Sorry, you need to install flash to see this content.

view counter

ഫലസ്തീന്‍ കഥ

Sunday, July 25, 2010

ദുഃഖിക്കുന്ന ഓറഞ്ചുകളുടെ നാട്

ഗസ്സാന്‍ കനഫാനി  / ഭാഷാന്തരം: എസ്.എ. ഖുദ്‌സി

ജാഫ്‌നയില്‍നിന്ന് ആക്രയിലേക്ക് പുറപ്പെട്ടപ്പോള്‍ യാത്രയെക്കുറിച്ച് ദുഃഖകരമായ ഒന്നുംതന്നെ പറയാനില്ലായിരുന്നു. ആഘോഷക്കാലം ചെലവിടാന്‍ വര്‍ഷംതോറും വേറൊരു നഗരത്തിലേക്ക് പോകുന്ന ആരെയുംപോലെതന്നെയായിരുന്നു ഞങ്ങളും. ആക്രയിലെ ദിനങ്ങള്‍ വിശേഷാല്‍ യാതൊന്നും സംഭവിക്കാതെ സാധാരണപോലെ കടന്നുപോയി. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു. ആ ദിനങ്ങള്‍ ഞാന്‍ നന്നായാസ്വദിച്ചു -സ്‌കൂളില്‍ പോകേണ്ടല്ലോ. സംഗതിയുടെ നിജസ്ഥിതി എന്തുതന്നെയായാലും, ആക്രയില്‍ രാത്രിയുണ്ടായ രൂക്ഷമായ ആക്രമണത്തോടെ ചിത്രം ക്രമേണ വ്യക്തമായി വരാന്‍ തുടങ്ങി. പുരുഷന്മാരുടെ മനംതളര്‍ച്ചക്കും സ്ത്രീകളുടെ പ്രാര്‍ഥനകള്‍ക്കും മധ്യേ ക്രൂരവും കയ്‌പേറിയതുമായ ആ രാത്രി കടന്നുപോയി. എനിക്കോ നിനക്കോ അല്ലെങ്കില്‍ സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കോ കഥയുടെ ആദ്യവസാനം മനസ്സിലാവാന്‍തക്ക പ്രായമായിരുന്നില്ല. എന്നാല്‍, ആ രാത്രിയോടെ ഗതി വ്യക്തമായിത്തുടങ്ങി, രാവിലെ ജൂതന്മാര്‍ വെല്ലുവിളികളും ഉഗ്രരോഷങ്ങളും പ്രകടിപ്പിച്ചു പിന്‍വാങ്ങിയതില്‍പിന്നെ. ഞങ്ങളുടെ വീട്ടുപടിക്കല്‍ വലിയൊരു ലോറി വന്നുനിന്നു. മെത്തയുടെ ചെറിയ കെട്ടുകള്‍ ഇവിടന്നും അവിടന്നുമായി ധിറുതിയിലും വ്യഗ്രതയിലും അതിലേക്ക് വന്നുവീണു. നിന്റെ ഉമ്മ ലോറിയിലേക്ക് എത്തിപ്പിടിച്ചു കയറുന്നത് കണ്ടുകൊണ്ട് ഞാന്‍ വീടിന്റെ പഴകിയ ചുവര്‍ ചാരിനില്‍ക്കുകയായിരുന്നു. പിറകെ നിന്റെ അമ്മായിയും കുട്ടികളും. നിന്റെ ബാപ്പ നിന്നെയും നിന്റെ സഹോദരന്മാരെയും പെങ്ങന്മാരെയും ലോറിയിലേക്ക്, സാമാനങ്ങള്‍ക്ക് മുകളിലായി എടുത്തുവെക്കുന്നതില്‍ ഏര്‍പ്പെട്ടു. അതുകഴിഞ്ഞ് മൂലയില്‍ നില്‍ക്കുകയായിരുന്ന എന്നെ പിടിച്ച് എടുത്തുപൊക്കി തലക്കു മുകളില്‍ക്കൂടി ഡ്രൈവര്‍ കാബിനിന്റെ മുകളിലുള്ള ഇരുമ്പുറാക്കില്‍ കൊണ്ടുവെച്ചു. അവിടെ അനുജന്‍ റിയാദ് മിണ്ടാട്ടമില്ലാതെ ഇരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ സൗകര്യമായ ഒരിടത്ത് ഇരിക്കാന്‍ തുടങ്ങുംമുമ്പ് ലോറി നീങ്ങിത്തുടങ്ങിയിരുന്നു. റാസ് നഖുറയിലേക്കുള്ള പാതയുടെ വളവിനപ്പുറം നമ്മുടെ പ്രിയപ്പെട്ട ആക്ര അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.

