സംസ്ഥാനങ്ങള്‍ കമാന്‍ഡോ സേന ശക്തമാക്കണം: പ്രധാനമന്ത്രി

Monday, February 8, 2010
ന്യൂദല്‍ഹി: വര്‍ധിക്കുന്ന ഭീകരവാദ ഭീഷണി നേരിടാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കമാന്‍ഡോ സേന വിപുലീകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ആഭ്യന്തര സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഈ ആവശ്യം മുന്നോട്ടുവെച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് സേനയിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം. രാജ്യത്തൊട്ടാകെ പൊലീസ് സേനയില്‍  മൂന്നര ലക്ഷം തസ്തിക ഒഴിവുണ്ട്. പൊലീസിനെ ശക്തമാക്കാന്‍ ഭൌതിക സൌകര്യങ്ങള്‍ ലഭ്യമാക്കണം. പൊലീസ് ബജറ്റിന്റെ എണ്‍പതു ശതമാനവും ശമ്പളത്തിനു മാത്രമായി ചെലവഴിക്കുന്ന രീതി മാറ്റി, പരിശീലനത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കണം. ഇതിനായി കൂടുതല്‍ തുക അനുവദിക്കണം. പ്രശ്നബാധിത മേഖലകളില്‍ വിന്യസിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.
ഭീകരതയും വര്‍ഗീയതയും ഇടതു തീവ്രവാദവുമാണ് രാജ്യം നേരിടുന്ന സുപ്രധാന സുരക്ഷാ വെല്ലുവിളികളെന്നും ഇവ നേരിടാന്‍ സംസ്ഥാനങ്ങളും സര്‍ക്കാറും യോജിച്ച് നീങ്ങണമെന്നും മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദികളുടെ ഭീഷണി ശക്തമാണ്. വിധ്വംസക സംഘടനകളും സജീവമാണ്. ഇടതു തീവ്രവാദ ഭീഷണിയും വര്‍ഗീയമോ പ്രാദേശികമോ ആയ സങ്കുചിതത്വങ്ങളുടെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. പൂര്‍ണമായ ജാഗ്രതയും ദൃഢനിശ്ചയവും കൊണ്ടുമാത്രമേ ഈ തിന്മകളെ തോല്‍പിക്കാനാവൂ^ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണി നക്സലുകളാണെന്ന മുന്‍ നിലപാട് മന്‍മോഹന്‍ ആവര്‍ത്തിച്ചു. കള്ളനോട്ട് ശൃംഖലകള്‍ ശക്തമാക്കി ഇന്ത്യയെ വെല്ലുവിളിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ ഇരുണ്ട ശക്തികളായ തീവ്രവാദ ഗ്രൂപ്പുകളെ ഇന്ത്യ എന്തുവില നല്‍കിയും തോല്‍പ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലശ്കറെ ത്വയ്യിബയും ഹിസ്ബുല്‍ മുജാഹിദീനും കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരില്‍ വന്‍ റാലി സംഘടിപ്പിച്ച കാര്യം ചിദംബരം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഭീകരതാ വിരുദ്ധ നടപടികള്‍ അപര്യാപ്തമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Share/Bookmark