Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഇന്ത്യയെ കണ്ടെത്താന്‍...

ഇന്ത്യയെ കണ്ടെത്താന്‍ (മണലാരണ്യത്തില്‍നിന്ന്)

text_fields
bookmark_border
ഇന്ത്യയെ കണ്ടെത്താന്‍ (മണലാരണ്യത്തില്‍നിന്ന്)
cancel
camera_alt??????? ?? ?? ???? ?????????? ????????? ??????????????? ?????????? ?????? ??????????????? ?????????
ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ ഒരിറ്റു കുളിര്‍ക്കാറ്റിനായി കൊതിയോടെ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ മഞ്ഞിന്‍െറ തൂവെള്ള പട്ടുടുത്ത മലനിരകള്‍ ചുറ്റും കൂടിനിന്ന് സ്വീകരിക്കുന്ന കാഴ്ച എന്തു വികാരമാവും സമ്മാനിച്ചിട്ടുണ്ടാവുക. ഹിമാലയത്തിന്‍െറ മടിയില്‍നിന്ന് ഉയരങ്ങളിലേക്ക് പടിപടിയായി കയറിപ്പോകുന്ന പലവര്‍ണത്തിലുള്ള കൊച്ചുവീടുകളുടെ നിറഞ്ഞകാഴ്ചയില്‍ അവര്‍ ഇന്ത്യയുടെ കാണാത്ത മുഖം അനുഭവിക്കുകയായിരുന്നു. 
യു.എ.ഇയില്‍ ജനിച്ചവരും വളര്‍ന്നവരുമായ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഘം, മാതൃരാജ്യത്തിന്‍െറ വിസ്മയ കാഴ്ചകള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നിന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടിയിലൂടെ ലക്ഷ്യമിട്ടതും അതുതന്നെയായിരുന്നു. സ്വന്തം നാടിന്‍െറ സാംസ്കാരിക-ഭൂമിശാസ്ത്ര-മത-ജൈവ-ജീവിത വൈവിധ്യങ്ങളും അതിനിടയിലും ഒറ്റ ജനതയായി നില്‍ക്കുന്നതിന്‍െറ പൊരുളും ശക്തിയും സൗന്ദര്യവും മറുനാട്ടില്‍ ജീവിക്കുന്ന ഇന്ത്യന്‍ കുട്ടികളെ നേരില്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്യമം.
 

ദുബൈയില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അന്ന് തന്നെ  350 കി.മീ അകലെ ഷിംലയിലേക്കുള്ള  12 മണിക്കൂറോളം നീണ്ട ബസ്യാത്ര അവര്‍ക്ക് പുതിയ കാഴ്ചകളുടെ വിശാലലോകം തുറന്നിട്ടു. ഡല്‍ഹിയില്‍നിന്ന് പാകിസ്താന്‍ അതിര്‍ത്തിവരെ പോകുന്ന ദേശീയപാത ഒന്നിലൂടെയാണ് യാത്ര. കിഴക്കന്‍ ഹരിയാനയിലെ നോക്കത്തൊദൂരം പരന്നുകിടക്കുന്ന കടുകുപാടങ്ങളും  നെല്‍-ഗോതമ്പു വയലുകളും  കരിമ്പിന്‍കാടുകളും. റോഡരികിലെ ഇഷ്ടികക്കളത്തില്‍ പട്ടിണി മാറ്റാനായി ചുടുകട്ടകള്‍ പേറുന്ന ബാല്യങ്ങള്‍. മുഷിഞ്ഞ വേഷത്തില്‍ വിദ്യാലയത്തില്‍നിന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് നേരെ ഇഷ്ടികക്കളത്തിലേക്ക് വന്നവനാണ് അവരിലൊരാള്‍. അല്‍പം മുതിര്‍ന്ന ബാലന്‍ കൈയിലുളള പഴഞ്ചന്‍ മൊബൈലില്‍ പാട്ടുകേള്‍ക്കുന്നു. റോഡരികിലെ  ചാമ്പുപൈപ്പില്‍ നിന്ന് കൂട്ടുകാരന്‍ അടിച്ചു നല്‍കുന്ന വെള്ളത്തില്‍ പരിസരം വകവെക്കാതെ കുളിക്കുന്നു മറ്റൊരാള്‍. 
