'ഞാന്‍ റിംഗോയെ പ്രണയിക്കുന്നു'
Sunday, July 25, 2010
മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ഭ്രാന്ത് താരാരാധനയാണ്. ഏതുതരം താരങ്ങളെയും ഭ്രാന്തമായ അഭിനിവേശത്തോടെ ആള്‍ക്കാര്‍ ആരാധിക്കുന്നു. ചലച്ചിത്രതാരങ്ങളെ, പാട്ടുകാരെ, ക്രിക്കറ്റ് കളിക്കാരെ, ഫുട്ബാള്‍ കളിക്കാരെ. ഈ താരാരാധ പലപ്പോഴും ഒരു പ്രസ്ഥാനമായി മാറാറുണ്ട്. ചിലപ്പോള്‍ നമ്മുടെ മിക്ക പ്രസ്ഥാനങ്ങളും ആശയങ്ങളോടുള്ള മമതകൊണ്ടായിരിക്കില്ല ഉണ്ടായത്, താരാരാധനയില്‍നിന്നായിരിക്കണം. എന്റെ തോന്നലുകളാണിതൊക്കെ. വഴിയില്‍ ഒറ്റപ്പെടുമ്പോള്‍ ആള്‍ക്കൂട്ടങ്ങളെ ഞാന്‍ സ്വപ്‌നം കാണുന്നു. ആ സ്വപ്‌നങ്ങളില്‍നിന്നായിരിക്കണം ഈ തോന്നലുകള്‍ ഉണ്ടാവുന്നത്. 2010 ജൂലൈ ഏഴാം തീയതി ബുധനാഴ്ച. താരാരാധനയെക്കുറിച്ചോര്‍ക്കാന്‍ കാരണം 'റിംഗോ'ക്ക് എഴുപത് വയസ്സ് തികഞ്ഞതുകൊണ്ടാണ്. നാലംഗ ബീറ്റില്‍സ് സംഘത്തിലെ ഏറ്റവും പ്രസിദ്ധനായിരുന്നു റിംഗോ. 1964ല്‍ തെരുവില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്തതും കലാപം ഉയര്‍ത്തിയതും ഓരോരുത്തരും 'ഞാന്‍ റിംഗോയെ പ്രണയിക്കുന്നു' എന്നാര്‍ത്തുവിളിച്ചാണ്. ഞങ്ങള്‍ റിംഗോയെ പ്രണയിക്കുന്നുവെന്നല്ല അവര്‍ വിളിച്ചുപറഞ്ഞത്. ഓരോരുത്തരും പൂര്‍ണമായ 'ഞാന്‍' ആയിരുന്നു. എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ടതായിരുന്നില്ല ആ സംഗീതം; ഓരോരുത്തരുടെയും സ്വന്തമായിരുന്നു. താരാരാധനയുടെ വൈചിത്ര്യവും അതാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ സ്വന്തമാക്കല്‍ എന്ന വികാരം തീവ്രവുമാണ്. പ്രപഞ്ചത്തിലെ ഒരു ഗ്രഹം ഇന്ന് റിംഗോയുടെ പേരിലാണ് അറിയപ്പെടുന്നത്. ഒരു ഗ്രഹമാകാന്‍ കഴിഞ്ഞ ഒരേയൊരു സംഗീതജ്ഞനും റിംഗോ ആയിരിക്കും. ഒരു അഭിമുഖത്തില്‍ ഈ പിറന്നാളിന് എന്താണ് റിംഗോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് റിംഗോ പറഞ്ഞ മറുപടി 'ശാന്തിയും സ്‌നേഹവും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെ'ന്നായിരുന്നു. മാത്രമല്ല, താന്‍ എഴുപതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നും താനിപ്പോഴും ഇരുപത്തിനാലിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നുമാണ് റിംഗോ പറയുന്നത്. റിംഗോയുടെ ഇരുപത്തിനാല് ഞാന്‍ നടേ പറഞ്ഞ 1964 ആണ്. ഈ വഴിപോക്കന്‍ അന്ന് കോളജിലേക്കുള്ള വഴിയിലായിരുന്നു. ഹൈസ്‌കൂളിന്റെ പടികളിറങ്ങി കോളജിന്റെ പടികള്‍ കയറുന്ന കാലം. അമേരിക്കയിലും യൂറോപ്പിലും ബീറ്റില്‍സ് ഒരു രോഗമോ കൂട്ടഭ്രാന്തോ ആയി മാറുന്ന കാലം. പത്തു വയസ്സിനും പതിനാല് വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ പൊലീസ് സിരകളെ ഭേദിച്ചുകൊണ്ട് കലാപകാരികളെപ്പോലെ ബീറ്റിലുകളെ കാണാന്‍ തള്ളിക്കയറുന്നു. ഓര്‍ക്കുക, ആണ്‍കുട്ടികളും പെണ്‍കുട്ടികളുമല്ല, പെണ്‍കുട്ടികള്‍ മാത്രം. അതൊരു അവകാശസമരമായിരുന്നില്ല, പ്രതിഷേധ പ്രകടനമായിരുന്നില്ല, എന്തെങ്കിലും ആവശ്യമുന്നയിച്ചുകൊണ്ടുള്ള സമരപ്രഖ്യാപനമായിരുന്നില്ല. ചരിത്രത്തില്‍ ഒരിക്കലും വിശദീകരിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു ഈ 'ബീറ്റില്‍ മാനിയ.' അതൊരു സാമൂഹിക പ്രസ്ഥാനംപോലെയാണ് പടര്‍ന്നുപിടിച്ചത്. അതിന്റെ ആരംഭവും ഒരു തമാശയായിരുന്നു. 1963 ഒക്‌ടോബര്‍ 13ാം തീയതി ലണ്ടനില്‍ ഒരു സംഗീതക്കച്ചേരി കഴിഞ്ഞ് പുറത്തിറങ്ങിയ ബീറ്റിലുകളെ എട്ട് പെണ്‍കുട്ടികള്‍ വളഞ്ഞു. ഉന്തും തള്ളും നടന്നു. പിന്നീടെല്ലാം ചരിത്രമാണ്. ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പെണ്‍മനസ്സുകളെ കലാപഭരിതമാക്കി. പതിനൊന്നു ദിവസത്തിനുശേഷം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ സ്വീഡനില്‍നിന്ന് പരിപാടി കഴിഞ്ഞ് വരുന്ന ബീറ്റിലുകളെ ആവേശഭരിതരായ ഒരു വമ്പന്‍ പെണ്‍പട സ്വാഗതം ചെയ്തു. ബീറ്റിലുകളുടെ സംഗീതപരിപാടിക്ക് ടിക്കറ്റിനായി നാനൂറിലേറെ വരുന്ന ക്ഷുഭിതരായ പെണ്‍കുട്ടികള്‍ നവംബര്‍ ആദ്യവാരത്തില്‍ പൊലീസുമായി നാലുമണിക്കൂറിലേറെ നേരം കൈയാങ്കളി നടത്തി. ഒമ്പതുപേര്‍ ആശുപത്രിയിലായി. പെണ്‍കൂട്ടം കടകളുടെ ഗ്ലാസ് ജനലുകള്‍ അടിച്ചുതകര്‍ത്തു. ഇംഗ്ലണ്ടില്‍ ബീറ്റിലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിഷമമാണെന്ന് പൊലീസ് തന്നെ പറഞ്ഞു. ബീറ്റിലുകള്‍ ആദ്യമായി അമേരിക്കയിലെത്തിയപ്പോള്‍ 'ലൈഫ്' റിപ്പോര്‍ട്ട് ചെയ്തത്, 'ഒരു ബീറ്റില്‍ സുരക്ഷാഭടന്മാരെ കൂടാതെ ഹോട്ടലിന് വെളിയില്‍ ഇറങ്ങിയാല്‍ അയാളുടെ അവയവങ്ങള്‍ നഷ്ടപ്പെടാനും ആരാധകരാല്‍ ചതഞ്ഞരയാനും സാധ്യതയുണ്ടെ'ന്നാണ്. ബീറ്റില്‍സ് അമേരിക്കയിലെത്തുന്ന സമയം കെന്നഡി വധിക്കപ്പെട്ട് രണ്ടുമാസം തികയുന്നതിനുമുമ്പാണ്. അമേരിക്ക ദുഃഖത്തില്‍നിന്ന് പൂര്‍ണമായും മോചിതമായിട്ടില്ല. എന്നാല്‍, ബീറ്റില്‍സിന്റെ വരവ് ഒരു കലാപത്തിനുള്ള