പാതിവിരിഞ്ഞ കല്‍ത്താമര
Font Size (+) (-)
ചക്രവാളങ്ങളിലേയ്ക്ക് വലിച്ചുകെട്ടിയ കറുത്ത നാടകളായിട്ടാണ് തമിഴ്നാടന്‍ രാജപാതകള്‍ കാഴ്ചയില്‍ നിറയുന്നത്. അന്യദേശ യാത്രയില്‍ വിജനവഴിയില്‍ അകലെയൊരു പൊട്ടായി ഒരുരുളക്കുന്ന് പ്രത്യക്ഷപ്പെടുന്നു. അടുക്കുമ്പോള്‍ അത് കാഴ്ചയുടെ ബൃഹത്രൂപമായി അത് നമ്മുടെയുള്ളില്‍ പതിയുന്നു. പ്രകൃതി വാരിക്കൂട്ടിയ കരിമ്പാറക്കെട്ടുകള്‍. അവയ്ക്കിടയില്‍ ചികഞ്ഞാല്‍ ഒരു രാജസ്ഥാനം ഉദിച്ചണഞ്ഞതിന്‍്റെ കഥകള്‍ കാണാതിരിക്കില്ല. പരാജിത പ്രണയനാടകമാടിയ കോട്ടകൊത്തളങ്ങള്‍? നിമിഷങ്ങള്‍ മാത്രം കൗതുകസ്രോതസ്സായി നിന്നവ വളരെ വേഗത്തില്‍ അകന്നു പോകുന്നു. എങ്കിലും മലക്കാഴ്ച തൊട്ടുവിളയിച്ച മനത്തള്ളിച്ച ഒഴിയുന്നതേയില്ല.
 
കോവില്‍പ്പട്ടിയില്‍ നിന്നും കുറ്റാലം വഴി ചെങ്കോട്ടയിലേയ്ക്കുള്ള പാത അതിപുരാതനമായ കച്ചവടത്താരയായിരുന്നു. വഴിയോരത്ത് ഇപ്പോഴും പഴയ ഓര്‍മ്മകളുമായി പുരാണം പറഞ്ഞിരിക്കുന്ന ചില സത്രങ്ങള്‍ അതിനുള്ള തെളിവിട്ടുതരുന്നു. കോവില്‍പ്പട്ടിയില്‍ നിന്നും ഇരുപത് കി.മീ.മാറിയാണ് കഴുകുമലയുടെ സ്ഥാനം. പരുത്തിയും നെല്ലുമാണ് ഈ കരിമണ്ണിലെ പ്രധാന വിളകള്‍. പ്രകൃതി വരച്ചിട്ട കാഴ്ചകള്‍, പൗരാണിക ശില്പങ്ങള്‍, ചരിത്രകഥകളുടെ പാലാഴിയുറവ, ഭക്തിപരവശര്‍ക്ക് പാപപുണ്യങ്ങള്‍ ഇറക്കിവയ്ക്കാന്‍ അമ്പലസമുച്ചയങ്ങള്‍. വൈവിധ്യ നിറവുകളുമായാണ് കഴുകുമല തീര്‍ത്ഥാടകരേയും യാത്രികരേയും തേടുന്നത്.
ചരിത്രമുറഞ്ഞ പാടുകള്‍
തിരുമല അഥവാ അരിമല എന്നാണ് കഴുകുമല പാണ്ഡ്യലിഖിതങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പെരുനെച്ചുരം, ഇളനെച്ചൂരം എന്നീ പേരുകളിലാണ് പൗരാണിക ഭരണരേഖകളില്‍ ഈ ദിക്കറിയപ്പെട്ടിരുന്നത്. കഴുകുമലൈയിലെ ജനപദത്തിന് അതിപ്രാചീനവും നഗരസ്ഥാനീയവുമായ ചരിത്രസ്മൃതി അവകാശപ്പെടാമെന്നു സാരം.
 