ഗ്രാമക്കാഴ്ചകളുടെ നിഷ്കളങ്കത മുഴുവന്‍ ചുണ്ടില്‍ ചിരിയും കണ്ണില്‍ അദ്ഭുതവുമാക്കി അവര്‍ ദുബൈയില്‍നിന്നു വന്നവരെ നോക്കിനിന്നു. സൗകര്യങ്ങളുടെയും സ്നേഹത്തിന്‍െറയും സമ്പന്നത്തണലില്‍ നിന്നുവന്നവര്‍ക്കും പച്ചപ്പുള്ള ഗ്രാമങ്ങളും അവിടത്തെ ജീവിതങ്ങളും അപൂര്‍വ കാഴ്ചയായിരുന്നു.  പിന്നീടുള്ള ആറുദിവസം ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലൂടെ രാജ്യത്തിന്‍െറ ചരിത്രവും പൈതൃകവും വര്‍ത്തമാനവും തേടിയുള്ള യാത്രയായിരുന്നു. 

ഷിംല ലക്ഷ്യമാക്കി കുതിക്കുന്ന ബസിനകത്ത് കുട്ടികളുടെ പാട്ടും കഥപറച്ചിലും ബഹളവുമാണ്. ഗോതമ്പുവയലുകള്‍ കണ്ട ആവേശത്തില്‍ ചിലര്‍ ഒ.എന്‍.വി. കുറുപ്പിന്‍െറ ‘കോതമ്പുമണികള്‍’ എന്ന കവിത ചൊല്ലുന്നു. വഴിയില്‍ ചരിത്രപോരാട്ടങ്ങളുടെ കഥപറയുന്ന പാനിപ്പത്തും കുരുക്ഷേത്രയും. പരന്നുകിടക്കുന്ന വയലുകള്‍ ചൂണ്ടിക്കാട്ടി യുദ്ധംചെയ്യാന്‍ സൗകര്യമുള്ള ഭൂമിയാണെന്ന്് ഗൈഡ് ചവാന്‍െറ വിശദീകരണം. അംബാലയില്‍നിന്ന് എന്‍.എച്ച് 22ലേക്ക് ബസ് തിരിഞ്ഞു. എന്‍.എച്ച് ഒന്ന് അവസാനിക്കുന്നത് പാകിസ്താന്‍ അതിര്‍ത്തിയിലാണെങ്കില്‍ എന്‍.എച്ച് 22 പോകുന്നത് നേരെ ചൈന അതിര്‍ത്തിയിലേക്കാണ്. പഞ്ച്ഗുളയില്‍നിന്ന് പുതുതായി പണിത ഹിമാലയന്‍ എക്സ്പ്രസ് പാതയിലേക്ക് പ്രവേശിച്ചതോടെ ഇരുവശത്തും തലയുയര്‍ത്തിപ്പിടിച്ച് കൂറ്റന്‍ കുന്നും മലകളും നിരന്നു. ശിവാലിക് കുന്നുകളെ വെട്ടിമുറിച്ച് പണിത പുതിയ ചുങ്കപ്പാത ഷിംലയിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 
ഹരിയാനയിലെ കല്‍ക്ക എന്ന ചെറുപട്ടണം പിന്നിടുന്നതോടെ ബസ് ഹിമാചല്‍പ്രദേശിലേക്ക് പ്രവേശിച്ചു. പര്‍വാണു ആണ് ഹിമാചലിന്‍െറ മണ്ണിലെ ആദ്യ ജനവാസകേന്ദ്രം. പുറത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് ഹിമാചലിലേക്ക് കടക്കാന്‍ അവിടെ ഹരിതനികുതി കൊടുക്കണം.  പിന്നെ ഹിമാലയ മലനിരകളുടെ മടിത്തട്ടിലൂടെ വളഞ്ഞുപുളഞ്ഞുള്ള ചുരം യാത്രയാണ്. അഗാധമായ കൊല്ലികളെ ഒളിപ്പിക്കാന്‍ അപ്പോഴേക്ക് ഇരുട്ട് എത്തിക്കഴിഞ്ഞിരുന്നു.വളഞ്ഞിട്ടു
പിടിക്കാന്‍ തുടങ്ങിയ തണുപ്പിനെ പ്രതിരോധിക്കാന്‍ വഴിയരികിലെ റസ്റ്റാറന്‍റില്‍ നിന്ന് ചുടുചായ കുടിച്ച് വീണ്ടും മുകളിലോട്ട്. 70 കി.മീറ്റര്‍ ഇനിയും മലമ്പാതയിലൂടെ സഞ്ചരിക്കണം ഷിംലയിലത്തൊന്‍.
