എ. ഷാനവാസ് ഖാന്‍
വീട്ടുമുറ്റത്തേക്ക് വെട്ടത്തിന്റെ കീറുകള്‍ വീണുതുടങ്ങുമ്പോള്‍ ശ്രീദേവി വീല്‍ചെയര്‍ തുടക്കും. അതിന്റെ മുകളിലേക്ക് നെഞ്ചുരുകുന്ന നീറ്റലോടെ പ്രിയപ്പെട്ടവനെ കയറ്റിയിരുത്തും. പിന്നെ യാത്ര പമ്പയാറിന്റെ തീരത്തേക്കാണ്. അവരുടെ കണ്ണീരുവീണ് ഉണങ്ങിയ വഴിവക്കിലൂടെ നൊമ്പരത്തിന്റെ ആ വീല്‍ചെയര്‍ മുരളീധരന്‍ എന്ന ചെറുപ്പക്കാരനെയും വഹിച്ച് ഉരുണ്ടുനീങ്ങും. വേദനകള്‍ മൂടിക്കെട്ടിയ വീട്ടുമുറ്റത്തുനിന്നും നൂറുമീറ്റര്‍ അകലെവരെ ആ യാത്ര നീണ്ടുപോകും. വീല്‍ചെയര്‍ യാത്ര പമ്പയാറിന്റെ ഓരത്ത് അവസാനിക്കുമ്പോള്‍ കടവിനരികില്‍ പഴകി മരിക്കാറായ ഒരു വള്ളം കിടപ്പുണ്ടാവും, വിധിയുടെ പെരുമഴപ്പാച്ചിലില്‍ തകര്‍ന്നുപോയ ജീവിതത്തെ കരക്കടുപ്പിക്കാന്‍ കാലത്തോട് പൊരുതുന്ന കുടുംബത്തിന്റെ ജീവിതത്തോണി. അരക്കുതാഴെ ചലനശേഷിയില്ലാത്ത ഭര്‍ത്താവിന്റെ ശരീരത്തെ ശ്രീദേവി തന്നെ താങ്ങിയെടുത്ത് വഞ്ചിയില്‍ ഇരുത്തും. ആ ജീവിതത്തോണിയില്‍ വലയും സ്വപ്‌നങ്ങളും നിറച്ച് മുരളി തുഴയാന്‍ തുടങ്ങും. പമ്പയുടെ ഓളപ്പരപ്പിലൂടെ ജീവിതം തേടിപ്പോകുന്ന പ്രിയപ്പെട്ടവനെ നോക്കി കണ്ണുംനട്ട് അവര്‍ കരയില്‍ കാവലിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ കടപ്ര പഞ്ചായത്തിലെ ഉപദേശികടവിന് സമീപം കുന്നുകണ്ടത്തില്‍ കെ.പി. മുരളീധരന്‍ എന്ന 42കാരനാണ് കാലം തളര്‍ത്തിയ ജീവിതത്തില്‍ പ്രതീക്ഷ കൈവിടാതെ ഉരുക്കു മനസ്സുമായി ജീവിക്കുന്നത്. പാതി തളര്‍ന്നുപോയ ശരീരത്തിനൊപ്പം ഒരിറ്റുപോലും തളരാന്‍ അനുവദിക്കാത്ത മനസ്സുമായിട്ടാണ് പമ്പയുടെ ഒഴുക്കും ആഴവും അളന്നുകീറി മീന്‍പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നത്.
ജീവിതപ്രയാസത്തില്‍നിന്നും കുടുംബത്തെ കരകയറ്റാനാണ് 1998ല്‍ മുരളീധരന്‍ ദുബൈ എന്ന സ്വപ്‌ന ഭൂമിയിലേക്ക് പറന്നത്. പൊന്നുവിളയുന്ന മണലാരണ്യത്തില്‍ വെല്‍ഡിങ് ജോലിക്കാണ് പോയത്. പക്ഷേ, നിര്‍ഭാഗ്യം എത്തിച്ചത് ലേബര്‍ പണിയിലായിരുന്നു. തുച്ഛമായ വരുമാനം മാത്രം ലഭിച്ച് ജീവിത പ്രയാസത്തില്‍ ദുബൈയിലെ കരാമയില്‍ മൂന്നു വര്‍ഷം കഴിഞ്ഞു. അങ്ങനെയിരിക്കെ 2001 ഡിസംബര്‍ 10ന് ദുബൈയിലെ ജുബൈരിയ ബീച്ചിലെ ഹോട്ടലില്‍ അലക്കുയന്ത്രം വാഹനത്തില്‍നിന്ന് ഇറക്കുകയായിരുന്നു. അതിനിടയില്‍ ഇരുമ്പ് ചാനലില്‍നിന്ന് തെന്നിമാറിയ നാലര ടണ്‍ ഭാരമുള്ള യന്ത്രം മുരളീധരന്റെ പുറത്തേക്ക് പതിച്ചു. ഒന്നുറക്കെ നിലവിളിക്കാന്‍ നാവുപൊന്തും മുന്‍പേ യന്ത്രത്തിനടിയില്‍ ശരീരം ഞെരിഞ്ഞമര്‍ന്നു. നട്ടെല്ല് തകര്‍ന്നു കഷണങ്ങളായി മാറി.