മുന്നൂറടി ഉയരമുള്ള കഴുകുമലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. അതിനു ചുറ്റിലുമായി കാലപ്പട്ടികയില്‍ അതിപുരാതന സ്ഥാനം നേടിയവയുള്‍പ്പെടെ നിരവധി അമ്പലങ്ങള്‍ ചിതറിക്കിടക്കുന്നു. എട്ടാം നൂറ്റാണ്ടു മുതലുള്ള ജൈനസംസ്കൃതിയുടെ അവശേഷിപ്പുകള്‍ ഈ മലയില്‍ ഉണ്ട്. പാണ്ഡ്യശില്പകലയുടെ ചൈതന്യവാഹിയായ വെട്ടുവാന്‍ കോവിലും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 
 
താഴ്വരയിലെ കഴുകാചലമൂര്‍ത്തിയമ്പലമാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ ഏറെ പുകള്‍പെറ്റ ഒരു മുരുകക്ഷേത്രമാണിത്. അരുണഗിരിനാഥരുടെ തിരുപ്പുകഴുകളില്‍ തെന്‍പളനിയെന്ന അപരനാമധേയമുള്ള ഇവിടത്തെ സ്കന്ദ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മുത്തുസ്വാമിദീക്ഷിതര്‍ പാടിപ്പുകഴ്ത്തിയ ഈ ക്ഷേത്രത്തിന്‍്റെ ചരിത്രത്തിന് എട്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ആദിമധുരപാണ്ഡ്യന്‍ എന്ന അരചന്‍ പണിയിച്ചതാണ് കഴുകലാചലമൂര്‍ത്തിയുടെ ഈ പ്രസിദ്ധാലയമെന്നു കരുതപ്പെടുന്നു.
 
എഴാം നൂറ്റാണ്ടില്‍ ആരംഭിച്ച സാംസ്കാരിക ചരിത്രം കഴുകമലയില്‍ തെളിഞ്ഞു കിടക്കുന്നു. തുടര്‍ന്നുള്ള മുന്നൂറു വര്‍ഷങ്ങളില്‍ കഴുകുമല തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ജൈന കേന്ദ്രമായിരുന്നു. മഹായാന സിദ്ധാത്തത്തിന്‍്റെ അതിപ്രധാന പാഠശാലയായിട്ടായിരുന്നു അക്കാലത്ത് കഴുകാചലം അറിയപ്പെട്ടത്. ജൈനസംസ്കൃതിയുടെ ശേഷിപ്പുകളായി നൂറില്‍പ്പരം ജൈനശില്പങ്ങള്‍ മലയുടെ വടക്കുകിഴക്ക് വശത്ത് മധ്യച്ചരിവില്‍ കാണാം. വട്ടെഴുത്തിലും പ്രാചീന തമിഴിലുമുള്ള ശിലാശാസനങ്ങളും ചരിത്രഗാഥകളുടെ ശേഷിപ്പുകളാണ്. വെട്ടുവാന്‍കോവില്‍ ഒഴിവാക്കിയാല്‍ കഴുകുമല സന്ദര്‍ശനം തീര്‍ത്തും അപൂര്‍ണ്ണമാകുന്നു. പാണ്ഡ്യശില്പകലയില്‍ അത്യപൂര്‍വ്വമായ ഈ ഏകശിലയിലെ നിര്‍മ്മിതി എല്ളോറയിലെ ശിവാലയത്തിനു സമം നില്ക്കുന്നതാണ്. 
 
പരിക്രമണപഥം
കോവില്‍പ്പട്ടിയില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ വഴിയോരത്തെ കാര്‍ഷിക കാഴ്ചകളില്‍ ലയിച്ചിരിക്കെ ഒരു വളവു തിരിയുമ്പോഴാണ് ഉള്ളിലേയ്ക്ക് ഈ വന്‍മല ഇടിച്ചു കയറുന്നത്. പരിഭ്രത്തോടെ കണ്ണുകള്‍ ഇടം പായിക്കുമ്പോള്‍ അമ്പൂരണൈയും നിറഞ്ഞു തുളുമ്പുന്ന ജലപ്പരപ്പും. നിലത്തില്‍ താഴ്ത്തിയിട്ട നിലക്കണ്ണാടിപോലെയാണ് സ്പടികജലം പരന്നുകിടക്കുന്നത്. അപ്രതീക്ഷിതമായ കാഴ്ച്ചപ്പെരുമകളായി അവ മാറുന്നു.
കഴുകാചലമൂര്‍ത്തിയമ്പലത്തെ കഴുകുമലയുടെ അനുബന്ധമായി കാണാവുന്നതാണ്. മലയുടെ അടിപ്പള്ളയോടുചേര്‍ത്തുള്ള കല്‍നിര്‍മ്മിതി ക്ഷേത്രത്തിന് ഗുഹാച്ഛായ നല്‍കിയിരിക്കുന്നു. മേല്‍ക്കട്ടിയിലെ ശിലാപാളികളെ താങ്ങുന്ന കരിങ്കല്‍ത്തുണുകളിലും അവയിലെ ശില്പങ്ങളിലും മൃദുലതയൊലിക്കുന്ന കല്‍ഭാവമാണുള്ളത്. മുരുകനും ശിവനുമാണ് മുഖ്യദേവതകള്‍. മഹാമണ്ഡപത്തിലെ കൊത്തു പണികളും വിശിഷ്ടം. കഴുകുമലയോടു തൊട്ടു തന്നെയാണ് ശിലാപ്രൗഡി തെല്ലും കുറയാതെയുള്ള ദര്‍ഭക്കുളവും ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥമധ്യത്തിലെ കല്‍മണ്ഡപവും കൊത്തുപണികളാല്‍ സമൃദ്ധമാണ്. 
 
ഇനിയൊരഞ്ചു നിമിഷ നടത്തം മാത്രം മതി കഴുകാചലത്തിന്‍്റെ തുടക്കമായി. വറ്റിയുണങ്ങാനൊരുങ്ങുന്ന ആമ്പല്‍ ഊരണി (കുളം) കടന്ന് ചരിത്രം വെന്തുറഞ്ഞറഞ്ഞ കഴുകുമല കയറാന്‍ തുടങ്ങാം. കാറ്റിനും നിശ്ശബ്ദതയുടെ താളമാണിവിടെ. ശ്രീബുദ്ധന്‍ ജീവിതാന്ത്യപാദം കഴിച്ചുകൂട്ടിയതും ഒരു കഴുകുമലയിലായിരുന്നു എന്ന ഓര്‍മ്മയിലാകട്ടെ മലകയറ്റം.
 
വിടരാതെപോയ കല്‍പുഷ്പം
കഴുകുമലയുടെ ഒന്നാം നിലത്തട്ടിലെ പണിതീരാത്തത വെട്ടുവാന്‍കോവില്‍ വിടരാന്‍ മറന്ന കല്‍പുഷ്പത്തെ ഓര്‍മ്മിപ്പിക്കുന്നു. വെട്ടുവാന്‍ കോവിലിന്‍്റെ ശില്പഭംഗിയില്‍ ലയിക്കവെ മനസ്സ് ആയിരത്തിമൂന്നൂറില്‍പ്പരം വര്‍ഷങ്ങള്‍ പുറകിലേയ്ക്ക് പോകുന്നു. അപൂര്‍വ്വശില്പ ചൈതന്യം വഴിഞ്ഞൊഴുകുന്ന ഈ ഏകശിലാനിര്‍മ്മിതി കാലത്തെ എട്ടാം നൂറ്റാണ്ടിലേയ്ക്ക് വലിക്കുന്നു. പാണ്ഡ്യശില്പ ശൈലിയില്‍ അത്യപൂര്‍വ്വമാണ് ഒറ്റക്കല്ലിലെ നിര്‍മ്മിതികള്‍ എന്നതാണ് ഈ കല്‍ക്കവിതയുടെ പെരുമ.
 
അപൂര്‍ണ്ണതയെ എങ്ങനെയാണ് കാലം പൂര്‍ണ്ണതയിലേയ്ക്ക് ആവാഹിക്കുന്നത്? ആ ദൃശ്യോദാഹരണമാണ് കഴുകുമലയില്‍ നില്‍ക്കെ അനുഭവിക്കുന്നത്. വെട്ടുവന്‍കോവിലിനു തുല്യതയുളള മറ്റൊരു പൗരാണിക ക്ഷേത്രനിര്‍മ്മി തെരയുമ്പോള്‍ എത്തിച്ചേരുക എല്ളോറയിലാണ്. എല്ളോറയിലെ ഗൂഹാശില്പ സമുച്ഛയത്തിലെ ശിവക്ഷേത്രമാണ് വെട്ടുവന്‍കോവിലിന് സമമെന്നത് ഇതിന്‍്റെ പ്രാധാന്യത്തെ ഉറപ്പിക്കുന്നു.
 
