Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഷിംലയിലെ കോടമഞ്ഞും...

ഷിംലയിലെ കോടമഞ്ഞും ആഗ്രയിലെ ചൂടും

text_fields
bookmark_border
ഷിംലയിലെ കോടമഞ്ഞും ആഗ്രയിലെ ചൂടും
cancel

ശനിയാഴ്ച രാവിലെ എണീക്കുമ്പോള്‍ തലേന്ന് കണ്ട ഷിംലയല്ല മുമ്പിലുണ്ടായിരുന്നത്. റൂമിലെ ജാലകങ്ങളില്‍ കോട വന്ന് മൂടിയിരിക്കുന്നു. പുറത്ത് മഞ്ഞുതുള്ളികള്‍ നറുമുത്തുകളായി പൊഴിയുന്നു. ഹോട്ടലിലെ വരാന്തയില്‍നിന്ന് നോക്കുമ്പോള്‍ മറ്റേതൊരു നഗരത്തെയും പോലെ മുന്നില്‍ സുന്ദരിയായി നില്‍ക്കുന്നു ഷിംല. എട്ട് മണിയോടുകൂടി വണ്ടിയെടുത്ത് പുറത്തിറങ്ങുമ്പോഴും മഞ്ഞുവീഴ്ച നിലച്ചിരുന്നില്ല. രാവിലെ കൊടുംതണുപ്പിനെ വകവെക്കാതെ ആളുകള്‍ റോഡിലിറങ്ങുന്നുണ്ടായിരുന്നു.

കോടമഞ്ഞില്‍ മൂടിയ ഷിംല
 


ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഷിംല. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു. അതിന്റെ എല്ലാ പ്രൗഢിയും ഈ നഗരത്തിനുണ്ട്. നമ്മുടെ തിരുവനന്തപുരത്തെ, ഊട്ടിയില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച പോലുണ്ട്. ഓരോ കുന്നിന്‍ ചെരുവിലും മൂക്കിലും മൂലയിലുമെല്ലാം കെട്ടിടങ്ങള്‍ നിറഞ്ഞിട്ടുണ്ട്. മലയുടെ മുകളില്‍ തന്നെയാണ് ഹിമാചല്‍ പ്രദേശിന്റെ സെക്രട്ടേറിയറ്റും നിലകൊള്ളുന്നത്. പല സര്‍ക്കാര്‍ ഓഫിസുകളും റോഡിന്റെ ഇരുവശത്തുമായിട്ടാണ്. ഇവയെ ബന്ധിപ്പിച്ച് റോഡിന് മുകളിലൂടെ നടപ്പാതകളും കാണാം. നമ്മുടെ നാട്ടിലേതുപോലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സെക്രട്ടറിയേറ്റിനും വിശാലമായ കോമ്പൗണ്ടോ കാര്‍ പാര്‍ക്കിങ് ഏരിയയോ കൂറ്റന്‍ മതിലുകളോ ഷിംലയില്‍ കാണാനാകില്ല. പ്രധാന പാതയോട് ചേര്‍ന്നു തന്നെയാണ് സെക്രട്ടറിയേറ്റുള്ളത്.

ഹിമാചല്‍ പ്രദേശിൻെറ തലസ്ഥാനമായ ഷിംലയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്
 


ഷിംലയുടെ തിരക്കിലലിയാതെ അവിടെനിന്ന് പെട്ടെന്ന് മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വൈകുന്നേരമാകുമ്പോഴേക്കും ആഗ്രയെത്തുകയാണ് ലക്ഷ്യം. 500 കിലോമീറ്ററിന് മുകളില്‍ ദൂരമുണ്ട്. നഗരത്തെ ഉപേക്ഷിച്ച് വണ്ടി പറപ്പിച്ചുവിടാന്‍ തുടങ്ങി. മലമുകളിലൂടെയുള്ള വീതിയേറിയ പാത ഏതൊരു റൈഡറെയും കൊതുപ്പിക്കും. ചുരമിറങ്ങാന്‍ തുടങ്ങിയതോടെ കൂട്ടിന് മഴയുമെത്തി. ചിന്നിച്ചിതറി വീഴുന്ന മഴത്തുള്ളികള്‍ യാത്രക്ക് കൂടുതല്‍ ആവേശം തീര്‍ക്കുന്നു. പാഞ്ച്കുള എത്തിയപ്പോഴേക്കും ഹിമാചലിനോട് വിടപറഞ്ഞ് ഹരിയാനയിലേക്ക് പ്രവേശിച്ചു. ഇതോടെ നാലുവരിപ്പാതകളും രംഗത്തെത്തി.