അന്തരീക്ഷം ഏറക്കുറെ മേഘാവൃതമായിരുന്നു. തണുപ്പ് എന്റെ ശരീരത്തെ കീഴടക്കി. റിയാദ് കാലുകള്‍ റാക്കിന്റെ വക്കില്‍ തൂക്കിയിട്ട് പിറകുവശം സാമാനങ്ങളില്‍ ചാരി ആകാശം തുറിച്ചുനോക്കി നിശ്ശബ്ദനായി ഇരിക്കുകയാണ്. കാലില്‍ കൈകള്‍ പിണച്ചുവെച്ച്, കാലുകള്‍ക്കിടയില്‍ തലതിരുകി ഞാനും മിണ്ടാതിരുന്നു. ഓറഞ്ചുമരങ്ങളുടെ തോപ്പുകള്‍ പാതയുടെ വശങ്ങളില്‍ക്കൂടി ഒന്നൊന്നായി കടന്നുപോയി. ഞങ്ങളെല്ലാംതന്നെ പേടിച്ചരണ്ടിരിക്കയായിരുന്നു. നനഞ്ഞ റോഡില്‍ ലോറി കിതച്ചു. ഞങ്ങള്‍ക്കുള്ള ശുഭാശംസപോലെ അകലെ നിന്നുള്ള വെടിയൊച്ച കേള്‍ക്കാം.

മേഘാവൃതമായ നീലച്ചക്രവാളത്തില്‍ അകലെ റാസ് നഖുറ കാഴ്ചയില്‍ പെട്ടപ്പോള്‍ ലോറി നിന്നു. സ്ത്രീകള്‍ കെട്ടുകള്‍ക്കു മുകളില്‍നിന്ന് താഴെയിറങ്ങി മുന്നില്‍ ഓറഞ്ചുകുട്ടയും വെച്ച് ചമ്രംപടിഞ്ഞിരിക്കുന്ന കൃഷിക്കാരന്റെ അടുത്തേക്ക് നടന്നു. ഓറഞ്ചുകള്‍ കൈയിലെടുത്തു. ഓറഞ്ചുകള്‍ കൈയിലെടുത്തതും അവരുടെ കരച്ചില്‍ ഞങ്ങളുടെ കാതുകളില്‍ പതിഞ്ഞു. ഓറഞ്ചുകള്‍ ഞങ്ങള്‍ക്ക് അരുമയാണെന്നും വൃത്തിയും വലുപ്പവുമുള്ള ഈ പഴങ്ങള്‍ ഞങ്ങളുടെ കണ്ണില്‍ പ്രിയതരമായ വസ്തുവാണെന്നും ഞാന്‍ ചിന്തിച്ചു. ഏതാനും ഓറഞ്ചുകളും മേടിച്ചുകൊണ്ട് സ്ത്രീകള്‍ ലോറിക്കടുത്തേക്ക് വന്നപ്പോള്‍ നിന്റെ ബാപ്പ ഡ്രൈവിങ് സീറ്റില്‍നിന്നിറങ്ങിവന്ന് ഒന്നെടുക്കാനായി കൈനീട്ടി. അദ്ദേഹം ഒരു നിമിഷം ഓറഞ്ചിലേക്ക് തുറിച്ചുനോക്കി നിന്നു. പിന്നെ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടി കരഞ്ഞു.

റാസ് നഖുറയില്‍ മറ്റനേകം വണ്ടികള്‍ക്കൊപ്പം ഞങ്ങളുടെ ലോറിയും ചെന്നുനിന്നു. ആളുകള്‍ ആയുധങ്ങള്‍ അവിടെ വാങ്ങിക്കാനായി നിലയുറപ്പിച്ച പൊലീസുകാരന് കൈമാറിത്തുടങ്ങി. ഞങ്ങളുടെ ഊഴവുമെത്തിയപ്പോള്‍ അവിടെ മേശമേല്‍ നിരന്നുകിടക്കുന്ന തോക്കുകളും മെഷിന്‍ ഗണ്ണുകളും കണ്ടു. റോഡുവളവ് ചുറ്റിത്തിരിഞ്ഞു ലബനാനിലേക്ക് പ്രവേശിക്കുന്ന, വിഷാദാത്മകമായ ഓറഞ്ചുകളുമായി അകലം സൃഷ്ടിക്കുന്ന ലോറികളുടെ നീണ്ടനിര നോക്കി. ഞാനും പൊട്ടിക്കരഞ്ഞുപോയി. നിന്റെയുമ്മ അപ്പോഴും നിശ്ശബ്ദയായി ഓറഞ്ചില്‍തന്നെ നോക്കിനില്‍ക്കയായിരുന്നു. ജൂതന്മാര്‍ക്കായി വിട്ടേച്ചുപോരേണ്ടി വന്ന ഓറഞ്ചുമരങ്ങളത്രയും ബാപ്പയുടെ കണ്ണുകളില്‍ തിളങ്ങി. ഓരോന്നായി മേടിച്ചുകൊണ്ടുവന്ന് നട്ട് നന്നായി പരിചരണം ലഭിച്ച ഓറഞ്ചുമരങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് മുദ്രകുത്തി. പൊലീസ് പോസ്റ്റിലുണ്ടായിരുന്ന ഓഫിസറുടെ മുന്നില്‍ അടക്കിവെക്കാനാവാത്തവിധം കണ്ണുനീരില്‍ അവ പ്രതിഫലിച്ചു.

