കടലിന്നഗാധമാം നീലിമയില്‍
Font Size (+) (-)

പുലര്‍ച്ചെ നാലു മണിയായപ്പോള്‍ അവര്‍ക്കൊപ്പം കട്ടന്‍ചായയും കുടിച്ച് കടപ്പുറത്തേക്ക് നടന്നു. ചെറിയ ഇരമ്പല്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. കടല്‍ തണുത്ത മയക്കത്തില്‍നിന്ന് ഉണരാത്തതുപോലെ തോന്നും. മത്സ്യബന്ധനബോട്ടിലാണ് കടല്‍ കാണാന്‍ പോകുന്നതെന്ന് നേരത്തേ അവര്‍ പറഞ്ഞിരുന്നു. ബോട്ടിനുള്ളില്‍ കടല്‍യാത്ര സുരക്ഷിതമായിരിക്കുമെന്ന ധൈര്യംതന്നെയായിരുന്നു ആഴക്കടല്‍ യാത്രക്ക് മനസ്സൊരുക്കിയത്.

പൊന്നാനി കടപ്പുറത്തെ തോണിച്ചാലില്‍ എത്തിയപ്പോഴാണ് മനസ്സിലായത്, യന്ത്രം ഘടിപ്പിച്ച വലിയൊരു വള്ളത്തിലാണ് യാത്രയെന്ന്. അതിന്റെ ഒരറ്റത്തുള്ള അറയില്‍ വലകള്‍ ചിട്ടയായി അടുക്കി കെട്ടിവെച്ചിട്ടുണ്ട്. മറ്റേ അറ്റത്ത് കുറച്ചു സ്ഥലമുണ്ട്. അവിടെ ഇരുന്നാണ് കടലിന്റെ ഗതി നോക്കി വള്ളം വേഗത്തില്‍ പറപ്പിക്കുന്നത്. വള്ളത്തിന്റെ പിന്നില്‍ ചെറിയ മൂന്നുനാലു വള്ളങ്ങള്‍ കെട്ടിയിട്ടിരിക്കും. അവയിലും ചെറിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ആഴക്കടലിലെത്തി മീന്‍വലയെറിഞ്ഞാല്‍ കിട്ടുന്ന മീനുകളെ അപ്പപ്പോള്‍തന്നെ കരയിലെത്തിക്കാനാണ് ഈ ചെറുവള്ളങ്ങള്‍.

നേരം പുലരാനാകുന്നതേയുള്ളൂ.  ഞങ്ങളുടെ  സാരഥികള്‍ പാട്ടും വിളികളുമായി ആഘോഷത്തോടെ കടല്‍ മേലാപ്പിലേക്ക് വള്ളത്തെ നിയന്ത്രിച്ചു. തീരത്തിനടുത്ത കടലിന്റെ കലിയാട്ടം കുറയുംവരെ ഒരു പ്രത്യേക വേഗത്തിലാണ് യാത്ര. അതു കഴിഞ്ഞാല്‍ ശാന്തമാണ്. കട്ടിയുള്ള തണുത്തകാറ്റില്‍ ചുമ്മാ കണ്ണടച്ചുകളിക്കുന്ന കുഞ്ഞുകിളികളെപോലെ കടലിന്റെ ചെറുചെറു തിളക്കങ്ങള്‍ കാണാം.  ആ തിരയിളക്കത്തിന്റെ ചെറുചലനങ്ങള്‍ക്കു മീതെ യന്ത്രച്ചക്രങ്ങള്‍ തുഴയുന്ന വള്ളം ഞങ്ങളെയുംകൊണ്ട് കടല്‍പരപ്പിലൂടെ പാഞ്ഞു. ഇരുട്ടായതുകൊണ്ട്  കരയില്‍നിന്നകന്നശേഷം കടലിന്റെ ദിക്കുകളിലേക്കുള്ള നോട്ടം പേടിപ്പെടുത്തുന്നതായിരുന്നു. ഓരോ വള്ളപ്പാടും മുന്നേറുമ്പോള്‍ കരയില്‍നിന്ന് ആഴക്കടലിലെ മരണത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഇടക്ക് ചെറിയൊരു പൊട്ടിന്റെ വെളിച്ചംപോലെ എന്തോ അങ്ങകലെ കണ്ടു. ആ വിളക്ക് പിന്നെ വലുതായി വലുതായി വരാന്‍ തുടങ്ങി. വെട്ടം വളര്‍ന്നപ്പോള്‍ ഏതോ കരയിലേക്കാണ് അടുക്കുന്നതെന്ന് തോന്നി.


ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ രണ്ടുമൂന്ന് വിളക്കുകള്‍ ആ പ്രകാശത്തിനുനേരെ തെളിയിച്ചു. മറ്റു പലയിടങ്ങളില്‍നിന്നും അതിലേക്ക് പ്രകാശം പതിക്കാന്‍ തുടങ്ങി. കടല്‍മധ്യത്തില്‍ ഒരു രാത്രിനഗരംപോലെ വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. എന്തോ ആപത്തിന്റെ സൂചനകള്‍ അവരുടെ മുഖത്ത് വായിച്ചെടുക്കാന്‍ കഴിഞ്ഞു. ബോട്ടിന്റെ താഴെ തടിപ്പുറത്ത് ഇരുന്ന് വലയിലെ കയറുകള്‍ അഴിച്ചുവെക്കുകയായിരുന്ന വള്ളക്കാരന്‍ മുഹമ്മദിക്കായോട് കാര്യംതിരക്കി. അപ്പോഴാണ് അമ്പരപ്പിന് ആക്കംകൂടിയത്.

ഏതോ ഒരു കപ്പല്‍ കുറച്ചകലെ കടലിലുണ്ട്. അതിന്റെ ഗതിയിലേക്ക് നമ്മുടെ വള്ളം എത്തുകയാണെന്ന് കാണിക്കുന്ന സിഗ്നലാണ് വിളക്കുകൊണ്ടുള്ള ഈ അഭ്യാസം. കപ്പല്‍പ്പാത ലംഘിച്ച് പുറംകടലില്‍നിന്ന് വരുന്നവരാണെങ്കില്‍ അവര്‍ക്ക് തിരിച്ചറിയാനാണ് ഈ സിഗ്നല്‍. കൂടുതല്‍ സമയം ആ പ്രകാശയുദ്ധം ഉണ്ടായില്ല. അതിനുമുമ്പേ അവിടെനിന്ന് പ്രകാശം മിന്നിവരാന്‍ തുടങ്ങി. നമ്മുടെ വള്ളത്തില്‍നിന്നുള്ള സിഗ്നല്‍ അവര്‍ക്ക് ലഭിച്ചുവെന്നതിന്റെ ഉത്തരമാണ് ആ വെളിച്ചം. ഇങ്ങനെ ചെയ്തില്ലെങ്കില്‍  നമ്മുടെ വള്ളം ആ വലിയ കപ്പലിന്റെ അടിത്തട്ടിലിടിച്ചു മറിയും. ഇവിടെനിന്നുള്ള നീലവെളിച്ചത്തിന്‍െറ മറുപടിയായി അവിടെനിന്ന് വിളക്കുകള്‍ ലഭിച്ചില്ലെങ്കില്‍ പിന്മാറി വേറെ വഴിയേ പോവുകയാണത്രെ ചെയ്യുക.

നേരം പരപരാ വെളുത്തു തുടങ്ങി. കരയിലെ കിളികള്‍ കരയുന്ന ശബ്ദമോ ദേവാലയങ്ങളിലെ സുപ്രഭാത സംഗീതമോ അവിടെയില്ല. ഉപ്പ് കലര്‍ന്ന തണുത്ത കാറ്റുമാത്രം. അത് ശരീരത്തില്‍ വന്നു പതിച്ചപ്പോള്‍ സൂചിമുനകള്‍ കുത്തുന്നപോലെ. ആദ്യമൊക്കെ അതൊരു വേദനിപ്പിക്കുന്ന അസ്വസ്ഥതയാണെങ്കിലും പിന്നെയാ തണുപ്പും ഉപ്പിന്റെ മണമുള്ള കാറ്റും നമ്മളില്‍ ഇഷ്ടംജനിപ്പിക്കും. നേരം വെളുത്തുകഴിഞ്ഞാല്‍ കടല്‍പ്പരപ്പ് കാണാന്‍ പിന്നെയും കൗതുകമേറും. മീന്‍പിടിക്കാനുള്ള ചെറുവള്ളങ്ങളും യന്ത്രം ഘടിപ്പിച്ച ബോട്ടുകളും തലങ്ങും വിലങ്ങും ഓടുന്ന പകല്‍ക്കടല്‍. നീലയും പച്ചയും കലര്‍ന്ന വെള്ളത്തിനുമീതേ കാണാപ്പൊന്നിന്റെ കിലുക്കം കാതോര്‍ത്ത് പതിയെ യാത്ര തുടങ്ങും.