യാത്രയില്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍െറ (ഇടത്തുനിന്ന് അഞ്ചാമത്) നേതൃത്വത്തിലുള്ള സംഘം ഷിംലയില്‍
 

ഹിമാചല്‍പ്രദേശ് തലസ്ഥാനമാണെങ്കിലും ഒട്ടേറെ പ്രത്യേകതകളുള്ള ചെറിയ പട്ടണമാണ് ഷിംല. ജനസംഖ്യ വെറും ഒന്നേമുക്കാല്‍ ലക്ഷം.  വീതികുറഞ്ഞ പാതകളും അതിന് പിന്നില്‍ കുന്നിന്‍ചരിവുകളില്‍ കോണ്‍ക്രീറ്റിന്‍െറയും മരത്തിന്‍െറയും പൊയ്ക്കാലുകളില്‍ നില്‍ക്കുന്ന വീടുകളും നഗരദൃശ്യത്തെ വേറിട്ടതാക്കുന്നു.1864 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല. ഹിമാലയത്തിന് ചുവട്ടിലെ കാടുനിറഞ്ഞ മലയിലേക്ക് ബ്രിട്ടീഷുകാരെ ആകര്‍ഷിച്ചത് വര്‍ഷം മുഴുവന്‍ നീളുന്ന സുന്ദര കാലാവസ്ഥ തന്നെ. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയും വേനല്‍ക്കാലത്തെ തണുത്തകാറ്റും ഇന്നും ടൂറിസ്റ്റുകളെ ഷിംലയിലേക്ക് ധാരാളമായി ആകര്‍ഷിക്കുന്നു.
ചരിത്രവും ഷിംലക്ക് കൂട്ടുണ്ട്. ബ്രിട്ടീഷ് കാലത്ത് നിരവധി സുപ്രധാന കരാറുകള്‍ക്ക് ഒപ്പുവീണത്  ഇവിടെയായിരുന്നു. ബംഗ്ളാദേശ് യുദ്ധത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്താനും ഉണ്ടാക്കിയ 1972ലെ ഷിംല കരാര്‍ പ്രശസ്തം. ബ്രിട്ടീഷ് വൈസ്രോയിമാരുടെ ഭവനമായിരുന്നു വൈസ്റീഗല്‍ ലോഡ്ജ് ഒരു  മലമുകളില്‍  ഇന്നും പഴയ പ്രതാപവും പേറി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 1888ല്‍ പണിത ഈ കൊട്ടാരം  പുറത്ത് കരിങ്കല്ലിലും  അകത്ത് തടിയിലുമായി അന്നത്തെ നിര്‍മാണകലയുടെ വിസ്മയങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നു. 1947ന് ശേഷം രാഷ്ട്രപതി നിവാസ് എന്ന് പേരുമാറ്റി, വര്‍ഷത്തില്‍ ഏതാനും ദിവസം രാഷ്ട്രപതിമാര്‍ വന്ന് താമസിച്ചിരുന്നെങ്കിലും എസ്. രാധാകൃഷ്ണന്‍െറ കാലത്ത് കെട്ടിടം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ചരിത്രസംഭവങ്ങളുടെ നിരവധി കറുപ്പുംവെളുപ്പം ചിത്രങ്ങള്‍ പേറുന്ന മ്യൂസിയമാണ് ഇന്ന് അതിന്‍െറ ഒരുഭാഗം. മറുഭാഗം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയും. 
