Sorry, you need to install flash to see this content.

view counter

ഭക്ഷ്യധാന്യത്തോട് ഇത്ര അവഗണനയോ

Thursday, July 29, 2010
നിത്യോപയോഗ സാധനങ്ങളുടെ അങ്ങാടി നിലവാരം സാധാരണക്കാരന്റെ കഞ്ഞിക്കലത്തിന് ഒന്നൊന്നായി ഓട്ടകള്‍ വീഴ്ത്തിക്കൊണ്ടിരിക്കെ, മറുഭാഗത്ത് അരിയും ഗോതമ്പും ചോളവുമൊക്കെ പൂപ്പല്‍പിടിച്ചും പുഴുത്തുനാറിയും പാഴായിപ്പോകുന്നുവെന്നു കേള്‍ക്കേണ്ടിവരുന്നത് ഏത് കലികാലത്തിന്റെ അടയാളമാണാവോ! വിലക്കയറ്റത്തിന്റെ അനുരണനങ്ങള്‍ പാര്‍ലമെന്റില്‍ വാനംമുട്ടെ വാദകോലാഹലങ്ങള്‍ക്ക് വഴിവെച്ച അതേദിനംതന്നെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ഈ വിവരം നമ്മുടെ പൊതുമേഖലാ സംവിധാനത്തിന്റെ കെടുകാര്യസ്ഥതക്കും കെട്ടുറപ്പില്ലായ്മക്കും ഒരു ഉദാഹരണംകൂടി എന്നേ പറയാനുള്ളൂ. ഇവ്വിധം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാനും മണ്ണിട്ട് മൂടാനും പാകത്തിലാക്കിയ പാപക്കറ എന്ത് പ്രായശ്ചിത്തം നല്‍കിയാണാവോ കഴുകിക്കളയുക? ദിവസം ഒരുനേരത്തെ ആഹാരംകൊണ്ട് തൃപ്തിപ്പെടാന്‍ വിധിക്കപ്പെട്ട 40 കോടിയോളം പട്ടിണിപ്പാവങ്ങളെ പേറിനടക്കുന്ന ഒരു രാജ്യമാണ് കോടിക്കണക്കിന് രൂപയുടെ അരിയും പയറും ഗോതമ്പുമൊക്കെ കന്നുകാലികള്‍ക്കുപോലും കൊടുക്കാന്‍ പറ്റാത്തവിധം പാഴാക്കിക്കളയുന്നത്. ലോകത്ത് പോഷകാഹാരക്കുറവിന്റെ പേരില്‍ പ്രയാസങ്ങള്‍ കടിച്ചിറക്കുന്നവരില്‍ 20 ശതമാനവും ഇന്ത്യയിലാണെന്നു മാത്രമല്ല, അത്തരം ഹതഭാഗ്യരില്‍പെട്ട കുട്ടികളുടെ 43 ശതമാനവും ഇവിടെത്തന്നെയാണ് എന്ന അപ്രിയ സത്യവും കൂടെ കൂട്ടിവായിക്കുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം ശരിക്കും ഉള്ളില്‍ തറക്കുക. ഹരിയാനയില്‍ രണ്ടു ലക്ഷം ടണ്‍ ഗോതമ്പ് ഒന്നിനും കൊള്ളാതായതിന്റെ പേരില്‍ ഒമ്പത് എഫ്.സി.ഐ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ഏതാനും ദിവസം മുമ്പാണല്ലോ നടന്നത്. സസ്‌പെന്‍ഷന്‍ പോലുള്ള മൃദുനടപടികള്‍കൊണ്ട് നേരിടേണ്ടതായ, പടപ്പും പടച്ചവനും പൊറുക്കാത്ത പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ഇത്തരം കൊടൂരങ്ങള്‍. അതിനുത്തരവാദികളായവര്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ കടുത്ത നടപടികള്‍ കൈക്കൊണ്ടേ പറ്റൂ. തെറ്റ് ആവര്‍ത്തിക്കാന്‍ ഇടവരാത്തവിധം മാതൃകാപരമായ ശിക്ഷ തന്നെ വേണം. എന്നുമാത്രമല്ല, എല്ലാം ഏതാനും ചില ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചുകെട്ടി മേലാളന്മാരും ഭരണാധികാരികളും 'കൈകഴുകി' രക്ഷപ്പെടുന്ന അവസ്ഥക്കും വേണം ഒരറുതി. എങ്കിലേ വോട്ടര്‍മാര്‍ക്കും നികുതിദായകര്‍ക്കും അല്‍പമെങ്കിലും നീതി കിട്ടുകയുള്ളൂ. അല്ലെങ്കില്‍തന്നെ പ്രധാനപ്പെട്ട ഏതു വകുപ്പാണ് ഇപ്പോള്‍ മുഖം വികൃതമാകാതുള്ളത്. മനുഷ്യ ജീവന്‍കൊണ്ട് കളിക്കുന്ന വ്യോമയാനവും തീവണ്ടി ഗതാഗതവും ആഭ്യന്തരവുമൊക്കെ പേരുദോഷം വരുത്തിയ കൂട്ടത്തിലേക്ക് പുതുതായി ഒരംഗംകൂടി എന്നേ പറയേണ്ടൂ. പന്തുകളിയുടെ ഭാരിച്ച മേല്‍നോട്ട ചുമതലക്കിടയില്‍  അന്നം കേടുവരുന്ന കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെപോയി എന്ന് സമാധാനിക്കണമായിരിക്കും അല്ലേ! പ്രധാനപ്പെട്ട ഒന്നിലേറെ വകുപ്പുകളുടെ അമിതഭാരം കാരണം ചില ഉത്തരവാദിത്തങ്ങളില്‍ നിന്നെങ്കിലും ഒഴിവാക്കിക്കിട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ച മന്ത്രി കൈകാര്യംചെയ്യുന്ന സുപ്രധാന വകുപ്പുതന്നെ അന്നവിചാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ തുറന്നസ്ഥലത്ത് കേവലം ടാര്‍പോളിന്‍കൊണ്ട് മൂടി ഒട്ടും ഭദ്രതയില്ലാതെ സ്‌റ്റോക് ചെയ്യേണ്ടിവന്നത്. രാജ്യത്തെ അഞ്ച് മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ മാത്രം കെട്ടുറപ്പുള്ള കെട്ടിടങ്ങള്‍ എഫ്.