Sunday, November 22, 2009
എം.സി.എ. നാസര്‍
കേന്ദ്രത്തില്‍ ആദ്യ ബി.ജെ.പി മുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസമാണ് ഇ.എം.എസ് വിടവാങ്ങിയത്. അന്ന് കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്റെ കഥാപാത്രം ഉന്നയിച്ച ചോദ്യം ഇതാണ്: 'പിന്നെ എന്നായിരുന്നു ഇ.എം.എസ് മരിക്കേണ്ടത്'?
മുംബൈ തീവ്രവാദി ആക്രമണം ഒരു കാര്‍ണിവല്‍ ആഘോഷം പോലെ ഇന്ത്യ കണ്ടു കൊണ്ടിരിക്കെ ആരിലും 'ഞെട്ടല്‍' ഉണ്ടാക്കാതെയും മാധ്യമങ്ങളില്‍ ഒട്ടും ഇടം ലഭിക്കാതെയുമായിരുന്നു വി.പി സിങിന്റെ അന്ത്യയാത്ര. ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ ലളിതമായ പടിയിറക്കം. അതുകാണ്‍കെ വി.പി സിങിനെ സ്നേഹിച്ച ചുരുക്കംപേരെങ്കിലും ഉള്ളില്‍ ചോദിച്ചു കാണണം: പിന്നെ എന്നായിരുന്നു അദ്ദേഹം മരിക്കേണ്ടത്?
മുംബൈ ആക്രമണവാര്‍ഷികം മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. അധികാരം മാത്രമല്ല, അധികാരതിരസ്കാരവും വലിയ രാഷ്ട്രീയമാണെന്ന് ഇന്ത്യയെ ഓര്‍മിപ്പിച്ച സിങ് വിടവാങ്ങിയതിന്റെ ഒന്നാംവാര്‍ഷികമാണ് നവംബര്‍ 27. കേന്ദ്രത്തില്‍ മന്ത്രിയും പ്രധാനമന്ത്രിയുമായി വെറും ഏഴുവര്‍ഷത്തെ കണക്കേ കാണൂ സിങിന്റെ ബയോഡാറ്റയില്‍. അല്ലെങ്കില്‍ തന്നെ എന്തിനാണധികം? ഇവിടെ ഭരിച്ചിരുന്നുവെന്നും ജീവിച്ചിരുന്നുവെന്നും തെളിയിക്കാന്‍ അതു ധാരാളം. അഴിമതിവിരുദ്ധ നടപടികളില്‍, സാമൂഹികനീതിയുടെ പോരാട്ടത്തില്‍ വീറുറ്റ രീതിയില്‍ ജനപക്ഷ കൈയൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞു.
മാണ്ടിയിലെ രാജപദവിയില്‍നിന്ന് നവ ജനായത്തത്തിന്റെ വഴികള്‍ താണ്ടുമ്പോഴെല്ലാം ഒരു കാര്യം സിങ് കാത്തുസൂക്ഷിച്ചു^മനുഷ്യപ്പറ്റ്. സിങ്ങിന്റെ വിജയത്തോടൊപ്പം രാഷ്ട്രീയപരാജയവും അതായിരുന്നു. 1980ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദം. ഇന്ദിരാവധത്തെ തുടര്‍ന്നുള്ള സഹതാപതരംഗത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയായിരുന്നു രാജീവ്ഗാന്ധിയുടെ അരിയിട്ടുവാഴ്ച. ക്ലീന്‍ ഇമേജിന്റെ നിറച്ചാര്‍ത്ത്. ധനകാര്യം ഏല്‍പിക്കുമ്പോള്‍ സിങ്ങിന്റെ കഴിവില്‍ രാജീവ്ഗാന്ധിക്ക് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ രാജീവ്കീര്‍ത്തന സദസ്സില്‍ തനിക്ക് താല്‍പര്യമില്ലെന്ന് സിങ് തെളിയിച്ചു. സ്വര്‍ണക്കടത്തുകാര്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കുമെതിരെ ധനമന്ത്രാലയം ഇറങ്ങിത്തിരിച്ചു. ധീരുഭായ് അംബാനിയെയും അമിതാഭ് ബച്ചനെയും തൊട്ടതോടെ പലര്‍ക്കും പൊള്ളി. എം.ജെ അക്ബര്‍ ഉള്‍പ്പെടുന്ന ഉപജാപകവൃന്ദം രാജീവിനെ തിരുത്താന്‍ ശ്രമിച്ചതുമില്ല.