മലയുടെ വടക്കുകിഴക്കു ചരിവ്. കിഴക്കു തുറസ്സിലേയ്ക്ക് ദര്‍ശനം ലഭിക്കുന്ന രീതിയില്‍ ഒരു നടുഖണ്ഡത്തെ അവശേഷിപ്പിച്ചുകൊണ്ട്് ഏഴുമീറ്റര്‍ താഴ്ചയില്‍ എഴടിക്കുമേല്‍ വീതിയില്‍ കരിമ്പാറ കീറിമാറ്റി ഒരു നടച്ചാല്‍ ഒരുക്കിയിരിക്കുന്നു. അതിനുള്ളായി അവശേഷിപ്പിച്ച കല്‍ക്കാമ്പിലാണ് ഒറ്റക്കല്‍ ക്ഷേത്രം കൊത്തിയൊരുക്കിയത്. ആ കല്‍ഖണ്ഡത്തിലെ ശില്പബാഹ്യമായ കല്‍ച്ചിളുകളെ അതില്‍ നിന്നുവടിച്ചു മാറ്റിയിരിക്കുന്നു എന്നു പറയുന്നതാണ് ശരി.
 
മുകള്‍പ്പരപ്പില്‍ നിന്നു കാണാന്‍ കഴിയുന്ന കോവിലിന്‍്റെ പൂര്‍ണ്ണഭാവത്തെ ആവാഹിച്ചശേഷം വേണം താഴേയ്ക്ക് പടികളിറങ്ങാന്‍. അസ്ഥിവാരത്തിലെ നിര്‍മ്മിതി അപൂര്‍ണ്ണമായി തുടരുന്നു. ഒരു കല്ലില്‍ നിന്നു ചത്തെിയൊരുക്കിയതിനാല്‍ പണി മുടിയില്‍ നന്നാണ് തുടങ്ങിയിരിക്കുന്നത്. സ്ഥപതികള്‍ കൊത്തിയിറക്കം നടത്തിയത് വിമാനഭാഗത്തില്‍ നിന്നും അസ്ഥിവാരത്തിലേയ്ക്കാണ്
പത്മദളങ്ങള്‍ വിടര്‍ന്ന ക്ഷേത്രവിമാനം. വിമാനദേവതകളായി കിഴക്കു മുഖത്തില്‍ ഉമാമഹേശ്വരന്മാര്‍. തെക്ക് മൃദംഗ വാദകനായ ദക്ഷിണാമൂര്‍ത്തി. (മൃദംഗധാരിയായ ദക്ഷിണാമൂര്‍ത്തി ശില്പം മറ്റൊരു അത്യപൂര്‍വ്വതയാണ്. സാധാരണ ഗതിയില്‍ വീണ അല്ളെങ്കില്‍ തംബുരുവാണ് ദക്ഷിണാമൂര്‍ത്തിയുടെ ശില്പങ്ങളില്‍ കാണുക) നരസിംഹം, ബ്രാഹ്മണന്‍ എന്നിവര്‍ മറ്റു ദിങ്മുഖങ്ങളിലും സ്ഥാനം പിടിച്ചുകൊണ്ട് ആകര്‍ഷണീയത ചൊരിയുന്നു. കൊത്തുവേലയുടെ പൂര്‍ണ്ണത ഭൂതഗണങ്ങള്‍, നന്തി, കുരങ്ങന്മാര്‍, സിംഹം തുടങ്ങിയ രൂപങ്ങളില്‍ കാണാം. 
പടികളിറങ്ങിയത്തെുന്നത് പതിമ്മൂന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പാതിവഴിയില്‍ കൊത്തുപണി നിന്നുപോയതിനാല്‍  അപൂര്‍ണ്ണത വന്നു പൊതിഞ്ഞ ചുവടുഭാഗത്തിലേയ്ക്ക്. ഗര്‍ഭഗൃഹത്തിന്‍്റെ ഉള്ള് ശില്പരഹിതമാണ്.
 