വൈകുന്നേരം സിദോനിലെത്തുമ്പോള്‍ ഞങ്ങള്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നു.
തെരുവ് വിഴുങ്ങിയവരുടെ കൂട്ടത്തില്‍ ഞങ്ങളും പെട്ടു. നിന്റെ ബാപ്പ ഉറങ്ങിയിട്ട് അനേകം നാളുകളായപോലെ തോന്നിച്ചു. അദ്ദേഹം നിലത്ത് കൂട്ടിയിട്ട വീട്ടുസാമാനങ്ങളുടെ കൂമ്പാരത്തിനു മുന്നിലായി തെരുവില്‍ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും പറയാന്‍ വേണ്ടി ഓടിച്ചെന്നാല്‍ മുഖത്തുനോക്കി ആട്ടുകിട്ടുമെന്ന് ഞാനനുമാനിച്ചു. 'നിന്റെ ഗുണംപിടിക്കാത്ത തന്ത! ഗുണംപിടിക്കാത്ത...!'ആ രണ്ടു വാചകങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കോറിവെച്ചിട്ടുണ്ടായിരുന്നു. കര്‍ക്കശമായ മതവിദ്യാലയത്തില്‍ ചേര്‍ന്നു പഠിച്ച കുട്ടിയായ ഞാന്‍ പോലും, ദൈവത്തിന് യഥാര്‍ഥത്തില്‍ മനുഷ്യര്‍ സന്തോഷപൂര്‍വം ജീവിക്കണമെന്നുണ്ടോ എന്ന് ആ നിമിഷം സംശയിച്ചു. ദൈവം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടോ എന്നും സന്ദേഹമുണ്ടായി.

സ്‌കൂള്‍ ചാപ്പലില്‍ വെച്ചു ഞങ്ങള്‍ക്ക് നല്‍കിയ, കര്‍ത്താവ് കുട്ടികളുടെ മുഖത്തുനോക്കി സഹാനുഭൂതിയോടെ പുഞ്ചിരിക്കുന്ന വര്‍ണച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ അധിക ഫീസ് മേടിക്കാന്‍ വേണ്ടി നിഷ്‌കര്‍ഷയുള്ള വിദ്യാലയങ്ങള്‍ തുറക്കുന്നവര്‍ പടച്ചുണ്ടാക്കിയ മറ്റൊരു കള്ളത്തരമാണെന്ന് എനിക്ക് തോന്നി. ഫലസ്തീനില്‍ ഞങ്ങള്‍ക്കറിയാവുന്ന ദൈവം നാടുവിട്ടുവെന്ന് എനിക്ക് തീര്‍ച്ചയാണ്. അദ്ദേഹമിപ്പോള്‍ എനിക്കറിയാന്‍ പാടില്ലാത്ത വേറെന്തോ നാട്ടില്‍ സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ അഭയാര്‍ഥിയായി കഴിയുകയാണ്. ഞങ്ങള്‍, മനുഷ്യരായ അഭയാര്‍ഥികള്‍, നടപ്പാതയില്‍ എന്തെങ്കിലുമൊരു പരിഹാരം കൊണ്ടുവരുന്ന പുതിയൊരു വിധിയെയും കാത്തിരിക്കുന്നു. രാത്രി കഴിച്ചുകൂട്ടുന്നതിനായി ഒരു മേല്‍ക്കൂര കണ്ടെത്തേണ്ടത് ഞങ്ങളുടെ ചുമതലയായിരുന്നു. ഇളംമനസ്സില്‍ വേദന തുളഞ്ഞുകയറാന്‍ തുടങ്ങിയിരുന്നു.