ധനകാര്യത്തില്‍നിന്ന് സിങ് പ്രതിരോധത്തിലേക്ക് തെറിച്ചത് വളരെ പെട്ടെന്നാണ്. അവിടെ ബോഫോഴ്സുണ്ടായിരുന്നു. മൌനംപാലിച്ചിരുന്നെങ്കില്‍ രാജീവിന്റെ ഗുഡ്ബുക്കില്‍ പിന്നെയും തുടരാമായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, പാര്‍ട്ടി അംഗത്വവും ലോക്സഭാ പദവിയും വലിച്ചെറിഞ്ഞ് തെരുവിലിറങ്ങാനായിരുന്നു തീരുമാനം. ഗാന്ധി പൈതൃകത്തിന്റെ വൈകല്യസേവയേക്കാള്‍ ജനങ്ങളിലായിരുന്നു സിങ്ങിന് അന്നും അതിരറ്റ വിശ്വാസം.
ആരിഫ് മുഹമ്മദ്ഖാനും അരുണ്‍നെഹ്റുവുമായി ചേര്‍ന്ന് 1988 ഒക്ടോബറില്‍ 'ജന്‍മോര്‍ച്ച' പിറന്നു. ലോക്ദളും കോണ്‍ഗ്രസ്^എസും മോര്‍ച്ചയുടെ ഭാഗമായി. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജെ.പി രൂപപ്പെടുത്തിയ മൂവ്മെന്റായിരുന്നു സിങിന്റെ പ്രചോദനം. മുഴച്ചുനില്‍ക്കുമെന്ന് അറിഞ്ഞുതന്നെയാണ് ഇടതിനൊപ്പം തീവ്ര വലതുപക്ഷമായ ബി.ജെ.പിയെ ചേര്‍ത്തുകെട്ടിയതെന്ന് സിങ് പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മുഴുവന്‍ പേരുടെയും കൂട്ടായ്മയായിരുന്നു അദ്ദേഹം കൊതിച്ചത്. ദേശീയതലത്തില്‍ ഏകകക്ഷി ഭരണത്തിന്റെ ശേഷക്രിയക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞു. അഴിമതിവിരുദ്ധനടപടികളില്‍ മാത്രം അഭിരമിച്ചതു കൊണ്ടായില്ലെന്നും അറിയാമായിരുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യന്‍ അസന്തുലിതത്വത്തിന്റെ അടിവേരിളക്കുന്ന എല്ലുറപ്പുള്ള ഒരു രാഷ്ട്രീയ തീരുമാനം^അതായിരുന്നു സിങ് തേടിയത്. മണ്ഡല്‍റിപ്പോര്‍ട്ട് അതിനുള്ള ഉപകരണമാവുകയായിരുന്നു. മൂര്‍ച്ചയേറിയ ഒരു രാഷ്ട്രീയ വജ്രായുധം.1979ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാറാണ് മണ്ഡല്‍കമീഷനെ നിയോഗിച്ചത്.1980ല്‍ റിപ്പോര്‍ട്ട് റെഡി. എന്നാല്‍ 1990 ആഗസ്റ്റില്‍ കോള്‍ഡ്സ്റ്റോറില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളുടെ മഗ്നാകാര്‍ട്ടയായ മണ്ഡല്‍റിപ്പോര്‍ട്ട് സിങ് പുറത്തെടുത്തു. പ്രതീക്ഷിച്ചതുതന്നെയാണ് തുടര്‍ന്നു സംഭവിച്ചത്. പതിറ്റാണ്ടുകളിലൂടെ തങ്ങള്‍ അഭിരമിച്ച ഭൂമികയിലേക്ക് കീഴാളന്റെ പിന്‍മുറക്കാന്‍ കടന്നുവരുന്നത് സവര്‍ണരുടെ ഉറക്കം കെടുത്തി. ദല്‍ഹി ഉള്‍പ്പെടെ പല നഗരങ്ങളും നിന്നുകത്തി. സമ്പന്നരും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും തീയാളിക്കത്തിക്കാന്‍ ഉല്‍സാഹിച്ചു. അവസരസമത്വം കിട്ടാതെ പതിറ്റാണ്ടുകളായി പുറന്തള്ളപ്പെട്ട ദൈന്യമുഖങ്ങളിലെ നേര്‍ത്ത പ്രസരിപ്പ് മതിയായിരുന്നു