ആയിരമാണ്ടോളം പെയ്ത മഴയും ചൂടും താങ്ങിത്തളര്‍ന്ന കല്‍ക്കാവ്യം. കാലാവസ്ഥാകഠിനതയില്‍ അതിന്‍്റെ പലഭാഗങ്ങളും  അലിഞ്ഞും പൊട്ടിയും നില്‍ക്കുന്നു. കൊത്തുപണി പുരോഗമിക്കവെ കല്ലിന്‍്റെ പാകക്കുറവ് തെളിയുകയും, ഭാവിയില്‍ വന്നുഭവിക്കാനിടയുള്ള ക്ഷീണസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് തച്ചന്മാര്‍ അമ്പലത്തിന്‍്റെ പണി നിര്‍ത്തിപ്പോയതായിരിക്കുമോ? ഈ അപൂര്‍ണ്ണതയ്ക്ക് ചമല്‍ക്കാരമായി കഥകള്‍ നിരവധിയുണ്ട്.
 
വെട്ടുവന്‍കോവിലിന്‍്റെ ബാഹ്യസൗന്ദര്യത്തിനു പിന്നില്‍ ഒരു അച്ഛന്‍ശില്പിയുടെ ഉളി വിരുതുകളായിരുന്നു. ഗര്‍ഭഗൃഹത്തിനുള്ളില്‍ ശില്പിയുടെ കുഞ്ഞുമകന്‍ അച്ഛനറിയാതെ കയറി കൊത്തുപണി തുടങ്ങി. പുറത്തിരിക്കുന്ന പിതാവിന്‍്റെ ഉളിയൊച്ചയില്‍ നിന്നാണ് അവന്‍ താനൊരുക്കുന്ന രൂപങ്ങളുടെ പാഠങ്ങള്‍ വരഞ്ഞെടുത്തത്. തന്നേക്കാള്‍ കേമനാകാന്‍ പോകുന്ന മകന്‍്റെ വൈഭവം അച്ഛനില്‍ പെരുന്തച്ഛന്‍ കോംപ്ളക്സിന് വഴിമരുന്നിടുന്നു. ഈ പാണ്ഡ്യഭൂമികയിലും നമ്മുടെ പെരുന്തച്ഛന്‍്റേതു മാതിരി കഥ നടനമാടുന്നു. പിതാവിന്‍്റെ വിരലുകള്‍ക്കിടയില്‍ നിന്നും ഒരു ഉളി താഴേയ്ക്ക് ഊര്‍ന്നുപോയി. അതോടെ ആ കല്‍ക്കവിതാ നിര്‍മ്മാണം നിലച്ചു.
 
ഈ കഥയ്ക്ക് മറ്റൊരു വകഭേദവുമുണ്ട്. അതിങ്ങനെയാണ്. കഴുകുമലയിലെ ജൈനകേന്ദ്രത്തില്‍ തപം ചെയ്തിരുന്ന ശമണന്മാരുടെ കണ്ണുവെട്ടിച്ച് ശിവക്ഷേത്രമൊരുക്കാന്‍ ശില്പികള്‍ എത്തി. അരുമറിയാതെയുള്ള പണിപുരോഗമിക്കവെ അറിയാതൊലിച്ചു ചാടിയ ഉളിയൊച്ച കല്‍ക്കൊത്തന്മാരെ ഒറ്റിക്കൊടുത്തു. പിടിക്കപ്പെട്ട ശില്പികള്‍ വെട്ടിക്കൊല ചെയ്യപ്പെട്ടു.
 
എട്ടാം നൂറ്റാണ്ടിലെ യൂണിവേഴ്സിറ്റി
കൊത്തുകാഴ്ചകളിലെ പൂര്‍ണ്ണതയേത്? എവിടെയാണ് അപൂര്‍ണ്ണത? എന്ന ചിന്തയുമായി മലമുകളിലേയ്ക്ക് കയറുക. ജൈനസംസ്കൃതിയുടെ പരിപൂര്‍ണ്ണതകളുടെ അവശേഷിപ്പുകള്‍ കണ്ടെടുക്കാം. കാലം പിന്നെയും കണ്‍മുന്നില്‍ ചുരുങ്ങി മാറിമറയുന്നു. സമയം ചുരുങ്ങി നില്‍ക്കുന്നത് ഏഴാം നൂറ്റാണ്ടില്‍. തെക്കന്‍ ദേശത്തെ വലിയ ജൈനപാഠശാലയായിരുന്നു അന്ന് കഴുകുമല. അക്കാലത്ത് നാഗര്‍കോവില്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ ഇവിടെയത്തെിയിരുന്നതായി കരുതപ്പെടുന്നു.
 