സി.ഐ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഇവയില്‍ ചില മേഖലകളിലെങ്കിലും സംഭരണശേഷി പൂര്‍ത്തിയായിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതുമല്ല, ഇത്രത്തോളം കരുതല്‍ ശേഖരം നമുക്കുണ്ടായിരിക്കെ എന്തിനിങ്ങനെ പഴകി ദ്രവിക്കുവോളം വെച്ചിരിക്കണം. മിച്ചമുള്ള ധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കേടുകൂടാതെ ലഭ്യമാക്കുന്നതില്‍ എന്തിനിങ്ങനെ പിശുക്കുകാണിക്കണം. ലോകത്തെ ഏറ്റവും വലിയ പൊതുവിതരണ സമ്പ്രദായത്തിന്റെ പത്തരമാറ്റ് അവകാശപ്പെടുമ്പോഴും റേഷന്‍ കടകളില്‍ ചെന്നുനോക്കിയാലറിയാം 'ഊരിലെ പഞ്ഞം'. ബി.പി.എല്‍ ഗണത്തില്‍പെട്ടവര്‍ക്കുപോലും നേരത്തിനും സമയത്തിനും തന്റെ വിഹിതം കിട്ടുമെന്നതിന് ഒരുറപ്പുമില്ല. അതുതന്നെയും പലപ്പോഴും വായില്‍വെക്കാന്‍ കൊള്ളാത്തത്രയും ഗുണം കുറഞ്ഞ പഴകിയ ധാന്യങ്ങളും. പിന്നെയല്ലേ എ.പി.എല്ലുകാരന്റെ കാര്യം. ഇങ്ങനെ അറുത്ത കൈക്ക് ഉപ്പുതേക്കാത്ത മനോഭാവം മാറ്റാത്തിടത്തോളം ഇതിലും ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കേവലം കെടുകാര്യസ്ഥത എന്നോ അവഗണന എന്നോ പറഞ്ഞാല്‍ വിഷയത്തിന്റെ മര്‍മം തൊട്ടറിഞ്ഞ ഒരു വിശേഷണമായിരിക്കില്ല അത്. പഞ്ചാബില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നിരന്തരം മഴയേറ്റതിനെ തുടര്‍ന്ന് 49,000 ടണ്‍ ധാന്യം കളയേണ്ടിവന്നിരിക്കയാണ്. ഇങ്ങനെ എത്രയെത്ര ധാന്യങ്ങള്‍ എവിടെയൊക്കെ കഴിഞ്ഞകാലങ്ങളില്‍ പാഴായിപ്പോയിട്ടില്ല! ഏതായാലും ദേവ് അഷിമ് ഭട്ടാചാര്യ എന്ന നല്ല മനുഷ്യന്റെ ഈ വഴിക്കുള്ള കാല്‍വെപ്പ് ജനങ്ങളെ ബോധവാന്മാരാക്കാനും പാവപ്പെട്ടവന് വേണ്ടി പാടുപെടുന്നവരെന്നവകാശപ്പെടുന്ന ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കാനും ഉതകട്ടെ. രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദേശിച്ചപോലെ കൂടുതല്‍ ചീഞ്ഞുനാറും മുമ്പ് ശേഷിക്കുന്നവ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാട് കാലവിളംബം കൂടാതെ ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക തന്നെ. ഭക്ഷ്യധാന്യം പലയിടത്തും ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളുടെയോ ജില്ലകളുടെയോ വിഹിതം വര്‍ധിപ്പിക്കാന്‍ രണ്ടുദിവസം മുമ്പ് ഉന്നതതലങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ വന്നിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല എന്നാണ് മനസ്സിലാവുന്നത്. കാര്‍ഷിക വിളകള്‍ക്ക് -പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കള്‍ക്ക് -അതിഭൗതിക പ്രാധാന്യവും പരിവേഷവും കല്‍പിച്ചുവരുന്ന പാരമ്പര്യമുള്ള ഒരു നാട്ടിലാണ് ഇത് നടക്കുന്നത് എന്നത് വിചിത്രം, വിരോധാഭാസം. ഒരു നേരമാണെങ്കില്‍ ഒരുനേരം എല്ലാവരെയും ഊട്ടാന്‍മാത്രം കരുതല്‍ ശേഖരം ഉണ്ടായിരിക്കെ, ധാന്യമണികള്‍കൊണ്ട് നെറികേട് കാണിക്കുന്നവര്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. അടിയങ്ങളുടെ അടിസ്ഥാനാവശ്യമായ അന്നത്തിന്റെ കാര്യംപോലും നേരെച്ചൊവ്വേ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതിനപ്പുറം വേറെന്തു സംരക്ഷണവും സുരക്ഷയുമാണ് ഉറപ്പുവരുത്താനുള്ളത്.

Share/Bookmark