ഷിംലക്ക് സമീപത്തെ ഒരു താഴ് വാരം
 


എന്‍.എച്ച് 22ലൂടെയാണ് ഇനി യാത്ര. മുന്നോട്ട് പോകുംതോറും കൃഷിയിടങ്ങള്‍ മാറി വമ്പന്‍ കെട്ടിടങ്ങള്‍ സ്ഥാനം പിടിക്കുന്നു. ഇതിനിടയില്‍ കേന്ദ്രഭരണ പ്രദേശമായ ഛണ്‍ഡീഗഢും വന്നെത്തി. ഏതാനും കിലോമീറ്ററുകള്‍ക്കു ശേഷം പഞ്ചാബ് കടന്നുവന്നു. അംബാല എത്തിയതോടെ വീണ്ടും ഹരിയാനയിലേക്ക് പ്രവേശിച്ചു. കുരുക്ഷേത്രയും കര്‍ണാലും പിന്നിട്ട് പാനിപ്പറ്റിലെത്തിയപ്പോള്‍ ഉച്ചയായിട്ടുണ്ട്. പാനിപ്പറ്റിന്റെ മണ്ണില്‍ പജീറോ കടന്നെത്തുമ്പോള്‍ പാഠപുസ്തകത്തില്‍ പഠിച്ച യുദ്ധങ്ങളുടെ ചരിത്രമാണ് ഓര്‍മകളിലേക്ക് വന്നത്. 1526ല്‍ നടന്ന ഒന്നാം പാനിപ്പറ്റ് യുദ്ധത്തിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഗള്‍ സാമ്രാജ്യത്തിന് ആരംഭം കുറിക്കുന്നത്. 1556ലും 1761ലും പാനിപ്പറ്റിന്റെ മണ്ണ് വീണ്ടും ഘോരയുദ്ധങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.

ഷിംലയില്‍ നിന്ന് ചുരമിറങ്ങുമ്പോള്‍ കൂട്ടിനെത്തിയ മഴ
 


സംസ്ഥാനങ്ങള്‍ മാറിമറിയുന്നതിനിടെ കാലാവസ്ഥയിലും വ്യതാസം വരാന്‍ തുടങ്ങി. രാവിലെ ഷിംലയില്‍നിന്ന് ഇറങ്ങുമ്പോള്‍ മഞ്ഞുവീഴുകയായിരുന്നു. പാനിപ്പറ്റില്‍ എത്തിയപ്പോഴേക്കും ചൂട് 30 ഡിഗ്രിക്ക് മുകളില്‍ എത്തി. ദേശീയപാതക്ക് സമീപം കണ്ട ഹോട്ടലില്‍ കയറി വിശപ്പും യാത്രാക്ഷീണവും അകറ്റി. അല്‍പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും പജീറോയുടെ എന്‍ജിന് ജീവന്‍വെച്ചു. ഡല്‍ഹി അടുക്കുംതോറും റോഡില്‍ തിരക്ക് കൂടിവരികയാണ്. മുടന്തി മുടന്തി നീങ്ങുന്ന ചെറുവാഹനങ്ങളെ അവഗണിച്ച് വലിയ ആഡംബര കാറുകള്‍ പാഞ്ഞുപോകുന്നു. സോണിപറ്റ് പിന്നിട്ട് നാല് മണിയോട് കൂടി ഇന്ദ്രപ്രസ്ഥത്തിലെത്തി. ഓള്‍ഡ് ഡല്‍ഹിയോട് സമീപത്തൂടെയുള്ള റിങ് റോഡിലൂടെയാണ് യാത്ര. അതുകൊണ്ട് തന്നെ നഗരത്തിനകത്തെ വലിയ തിരക്കില്‍ അകപ്പെടാതെ പെട്ടെന്ന് രക്ഷപ്പെടാനായി. ഇതിനിടയില്‍ യമുന നദി പിന്നിട്ട് ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി കടന്നു. ഡല്‍ഹിയില്‍നിന്നുള്ള റിങ് റോഡ് വന്നെത്തുന്നത് നോയിഡയിലാണ്. നിരവധി വ്യാവസായിക സ്ഥാപനങ്ങളും അംബരചുംബികളായ ഫ്ളാറ്റുകളും റോഡിന് ഇരുവശവും നിറഞ്ഞുനില്‍ക്കുന്നു.

ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ് വേ
 


ഏതാനും ദൂരം പിന്നിട്ടതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായ യമുന എക്സ്പ്രസ്വേയില്‍ പ്രവേശിച്ചു. ഗ്രേറ്റര്‍ നോയിഡയും ആഗ്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ആറുവരി പാതയുടെ ദൂരം 165 കിലോമീറ്ററാണ്. പക്ഷെ, ആഗ്ര വരെ യാത്ര ചെയ്യാന്‍ 510 രൂപയാണ് ടോള്‍ നല്‍കേണ്ടത്. ഡല്‍ഹിയിലെയും നോയിഡയിലെയും തിരക്കൊന്നും യമുന എക്സ്പ്രസ്വേയിലില്ല. ആറുവരിപ്പാതയിലൂടെ വാഹനങ്ങള്‍ നിലംതൊടാതെ പറക്കുന്നു. റോഡിന് നടുവിലെ ഡിവൈഡറിലും രണ്ട് ഭാഗത്തും പൂന്തോട്ടങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് എയര്‍ ഫോയ്സിന്റെ യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഇറക്കിയിരുന്നു. ഇതിന് സമീപം തന്നെയാണ് 2011ല്‍ ഫോര്‍മുല വണ്‍ റേസിങ്ങിന് വേദിയായ ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടുമുള്ളത്.
നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞതോടെ വീണ്ടും കൃഷിയിടങ്ങളും ഗ്രാമീണ വീടുകളം പ്രത്യക്ഷപ്പെട്ടുതുടങ്ങി. എക്സ്പ്രസ് പാത പാതി പിന്നിട്ടപ്പോള്‍ വാഹനത്തില്‍ ഡീസല്‍ അടിക്കാന്‍ വേണ്ടി താല്‍ക്കാലികമായി പുറത്തിറങ്ങി. ഏകദേശം പത്ത് കിലോമീറ്റര്‍ ഇടവിട്ടാണ് റോഡില്‍നിന്നുള്ള എക്സിറ്റുകള്‍ കാണാന്‍ സാധിക്കുകയുള്ളൂ. അതുപോലെ തന്നെയാണ് യുടേണ്‍ എടുക്കണമെങ്കിലും. 1000 രൂപക്കായിരുന്നു ഞങ്ങള്‍ക്ക് ഡീസല്‍ അടിക്കേണ്ടിയിരുന്നത്. പമ്പിലെ ജീവനക്കാര്‍ 210 രൂപക്ക് എണ്ണയടിച്ചശേഷം ടാങ്കിന് എന്തോ പ്രശ്നമുണ്ടെന്നും ഡീസല്‍ കയറുന്നില്ലെന്നും പറഞ്ഞു.

താജ്മഹല്‍
 


ഞങ്ങള്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പ്രശ്നമൊന്നും കാണാനുമില്ല. അവര്‍ രണ്ട് മൂന്ന് തവണ വണ്ടി നന്നായി കുലുക്കി വീണ്ടും എണ്ണയടിക്കാന്‍ തുടങ്ങി. മീറ്ററില്‍ 790 രൂപയായപ്പോള്‍ നിര്‍ത്തുകയും ചെയ്തു. എന്നിട്ട് ഞങ്ങളോട് 1000 രൂപ ചോദിച്ചു. പക്ഷെ, അവര്‍ രണ്ടാമത് എണ്ണയടിക്കാന്‍ തുടങ്ങിയത് പൂജ്യത്തിന് പകരം 210 മുതലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ബാക്കി 210 രൂപക്ക് കൂടി എണ്ണയടിച്ചാല്‍ 1000 രൂപ തികച്ച് തരാമെന്ന് പറഞ്ഞ് ഞങ്ങള്‍ തര്‍ക്കിച്ചു. മലയാളികളുടെ മുന്നില്‍ തങ്ങളുടെ കള്ളത്തരങ്ങളൊന്നും വിലപോവില്ലെന്ന് മനസ്സിലാക്കിയ അവര്‍ 1000 രൂപക്ക് കൃത്യമായി എണ്ണയടിച്ചുതന്നു.
പെട്രോള്‍ പമ്പിന് സമീപം തന്നെ ചെറിയ റെസ്റ്റോറന്റും മെക്കാനിക്ക് ഷോപ്പുമെല്ലാമുണ്ട്. അവിടെനിന്ന് ചൂടുള്ള ചായയും ബജിയും അകത്താക്കി. പിന്നെ വാഹനത്തിലെ കാറ്റും പരിശോധിച്ചു. അല്‍പനേരത്തെ വിശ്രമത്തിനൊടുവില്‍ വണ്ടിയുമായി യമുന എക്സ്പ്രസ്വേയിലേക്ക് വീണ്ടും പ്രവേശിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രാമീണ കാഴ്ചകളെ പിന്നിലാക്കി പജീറോ മുന്നോട്ടുകുതിച്ചു. അമ്പത് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചപ്പോഴേക്കും ആറുവരിപ്പാതയില്‍നിന്ന് പുറത്തിറങ്ങി ആഗ്രയിലെത്തി. സമയം എട്ട് മണിയോടടുത്തിട്ടുണ്ട്. അഞ്ഞൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചതിന്റെ ക്ഷീണം മൂന്നുപേരുടെയും മുഖത്തും വ്യക്തമായി കാണാം. നഗരത്തിലേക്ക് പ്രവേശിച്ചയുടന്‍ ആദ്യം കണ്ട ലോഡ്ജില്‍തന്നെ റൂമെടുത്ത് അന്നത്തെ പ്രയാണത്തിന് വിരാമമിട്ടു.