ഉടന്‍തന്നെ ദുബൈയിലെ റഷീദിയ ആശുപത്രിയിലെത്തിച്ചു. ഇരുപത്തിയേഴ് ദിവസം അബോധാവസ്ഥയില്‍ കിടന്നു. ബോധം തെളിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് എഴുതിവാങ്ങി കമ്പനി മുരളീധരനെ നാട്ടിലേക്ക് കയറ്റിവിട്ടു. ജീവിതകാലം മുഴുവനും സംരക്ഷിച്ചുകൊള്ളാമെന്ന് കമ്പനി അധികൃതര്‍ ഇംഗ്ലീഷിലും അറബിയിലും എന്തൊക്കെയോ എഴുതി ഒപ്പിട്ട് വാങ്ങി.
2002 ജനുവരി 20ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ചിറകുകള്‍ തളര്‍ന്ന് പറന്ന് ഇറങ്ങിയ മുരളീധരനെ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചത്. പിന്നെ പരുമല സെന്റ് ഗീവര്‍ഗീസ് ആശുപത്രിയിലും കൊച്ചിയിലെ അമൃതയിലും മാറി മാറി ചികില്‍സിച്ചു. വിശദ പരിശോധനയിലാണ് നട്ടെല്ലിന് കാര്യമായ തകരാര്‍ ഉള്ളതും വലതുകാലിലെ ജോയിന്റ്, തുടയെല്ല്, ഇടതുകാല്‍ എന്നിവയിലും ഗുരുതര പരിക്കുകള്‍ ഉണ്ടെന്നും മനസ്സിലായത്.
ഫിസിയോതെറപ്പി ചെയ്താല്‍ മൂന്ന് വര്‍ഷത്തിനകം കാലിന്റെ ശേഷി തിരികെ കിട്ടുമെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ, ഇതിന് വേണ്ടിവരുന്ന സാമ്പത്തികച്ചെലവ് ഓര്‍ക്കുമ്പോള്‍ തളര്‍ന്നിരിക്കുന്നതാണ് നല്ലതെന്ന് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മുരളി പറയും.
വര്‍ഷങ്ങളായി നടത്തിയ ചികിത്സയുടെ ഭാഗമായി ഇടതുകാലിന് ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞു. പക്ഷേ, നിവര്‍ന്ന് നില്‍ക്കാന്‍ ആവില്ല. ജീവിത ദുരിതമറിഞ്ഞ് കമ്പനിയിലെ മനുഷ്യപ്പറ്റുള്ള തൊഴിലാളികള്‍ ഒരുദിവസത്തെ ശമ്പളം ശേഖരിച്ച് നല്‍കി. എങ്കിലും ചികിത്സ നീണ്ടുനീണ്ടു പോയപ്പോള്‍ ഉണ്ടാക്കിയ ചെറിയ സമ്പാദ്യം മുഴുവന്‍ തീര്‍ന്നു. പിന്നെ, ചികിത്സക്കായി നാലുപാടുനിന്നും വാങ്ങിക്കൂട്ടിയ കടം പെരുകിപ്പെരുകി ഏഴുലക്ഷത്തിലെത്തി.
മൂന്ന് വര്‍ഷത്തോളം ചെറിയ വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ ജീവിതം ഒതുക്കിനിര്‍ത്തി. ദിവസവും ചികിത്സക്കായി ആശുപത്രിയില്‍ പോയാല്‍ ആയിരത്തിയഞ്ഞൂറ് രൂപയെങ്കിലും വേണ്ടിവരും. പരുമലയില്‍നിന്ന് വീട്ടിലെത്തണമെങ്കില്‍ അറുപത് രൂപ ഓട്ടോറിക്ഷക്കൂലി നല്‍കേണ്ടിവരും. അതുകൊണ്ട് ആരോടും പറയാതെ വേദന കടിച്ചു തിന്ന് കഴിയും.