കടല്‍മേലാപ്പിലെ നിറവ്യത്യാസം കണ്ടാല്‍ അവര്‍ക്ക് തിരിച്ചറിയാനാകും ആഴക്കടലിലെ മീന്‍സാന്നിധ്യം. മീനുകളുടെ കൂട്ടത്തെ തിരിച്ചറിയാന്‍ ചില ബോട്ടുകളില്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ആ സംവിധാനത്തിന്റെ സഹായത്തോടെയാണ് അവര്‍ മത്സ്യവഴി കണ്ടുപിടിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ പോയ വള്ളം അത്രയും സാങ്കേതിക മികവുള്ള ഒന്നായിരുന്നില്ല. എങ്കിലും കടല്‍ നിറവും ചില കടല്‍പ്പക്ഷികളുടെ പറക്കലും കണ്ട് നമ്മുടെ യന്ത്രവള്ളം പതിയെ നിര്‍ത്തിയിട്ടു.

വെള്ളത്തിനു മുകളില്‍ ഒരു നിയന്ത്രണവുമില്ലാതെ ആ നൗക അനക്കമില്ലാതെ കിടന്നു. പൊടുന്നനെ ചില പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഞങ്ങളെ ഒരറ്റത്തേക്ക് വകഞ്ഞുമാറ്റി അവര്‍ വല ചുഴറ്റിയെടുത്തു. പിന്നെ ആ വലത്തുമ്പുമായി നിഷാദെന്ന  ചെറുപ്പക്കാരന്‍ വള്ളത്തിന്റെ തുഞ്ചത്ത് നിലയുറപ്പിച്ചു. യന്ത്രം ഞൊടിയിടയില്‍ സ്റ്റാര്‍ട്ട് ചെയ്തു. അതുവരെ കാണാത്ത വേഗത്തില്‍ യന്ത്രവള്ളം കുതിച്ചുപറക്കാന്‍ തുടങ്ങി. തുഞ്ചത്ത് വലയറ്റവുമായി നിന്ന നിഷാദ് ആ ഓളപ്പരപ്പിലേക്ക് എടുത്തുചാടി. ഒരുവേള ഭയപ്പെട്ടുപോയി. എങ്കിലും, അയാള്‍ വലയറ്റവുമായി വെള്ളത്തിനു മുകളിലേക്ക് പൊന്തിവന്നു. കുറച്ചുനാള്‍ മുമ്പ് ഇതുപോലൊരു ചാട്ടത്തില്‍ കാല്‍പിഴച്ച് യന്ത്രത്തിനടിയില്‍പെട്ട് മരണമായി മാറിയിരുന്നു നിഷാദിന്റെ കൂട്ടുകാരന്‍.


 കുറെ നേരത്തെ ചുറ്റലിനുശേഷം നിഷാദിന്റെ അടുത്തേക്ക് ഞങ്ങളുടെ വള്ളമെത്തി. അതുവരെ വള്ളത്തിലെ വലഭാഗം വെള്ളത്തിലേക്ക്  പതിയെ വിതറിക്കൊണ്ടിരുന്നു. ആ ഭീമന്‍ വലയുടെ രണ്ടാമത്തെ അറ്റം അവന്റെ കൈകളില്‍ എത്തുവോളം യാത്ര തുടര്‍ന്നു.  അപ്പോഴേക്കും ആ വലിയ വല ക്രിക്കറ്റ് മൈതാനംപോലെ കടലിന്റെ ഒരുഭാഗത്തെ അതിരുകെട്ടി തിരിച്ചു. പിന്നെ പതിയെ യന്ത്രം നിര്‍ത്തിവെച്ചു. രാവിലെ കുടിച്ച കട്ടന്‍ചായയുടെ കയ്പുള്ള രുചി എപ്പോഴോ നാവില്‍നിന്ന് മറഞ്ഞിരുന്നു. വിശപ്പിന്റെ കാളലും വെയില്‍ച്ചൂടിന്റെ ആക്കവും ചെറുതായി അലോസരപ്പെടുത്തിത്തുടങ്ങി. ബാഗില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതിയെടുത്ത് ഞങ്ങള്‍ പങ്കുവെച്ചു. ചെറുവള്ളത്തില്‍ കാത്തിരുന്നവര്‍ക്കും ഭക്ഷണപ്പൊതി എറിഞ്ഞുകൊടുത്തു. വിശപ്പൊന്നു മാറിയപ്പോള്‍ അവര്‍ ആവേശത്തോടെ വല വലിച്ചുകയറ്റാന്‍ തുടങ്ങി. താളത്തില്‍ ചില പാട്ടുകള്‍ പാടി വലയിലെ കാണാപ്പൊന്നിനെ വലിച്ചുകയറ്റാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ വേണ്ടിവരും ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ വലുപ്പമുള്ള വല വള്ളത്തിലേക്കെത്തിക്കാന്‍.