മനോഹര ജൈനശില്പങ്ങളാണ് ഇപ്പോളിവിടെ പഴയകാല ഓര്‍മ്മയുണര്‍ത്തുന്നത്. വടക്കുകിഴക്കു കല്‍ച്ചുവരില്‍ ജൈനക്കൊത്തു പണികളുടെ പെരുമകള്‍ കാണാം. മഹാവീരന്‍, ധരണേന്ദ്രയക്ഷനും പത്മാവതിയക്ഷിയും പാര്‍ശ്വസ്ഥായിയായി പാര്‍ശ്വനാഥന്‍, ബാഹുബലി, നിറസൗന്ദര്യം തുളുമ്പുന്ന അംബികയക്ഷി എന്നിവരാണ് ശില്പസമുച്ഛയങ്ങളില്‍ പ്രധാനികള്‍. കൂടാതെ തീര്‍ത്ഥങ്കരന്മാരുള്‍പ്പെടെ നൂറില്‍പ്പരം രൂപങ്ങളും വന്‍ശിലയില്‍ കൊത്തിയൊരുക്കിയിരിക്കുന്നു. സമീപസ്ഥമായ വട്ടെഴുത്തില്‍ നൂറില്‍പ്പരം ശിലാലിഖിതങ്ങള്‍ പിന്നെയും കൗതുകകരമാകുന്നു.
മഹാകാഴ്ചയുടെ വഴിമുടക്കാനായിവിടെ പ്രാദേശിക ദേവതയുടെ അധികം പഴക്കമില്ലാത്ത പ്രതിഷ്ഠ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രാചീന കൊത്തുപണികളെ മറയ്ക്കുന്ന തരത്തിലുള്ള ക്ഷേത്രം. അതിനു മുന്നിലെ പൂജകളും പ്രാര്‍ത്ഥനയും ജൈന ചരിത്രാന്തരീക്ഷത്തെ പരിക്കേല്പ്പിക്കുന്നു. 
 
പരിസരോന്നതിയിലെ കാഴ്ചകള്‍
ജൈനസംസ്കൃതി വിളഞ്ഞു കിടക്കുന്ന പരിസരങ്ങള്‍ കടന്ന് ഇനിയും മുകളിലേയ്ക്ക് നീങ്ങിയാല്‍ കോവില്‍പ്പട്ടിയുടെ ആകാശപ്പെരുമകള്‍ കാണാം.
അത്യുന്നതിയിലെ വിജനതയില്‍ ചക്രവാളങ്ങളോളമത്തെുന്ന ദൂരക്കാഴ്ചകള്‍ കണ്ണുകളുടെ പരിധിയിലാവുന്നു. ഇവിടെ ദിങ്മണ്ഡലം ഒപ്പം ചുറ്റുന്ന വര്‍ത്തുള കാഴ്ചയാണ്. മണ്ണോടു ചേര്‍ത്തുവച്ച വെണ്‍ശീലക്കുടയുടെ രൂപമാണ് ആകാശത്തിന്. പടിഞ്ഞാറു ദിക്കിനെ തൊട്ടുനില്‍ക്കുന്നത് സഹ്യനിരയുടെ പച്ചപ്പിന്‍്റെ വിദൂരോര്‍മ്മയും.
 