ഷിംലയില്‍നിന്ന് 20 കി.മീറ്റര്‍ അകലെ കുഫ്റിയിലേക്കുള്ള യാത്രയില്‍ ചുറ്റും മഞ്ഞുകൂട്ടമാണ് നിങ്ങളെ വരവേല്‍ക്കുക. കടല്‍നിരപ്പില്‍ നിന്ന് 7500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുഫ്റി അക്ഷരാര്‍ഥത്തില്‍ മഞ്ഞുപുതച്ച് കിടക്കുകയാണ്. വീടുകളുടെയും കെട്ടിടങ്ങളുടെയും തകരമേല്‍ക്കൂരകളില്‍ പഞ്ഞിക്കെട്ടുകള്‍പോലെ മഞ്ഞുവീണുകിടക്കുന്നു. വാഹനങ്ങള്‍ക്കുവേണ്ടി വഴിമാറി നില്‍ക്കുന്നെന്ന ഭാവത്തില്‍ റോഡിന്‍െറ രണ്ടു വശവും നിറയെ വെള്ളപ്പരപ്പ്. അവക്ക് പിന്നില്‍ പൈന്‍മരങ്ങളും ദേവതാരുക്കളും. അവിടവിടെ വിറകുകത്തിച്ച് ചൂടുകായുന്നവര്‍. ദൂരെ ഹിമാലയനിരകള്‍. മണലാരണ്യത്തില്‍നിന്നു വന്ന കുട്ടിക്കൂട്ടം ആദ്യം തണുത്തുവിറച്ചുനിന്നെങ്കിലും പിന്നെ മഞ്ഞുവാരിയെറിഞ്ഞ് മതിമറന്ന് ഉല്ലസിച്ചു. ഉറച്ച മഞ്ഞിലൂടെ സഞ്ചരിക്കാന്‍ ഇവിടെ കുതിരകളും യാക്കുകളും മഞ്ഞില്‍ പുതയാത്ത നീളന്‍ പ്ളാസ്റ്റിക് ഷൂകളും വാടകക്ക് ലഭിക്കും. 
 

ഷിംലയിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളായ 1857ല്‍ നിയോഗോഥിക് ശൈലിയില്‍ പണിത ക്രൈസ്റ്റ് ചര്‍ച്ചും പര്‍വതശിഖരത്തിലുള്ള അതിന്‍െറ വിശാലമുറ്റവും
അതിന് താഴെ ഇരുവശവും നിറയെ കടകള്‍ വരിയിട്ട, നഗരത്തിലെ സുപ്രധാന ഷോപ്പിങ് തെരുവായ മാള്‍ റോഡും നാട്ടുകാരെക്കൊണ്ടും സഞ്ചാരികളെ ക്കൊണ്ടും നിറഞ്ഞിരിക്കുന്നു. മാള്‍ റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍  തിന്നും സൊറപറഞ്ഞും അലസ നടത്തത്തിന് അനുയോജ്യം. വൈകുന്നേരങ്ങളില്‍ നിന്നുതിരിയാന്‍ പോലുമാകാത്ത ജനക്കൂട്ടമാണിവിടെ. കൗതുകമായി ജല എ.ടി.എം യന്ത്രവും അവിടെ കണ്ടു. 50 രൂപക്ക് റീചാര്‍ജ് ചെയ്യാവുന്ന ജല എ.ടി.എം കാര്‍ഡ് കാണിച്ചാല്‍ കുപ്പിയിലേക്ക് ജലം വരും. ഒരു ലിറ്ററിന് വെറും 50 പൈസ.