പത്തിരുപത് പേരുടെ കുടുംബത്തിന്റെ പ്രതീക്ഷയാണ് ആ കടലാഴത്തില്‍നിന്നു വലിച്ചുകയറ്റുന്നത്. മകളുടെ കല്യാണക്കാര്യവും വട്ടിപ്പലിശക്കാരന്റെ കടത്തിന്റെ കാര്യവും നാവില്‍ പാട്ടിന്റെ രൂപത്തില്‍ അവര്‍ ഉരിയാടുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞ് കടല്‍ക്കാറ്റിന്റെ തണുപ്പുള്ള പ്രഹരമേറ്റിരിക്കുമ്പോള്‍ ചെറിയൊരു വള്ളക്കാരനെ പരിചയപ്പെട്ടു. പേര് ലോറന്‍സ്. കരയില്‍നിന്ന് നൂറുകിലോമീറ്ററകലെ നടുക്കടലില്‍ ഒരു കൊച്ചുവര്‍ത്തമാനം.

അവര്‍ മൂന്നു പേരാണ് ആ വള്ളത്തിന്റെ മേല്‍നോട്ടക്കാര്‍. എന്തു കിട്ടിയാലും നാലായി ഭാഗിക്കണം. മൂന്നു ഭാഗം അവര്‍ ഓരോരുത്തര്‍ക്കും ഒരു ഭാഗം വള്ളവും വലയും കൊടുക്കുന്ന മുതലാളിക്കും. സ്വന്തം വള്ളമില്ലാത്തതിനാല്‍ കടലമ്മയെ കണ്ട് കനിവുതേടാന്‍ ലോറന്‍സും ജോണും ആന്‍റണിയും ചെറുവള്ളം കടമെടുത്താണ് മീന്‍പിടിത്തത്തിനിറങ്ങുന്നത്. യന്ത്രബോട്ടുകളുടെ ശക്തിയോളം വരില്ലെങ്കിലും ഇവര്‍ തുഴയുന്ന, തടികള്‍ കൂട്ടിക്കെട്ടിയ ചാളത്തടിവള്ളത്തിന് പുറംകടലില്‍ ചിലപ്പോള്‍ നല്ല മീന്‍കോള് കിട്ടും. ചിലനാളുകളില്‍ മൂന്നു പേര്‍ക്കുംകൂടി കറിക്കുള്ള ചെറുമീനുകളേ കിട്ടൂ. പട്ടിണിയുടെ വലയും ചുമന്ന് ആ ദിവസങ്ങളില്‍ കരയിലെ മണല്‍ ത്തിട്ടയില്‍ കാവലിരിക്കും. ചില സീസണുകളില്‍ വരണ്ട പ്രതികരണമാകും കടലില്‍. പ്രതീക്ഷയുടെ വലയറ്റത്ത് മീന്‍കുടുങ്ങുന്നതും കാത്ത് ജീവന്‍ പണയപ്പെടുത്തിയാണ് ഓരോ മത്സ്യത്തൊഴിലാളിയും പുറംകടലില്‍ എത്തുന്നത്. കരയില്‍നിന്ന് കാതങ്ങള്‍ അകലെ ആഴക്കടലിന്റെ പേടിപ്പെടുത്തുന്ന മടിത്തട്ടിലേക്കുള്ള ഇവരുടെ യാത്ര നമ്മള്‍ കരയിലെ മനുഷ്യര്‍ക്ക് പുച്ഛത്തിന്റേതാണ്. മീന്‍മാര്‍ക്കറ്റില്‍ എത്തുന്നവര്‍ ഏറ്റവും കുറഞ്ഞ വിലയില്‍ മീന്‍ വേണമെന്ന് വാശിപിടിക്കുകമാത്രമാണ്. ആ മീനുകളെ കടലിന്റെ ആഴത്തില്‍നിന്ന് പിടിച്ചെടുക്കാന്‍ ഓരോ മത്സ്യത്തൊഴിലാളിയും ജീവന്‍കൊണ്ട് കളിക്കുന്ന മരണക്കളി എത്ര വലുതാണെന്ന് ആരും അറിയാതെ പോകുന്നു.