ആഗ്രയിലെ ഒരു തെരുവ്
 


ഞായറാഴ്ച കുറച്ചുവൈകിയാണ് ഉറക്കണമുണര്‍ന്നത്.  ഏഴ് മണിയായി. ബാക്കിയുള്ള മിക്ക ദിവസങ്ങളിലും ആറ് മണിക്ക് മുമ്പ് എണീക്കാറുണ്ട്. പ്രണയത്തിന്റെ പ്രതീകമായ താജ്മഹലാണ് ഇന്ന് ആദ്യം കണ്ടുതീര്‍ക്കേണ്ടത്. രാവിലെ എട്ട് മുതലാണ് പ്രവേശനം. അതുകൊണ്ട് തന്നെയാണ് ഉറക്കത്തിന്റെ സമയം അല്‍പ്പം നീട്ടിയത്. എട്ട് മണിയോടെ വണ്ടിയുമായി ഹോട്ടലില്‍നിന്ന് പുറത്തിറങ്ങി. അവധിദിവസമായതിനാല്‍ റോഡില്‍ വലിയ തിരക്കില്ലായിരുന്നു. നാലുവരിപ്പാതയില്‍നിന്ന് മാറി താജ്മഹലിലേക്കുള്ള റോഡിലേക്ക് കയറിയതോടെ കെട്ടിടങ്ങളുടെ മട്ടും ഭാവവും മാറാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഒട്ടും തനിമ ചോരാതെ പരിപാലിച്ചുവരുന്നു. ലോകത്തിലെ ഏഴ് ലോകാഭ്ദുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പരിസരം അതിന്റെ എല്ലാ പ്രൗഢിയോടെയുമാണ് നിലനിര്‍ത്തുന്നത്.

താജ്മഹലിന്റെ പ്രധാന കവാടം
 


പടിഞ്ഞാറ് ഭാഗത്തെ റോഡ് വഴിയാണ് വണ്ടി അകത്തേക്ക് പ്രവേശിച്ചത്. പാതക്ക് ഇരുവശവും വന്‍മരങ്ങള്‍ വിരിഞ്ഞുനില്‍പ്പുണ്ട്. ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പാര്‍ക്കിങ് ഏരിയയില്‍ എത്തി. വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതോടെ തെരുവ് കച്ചവടക്കാരും റിക്ഷക്കാരും പിന്നാലെ കൂടി. അവരെയെല്ലാം ഒഴിവാക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് ടിക്കറ്റ് കൗണ്ടറിലേക്ക്. ഇതിനിടയില്‍ കണ്ട ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു. ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ആളുകള്‍ നിറഞ്ഞിരുന്നു. 40 രൂപയാണ് ഇന്ത്യക്കാര്‍ക്ക് ടിക്കറ്റ്. വിദേശികള്‍ക്ക് 1000 രൂപയും. തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടുവേണം ടിക്കറ്റെടുക്കാന്‍. ഇതിനുശേഷം ദേഹപരിശോധനക്ക് വീണ്ടും വരിനില്‍ക്കണം. രാവിലെയായതിനാല്‍ വലിയ തിരക്കൊന്നുമില്ല. പത്ത് മിനുറ്റിനകം പരിശോധനയെല്ലാം കഴിഞ്ഞ് പ്രധാന കവാടം വഴി അകത്ത് കയറി.