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനംപിടിച്ച ഷിംല-കല്‍ക്ക റെയില്‍പാതയിലൂടെയായിരുന്നു ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ സംഘത്തിന്‍െറ മടക്കയാത്ര. അടുത്ത ലക്ഷ്യം ചണ്ഡിഗഢാണ്. ഷിംല റെയില്‍വേ സ്റ്റേഷന്‍ കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ ബസ്സ്റ്റാന്‍ഡിനേക്കാള്‍ ചെറുത്. ബ്രിട്ടീഷുകാര്‍ 1898ല്‍ പണിത, രണ്ടടി ആറിഞ്ച് മാത്രം വീതിയുള്ള നാരോഗേജ് പാതയിലുടെയുള്ള യാത്ര ഷിംലയുടെ മുഴുവന്‍ സൗന്ദര്യവും കാഴ്ചയും നമ്മുടെ മുന്നില്‍ നിവര്‍ത്തിയിടും. 96 കി.മീറ്റര്‍ മലമ്പാതയില്‍ 107 ടണലുകളും 916 വളവുകളും 864 കൊച്ചുപാലങ്ങളുമാണുള്ളത്. അതുകൊണ്ടുതന്നെ, ഈ ചെറിയ ദൂരം താണ്ടാന്‍ വയസ്സന്‍ വണ്ടിക്ക് ഏഴു മണിക്കൂര്‍ വേണം. കല്‍ക്കയിലത്തെിയാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള ബ്രോഡ്ഗേജ് പാതയിലേക്ക് മാറാം.പക്ഷേ, അതിനുമുമ്പുതന്നെ സംഘം ബസിലേക്ക് മാറി ചണ്ഡിഗഢ് യാത്ര തുടര്‍ന്നു. ലക്ഷ്യം ലോകപ്രശസ്തമായ റോക് ഗാര്‍ഡന്‍. നഗരമാലിന്യത്തില്‍ നിന്ന് നെക് ചന്ദ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 40 ഏക്കറില്‍ പണിതുയര്‍ത്തിയ വിസ്മയം. പൊതുമരാമത്ത് വകുപ്പില്‍ റോഡ് ഇന്‍സ്പെക്ടറായിരുന്ന നെക് ചന്ദ് സുഖ്ന തടാകത്തിനരികിലെ ചെറിയ വനപ്രദേശത്ത് 1951ല്‍ രഹസ്യമായി നിര്‍മിച്ചുതുടങ്ങിയതാണ് റോക് ഗാര്‍ഡന്‍. ഉപേക്ഷിക്കപ്പെട്ട പിഞ്ഞാണ കഷണങ്ങളും ടൈലുകളും ഇലക്ട്രിക്കല്‍ വസ്തുക്കളും സൈക്കിള്‍ ഫ്രെയിമുകളും കുപ്പിവള അവശിഷ്ടങ്ങളുമെല്ലാം  ചേര്‍ത്തൊരുക്കിയ നെക് ചന്ദിന്‍െറ സര്‍ഗഭാവനയില്‍ വിടര്‍ന്ന മനോഹര ശില്‍പോദ്യാനം. തന്‍െറ ഒഴിവുസമയത്ത് ചെയ്തു തുടങ്ങിയ ജോലി 1975ല്‍ മാത്രമാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.  സംരക്ഷിത സ്ഥലത്തെ നിര്‍മാണം എന്ന നിലയില്‍ ആദ്യം ഭരണകൂടം പൊളിച്ചുമാറ്റാന്‍ പോയതാണ്. പക്ഷേ, ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് നിലനിര്‍ത്തിയെന്നു മാത്രമല്ല ചണ്ഡിഗഢിന്‍െറ മുഖമുദ്ര തന്നെയായി മാറുകയും ചെയ്തു. വര്‍ഷം രണ്ടര ലക്ഷം പേരാണ് ഈ അദ്ഭുതം കാണാനത്തെുന്നത്. രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച ചന്ദ് ഒന്നരവര്‍ഷം മുമ്പ് 90ാം വയസ്സിലാണ് മരിച്ചത്.