സിങ്ങിന്. എന്നിട്ടും സ്വയം തീകൊളുത്തിയ രാജീവ് ഗോസ്വാമി ഇന്ത്യന്‍ യുവരോഷത്തിന്റെ നേര്‍പ്രതീകമായി മാധ്യമങ്ങളില്‍ നിറഞ്ഞു. ഇന്ത്യന്‍സമൂഹത്തെ വിഭജിച്ച രണ്ടാം ജിന്നയെന്ന തെറിവിളികള്‍ക്കിടയിലും അക്ഷോഭ്യനായി സിങ് നിലയുറപ്പിച്ചു. അംബേദ്കറുടെ ആത്മവേദനയില്‍ പൊതിഞ്ഞ ആ കൂര്‍ത്ത വാക്കുകളുണ്ടല്ലോ, അതായിരുന്നു ആ വിഹ്വലനാളുകളില്‍ ഉള്ളിലിരമ്പിയതെന്ന് സിംഗ് തന്നെ പറഞ്ഞു: 'നിരവധി മഹാത്മമാര്‍ ഇവിടെ വന്നു പോയി. അയിത്തം ഇല്ലായ്മ ചെയ്ത് അടിച്ചമര്‍ത്തപ്പെട്ട ജനതയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അവരൊക്കെയും ദൌത്യത്തില്‍ പരാജയപ്പെടുകയായിരുന്നു. മഹാത്മമാര്‍ വരികയും പോവുകയും ചെയ്യുന്നു. എന്നിട്ടും തൊട്ടുകൂടാത്തവന്‍ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു'
അംബേദ്കറുടെ തകര്‍ന്ന സ്വപ്നങ്ങള്‍ക്ക് നിറപ്പകര്‍ച്ചയേകി കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭംഗുരം തുടര്‍ന്ന ബ്രാഹ്മണിക്കല്‍ഘടനയുടെ താഴ്ത്തട്ടിലേക്കായിരുന്നു മണ്ഡല്‍ഖഡ്ഗം ആഞ്ഞുപതിച്ചത്. ഇന്ത്യന്‍രാഷ്ട്രീയത്തെ അത് അടിമുടി മാറ്റി. മണ്ഡല്‍ നടപ്പാക്കിയതിന്റെ ക്രെഡിറ്റുമായി വോട്ടു ചോദിക്കാന്‍ സിങ് നാടു നിരങ്ങിയില്ല. സെക്കുലര്‍ രക്തസാക്ഷിത്വത്തിന്റെ പേരില്‍ വോട്ടിരക്കാനും മറ്റൊരവസരം ഒത്തുവന്നതാണ്. അധികാരനഷ്ടം അറിഞ്ഞുതന്നെയാണ് അദ്വാനിയുടെ രക്തരഥയാത്ര തടഞ്ഞത്. അധികാരവും രാജിയും ഇഷ്യുവിന്റെ പുറത്തായിരിക്കണമെന്ന് സിങ്ങിന് നിര്‍ബന്ധമുണ്ടായിരുന്നു. അതു കാത്തുസൂക്ഷിച്ച മറ്റാരെങ്കിലും ഉണ്ടാകാനും ഇടയില്ല. 1990 നവംബര്‍ ഒമ്പതിന് പടിയിറങ്ങുമ്പോള്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തിലും ഒരുകാര്യം ആവര്‍ത്തിച്ചു: 'എനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്, രാഷ്ട്രത്തിലും'.
സ്വയംവരിച്ച രാഷ്ട്രീയതിരസ്കാരമായിരുന്നു പിന്നെ കണ്ടത്. മണ്ഡല്‍പ്രഖ്യാപനം ഉഴുതുമറിച്ച യു.പിയുടെയും ബിഹാറിന്റെയും ഹൃദയധമനികളില്‍ അതിന്റെ രാഷ്ട്രീയ ഗുണഫലം ഉറപ്പാക്കാന്‍ കാന്‍ഷിറാമിനും മുലായംസിംഗിനും ലാലുപ്രസാദ് യാദവിനും കഴിഞ്ഞു. അകന്നുനിന്ന് അവരെ ആശീര്‍വദിക്കുകയായിരുന്നു അപ്പോഴും സിങ്. പതിയെ ജനവിരുദ്ധ പക്ഷത്തേക്ക് ഈ നേതാക്കള്‍പോലും മാറുന്നതു കാണേണ്ട ഗതികേടും സിങ്ങിനുണ്ടായി. കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണമോഹം ഇന്ത്യയില്‍ പൊളിച്ചടുക്കിയതിന്റെ ക്രെഡിറ്റും സിങ്ങിനു സ്വന്തം.