ലൈസന്‍സായാണ് കണക്കാക്കപ്പെട്ടത്. കെന്നഡി എയര്‍പോര്‍ട്ടില്‍ അന്ന് തടിച്ചുകൂടിയത് പതിനായിരത്തിലേറെ പെണ്‍കുട്ടികളാണ്. ബീറ്റില്‍സ് താമസിച്ചിരുന്ന 'പ്ലാസാ' ഹോട്ടലിനെ വളഞ്ഞത് അതിലേറെ പെണ്‍കുട്ടികളാണ്. ബീറ്റിലുകള്‍ ഹോട്ടലിലെ തടവുകാരായി മാറി. എല്ലാ നഗരങ്ങളിലും പൊലീസ് വകുപ്പ് ആയിരക്കണക്കിന് പൊലീസുകാരെയാണ് സുരക്ഷക്കായി ഏര്‍പ്പാട് ചെയ്തത്. ബീറ്റിലുകള്‍ ഉപയോഗിച്ചിരുന്ന തലയണയുറ ഒരു ലക്ഷത്തിഅറുപത്തിനാലായിരം ചെറിയ കഷണങ്ങളാക്കി മുറിച്ച് കടലാസിലൊട്ടിച്ച് ഒന്നിന് ഒരു ഡോളറിനാണ് വിറ്റഴിക്കപ്പെട്ടത്. അതു വാങ്ങി ഹൃദയത്തോടു ചേര്‍ത്ത അന്നത്തെ പെണ്‍കുട്ടികള്‍ ഇന്ന് വൃദ്ധകളായി കഴിഞ്ഞു. അവരുടെ കൗതുകവസ്തുശേഖരണത്തില്‍ ആ തലയണയുറ കഷണം ഇപ്പോഴും ഉണ്ടാവുമോ! 1966ല്‍ 'ബീറ്റില്‍മാനിയ' ആരംഭിച്ച് മൂന്നുവര്‍ഷം തികയുന്നതിനുമുമ്പ് ബീറ്റിലുകള്‍ അവരുടെ അവസാനത്തെ സംഗീതക്കച്ചേരി നടത്തി. ലോകത്തിലെ ആദ്യത്തെ സംഗീത സെലിബ്രിറ്റികളെ അവരുടെ സ്വന്തം ആരാധകര്‍ സ്‌റ്റേജില്‍നിന്ന് ആട്ടിയോടിച്ചു. ബീറ്റിലുകളുടെ പാട്ടുകേട്ട് പെണ്‍കുട്ടികള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് പാടിയിരുന്നത് ഇങ്ങനെ: 'എനിക്ക് മരിക്കണം, എനിക്ക് മരിക്കണം.' ഇന്ന് താരങ്ങളുടെ ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ചര്‍ച്ച നടത്തുന്നതുപോലെ അന്നും ആരാധകര്‍ അവരുടെ പ്രഭാതഭക്ഷണമെന്താണെന്നും അവരോരോരുത്തരും ഓരോ രാത്രിയും ഓരോ പുതിയ പെണ്‍കുട്ടിയോടൊപ്പമാണോ ഉറങ്ങുന്നതെന്നും അവരുടെ അടിവസ്ത്രമെന്താണെന്നും ഗൗരവമായി ചര്‍ച്ചചെയ്തിരുന്നു. വനിതാ പ്രസിദ്ധീകരണങ്ങളുടെ ഇഷ്ടവിഷയവും ഇതുതന്നെയായിരുന്നു. ബീറ്റിലുകള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വ്യാപകമായി പ്രചരിച്ചു. ബീറ്റിലുകളുടെ പരിപാടി കാണാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കായി അമ്മമാര്‍ പുതിയ ഉടുപ്പുകള്‍ തുന്നിച്ചിരുന്നു. തിരിച്ചെത്തിയാല്‍ ബീറ്റിലുകളെ കണ്ട ഉടുപ്പ് തുണ്ടുതുണ്ടാക്കി ലേലം ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ അന്നത്തെ ബീറ്റില്‍ ഭ്രാന്തിന്റെ കാരണം ഇന്നും അജ്ഞാതമാണ്. എന്നാല്‍, പില്‍ക്കാലത്ത് 'ഫെമിനിസ്റ്റ്' പ്രസ്ഥാനത്തിന്റെ വക്താക്കള്‍ 'ബീറ്റില്‍ മാനിയ'യെ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ പൊട്ടിപ്പുറപ്പെടലായാണ് കണ്ടത്. ആരാധകരുടെ അമിതോര്‍ജം ലൈംഗികമാണെന്നാണ് അവര്‍ വിലയിരുത്തിയത്. ഈ 'പെണ്‍ഹിസ്റ്റീരിയ'യുടെ കാരണം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണെന്ന് അവര്‍ സ്ഥാപിക്കുന്നു. ഒരു കാര്യം എനിക്കറിയാം. എല്ലാതരത്തിലുമുള്ള താരാരാധന നമ്മുടെയൊക്കെ അധമബോധത്തിന്റെ സൃഷ്ടിയാണ്. നന്മയുടെ ഘോഷണമല്ല, നഷ്ടബോധത്തിന്റെ ഈര്‍ഷ്യയാണത്. അതൊരു മാരകമായ പകര്‍ച്ചവ്യാധിയാണ്. മാത്രമല്ല, 'ബീറ്റില്‍ മാനിയ' ഒരു കച്ചവടതന്ത്രമായിരുന്നു. വ്യവസായികള്‍ ബോധപൂര്‍വം സൃഷ്ടിച്ചതും വളര്‍ത്തിയതും പെരുപ്പിച്ചതുമായ ഒരു രോഗം. വസ്ത്രനിര്‍മാണ കമ്പനികളാണ് ഇതിന്റെ പ്രധാന ചരടുവലിക്കാര്‍. അതുവരെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ധരിച്ചിരുന്നത് അല്‍പം വലുപ്പമുള്ള കുട്ടിയുടുപ്പുകളോ അല്‍പം ചെറിയ തള്ള ഉടുപ്പുകളോ ആണ്. അതായത്, ചെറിയ കുട്ടികളുടെ ഉടുപ്പ് കുറച്ച് വലുതാക്കുക, അല്ലെങ്കില്‍ യുവതികള്‍ ധരിക്കുന്ന ഉടുപ്പുകള്‍ കൗമാരപ്രായക്കാര്‍ക്ക് പാകമാവുന്നവിധത്തില്‍ ചെറുതാക്കുക. 'ബീറ്റില്‍ മാനിയ'യാണ് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പുതിയ ഡ്രസ്‌കോഡ് ഉണ്ടാക്കുന്നത്. കൗമാരക്കാര്‍ക്ക് സ്വന്തമായ വസ്ത്രചര്യ ഉണ്ടാക്കിയത് 'ബീറ്റില്‍ മാനിയ'യാണ്. കൂട്ടംകൂട്ടമായി സംഗീതത്തെ ആക്രമിച്ച പെണ്‍കുട്ടികളെല്ലാം ഏറക്കുറെ ഒരേതരം വേഷമാണ് ധരിച്ചിരുന്നത്. ബെര്‍മുഡയും വളര്‍ന്നുകൊണ്ടിരിക്കുന്ന പെണ്‍ശരീരത്തിന്റെ സൂചനകള്‍ പ്രത്യക്ഷമാവുന്ന ഇറുക്കമുള്ള ടോപ്പുകളും- രായ്ക്കുരാമാനം ഈ വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിയെന്നതാണ് രസകരം. 'കെന്റക്കി', 'മക്‌ഡൊണാള്‍ഡ്' തുടങ്ങിയ 'ജംഗ് ഫുഡുകള്‍' വ്യാപകമായതും ഈ കാലത്താണ്. കൂട്ടമായെത്തിയ ആവേശഭരിതരായ പെണ്‍കുട്ടികള്‍ക്ക് കത്തലടക്കാനാണ് വഴിയരികില്‍ ചെറിയ ചെറിയ ഇത്തരം ഭക്ഷണശാലകള്‍ ഉയര്‍ന്നുവന്നത്. നമ്മുടെ ഓണവും ക്രിസ്മസും പെരുന്നാളുമൊക്കെ വ്യാപാരോല്‍സവമാവുന്നതുപോലെ ചില ഭ്രാന്തുകളും കച്ചവടക്കാര്‍ക്ക് കൊയ്ത്തുകാലമാണ്. മാര്‍കേസിന്റെ 'ഇന്നസെന്റ് എരിന്‍ഡ്രിയ'യില്‍ വേശ്യാലയത്തിനു ചുറ്റും കച്ചവടക്കാര്‍ തമ്പടിക്കുന്നതും 'എരിന്‍ഡ്രിയ' പോകുന്ന വഴിയെല്ലാം ഈ കച്ചവടസംഘങ്ങള്‍ പിന്തുടരുന്നതും ഓര്‍ക്കുമല്ലോ? എവിടെയും കച്ചവടം കാണാന്‍ മുതലാളിത്തത്തിന് കഴിയും. |
പുതിയ വാര്‍ത്തകള്‍ |