കഴുകുമലയുടെ ഉന്നതിയില്‍ കാഴ്ചയുടേതായ പുതിയൊരു വൃത്തസങ്കല്പം ഉടലെടുക്കുന്നു. വര്‍ത്തുളാകൃതിയിലെ ചക്രവാളം. ഈ പാറയുടെ മകളില്‍ ഭൗമസങ്കല്പം ആകാശത്തിനൊപ്പം ഒരുവട്ടമായി മാറുന്നു. ആ കൂടാരത്തില്‍ നിന്നുകൊണ്ട് ചവിട്ടടിയെ കേന്ദ്രസ്ഥാനമാക്കി വരച്ചെടുക്കാന്‍ കഴിയുന്നത് വലിയ വലിയ  വൃത്തങ്ങളാണ്. അതിനുള്ളില്‍ കണ്ണെത്താ അതിരോളം വാനവും ഭൂമിയും പരന്നു കിടക്കുന്നു.
നിമ്നോന്നതികളില്ലാതെ ഒറ്റനിരപ്പായി തട്ടിനിരത്തിയിട്ടതാണ് അടിവാരത്തിലെ മണ്ണ്. അടുത്ത വിത്തിറക്കാന്‍ കരിയാല്‍ വരഞ്ഞിട്ട വയല്‍ഭാഗങ്ങളില്‍ കറുത്ത മണ്ണ് പുറംതിരിഞ്ഞ് കിടക്കുന്നു. കരിച്ചാന്ത് പുരണ്ട് സൗരതാപത്താല്‍ കാഞ്ഞുകിടക്കുന്ന കരിമണ്ണില്‍ അടുത്തു തന്നെ നെല്‍വിത്ത് വീഴും. കാഞ്ഞുകിടക്കുന്ന കരിമ്പടം പച്ചപ്പട്ടു നിറമെടുക്കും. പിന്നെ കതിരുകള്‍ നിറഞ്ഞ് സ്വര്‍ണ്ണക്കമ്പളമായി മാറും.
പാടത്തിന്നിടയില്‍ നിരനിരെ കരിമ്പനകള്‍. ഒപ്പം വൈദ്യുതി കറന്നെടുക്കുന്ന യന്ത്രക്കാറ്റാടികളും മൊബൈല്‍ ടവറുകളും. പുതുതര വിതകളുടെ ഭാവമെടുത്ത് അവ മണ്ണില്‍ എറിച്ചു നില്‍ക്കുന്നു. വീടുകളും മറ്റു നഗരനിര്‍മ്മിതികളും ഒരുഭാഗത്ത് കൂട്ടിയിട്ട തീപ്പെട്ടിക്കൂടുകളുടെ ഉപമയോടെയാണ് കാഴ്ചയിലത്തേ് എത്തിക്കയറുന്നത്. കഴുകുമലയിലെ കെട്ടിടക്കൂമ്പാരത്തിന്നിടയില്‍ ലൂര്‍ദിലെ മേരീ നാമത്തിലെ പള്ളി ഗോപുരങ്ങള്‍ കുത്തിനിര്‍ത്തിയ രണ്ട് സൂചിത്തലപ്പുകള്‍ പോലെ.
 
വിതറിയിട്ട കുളങ്ങള്‍ അമ്പലങ്ങള്‍
കാര്‍ഷിക സമ്പന്നമാണ് കഴുകുമലയെന്ന് മുകള്‍ക്കാഴ്ചയില്‍ നിന്നുള്ള ഏഴോളം കുളങ്ങളുടെ നിറവ് ചൂണ്ടുന്നു. ജലസമൃദ്ധ കാലത്തിലാണെങ്കില്‍ അംബുരണൈ, വണ്ണന്‍കുളം, കീഴെക്കുളം, ആമ്പല്‍ഊരണ ഉള്‍പ്പെടെ നീര്‍സംഭരണികളെല്ലാം നീരൊഴുക്കുകളുമായി ചേര്‍ന്നു പുണര്‍ന്നു മണ്ണോടു ലയിച്ചു കിടക്കുമായിരുന്നു. കഴുകാചലമുര്‍ത്തിയുടെ പ്രതിഷ്ഠയ്ക്ക് പുറമെ ഒരു പിടി അമ്പലങ്ങള്‍ ഈ ചെറു പട്ടണത്തില്‍ കാണാം. അധികം പഴക്കമുള്ള ചരിത്രഭാരം വഹിക്കാന്‍ ശേഷിയില്ലാത്തവയും അതിലുള്‍പ്പെടുന്നു. 
 