അധികാരമില്ലെങ്കില്‍ ആരും തിരിഞ്ഞു നോക്കില്ലെന്നതാണ് ദല്‍ഹിയുടെ നേരനുഭവം. എന്നിട്ടും ചെങ്കോലും കിരീടവുമില്ലാതെ ഒന്നര വ്യാഴവട്ടം സിങ് ഇന്ദ്രപ്രസ്ഥത്തില്‍ കഴിച്ചുകൂട്ടി. ജീവിതം ഇങ്ങനെയും സാധ്യമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത. നിസ്സഹായരായ മനുഷ്യരുടെ വേദനകള്‍ പങ്കിടാന്‍ അപ്പോഴും മറന്നിരുന്നില്ല. വല്ലപ്പോഴും മാധ്യമപ്രവര്‍ത്തകരെ വസതിയില്‍ വിളിച്ചുകൂട്ടി. അതിനിടയിലായിരുന്നു അര്‍ബുദരോഗത്തിന്റെ ആക്രമണം. മാസത്തില്‍ പല ദിവസവും ആശുപത്രിയില്‍. പുറത്തിറങ്ങുമ്പോള്‍ ചേരികളിലെയും വഴിയോരങ്ങളിലെയും തളര്‍ന്ന മനുഷ്യര്‍ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു. മേധാപട്കറും ഇറോം ശര്‍മിളയും നടത്തുന്ന പോരാട്ടങ്ങളുടെ ദല്‍ഹി നാവായും സിങ് നിലയുറപ്പിച്ചു. സര്‍ക്കാറേതര സംഘടനകളുടെ സമ്മര്‍ദത്തിലൂടെ മാത്രമേ ഭാവി നിര്‍ണയിക്കാന്‍ കഴിയൂ എന്ന് സിങ് അന്നു പറഞ്ഞുകൊണ്ടിരുന്നു. ദരിദ്രരുടെ മണ്ണിനും അസ്തിത്വത്തിനും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ തീവ്രമാകുമെന്ന് തൊണ്ണൂറുകളില്‍ തന്നെ തിരിച്ചറിയാനും അദ്ദേഹത്തിനായി.
അതിനിടെ, 1996ല്‍ ഇന്ത്യ ഭരിക്കാന്‍ മറ്റൊരവസരം കൂടി സിങ്ങിനെ തേടി വന്നു. പ്രധാനമന്ത്രിക്കസേരയിലേക്ക് ഒരു 'യെസ്' മൂളിയാല്‍ അടുക്കാന്‍ കഴിയുന്ന അകലം മാത്രം. ജ്യോതിബസുവിന്റെ നേതൃത്വത്തിലായിരുന്നു മൂന്നാംമുന്നണി നേതാക്കള്‍ സിങ്ങിനെ തേടി വസതിയിലെത്തിയത്. വിവരമറിഞ്ഞ ഉടന്‍ സിങ് മുഖംപോലും നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. രാഷ്ട്രീയഭീരുത്വം എന്ന് ഇതിനെ വിലയിരുത്തുന്നവരുണ്ട്. ബസുവിന്റെ പാര്‍ട്ടിക്കാണ് പിന്നെ നറുക്ക് വീണത്. 'ഹിമാലയന്‍ അബദ്ധം' അവിടെ ആവര്‍ത്തിക്കപ്പെട്ടു. നിനച്ചിരിക്കാതെ ദേവഗൌഡ പ്രധാനമന്ത്രിയുമായി.
മന്‍മോഹന്‍സിങ് അപകടകാരിയാണെന്ന് തൊണ്ണൂറുകളില്‍ തന്നെ സിങ് തിരിച്ചറിഞ്ഞിരുന്നു. പേടിച്ചതിനേക്കാള്‍ വേഗതയിലായിരുന്നു മന്‍മോഹനോമിക്സ് ഇന്ത്യയെ കീഴടക്കിയതും. ഭ്രാന്തമായ ആ പ്രയാണത്തില്‍ കര്‍ഷകരും ദരിദ്രരും മധ്യവര്‍ഗവും പ്രത്യക്ഷ ഇരകളായി. ഇന്നും അതു തുടരുന്നു.