രാത്രി പേടിപ്പെടുത്തുന്ന ഒന്നാണ്. സാവധാനം താഴേക്കിറങ്ങി വരുന്ന അന്ധകാരം ഞങ്ങളുടെ ഹൃദയങ്ങളില്‍ ഭീതിപരത്തി. രാത്രി നടപ്പാതയില്‍ കഴിച്ചുകൂട്ടണമെന്നുള്ള സാധാരണ ചിന്ത എനിക്കുള്ളില്‍ നാനാവിധത്തിലുള്ള ഭീതികളെ ഉണര്‍ത്തിവിട്ടു. അവ ക്രൂരവും കഠോരവുമായിരുന്നു. ആരുമെന്നോട് അനുകമ്പ കാണിക്കാന്‍ സന്നദ്ധരല്ലായിരുന്നു. ആരുമെന്നെ സാന്ത്വനപ്പെടുത്താന്‍ വന്നുകണ്ടില്ല. നിന്റെ ബാപ്പയുടെ നിസ്സംഗമായ നോട്ടം എന്റെ നെഞ്ചില്‍ പുത്തന്‍ ഭീതികള്‍ സൃഷ്ടിച്ചു. നിന്റുമ്മ കൈയിലേന്തിയ ഓറഞ്ച് എന്റെ തലച്ചോറിനെ തീപിടിപ്പിച്ചു. എല്ലാവരും മൗനത്തിലാണ്. ഞങ്ങളുടെ യാതനകള്‍ക്ക് പരിഹാരവുമായി പ്രത്യക്ഷപ്പെടുന്ന ഭാഗ്യത്തെയും നോക്കി വളവുതിരിഞ്ഞുവരുന്ന കറുത്ത റോഡിലേക്ക് കണ്ണുനട്ടിരിക്കുകയാണ്, എല്ലാവരും. എന്നിട്ടു വേണം അയാളെയും പിന്തുടര്‍ന്ന് ഏതെങ്കിലുമൊരു അഭയസ്ഥാനത്തേക്ക് ഞങ്ങള്‍ക്ക് പോകാന്‍. പൊടുന്നനെ ഭാഗ്യം വന്നു; നിന്റെ അമ്മാവന്‍ ഞങ്ങളേക്കാള്‍ മുമ്പ് പട്ടണത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ ഭാഗ്യം.

നിന്റെ അമ്മാവന് പെരുമാറ്റ തത്ത്വങ്ങളിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. താനും ഞങ്ങളെപ്പോലെ നടവഴിയിലാണെന്ന് കണ്ടപ്പോള്‍ അത് മുഴുവനുമായിട്ട് നഷ്ടപ്പെട്ടു. ജൂത കുടുംബം താമസിക്കുന്ന ഒരു വീട് തരപ്പെടുത്തി. വാതില്‍ തുറന്ന് സാമാനങ്ങളെല്ലാം അകത്തേക്ക് വലിച്ചെറിഞ്ഞ് 'ഫലസ്തീനിലേക്ക് പൊയ്‌ക്കോ!' എന്ന് പറഞ്ഞ് വട്ടമുഖം അതില്‍ തള്ളി. അവര്‍ പോയിട്ടില്ലെന്ന് ഉറപ്പ്. എന്നാല്‍, അയാളുടെ വെറിപിടിച്ച അവസ്ഥ കണ്ട് ഭയന്നുപോയ അവര്‍ മേല്‍ക്കട്ടിലും ഇഷ്ടികപാകിയ തറയും അയാള്‍ക്ക് അുഭവിക്കാനായി വിട്ടേച്ച് അടുത്ത മുറിയിലേക്ക് പോയി.

നിന്റെ അമ്മാവന്‍ ഞങ്ങളെയും താവളത്തിലേക്ക് കൊണ്ടുപോയി കുടുംബത്തോടും സാമാനങ്ങളോടുമൊപ്പം അതിനകത്തേക്ക് ഉന്തിവിട്ടു. രാത്രി ഞങ്ങള്‍ തറയിലാണ് കിടന്നുറങ്ങിയത്. ഞങ്ങളുടെ കൊച്ചു ശരീരങ്ങള്‍കൊണ്ട് അവിടം നിറഞ്ഞിരുന്നു. പുരുഷന്‍മാരുടെ കോട്ടുകള്‍ ഞങ്ങള്‍ പുതപ്പുകളാക്കി. ഉണര്‍ന്നുനോക്കിയപ്പോള്‍ അവരെല്ലാം രാത്രി കഴിച്ചുകൂട്ടിയത് ഇരുന്നുകൊണ്ടാണെന്ന് ഞങ്ങളറിഞ്ഞു. ദുരന്തം ഞങ്ങളുടെ ആത്മാവുകളെ ശരിക്കും കരണ്ടുതിന്നാന്‍ തുടങ്ങിയിരുന്നു.