കഴുകാചലമൂര്‍ത്തിയുടെ അമ്പലതീര്‍ത്ഥത്തിനോടു ചേര്‍ന്നു തന്നെ ഹനുമാന്‍, സിദ്ധിവിനായകര്‍ എന്നീ അമ്പലങ്ങള്‍. മരണാനന്തരച്ചടങ്ങുകള്‍ക്ക് ആള്‍ക്കാരത്തെുന്ന കുളത്തിനു സമീപം വിനായകര്‍, വെട്ടുവന്‍ കോവിലിനും ശമനപ്പള്ളിയ്ക്കുമിടയിലെ ഗ്രാമക്ഷേത്രം, മുകളിലെ നൂറുവര്‍ഷം പഴക്കമായ അയ്യനാര്‍. അതൊക്കെ പോരാത്തതിന് വെട്ടുവന്‍ കോവിലിനുള്ളിലും ഗണപതി പ്രതിഷ്ഠ സ്ഥാനം പിടിച്ചിരിക്കുന്നു.
സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്‍്റെ സംരക്ഷണത്തിലാണ് ജൈന പാണ്ഡ്യ ശില്പപ്പെരുമകള്‍ നിറഞ്ഞ കഴുകമല.
ഐതിഹ്യപ്പെരുമകള്‍
ഒരുപിടി ഐതിഹ്യങ്ങളുടെയും പുരാണകഥകളുടെയും നടനസ്ഥാനവും കൂടിയാണ് ഈ കാഴ്ചാകേന്ദ്രം. സീതാദേവിയെ അപഹരിച്ച് പുഷ്പക വിമാനത്തില്‍ കടന്ന രാവണനെ തടഞ്ഞ ജടായു വെട്ടേറ്റു വീഴുന്നത് കഴുകുമലയിലാണ്. രാമായണകാലത്തേയ്ക്ക് ഈ ദേശപ്പെരുമയെ വലിച്ചു നീട്ടുന്ന സങ്കല്പമാണത്. അക്കാലത്ത് ഇതുവഴി രണ്ടു നദികളാണ് ഒഴുകിയിരുന്നത്. നിക്ഷേപനദിയും ആമ്പല്‍ ഊരണിയും. തമിഴകവും ഒരു കാലത്ത് ജലസമൃദ്ധവും പച്ചപ്പു നിറഞ്ഞതുമാണെന്ന ഒരു സൂചന ഇതിലൂടെ ഇതള്‍വിരിയുന്നു. സമ്പാതിയുമായി ചേര്‍ന്ന് ജടായുവിന്‍്റെ ശേഷക്രിയ ശ്രീരാമന്‍ നടത്തിയതും ഈ ദിക്കില്‍ വച്ചാണ്.
 
കഴുകുമലയുടെ കാണാമടക്കുകള്‍ക്കിടയില്‍ ഒരു ഗുഹയുണ്ടെന്നും അതിനുള്ളില്‍ സിത്തര്‍കള്‍ ഇപ്പോഴും തപം ചെയ്യുന്നതും മറ്റൊരു വിശ്വാസം. പൊതികൈ മലയിലേയ്ക്കുള്ള (അഗസ്ത്യകൂടം) മാര്‍ഗമധ്യേ അഗസ്ത്യമുനി കഴുകുമലയില്‍ വിശ്രമിച്ചതായി അഗസ്ത്യഭക്തരെ തൃപ്തരാക്കാനും കഥയുണ്ട്.
 
ഒന്നു ചുരുക്കിയാല്‍ ഭക്തരെയും സ്വപ്നം കാണുന്നവരെ മാത്രമല്ല കഴുകുമല കാത്തിരിക്കുന്നത്. ചരിത്രാവശിഷ്ടങ്ങള്‍ ചികഞ്ഞു നടക്കുന്നവര്‍ക്ക്, പൗരാണിക ശില്പകലയുടെ ആഴങ്ങളില്‍ നിമഗ്നരാകുന്നവരെയും കഴുകുമല ക്ഷണിക്കുന്നു. കഴുകുമലയുടെ സാധ്യതകള്‍ നിരവധിയാണ്. എങ്കിലും കാര്‍ഷിക, ജൈന, പാണ്ഡ്യസംസ്കൃതികള്‍ക്കുമേല്‍ നമ്മുടെ ഹൃത്തില്‍ കുടിയേറുക വിടരാന്‍ വെമ്പി നില്‍ക്കുന്ന ആ കല്‍ത്താമര തന്നെയാവും.