ജനായത്ത വേദികളെ മറികടന്നുള്ള നിയമങ്ങള്‍ എന്നും കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണ്. ഓര്‍ഡിനന്‍സ്രാജിനോടുള്ള അഭിനിവേശംതന്നെയാണ് ഇന്നും കോണ്‍ഗ്രസിനെ ഭരിക്കുന്നതും. അല്ലെങ്കില്‍ നോക്കൂ, പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കാന്‍ ഒരു നാള്‍ ബാക്കിയുള്ളപ്പോഴാണ് കരിമ്പിന്റെ സംഭരണവില നിജപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ധിറുതികാണിച്ചത്. പഞ്ചസാരലോബിയുടെ സമ്മര്‍ദം അത്രയേറെ ശക്തമായിരുന്നു. കര്‍ഷകന്റെ വയറ്റത്തടിക്കുന്ന തീരുമാനം പക്ഷേ, രാഷ്ട്രീയമായി പാളി. യു.പി.എക്ക് അപ്രതീക്ഷിത ആഘാതം.
രാഷ്ട്രീയസൂനാമിയില്‍ തളര്‍ന്നുനിന്ന ബി.ജെ.പിയും സമാജ്വാദിപാര്‍ട്ടിയും ഇടതുപാര്‍ട്ടികളും ഒരുമിച്ചു. യു.പി.എ സഖ്യകക്ഷി ഡി.എം.കെയും കൂട്ടിനെത്തി. കര്‍ഷകനേതാക്കളായ അജിത്സിംഗും ടികായത്തും പട നയിച്ചു ദല്‍ഹിക്കെത്തി. നഗരത്തിലെ വരേണ്യവര്‍ഗത്തിന്റെ സ്വാസ്ഥ്യം അതോടെ തകര്‍ന്നു.
കര്‍ഷകരോഷത്തിന്റെ രാഷ്ട്രീയ ഗതിമാറ്റം തിരിച്ചറിഞ്ഞതോടെ രാഹുല്‍ഗാന്ധി വീണ്ടും താരമായി. യു.പി കോണ്‍ഗ്രസ് അധ്യക്ഷ റിതാ ബഹുഗുണജോഷിക്കൊപ്പം മന്‍മോഹന്‍സിങിനെ രാഹുല്‍ ചെന്നു കണ്ടു. രാജകുമാരന് നൊന്തുവെന്നറിയേണ്ട താമസം പ്രധാനമന്ത്രി കരിമ്പ് ഓര്‍ഡിനന്‍സ് തന്നെ വേണ്ടെന്നുവെച്ചു. രാജകുമാരന്റെ മനമറിയുന്ന മന്‍മോഹന്‍സിങ് 7,266 കോടിയുടെ ബുന്ദേല്‍ഖണ്ഡ് വികസനപാക്കേജ് ചര്‍ച്ച പോലും കൂടാതെ മന്ത്രിസഭയില്‍ പാസാക്കി കൊടുക്കുകയും ചെയ്തു. 500 കോടിയുടെ കേന്ദ്രബാധ്യത മാത്രം വരുന്ന കൊച്ചി മെട്രോപദ്ധതി പിടിച്ചുവെച്ചു കൊണ്ടായിരുന്നു ഈ ഉദാരഭാവം. 'ഭാവി പ്രധാനമന്ത്രി' എന്ന് തന്നെ വിളിക്കുന്നതിലേയുള്ളൂ രാഹുലിന് സങ്കടം (ഇപ്പോള്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യം ന്യായം). അതുകൊണ്ട് രാഹുലിനെ മാര്‍ക്കറ്റ് ചെയ്യാന്‍ ഇനിയും ഓര്‍ഡിനന്‍സുകള്‍ പലതും വരും.
ഒരു കാര്യം ഇന്ത്യ കൊതിക്കുന്നുണ്ടാകും^കോണ്‍ഗ്രസിനുള്ളില്‍ ഒരു വി.പി സിങ് കൂടി ഉണ്ടായെങ്കില്‍ എന്ന്. വെറുതെയല്ല, പാര്‍ട്ടി രാഷ്ട്രീയമായി കൂടുതല്‍ അശ്ലീലമാകാതിരിക്കാന്‍തന്നെ.