ഞങ്ങള്‍ സിദോനില്‍ അധികം നില്‍ക്കുകയുണ്ടായില്ല. നിന്റെ അമ്മാവന്റെ മുറി ഞങ്ങള്‍ പകുതിപേര്‍ക്കുപോലും തികയില്ലായിരുന്നു. എങ്കിലും മൂന്നു രാത്രികള്‍ ഞങ്ങളതില്‍ കഴിച്ചുകൂട്ടി. പിന്നെ, നിന്റെ ഉമ്മ എന്തെങ്കിലുമൊരു തൊഴില്‍ തേടിപ്പിടിക്കാന്‍ ബാപ്പയോട് പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഓറഞ്ചുമരങ്ങളിലേക്ക് തിരികെ പോകട്ടെ -ഉമ്മ പറഞ്ഞു. നിന്റെ ബാപ്പ ഉമ്മയുടെ മുഖത്തുനോക്കി അലറി. ശബ്ദം ഭയങ്കരമായി വിറക്കുന്നുണ്ടായിരുന്നു. ഉമ്മ മൗനംപൂണ്ടു. നമ്മുടെ കുടുംബപ്രശ്‌നങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. മണ്ണും വീടും അവയെ സംരക്ഷിക്കവെ മരണമടഞ്ഞ രക്തസാക്ഷികളുമുണ്ടായിരുന്ന, സന്തോഷവും ഒത്തൊരുമയുമുണ്ടായിരുന്ന ജീവിതം ഞങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നു.

നിന്റെ ബാപ്പക്ക് എവിടെനിന്നാണ് പണം കിട്ടിയതെന്ന് എനിക്കറിയില്ല. തന്റെ ഭാര്യയാകുമ്പോള്‍ സന്തോഷത്തിനും പത്രാസ്സിനും ഉമ്മക്ക് മേടിച്ചുകൊടുത്ത സ്വര്‍ണം വിറ്റുവെന്ന് എനിക്കറിയാം. പക്ഷേ, സ്വര്‍ണം വിറ്റുകിട്ടിയ പണം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുഴുവനായും തികഞ്ഞില്ല. മറ്റേതെങ്കിലും വഴി കണ്ടെത്തി കാണണം. കടം വാങ്ങിയതായിരിക്കുമോ ഞങ്ങളറിയാതെ മേടിച്ച വല്ലതുമൊക്കെ വിറ്റൊഴിവാക്കിയിട്ടുണ്ടാകുമോ? അറിയില്ല. എങ്കിലും എനിക്കോര്‍മയുണ്ട് -സിനോദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലേക്ക് ഞങ്ങള്‍ താമസം മാറ്റിയതും, അവിടത്തെ ഉയരത്തിലുള്ള കല്ലിന്റെ ബാല്‍ക്കണിയിലിരുന്ന് അന്നാദ്യമായി പുഞ്ചിരിച്ചുകൊണ്ട് പട്ടാളക്കാരുടെ വിജയത്തില്‍ ഉല്‍സാഹം പൂണ്ട് മടങ്ങിപ്പോകാന്‍ വേണ്ടി മേയ് പതിനഞ്ചാം തീയതി വരാന്‍ കാത്തിരുന്നതും.

