍ തട്ടിവിടുന്നുണ്ട്. മകുടം താങ്ങി നിറുത്തിയിരിക്കുന്ന നാലും തൂണുകളൂം ചുമരുകളും ഒഴികെയുള്ളതെല്ലാം കുഴിച്ചു മാറ്റിയിരിക്കുന്നു. നീളമുള്ള ഇരുമ്പു പൈപ്പുകളില്‍ പ്ളാറ്റ്ഫോമിട്ടാണ് പള്ളിയുടെ 60 മീറ്റര്‍ ഉയരമുള്ള ചുമരിനു വശത്തു കൂടെ കാഴ്ചകള്‍ കാട്ടുന്നത്. അതു നന്നായി. അല്‍പ്പം കൂടി മുകളിലേക്ക് കയറിയാല്‍ ഒരു ബാല്‍ക്കണിയിലേക്ക് എത്താം. അവിടെ നിന്നാല്‍ വിറ്റോറിയ നഗരം മുഴുവനായി കാണാം. എന്തായാലും യൂറോ മുടക്കിയതല്ളേ, കയറിക്കളയാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ പ്രയാസപ്പെട്ടാണ് ചുമരിനു നടുക്കുള്ള ടണലിലൂടെ കുനിഞ്ഞു ബാല്‍ക്കണി പോലെ തോന്നിക്കുന്ന ഭാഗത്തത്തെി. ഈ ഭാഗത്ത് ബലം കുറവാണ്, സൂക്ഷിക്കണമെന്നു ഗൈഡ് പറയുന്നത് കേട്ടു. അവിടെ നിന്ന് വിറ്റോറിയ നഗരം മുഴുവന്‍ കണ്ടു. മേച്ചില്‍പ്പുറങ്ങളുടെ നഗരമാണതെന്നു തോന്നി. തണുത്തു വിറങ്ങലിച്ചു കിടക്കുന്ന കുറേയധികം നരച്ച കാഴ്ചകള്‍. അതിനുപ്പുറത്ത് പറുദീസ പോലെ പ്രകൃതി വിസ്തരിച്ചു നില്‍ക്കുന്നു. വലിയൊരു ഗോവണി ചുറ്റി താഴേയ്ക്ക് ഇറങ്ങി. ഇപ്പോള്‍ ശരിക്കും വിശന്നു തുടങ്ങി. കാര്യമായ പ്രഭാത ഭക്ഷണവും കഴിച്ചിരുന്നില്ലല്ളോ. കാഴ്ചകള്‍ കണ്ടു നടന്നതിനിടയില്‍ അതൊന്നും ഓര്‍ത്തതേയില്ല. ഇനിയൊരു ഹോട്ടല്‍ കണ്ടു പിടിക്കണം. ഇന്‍ഫര്‍മേഷന്‍ സെന്‍്ററില്‍ നിന്നു വാങ്ങിയ മാപ്പുകളിലൊന്നും ഹോട്ടല്‍ കണ്ടില്ല.


അല്‍പ്പം കൂടി നടന്നപ്പോള്‍ ഹോട്ടലുകളുടെ സംസ്ഥാനസമ്മേളനം നടക്കുന്നതു പോലെ നിരനിരയായി  റെസ്റ്ററന്‍്റുകള്‍  കണ്ടു. എല്ലായിടത്തും തിരക്കുണ്ട്. എല്ലാവരും സ്പാനിഷ് ഭാഷയിലാണ് പറയുന്നത്. അപൂര്‍വ്വം ചിലര്‍ മാത്രം അടക്കിയ ഭാഷയില്‍ ഇംഗ്ളീഷ് സംസാരിക്കുന്നു. സമയം 2 മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഇവിടെ താമസിക്കണോ, അതോ മാഡ്രിഡിലേക്ക് മടങ്ങണോ എന്ന കാര്യം ഒരു നിമിഷം ആലോചിച്ചു. കാഴ്ചകള്‍ എല്ലാം തന്നെ ഓടിച്ചൊന്നു കാണുക മാത്രമാണ് ഉദ്ദേശം. എന്തായാലും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ഉരുളക്കിഴങ്ങു നിറഞ്ഞ കോഴിക്കറിയും സാന്‍ഡ് വിച്ചും വാങ്ങിച്ചു. കുടിക്കാന്‍ രസം പോലെ എന്തോ ഒരു സാധനം കിട്ടി. നല്ല കുരുമുളകിന്‍്റെ രുചി. എരിവ് അല്‍പ്പം കൂടുതലാണെന്നു തോന്നി. എന്തായാലും അധികം കഴിക്കേണ്ടി വന്നില്ല, സാന്‍ഡ്വിച്ച് കഴിച്ചപ്പോഴാണ് അടുത്തിരിക്കുന്നയൊരാള്‍ മുട്ട പുഴുങ്ങിയതും ബ്രഡും പിന്നെ വലിയൊരു പിഞ്ഞാണത്തില്‍ പച്ചിലകളും വെട്ടിവിഴുങ്ങുന്നതു കണ്ടത്. ഇത് നേരത്തെ കണ്ടിരുന്നുവെങ്കില്‍ ഇതു പോലൊന്ന് വാങ്ങിയാല്‍ മതിയായിരിന്നു. എട്ട് യൂറോ ഭക്ഷണത്തിനു വേണ്ടിയായി. വിറ്റോറിയയില്‍ ഭക്ഷണത്തിന് നല്ല ചെലവാണെന്നു തോന്നി. 