ചണ്ഡിഗഢിലെ റോക് ഗാര്‍ഡനില്‍
 

ഇനി മൂന്നു ദിവസം ഇന്ദ്രപ്രസ്ഥത്തിലാണ്. ടെലിവിഷനില്‍ മാത്രം കണ്ട രാജ്പഥിലെ റിപ്പബ്ളിക്ദിന പരേഡ് നേരില്‍ കാണാന്‍, താമസിക്കുന്ന അശോക ഹോട്ടലില്‍നിന്ന് പുലര്‍ച്ച അഞ്ചിന് തന്നെ പുറപ്പെട്ടു. കൊടും തണുപ്പും കനത്ത സുരക്ഷാപരിശോധനയും പിന്നിട്ട് വി.വി.ഐ.പി കസേരയില്‍ ഇടംപിടിച്ചപ്പോള്‍ റോഡിന്‍െറ മറുവശത്തെ മുഖ്യവേദിയില്‍ രാജ്യത്തിന്‍െറ അതിഥിയായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമുണ്ടായിരുന്നു. ഇന്ത്യന്‍ സേനക്കൊപ്പം യു.എ.ഇ സൈന്യവും രാജ്പഥിലൂടെ മാര്‍ച്ച് ചെയ്യുന്നതിന് സാക്ഷിയാകാനായത് അറബ് രാജ്യത്തുനിന്നു വന്ന സംഘത്തിന് ഇരട്ടി ആഹ്ളാദമായി. രാഷ്ട്രത്തിന്‍െറ സേനാശക്തിയും സാംസ്കാരിക വൈവിധ്യവും നിറഞ്ഞുതുളുമ്പിയ പരേഡ് നേരില്‍ കാണേണ്ടതുതന്നെ. പിറ്റേ ദിവസം സര്‍വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെന്നുകണ്ടതും കൂടെ ഫോട്ടോ എടുത്തതും സ്വപ്നംപോലെയായിരുന്നു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും. ഇന്ത്യാഗേറ്റും ഇന്ദിര ഗാന്ധി വെടിയേറ്റു മരിച്ച സഫ്ദര്‍ജങ് റോഡിലെ വസതിയും മ്യൂസിയവും രാജ്യത്തിന്‍െറ ചരിത്രത്തിലേക്ക് കുട്ടിക്കൂട്ടത്തെ വഴിനടത്തിച്ചു. പാലിക ബസാറിലെ ഭൂഗര്‍ഭ ഷോപ്പിങ്ങും അവര്‍ക്ക് ആഘോഷമായി.
‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ അഞ്ചാം പതിപ്പിലത്തെിനില്‍ക്കുമ്പോള്‍ പ്രസക്തി വര്‍ധിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞത് കാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയായിരുന്നു.  ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ദേശീയതയല്ല ഇന്ത്യയുടെ യഥാര്‍ഥ പാരമ്പര്യം. വൈവിധ്യവും ബഹുസ്വരതയുമാണ് അതിന്‍െറ അന്ത$സത്ത. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ബഹുസ്വരത. ആരെയും ഒഴിവാക്കുന്നതല്ല. അതിന്‍െറ ആഘോഷമാണ് ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’. പുതിയ തലമുറയിലേക്ക് ഈ സന്ദേശം പ്രചരിപ്പിക്കേണ്ട കാലമാണിത്-യാത്രയില്‍ കുട്ടികളോടൊപ്പമുണ്ടായിരുന്ന അദ്ദേഹം പറഞ്ഞു. 