കയ്പ് നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ മേയ് പതിനഞ്ച് വന്നു. കൃത്യം അര്‍ധരാത്രി ഉറങ്ങുകയായിരുന്ന എന്നെ നിന്റെ ബാപ്പു കാലുകൊണ്ട് തട്ടിയിട്ട് പ്രതീക്ഷയാല്‍ പ്രകമ്പനം കൊള്ളുന്ന ശബ്ദത്തില്‍ വിളിച്ചു. 'എണീക്കെടാ, എണീറ്റിട്ട് അറബിപ്പട്ടാളം ഫലസ്തീനിലേക്ക് കടക്കുന്നത് പോയിക്കാണെടാ'. ഞാന്‍ ചാടിയെണീറ്റു. വെറുംകാലോടെ ആയാസപ്പെട്ട് കുന്നിറങ്ങി പ്രധാന റോഡിലേക്ക് ചെന്നു. ഗ്രാമത്തില്‍നിന്ന് തികച്ചും ഒരു കിലോമീറ്റര്‍ കാണും. ഞങ്ങള്‍ ആബാലവൃദ്ധം ജനങ്ങളും ഓടുമ്പോള്‍ ഭ്രാന്തരെപ്പോലെ കിതച്ചു. റാസ് നഖുറയിലേക്ക് കയറിപ്പോകുന്ന ലോറികളുടെ വെട്ടം ദൂരെനിന്നേ തിളങ്ങിക്കൊണ്ടിരുന്നു. റോഡെത്തിയപ്പോള്‍ തണുപ്പനുഭവപ്പെട്ടു. എങ്കിലും നിന്റെ ബാപ്പയുടെ അട്ടഹാസം ഞങ്ങളുടെ ചിന്തയില്‍നിന്ന് സര്‍വതിനെയും തുരത്തിയോടിച്ചു. അദ്ദേഹം ഒരു കൊച്ചു കുട്ടിയെപ്പോലെ ലോറികള്‍ക്ക് പിറകെ ഓടാന്‍ തുടങ്ങിയിരുന്നു. അവരോട് ഉച്ചത്തില്‍ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ഒച്ചയടച്ചാര്‍ക്കുകയും ശ്വാസത്തിനായി അണക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ലോറികളുടെ വരികള്‍ക്ക് പിന്നാലെ ഒരു കൊച്ചു കുട്ടിയെപ്പോലെ അദ്ദേഹം ഓടിക്കൊണ്ടിരുന്നു. ഒപ്പം ഏകതാളത്തിലാര്‍ത്തുകൊണ്ട് ഞങ്ങളുമോടി. ഞങ്ങളുടെ സഹായികളായ പട്ടാളക്കാര്‍ ഹെല്‍മറ്റിന് കീഴെക്കൂടെ നിശ്ശബ്ദം, നിശ്ചലം ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു. ഞങ്ങള്‍ ശ്വാസംകിട്ടാന്‍ അണച്ചുകൊണ്ടിരുന്നു. ഉടനെ, നിന്റെ ബാപ്പ അമ്പതാം വയസ്സിലും ഓടിക്കൊണ്ട് കീശയില്‍നിന്ന് സിഗരറ്റുകള്‍ വലിച്ചൂരിയെടുത്ത് പട്ടാളക്കാര്‍ക്ക് എറിഞ്ഞുകൊടുത്ത് ആക്രോശിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ ഒരു കുഞ്ഞാടിന്‍ കൂട്ടത്തെപ്പോലെ കൂടെയോടാനും.

പൊടുന്നനെ ഓട്ടം നിര്‍ത്തി. പരവശരായ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചുചെന്നു. കിതക്കവെ ശ്വാസം ദുര്‍ബലമായൊരു വിസിലുപോലെ വന്നു. നിന്റെ ബാപ്പ തീര്‍ത്തും മൗനിയാണ്. ഞങ്ങള്‍ക്കും സംസാരിക്കാന്‍ വയ്യ. കടന്നുപോയ കാറിന്റെ വെളിച്ചം നിന്റെ ബാപ്പയുടെ മുഖത്ത് തട്ടിയപ്പോള്‍ കവിളുകള്‍ കണ്ണീരിനാല്‍ കുതിര്‍ന്നിരുന്നു.

കാര്യങ്ങളൊക്കെ അതിനുശേഷം വളരെ സാവധാനത്തിലാണ് വലിഞ്ഞിഴഞ്ഞു നീങ്ങിയത്. ഔദ്യോഗിക വിജ്ഞാപനങ്ങള്‍ ഞങ്ങളെ കബളിപ്പിച്ചു. അങ്ങനെ സത്യം അതിന്റെ എല്ലാ കയ്‌പോടും കൂടെ ഞങ്ങളെ വഞ്ചിച്ചു. നൈരാശ്യഭാവം ആളുകളുടെ മുഖങ്ങളിലേക്ക് തിരികെ വരുന്നത് കണ്ടു. ഫലസ്തീന്റെ പേരെടുത്തു പറയുന്നതിലും  പുരയിടങ്ങളിലും വീടുകളിലും ചെലവിട്ട ആഹ്ലാദപൂര്‍ണമായ കഴിഞ്ഞകാലത്തെപ്പറ്റി സംസാരിക്കുന്നതിലും നിന്റെ ബാപ്പക്ക് ഭയങ്കരമായ വിഷമം അനുഭവപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പുതിയ ജീവിതത്തില്‍ പ്രബലമായ ദുരന്ത സംഭവങ്ങളുടെ വന്‍മതിലുകള്‍ രൂപപ്പെടുത്തിയത് ഞങ്ങളായിരുന്നു. അതുപോലെത്തന്നെ, അതിരാവിലെ നിന്റെ ബാപ്പയുടെ ആജ്ഞയനുസരിച്ചു മലകയറിയതിന് പിറകില്‍, പ്രാതല്‍ ചോദിക്കുന്നതില്‍നിന്ന് ഞങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നത് കണ്ടുപിടിച്ച അതിനിര്‍ഭാഗ്യവാന്മാരും ഞങ്ങളായിരുന്നു.