താജ്മഹല്‍
 


കവാടിത്തിനുള്ളിലൂടെയാണ് ആദ്യമായി പ്രണയകുടീരത്തിന്റെ ദര്‍ശനം ലഭിക്കുന്നത്. പൂന്തോട്ടത്തിലൂടെ നടന്ന് അടുത്തെത്തും തോറും താജ്മഹലിന്റെ ഗാംഭീര്യം കൂടിവരുന്നു. മാര്‍ബിളില്‍ കടഞ്ഞെടുത്ത ഈ പ്രണയസ്മാരകത്തിന്റെ താഴെനില്‍ക്കുമ്പോള്‍ അതിന്റെ മനോഹാരിതയും വലിപ്പവും കണ്ട് തലയില്‍ കൈവെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പൂന്തോട്ടത്തില്‍നിന്ന് മാര്‍ബിള്‍ ചത്വരത്തിലേക്ക് കയറുന്നതിന് മുമ്പ് ഷൂ അഴിച്ചുവെക്കണം. കൂടാതെ തറയില്‍ ചളിയാകാതിരിക്കാന്‍ ചെറിയ തുണിസഞ്ചി കാലില്‍ കെട്ടുകയും വേണം. ആഗ്രയിലെയും സമീപ നഗരങ്ങളിലെയും ഫാക്ടറികളില്‍നിന്ന് തള്ളുന്ന വിഷപ്പുക കാരണം ഈ മാര്‍ബിള്‍ കൊട്ടാരത്തിന്റെ പ്രഭ ഓരോ ദിവസവും മങ്ങിക്കൊണ്ടിരിക്കുകയാണ്. പല തൂണുകളും പോളിഷ് ചെയ്ത് വീണ്ടും സുന്ദരമാക്കുന്നതിന്റെ തിരക്കിലായിരുന്നു അവിടത്തെ ജീവനക്കാര്‍. അകത്ത് വൈദ്യുത വിളക്കുകളില്ലാത്തതിനാല്‍ മങ്ങിയ വെളിച്ചം മാത്രമേയുള്ളൂ. ഇതിനിടയില്‍ സഞ്ചാരികള്‍ക്ക് ഗൈഡുമാര്‍ താജ്മഹലിന്റെ ചരിത്രവും സവിശേഷതകളും വിവരിച്ചുകൊടുക്കുന്നു.

താജ്മഹലിന് പിറകിലൂടെ ഒഴുകുന്ന യമുന നദി
 


താജ്മഹലിന്റെയും സമീപത്തെ യമുന നദിയുടെയും സൗന്ദര്യം ആസ്വദിച്ചശേഷം ഞങ്ങള്‍ പുറത്തിറങ്ങി പൂന്തോട്ടത്തിലെ മരച്ചുവട്ടില്‍ അല്‍പ്പനേരം വിശ്രമിക്കാനിരുന്നു. അപ്പോഴും വിദേശികളടക്കം നിരവധി പേര്‍ ഈ ലോകാദ്ഭുതത്തിന്റെ സൗന്ദര്യം നുകരാന്‍ ഓരോ ഗേറ്റിലൂടെയും എത്തിച്ചേരുന്നുണ്ടായിരുന്നു. രാവിലെ ഏകദേശം നൂറപേരെ ടിക്കറ്റ് എടുക്കാനുള്ളുവെങ്കില്‍ ഇപ്പോള്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. പ്രധാന കവാടത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ നല്ല വെയിലായിരുന്നു. ചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ കാര്‍ പാര്‍ക്കിങ്ങ് വരെ സൈക്കിള്‍ റിക്ഷയിലാണ് പോയത്. പാര്‍ക്കിങ് ഏരിയക്ക് സമീപം സഞ്ചാരികളെ പ്രതീക്ഷിച്ച് നിരവധി കടകള്‍ വരിവരിയായി നില്‍ക്കുന്നു. വിവിധ നിറങ്ങളില്‍ തയാറാക്കിയ ആഗ്ര ഹല്‍വയാണ് കടകളിലെ പ്രധാന വിഭവം. മൂത്ത് പാകമായ കുമ്പളം രണ്ട് ദിവസം പഞ്ചസാര ലായനിയിലിട്ട ശേഷം ഉണക്കിയെടുത്താണ് ഹല്‍വ തയാറാക്കുന്നത്. നാട്ടിലെത്തി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നല്‍കാന്‍ വേണ്ടി കുറച്ച് ഹല്‍വ ഞങ്ങളും വാങ്ങി.