രാജ്യത്തിന്‍െറ അതിഥിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാൻ പ്രധാന മന്ത്രിക്കൊപ്പം
 

പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ സ്വരാജ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക, അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2013ലാണ് ഏഷ്യാനെറ്റ് ന്യൂസ് ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടിക്ക് തുടക്കം കുറിച്ചതെന്ന്  പരിപാടിയുടെ മുഖ്യ സംഘാടകനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓഡിനേറ്റിങ് എഡിറ്ററുമായ അനില്‍ അടൂര്‍ പറയുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍നിന്ന്, ഇന്ത്യയുടെ ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയുള്ള ഒ.എം.ആര്‍ പരീക്ഷയിലൂടെ രണ്ടുപേരടങ്ങുന്ന എട്ടു ടീമുകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയും ഫലപ്രഖ്യാപനവുമെല്ലാം ഒരേ ദിവസം. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും പരീക്ഷയെഴുതിയിരുന്നെങ്കിലും യു.എ.ഇയില്‍ നിന്നുള്ളവരായിരുന്നു വിജയികള്‍. വര്‍ഷം തോറും വലിയ തോതിലാണ് വിദ്യാലയങ്ങളും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കാളികളാകാന്‍  മുന്നോട്ടുവരുന്നതെന്ന് അനില്‍ അടൂര്‍ പറഞ്ഞു. ഇത്തവണ നൂറിലേറെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്കുള്ള സ്വപ്നയാത്ര ലക്ഷ്യമിട്ട് ഏറെ താല്പര്യത്തോടെ പരീക്ഷക്കത്തെിയത്.ഇതാദ്യമായി മലയാളികളല്ലാത്ത വിദ്യാര്‍ഥികളും സംഘത്തിലുണ്ടായിരുന്നു.
വിവിധ സ്കൂളുകളില്‍ നിന്നായി ചലഞ്ച് സുരേഷ്കുമാര്‍, സനം സി.പി., പ്രിയന്‍ശി ഹേമന്ത് കുമാര്‍, അനിസ ഹിലാലി, തേജാലക്ഷ്മി അനില്‍, മാനസി ഉദയ്കുമാര്‍, അന്ന തോമസ്, നേഹ സുല്‍ഫി, ആര്‍.എസ്. മീനാക്ഷി,ആര്‍.എസ്. ലക്ഷ്മി, ശ്രേഷ്ഠ ആന്‍ ജോണ്‍, രൂപ പ്രമോദന്‍, മെഹ്റ നൗഷാദ്, സോനാ സോണി, റിഷബ് ഷാജു, നിഷാന്ത് മഹേന്ദര്‍ സിങ് എന്നിവരാണ് യോഗ്യത പരീക്ഷ ജയിച്ചത്. അധ്യാപകരായ സൈനുദ്ദീന്‍, നീലം, സെഹ്റ, സഫീദ, ഷാനി, സന്ധ്യ, ബിന്ദുനായര്‍ എന്നിവര്‍ ഇവരെ അനുഗമിച്ചു.
ഏഷ്യാനെറ്റ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ്. ബിജു, വൈസ് പ്രസിഡന്‍റ് (സെയില്‍സ്) ബി.കെ. ഉണ്ണികൃഷ്ണന്‍, അസി. ജനറല്‍ മാനേജര്‍ എസ്. രജിത്സിങ്, ദുബൈ ലേഖകന്‍ അരുണ്‍കുമാര്‍, യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, പരീക്ഷക്ക് ചുക്കാന്‍ പിടിച്ച ഡോ. ഷിറാസ് ബാവ, പരിപാടിയുടെ പത്രപങ്കാളിയായ ‘ഗള്‍ഫ് മാധ്യമം’ പ്രതിനിധി തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. 
സംസാരത്തിലും ബുദ്ധിയിലും ചിന്തയിലും പ്രസരിപ്പേറെ പ്രദര്‍ശിപ്പിച്ച പുതുതലമുറ യാത്രയിലെ ഓരോ നിമിഷവും പ്രതീക്ഷയുടെ പുതിയനാമ്പുകളായി ജ്വലിച്ചുകൊണ്ടിരുന്നു. സ്വന്തം നാടുകാണാന്‍ മറുനാട്ടില്‍ നിന്നത്തെിയ അവര്‍ യാത്രയിലുടനീളം പറഞ്ഞത് ഒന്നു തന്നെയായിരുന്നു- ഇന്ത്യക്കാരായതില്‍ അഭിമാനിക്കുന്നുവെന്ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelindia's republic dayIndia Gate
News Summary - Discover India
Next Story