കൂനാംകുരുക്കുകള്‍ പതിവായി. ഏറ്റവും ചെറിയൊരു കാര്യം മതി നിന്റെ ബാപ്പക്ക് വേണ്ടതില്‍ക്കവിഞ്ഞ് ദേഷ്യംപിടിക്കാന്‍. ഒരാള്‍ എന്തോ ഒന്ന് അദ്ദേഹത്തോട് ചോദിച്ചത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. എന്താണെന്ന് അറിയില്ല. ഓര്‍മയിലും വരുന്നില്ല. നിന്റെ ബാപ്പ ഞെട്ടി. എന്നിട്ട് വൈദ്യുതാഘാതമേറ്റിട്ടെന്നപോലെ വിറക്കാന്‍ തുടങ്ങി. കണ്ണുകള്‍ ഞങ്ങളുടെ മുഖങ്ങളില്‍ ചുറ്റിത്തിരിയവെ തിളങ്ങി. പൈശാചികമായൊരു വിചാരം തലച്ചോറില്‍ കടന്നുകൂടിയിട്ടുണ്ട്. എന്തോ ഒരു പരിഹാരം കിട്ടിയിട്ടെന്നപോലെ അദ്ദേഹം ചാടിയെണീറ്റു. കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താന്‍ കഴിയുമെന്ന അവബോധത്തിലാണ്ട്, ഗൗരവാവഹമായ നടപടിയെടുക്കാന്‍ പോകുന്നയാളിന്റെ ഉഗ്രതയോടെ, അദ്ദേഹം ആരെയോ തിരഞ്ഞിട്ടെന്നപോലെ ചുറ്റിപ്പറ്റി അസ്‌പഷ്ടമായി പിറുപിറുക്കാന്‍ തുടങ്ങി. എന്നിട്ട് ആക്രയില്‍വെച്ച് ഞങ്ങളോടൊപ്പമുണ്ടായിരുന്ന വലിയ പെട്ടിക്കുമേല്‍ ചാടിവീണ് അതിനകത്തുണ്ടായിരുന്നതൊക്കെ ബീഭല്‍സമായി വിളറിപിടിച്ചിട്ടെന്നപോലെ വാരിവലിച്ചു പുറത്തേക്കെടുത്തിട്ടു. തല്‍ക്ഷണം നിന്റെ ഉമ്മക്ക് കാര്യങ്ങളെല്ലാം മനസ്സിലായിരുന്നു. കുഞ്ഞുങ്ങള്‍ അപായത്തില്‍ പെടുമ്പോള്‍ അമ്മമാര്‍ക്ക് ഉണ്ടാകുന്നപോലെ അവര്‍ അസ്വസ്ഥയായി. ഞങ്ങളെ മുറിക്ക് പുറത്താക്കിയിട്ട് കുന്നിന്‍പുറത്ത് പോയിക്കളിക്കാന്‍ പറഞ്ഞു. എന്നാല്‍, ഞങ്ങള്‍ ജനാലക്കടുത്തുതന്നെ തങ്ങി. ഞങ്ങള്‍ കൊച്ചു കാതുകള്‍ ജനാലപ്പടിമേല്‍ ചേര്‍ത്തുവെച്ച് ശ്രദ്ധിച്ചു. നിന്റെ ബാപ്പയുടെ ശബ്ദം കേട്ടു: 'എനിക്കവരെ കൊല്ലണം. എന്നിട്ട് ഞാനും മരിക്കും. ചെയ്യും... ഞാനത് ചെയ്യും.'

പിന്നെ നിശബ്ദനായി. വീണ്ടും ഞങ്ങള്‍ കതകിന്റെ വിള്ളലില്‍ക്കൂടെ നോക്കിയപ്പോള്‍ അദ്ദേഹം തറയില്‍ കിടക്കുന്നത് കണ്ടു. അണക്കുകയും കരയുമ്പോള്‍ പല്ലുകള്‍ ഞെരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതെല്ലാം നോക്കിക്കൊണ്ട് ഉത്കണ്ഠയോടെ ഒരുവശത്ത് നിന്റെയുമ്മയും ഇരിക്കുന്നു.

ഞങ്ങള്‍ക്ക് മനസ്സിലായില്ല. എങ്കിലും ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന് സമീപത്തായി തറയില്‍ കറുത്ത തോക്ക് കണ്ടപ്പോള്‍ എനിക്കെല്ലാം മനസ്സിലായിരുന്നു. പൊടുന്നനെ രാക്ഷസനെ കണ്ട കുട്ടിയുടെ കൊടിയ ഭീതിയോടെ ഞാന്‍ വീട്ടില്‍നിന്നിറങ്ങി കുന്നിന്‍പുറത്തേക്കോടി.