ആഗ്ര ഹല്‍വ
 


ഷോപ്പിങ്ങെല്ലാം കഴിഞ്ഞ് വണ്ടിയെടുത്ത് പുറത്തിറങ്ങുമ്പോള്‍ ആദ്യം കാണുക ചരിത്ര സ്മാരകമായ ആഗ്ര ഫോര്‍ട്ടാണ്. താജ്മഹലിനുള്ളിലെ അത്രയൊന്നും സഞ്ചാരികള്‍ അവിടെയില്ലായിരുന്നു. കോട്ട പിന്നിട്ട് വണ്ടി എന്‍.എച്ച് 44ല്‍ കയറി. പിന്നെ ആദ്യം കണ്ട പമ്പില്‍ കയറി ഫുള്‍ടാങ്ക് ഡീസലടിച്ചു. ഇന്നത്തെ യാത്ര ഉത്തര്‍പ്രദേശില്‍നിന്ന് മധ്യപ്രദേശിലേക്കാണ്. ഓരോ സംസ്ഥാനത്തെയും ഇന്ധന വില അറിയാനുള്ള മൊബൈല്‍ ആപ്പ് വഴി നിരക്ക് മനസ്സിലാക്കിയാണ് ഞങ്ങള്‍ ഡീസല്‍ അടിച്ചിരുന്നത്. പ്രാദേശിക നികുതിക്ക് അനുസരിച്ച് പല സംസ്ഥാനങ്ങളും തമ്മില്‍ രണ്ട് മൂന്ന് രൂപയുടെ വിലവ്യത്യാസമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലേതിനേക്കള്‍ മധ്യപ്രദേശില്‍ ഇന്ധന വില കൂടുതലായതിനാലാണ് ആഗ്രയല്‍നിന്ന് തന്നെ 92 ലിറ്റര്‍ ഡീസലടിച്ച് പജീറോയുടെ വയര്‍ നിറച്ചത്.

ലേഖകനും സുഹൃത്തുക്കളും താജ്മഹലിന് മുന്നില്‍
 


ആഗ്ര കഴിഞ്ഞതോടെ പിന്നെ കാര്‍ഷിക ഗ്രാമങ്ങള്‍ മാത്രമായി വഴിയരികില്‍. ഏകദേശം 50 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോഴേക്കും ആദ്യമെത്തിയത് രാജസ്ഥാന്‍ അതിര്‍ത്തിയിലാണ്. മധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും ഇടയില്‍ ഒരു വാല്‍ക്കഷ്ണ ംപോലെയാണ് രാജസ്ഥാന്‍ വരുന്നത്. പലയിടത്തും നാലുവരിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ റോഡില്‍ കുണ്ടും കുഴികളും നിറഞ്ഞിട്ടുണ്ട്. ദോല്‍പൂര്‍ പിന്നിട്ട് ഗ്വാളിയോര്‍ എത്തിയതതോടെ മധ്യപ്രദേശിന്റെ അതിര്‍ത്തി കടന്നു. സംസ്ഥാനങ്ങള്‍ മാറുന്നതല്ലാതെ കാഴ്ചകള്‍ക്ക് യാതൊരു വ്യത്യാസവുമില്ല. പാതക്ക് ഇരുവശവും കൃഷികള്‍ നിറഞ്ഞുനില്‍ക്കുന്നു. മുമ്പ് ഗുജറത്തില്‍ കണ്ടതുപോലെ ദേശീയപാതയെല്ലാം പശുക്കള്‍ കൈയടക്കിയിട്ടുണ്ട്. ഇതിനുപുറമെ നാലുവരി പാതയോടനുബന്ധിച്ച സര്‍വിസ് റോഡ് നാട്ടുകാര്‍ കൈയടക്കി കാര്‍ഷികോല്‍പ്പനങ്ങള്‍ വെയിലത്ത് വെച്ചു ഉണക്കാനാണ് ഉപയോഗിക്കുന്നത്. സര്‍വിസ് റോഡില്ലാത്ത ഭാഗങ്ങളില്‍ പ്രധാന റോഡില്‍ തന്നെയാണ് ഗ്രാമീണര്‍ നെല്ലും മറ്റും ഉണക്കുന്നത്.

