ലോട്ടറി വിവാദം: വാണിജ്യ നികുതി അസി. കമീഷണര്‍ക്ക് സസ്‌പെന്‍ഷന്‍
Friday, July 30, 2010
ലോട്ടറി നികുതി മുന്‍കൂറായി വാങ്ങിയതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ തെറ്റുണ്ടായിരുന്നില്ല. നികുതി വാങ്ങാതിരിക്കാനുമാകില്ല. രജിസ്‌ട്രേഷന്‍ നടത്തി മൂന്നാം തീയതി പണമടച്ചിട്ട് 17ാം തീയതിയാണ് ലോട്ടറി നടത്തിപ്പ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്. ഇങ്ങനെ കാലതാമസം വന്നാല്‍ നിയമത്തില്‍ പറയുന്ന പ്രതിവിധി കാലതാമസം വന്ന സമയത്തേക്ക് 24 ശതമാനം പലിശ ഈടാക്കണമെന്നാണ്. അങ്ങനെ പലിശയും വാങ്ങിയിട്ടുണ്ട്. എന്നാല്‍ വൈകിയ കാലത്തേക്ക് പെനാല്‍റ്റി ഈടാക്കുന്നതില്‍ അസിസ്റ്റന്റ് കമീഷണര്‍ക്ക് വീഴ്ച പറ്റി. ഇതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. മറ്റ് വകുപ്പ് തല നടപടികളും കൈക്കൊള്ളും. ലോട്ടറി വില്‍ക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഏജന്റാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ക്ക് നികുതി സെക്രട്ടറി ഫാക്‌സ് സന്ദേശം അയച്ചു. പെനാല്‍റ്റിയായി നികുതിയുടെ 50 ശതമാനം വരെ വാങ്ങാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. 1.82 കോടിയാണ് നികുതി. അസിസ്റ്റന്റ് കമീഷണറാണ് പെനാല്‍റ്റി എത്രയാണെന്ന് അസസ് ചെയ്യേണ്ടത്. കോടതിയിലുണ്ടായ കേസില്‍ ഇവര്‍ കേരളത്തിലെ ഏജന്റാണെന്ന് സിക്കിം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അത് അംഗീകരിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. സാന്റിയാഗോ മാര്‍ട്ടിന് കേരളത്തില്‍ ലോട്ടറി വിതരണത്തിന് രജിസ്‌ട്രേഷനില്ല. എന്നാല്‍ മേഘ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുക്കളുടേതാണ്. ജോണ്‍ കെന്നഡിയും ജോണ്‍ റോസും ഇയാളുടെ ബന്ധുവാണ്. ലോട്ടറി വിവാദം അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ കോടതിവിധി റിവ്യൂ ചെയ്യാന്‍ താന്‍ തയാറല്ലെന്നും സെക്ഷന്‍ നാല് പ്രകാരമുള്ള നടപടിക്ക് സംസ്ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും സംസ്ഥാനത്തിന് അധികാരം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കേന്ദ്രം പുതിയ ചട്ടം കൊണ്ടു വന്നു. ഇതില്‍ കേന്ദ്രത്തില്‍ വിവരമറിയിക്കാനുള്ള അധികാരമേ സംസ്ഥാനത്തിനുള്ളൂ -മന്ത്രി പറഞ്ഞു. |
പുതിയ വാര്‍ത്തകള്‍ |