വീടുപേക്ഷിച്ചപ്പോള്‍ ഞാനെന്റെ ബാല്യവും ഉപേക്ഷിക്കുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷങ്ങളൊക്കെ അവസാനിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ഇനിമുതല്‍ സമാധാനത്തോടെ ജീവിക്കുക എന്നത് അത്രയെളുപ്പമല്ല. ഞങ്ങളോരോരുത്തരുടെ ശിരസ്സിലും ഓരോ വെടിയുണ്ടയാണ് ഇനിയുള്ള ഒരേയൊരു പരിഹാരം എന്നിടത്തേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു. അതിനാല്‍, എന്തുചെയ്യുമ്പോഴും അനുഗുണമായ രീതിയില്‍ പെരുമാറാന്‍ ഞങ്ങള്‍ ശ്രദ്ധിക്കണം. വിശപ്പുണ്ടെങ്കില്‍പോലും എന്തെങ്കിലും കഴിക്കാന്‍ വേണമെന്ന് പറയരുത്. ബാപ്പ കഷ്ടപ്പാടുകളെ കുറിച്ചു പറയുമ്പോള്‍ മിണ്ടരുത്. 'പോ. പോയി മല കയറ്, ഉച്ചക്ക് മുമ്പേ തിരികെ പോന്നേക്കരുത്' എന്നു പറയുമ്പോഴും തലയാട്ടി പുഞ്ചിരിക്കണം.

വൈകീട്ട് ഇരുട്ടു പരന്നപ്പോള്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങി. നിന്റെ ബാപ്പയുടെ അസുഖം ഇനിയും മാറിയിട്ടില്ല. ഉമ്മ അരികെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നിന്റെ കണ്ണുകളിലാകെ ഒരു മാര്‍ജാരത്തിളക്കം. ചുണ്ടുകള്‍ ഒരിക്കലും തുറന്നിട്ടില്ലാത്തപോലെ, ശരിക്കുണങ്ങാത്ത പ്രാചീനമായൊരു മുറിവുകണക്കെ മുദ്രചെയ്യപ്പെട്ടു കിടന്നു.

നിങ്ങളവിടെ ചുരുണ്ടുകിടന്നിരുന്നു. ബാല്യകാലത്തില്‍നിന്നകന്ന്, ഓറഞ്ചുകളുടെ നാട്ടില്‍നിന്നകന്ന്. നാടുവിട്ടു പോകുന്നതുവരെ അവിടെ കൃഷിചെയ്തിരുന്ന ഒരു കര്‍ഷകന്റെ അഭിപ്രായത്തില്‍, എന്തെങ്കിലും മാറ്റം വന്നാലോ, പരിചിതമല്ലാത്തവരുടെ കൈകൊണ്ട് നനച്ചാലോ ചുരുങ്ങിപ്പോകുന്ന ഓറഞ്ചുപോലെ.

നിന്റെ ബാപ്പ ഇപ്പോഴും കിടപ്പില്‍ തന്നെയാണ്. നിന്റെയുമ്മ ദുരന്തത്തിന്റെ നാളിതുവരെ തോരാത്ത കണ്ണീര് അടക്കിപ്പിടിച്ചിരിപ്പാണ്. ഞാനൊരു ഭ്രഷ്ടനെപ്പോലെ മുറിയിലേക്ക് പമ്മിക്കടന്നു. നിന്റെ ബാപ്പയുടെ കോച്ചിവലിയുന്ന ശക്തിഹീനമായ മുഖത്ത് എന്റെ നോട്ടം പതിഞ്ഞ അതേനിമിഷം ഉയരംകുറഞ്ഞ മേശപ്പുറത്തിരിക്കുന്ന റിവോള്‍വറും ഞാന്‍ കണ്ടു. അതിനടുത്തായിട്ട് ഒരു ഓറഞ്ചും ഉണ്ടായിരുന്നു.
ഓറഞ്ച് ഉണങ്ങിച്ചുരുങ്ങിയിട്ടുണ്ടായിരുന്നു.

(കഥാകൃത്ത്. ഗസ്സാന്‍ ഫാഇസ് കനഫാനി 1936ല്‍ ഫലസ്തീനിലെ അക്കായില്‍ ജനിച്ചു. ഫലസ്തീന്‍ വിമോചന മുന്നണിയുടെ (പി.എല്‍.ഒ) മുന്‍നിര പ്രവര്‍ത്തകനായിരുന്നു. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ അഭയാര്‍ഥി ക്യാമ്പില്‍ സകുടുംബം താമസിച്ചു. അവിടെ ജീവിച്ചുകൊണ്ടായിരുന്നു പഠനം നടത്തിയതും. അഭയാര്‍ഥി ക്യാമ്പില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1972ല്‍ ഇസ്രായേല്‍ രഹസ്യ സംഘടനയായ മൊസാദ് സ്ഥാപിച്ച കാര്‍ബോംബേറ്റ് വധിക്കപ്പെട്ടു).
Share/Bookmark