താജ്മഹലിന് സമീപത്തെ സൈക്കില്‍ റിക്ഷയിലെ സവാരി
 


കാഴ്ചകള്‍ പിന്നിലേക്ക്് മാറ്റി യാത്ര തുടരുന്നതിനിടെ മറ്റൊരു ചരിത്ര നഗരമായ ത്സാന്‍സിയെത്തി. ഇതിനിടെ ഞങ്ങള്‍ മധ്യപ്രദേശിന്റെ അതിര്‍ത്തി മുറിച്ചുകടന്ന് വീണ്ടും ഉത്തര്‍പ്രദേശിലെത്തിയിരുന്നു. ഇന്ത്യന്‍ സാതന്ത്രൃസമരത്തില്‍ ജ്വലിക്കുന്ന ഇതിഹാസമായ ത്സാന്‍സി റാണി എന്നറിയപ്പെടുന്ന ലക്ഷ്മിഭായി ബ്രിട്ടീഷുകാരോട് പടവെട്ടിയ ഈ മണ്ണ് ഉത്തര്‍പ്രദേശിന്റെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്.

ത്സാന്‍സി
 


ലളിത്പുര്‍ പിന്നിട്ട് വൈകുന്നേരം സാഗര്‍ എത്തിയതോടെ വീണ്ടും മധ്യപ്രദേശിന്റെ അതിര്‍ത്തി കടന്നു. ഇതോടെ കാഴ്ചകള്‍ക്കും മാറ്റംവന്നുതുടങ്ങി. കൃഷിയിടങ്ങള്‍ മാറി പലയിടത്തും മൊട്ടക്കുന്നുകള്‍ മാത്രമാണുള്ളത്. വലിയ വലിയ ഫാക്ടറികളും ഉയര്‍ന്നുനില്‍ക്കുന്നു. രാത്രി ഒമ്പത് മണിക്ക് നര്‍ഷിംഗൂര്‍ എത്തിയതോടെ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും 600 കിലോമീറ്ററിനടുത്ത് ദൂരം പിന്നിട്ടിട്ടുണ്ട്. ദേശീയപാതയില്‍നിന്ന് മാറി രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണം നര്‍ഷിംഗൂരിലെ പ്രധാന ടൗണിലെത്താന്‍. ഗണേശോത്സവമായതിനാല്‍ റോഡിലെല്ലാം വലിയ തിരക്കായിരുന്നു. കെട്ടിടങ്ങള്‍ എല്‍.ഇ.ഡി വെളിച്ചെത്താല്‍ മിന്നിത്തിളങ്ങുന്നു. വലിയ ടൗണായതിനാല്‍ റൂമിനായി കൂടുതല്‍ അലയേണ്ടി വന്നില്ല. ബാഗെല്ലാം റൂമില്‍വെച്ച് ഗണേശോത്സവത്തില്‍ പങ്കുചേരാനായി ഞങ്ങള്‍ പുറത്തിറങ്ങി. ഗണേഷ വിഗ്രഹത്തിന് സമീപം പാട്ടും ഡാന്‍സുമായി ആഘോഷത്തിലാറാടി മതിമറക്കുകയാണ് ഏവരും. കുറച്ചുനേരം ടൗണിലൂടെ ചുറ്റിക്കറങ്ങി ഭക്ഷണവും കഴിച്ച് 11 മണിയോടെ റൂമിലേക്ക് തിരിച്ചുനടന്നു.

തുടരും..


Itinerary

Day 17 (September 10, 2016, Saturday)
Shimla to Agra (Utter Pradesh) - 558 KM
Route: Chandigarh, Kurukshetra, Karnal, Panipat, New Delhi, Noida
Stay: Agra
Journey Time: 8.00 AM -- 8.00 PM (12 hrs)

Day 18 (September 11, 2016, Sunday)
Agra to Narsinghpur (Madhya Pradesh) ^ 585 KM
Route: Gwalior, Jhansi, Lalitpur, Sagar
Stay: Narsinghpur
Journey Time: 10.00 AM ^ 9.00 PM (11 hrs)

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelshimlaindia TourAgra
News Summary - shimla and agra
Next Story