ഒരുനോട്ടം മതി ഇവനെ വരച്ചവരയിലാക്കാന്‍

ഈ നാലാമന്‍ നാടുവെട്ടിപ്പിടിക്കുമെന്നാണ് പണ്ടേയുള്ള സംസാരം. മൊബൈല്‍ലോകത്ത് ഇതുവരെ തുള്ളിത്തുളുമ്പിയ അഭ്യൂഹങ്ങള്‍ക്ക് കൈയും കണക്കുമില്ലായിരുന്നു. പലരും ഗ്യാലക്സി എസ് ത്രീയെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോഴാണ് കൊറിയന്‍ കമ്പനിയായ സാംസങ് ‘ഗ്യാലക്സി എസ് 4’ എന്ന ഈ നാലാമനെ നിറയെ സവിശേഷതകളോടെ കൂടുതുറന്നുവിട്ടത്. രൂപത്തിലും ഭാവത്തിലും എസ് ത്രീയേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നിലാണ് എസ് 4.
സ്ക്രീനില്‍ വിരല്‍ തൊടാതെ കണ്ണുകൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും നിയന്ത്രിക്കാന്‍ കഴിയും. ‘എയര്‍ വ്യൂ’ അല്ളെങ്കില്‍ ‘എയര്‍ ഗസ്ചര്‍’ സംവിധാനമുള്ളതിനാല്‍ സ്ക്രീനിന് മുകളില്‍ മജീഷ്യന്മാര്‍ കാണിക്കുന്നതുപോലെ കൈകൊണ്ട് വീശി കോള്‍ വരുമ്പോള്‍ സ്വീകരിക്കാനും കട്ടാക്കാനും കഴിയും. ഇങ്ങനെ മ്യൂസിക് പ്ളെയറിലെ പാട്ട് മാറ്റാം, ഇന്‍റര്‍നെറ്റില്‍ പരതാം, ഫോട്ടോ ഗ്യാലറിയില്‍ നോക്കാം. ഫോണിന്‍െറ മുന്‍ഭാഗത്തുള്ള സെന്‍സറാണ് ഈ അംഗവിക്ഷേപങ്ങള്‍ പിടിച്ചെടുത്ത് പ്രതികരിക്കുന്നത്.
‘സ്മാര്‍ട്ട് സ്ക്രോള്‍, സ്മാര്‍ട്ട് പോസ്’ സംവിധാനമുള്ളതിനാല്‍ സ്ക്രീനില്‍ നോക്കി വെബ്സൈറ്റുകള്‍, ഇ-മെയിലുകള്‍ തുടങ്ങിയവ താഴേക്കും മുകളിലേക്കും ചലിപ്പിക്കാനും വീഡിയോ പോസ് ചെയ്യാനും പ്ളേ ചെയ്യാനും സാധിക്കും. ഫോണിനെ കുലുക്കിയും നിയന്ത്രിക്കാം. ശരീരക്ഷമത വര്‍ധിപ്പിക്കുന്ന നടത്തത്തിനും രക്തസമ്മര്‍ദം, ഭാരം, ഗ്ളൂക്കോസ് ലെവല്‍ എന്നിവ പരിശോധിക്കാനും ‘എസ് ഹെല്‍ത്ത്’ എന്ന ആപ്ളിക്കേഷന്‍ സഹായിക്കും.
പറയുന്നത് ടെക്സ്റ്റായും എഴുതുന്നത് സംസാരമായും പലഭാഷകളില്‍ വിവര്‍ത്തനം ചെയ്യാന്‍ ‘എസ് ട്രാന്‍സ്ലേറ്റ്’ എന്ന ആപ്ളിക്കേഷനുണ്ട്. ഫോണിനെ ടി.വിയുടെ റിമോട്ട് ആക്കാന്‍ സഹായിക്കുന്ന ‘റിമോട്ട് ആപ്'’ എന്ന ആപ്ളിക്കേഷന്‍, വണ്ടിയോടിക്കാന്‍ സഹായിക്കാന്‍ ‘എസ്-വോയ്സ്’ എന്ന വോയ്സ് അസിസ്റ്റന്‍റ്, മ്യൂസിക് ഫയലുകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്‍റുകള്‍ തുടങ്ങിയവ വേറെ എസ് 4ലേക്ക് കൈമാറാന്‍ ‘ഗ്രൂപ്പ് പ്ളേ’, അന്തരീക്ഷ താപനിലയും ഈര്‍പ്പവും അളക്കാനുള്ള സെന്‍സറുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
അഞ്ച് ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ 1920 x 1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്നു. മിഴിവേകാന്‍ ഒരു ഇഞ്ചില്‍ 441 പിക്സലാണുള്ളത്. 7.9 മില്ലിമീറ്റര്‍ കനവും 130 ഗ്രാം ഭാരവുമുണ്ട്. ഇത് എസ്ത്രീയേക്കാള്‍ കുറവാണ്. അരണ്ട വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന എല്‍.ഇ.ഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ ക്യാമറയാണ് പിന്നില്‍. എസ് ത്രീയില്‍ എട്ട് മെഗാപിക്സലായിരുന്നു പിന്‍ ക്യാമറ. വീഡിയോ കോളിങ്ങിനും മറ്റും മുന്നില്‍ രണ്ട് മെഗാപിക്സല്‍ ക്യാമറയുണ്ട്്. ഈ രണ്ട് ക്യാമറകളുമെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും യോജിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. 1.9 ജിഗാഹെര്‍ട്സ് നാല് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എസ്4 പ്രോസസര്‍, 1.6 ജിഗാഹെര്‍ട്സ് എട്ട് കോര്‍ എക്സൈനോസ് 5 പ്രോസസര്‍ എന്നിങ്ങനെ പ്രദേശങ്ങള്‍ക്കനുസരിച്ച് രണ്ട് പ്രോസസര്‍ വേര്‍ഷനുണ്ട്.
രണ്ട് ജി. ബി റാം, ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, മാറ്റാവുന്ന 2,600 എം.എ.എച്ച് ബാറ്ററി, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി), ത്രീജി, അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന് ഫോര്‍ജി എല്‍.ടി.ഇ, വൈ ഫൈ, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 16 ജി.ബി, 32 ജി.ബി, 64 ജി.ബി മോഡലുകളില്‍ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിട്ട് 64 ജി. ബി കൂടി സ്റ്റോറേജ് വര്‍ധിപ്പിക്കാം. വെള്ള, കറുപ്പ് നിറങ്ങളില്‍ 2013 ഏപ്രിലില്‍ വിപണിയിലിറങ്ങും. 40,000 രൂപ മുതലാകും വിലയെന്നാണ് സൂചനകള്‍.

comments powered by Disqus