കാസ്കൊ വീഹൊ എന്നാണ് ഞാന്‍ നില്‍ക്കുന്ന തെരുവിനു പറയുന്ന പേര്. പഴയൊരു നഗരം. അടുത്തു തന്നെ ഒരു പഴക്കട കണ്ടു. അവിടെ നിന്നും ഒരു ഫ്രൂട്ട് സലാഡ് വാങ്ങാമെന്നു കരുതിയെങ്കിലും കുറേ നേരം കാത്തു നിന്നെങ്കിലും കച്ചവടക്കാരന്‍ കണ്ട ഭാവം നടച്ചില്ല. നിരത്തിലൂടെ ട്രാമുകള്‍ നീങ്ങുന്നു. അടുത്തു നിന്ന ഒരു ട്രാമിലേക്ക് കയറി. ഒരു ദിവസ ടിക്കറ്റെടുത്താല്‍ വിറ്റോറിയ മുഴുവന്‍ കാണാം. പോകാവുന്ന അത്രയും പോകാന്‍ തന്നെ തീരുമാനിച്ചു. ട്രാമില്‍ വലിയ തിരക്കുകള്‍ ഉണ്ടായിരുന്നില്ല. നഗരവീഥികളില്‍ ധാരാളം മരങ്ങള്‍ കണ്ടു. പക്ഷേ, ഒന്നിനും ഇലകള്‍ ഇല്ലായിരുന്നു. റിസര്‍വോയറിനു സമീപമത്തെിയപ്പോള്‍ ട്രാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 
അവിടെ നിന്നും തിരിച്ചു നടന്നു. ഇന്‍ഫര്‍മേഷന്‍ സെന്‍്ററില്‍ നിന്നും വാങ്ങിയ മാപ്പില്‍ വിറ്റോറിയ ഫൈന്‍ ആര്‍ട്സ് മ്യൂസിയത്തെക്കുറിച്ച് കാര്യമായി കൊടുത്തിരുന്നു. സമയം അഞ്ചു മണിയാവുന്നു. സൂര്യന്‍ അസ്തമിക്കുന്നത് എപ്പോഴാണോ ആവോ? ബസ് ടര്‍മിനല്‍ വരെ ട്രാം കിട്ടും. ഇല്ളെങ്കില്‍ ടാക്സിയും ധാരാളമുണ്ട്. ഞാന്‍ കുറച്ചു നേരം മ്യൂസിയത്തിനു മുന്നില്‍ നിന്നു. നല്ല വര്‍ണ്ണാഭമായി പെയിന്‍്റടിച്ചിരിക്കുന്ന ഒരു കെട്ടിടം. പ്രവേശനം സൗജന്യമാണ്. സുന്ദരമായ പെയിന്‍്റിങ്ങുകളാലും ശില്‍പ്പചാതുര്യത്താലും മ്യൂസിയത്തിനുള്‍ ഭാഗം സമൃദ്ധം. കുറച്ച് ഫ്രഞ്ച് പെണ്‍കൊടികള്‍ ഉറക്കെ ചിരിച്ചു കൊണ്ട് ചിത്രങ്ങളെ വിശകലനം ചെയ്യുന്നു. 

ആര്‍ടിയം എന്ന ആര്‍ട്സ് എക്സ്ബിഷന്‍ സെന്‍്റര്‍ തൊട്ടടുത്തു തന്നെയാണ്. മ്യൂസിയം കാഴ്ചകള്‍ ഓടിച്ചൊന്നു കണ്ടെന്നു വരുത്തി അവിടെ നിന്നുമിറങ്ങി. ആര്‍ട്സ് എക്സിബിഷന്‍ സെന്‍്ററിനു പുറത്ത് ഇന്ത്യന്‍ സ്പെഷ്യല്‍ എന്നു കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. അകത്തു കയറിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. നിരവധി ഇന്ത്യന്‍ പോര്‍ട്രെയ്റ്റുകള്‍. മഹാത്മ ഗാന്ധി മുതല്‍ ആരംഭിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍. ഇതൊന്നുമല്ല, എന്നെ ഞെട്ടിച്ചത്. ഒരു ചുമര്‍ നിറയെ നിറഞ്ഞ ചിത്രങ്ങള്‍ക്ക് താഴെ ഇംഗ്ളീഷില്‍ കണ്ട ക്യാപ്ഷനുകളായിരുന്നു. എല്ലാം കേരളത്തില്‍ നിന്നുമുള്ളത്. അപ്രതീക്ഷിതമായി വഴിയരികില്‍ അമ്മയെ കണ്ടപ്പോള്‍ മകനുണ്ടായ അതേ സന്തോഷം, അതേ നിര്‍വൃതി. കേരളത്തിലെ ക്രിസ്ത്യന്‍ ബിഷപ്പുമാരുടെ 14 പോര്‍ട്രെയ്റ്റുകള്‍.  കുറേ നേരെ അതു നോക്കി നിന്നു. വിറ്റോറിയ എന്ന സ്പെയിനിലെ പടിഞ്ഞാറന്‍ പ്രദേശത്തെ ആളൊഴിഞ്ഞ, തണുത്തു വിറച്ചു കിടക്കുന്ന ഒരു മ്യൂസിയത്തിലെ ചുവരില്‍ ഞാന്‍ എത്രയോ ദൂരത്തു കിടക്കുന്ന കേരളത്തിന്‍്റെ മണമറിഞ്ഞു, സൗന്ദര്യം അറിഞ്ഞു. കേരളമെന്നു കണ്ടപ്പോള്‍ തന്നെ ചോരയുടെ വീര്യം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും അറിഞ്ഞു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Victoria
Next Story