വല വലിച്ച് വള്ളത്തിലേക്കടുപ്പിക്കുവോളം മുഴുവന്‍ അവര്‍ പറഞ്ഞത് ഇറ്റാലിയന്‍ നാവികരുടെ ‘കൊലവെടി’യൊച്ചയെക്കുറിച്ചായിരുന്നു. അന്നം തേടി കടല്‍പ്പണിക്കിറങ്ങുന്ന ഓരോ അരയന്റെയും ഇടനെഞ്ചില്‍ എല്ലായ്പ്പോഴും ഭീതിയുടെ ആ വെടി പൊട്ടും. കൂട്ടം ഒന്നു തെറ്റിയാല്‍, കടല്‍ച്ചാല്‍ ഒന്നു മാറിയാല്‍ ഒരുചാണ്‍ വയറിന്റെ സ്വപ്നങ്ങള്‍ക്കുമേലെ പുറംനാട്ടുകാരന്റെ തീയുണ്ട തുളച്ചുകയറും. കഴിഞ്ഞ കുറെക്കാലമായി രാമേശ്വരത്തും കന്യാകുമാരിയിലുമൊക്കെ കടലിടുക്കുകളില്‍ മീന്‍പിടിത്തക്കാര്‍ കടല്‍ക്കള്ളന്മാരെപ്പോലെ വെടികൊണ്ടു വീണു.
ഇപ്പോ കടലിലേക്കിറങ്ങാന്‍ ഞങ്ങള്‍ക്ക്  പേടിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വല വലിച്ചു വള്ളത്തിലേക്ക് കയറ്റുന്നത്. വല വള്ളത്തിനടുത്തെത്തിയാല്‍ ഉടന്‍ ചെറുവള്ളങ്ങള്‍ ചുറ്റുമെത്തും. പിന്നെ കോരുവലകൊണ്ട് മീനുകളെ വാരിയെടുത്ത് വള്ളം നിറക്കും. ഞങ്ങളുടെ വള്ളത്തിന് കിട്ടിയത് മത്തിയും അയലയും പിന്നെ ചെറിയ കിളിമീനുകളും. രണ്ടു ചെറുവള്ളം നിറച്ച് മത്തി ജീവനോടെ ചാടിക്കളിച്ച് കരയില്‍ എത്തിയാല്‍ 10,000 രൂപ വിലകിട്ടും. പിന്നെയത് കൈകളില്‍നിന്ന് കൈകളിലേക്ക് വലിയ വലിയ തുകക്ക് വിറ്റുപോകും. പകലന്തിയോളം കടല്‍പ്പരപ്പില്‍ മരണത്തിന്റെ നൂല്‍പ്പാലത്തില്‍ വലയെറിഞ്ഞ് കാത്തിരിക്കുന്നവര്‍ക്ക് കിട്ടുന്നത് ഈ പതിനായിരത്തിന്റെ ചെറുപങ്ക് മാത്രം.
നേരം ഇരുട്ടിത്തുടങ്ങിയാല്‍ കരയിലേക്ക് പതിയെ മടങ്ങും. പിന്നെയും പുലര്‍ച്ചയുടെ വിളിയോര്‍ത്ത് കടലിന്റെ താളത്തില്‍ ചെറുമയക്കം. കരയില്‍ നമ്മള്‍ ഉറക്കപ്പായയില്‍ കൂടുതല്‍ ചുരുണ്ടുറങ്ങുന്ന കൊച്ചുവെളുപ്പാന്‍കാലം മുതല്‍ രാത്രിയുടെ കറുത്ത അവസാനംവരെ കടലില്‍ അങ്കംവെട്ടുന്ന ഇവര്‍ക്ക് പലപ്പോഴും മിച്ചംവരുന്നത് ഉപ്പുരസമുള്ള കണ്ണീരില്‍ ചോരയൊഴുകിയൊരു മരണം മാത്രമാണ്.