അങ്ങനെ ജീവിതം തള്ളിനില്‍ക്കുന്നതിനിടയില്‍ പിതാവ് ശങ്കരന്‍വാസുവിനെയും മാതാവ് അമ്മിണിയെയും മരണം കൊണ്ടു പോയി. അതോടെ ജീവിതം വീണ്ടും വഴിമുട്ടി. പങ്കപ്പാടുകളുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് ആത്മസുഹൃത്തായ ശ്രീകുമാര്‍ മീന്‍പിടിത്തത്തിലേക്ക് മനസ്സുതുറന്നുകൊടുത്തത്. വള്ളവും വലയും വാടകക്ക് എടുത്താണ് ആദ്യം നീറ്റിലിറങ്ങിയത്. പരീക്ഷണം വിജയിച്ചപ്പോള്‍ മനസ്സിന് ധൈര്യം കൈവന്നു. പിന്നെ വേദനക്ക് ഫുള്‍സ്‌റ്റോപ്പിട്ട് നഷ്ടമായ നാളുകള്‍ വീണ്ടെടുക്കാന്‍ മുരളീധരന്‍ കച്ചകെട്ടി. ഒപ്പം പിന്തുണയുമായി ഭാര്യ ശ്രീദേവിയും.
എന്താവശ്യത്തിനും ഭാര്യയുടെ സഹായമില്ലാതെ മുരളീധരന് ചലിക്കാന്‍ കഴിയില്ല. പണിതീരാത്ത വീട്ടുമുറ്റത്തുനിന്നും വീല്‍ചെയറില്‍ എത്തി ശ്രീദേവി മുരളീധരനെ പമ്പയുടെ തീരത്തെത്തിക്കും. അവിടെനിന്നും ശ്രീദേവിയുടെ സഹായത്താല്‍ വള്ളത്തില്‍ ഇരുപ്പുറപ്പിക്കും വള്ളത്തില്‍ തനിച്ചിരുന്ന് മുരളീധരന്‍ പമ്പയാറിലേക്ക് വലയെറിയും. ശ്രീദേവി കടവില്‍ നോക്കിനില്‍ക്കും. സൂര്യന്‍ കണ്ണു പൂട്ടി തുടങ്ങുമ്പോഴും നിര്‍ത്താത്ത മീന്‍പിടിത്തം അര്‍ധരാത്രിവരെ തുടരും. പിന്നെ പമ്പയാറ്റിനു കുറുകെ വലവിരിച്ച ശേഷം കരയിലേക്കടുക്കും.
പിന്നീട് പിറ്റേന്ന് പുലര്‍ച്ചെ വലയില്‍ കയറിയ മീനുകള്‍ കരക്കെത്തിക്കും. ചിലപ്പോള്‍ വല ശൂന്യമായിരിക്കും. എന്നാല്‍, ദിവസം ശരാശരി നൂറ്റിയമ്പത് രൂപയുടെ മീന്‍ വില്‍ക്കാന്‍ കഴിയണം എന്നതാണ് മുരളിയുടെ ലക്ഷ്യം.
പമ്പയാറ് കൂടാതെ സമീപത്തെ പുഞ്ചയിലും മീന്‍പിടിക്കാന്‍ പോകാറുണ്ട്. ഒരുതവണ പുഞ്ചയിലെ കാറ്റില്‍പെട്ട് വള്ളം മറിഞ്ഞു. എന്നാല്‍, അന്ന് ദൈവത്തിന്റെ കൈകളില്‍പ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ വള്ളത്തില്‍ അഭയം തേടിയ മുരളീധരനെ ദൈവദൂതനെപ്പോലെ എത്തിയ മറ്റുവള്ളക്കാരന്‍ രക്ഷിക്കുകയായിരുന്നു.പമ്പയാറ് ഇതുവരെയും ചതിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്നും ആ ഓളപ്പരപ്പില്‍ തുഴയെറിയാന്‍ ധൈര്യം കൊടുക്കുന്നത്.
സ്വപ്‌നങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം നിലച്ച വീടിന്റെ പണിപൂര്‍ത്തിയാക്കുക, പത്താംക്ലാസുകാരനായ മകന്‍ മുകേഷിന് മികച്ച വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമാണ് ഈ മനുഷ്യനില്‍ അവശേഷിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി അല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടാറുള്ള ആനുകൂല്യങ്ങളും ഈ കുടുംബത്തിന് ലഭിക്കുന്നില്ല. അഞ്ഞൂറ്റി അമ്പത് രൂപക്കാണ് ശ്രീദേവി കായംകുളത്തുനിന്നും ഒന്നര കിലോ തൂക്കമുള്ള വല വാങ്ങിവരുന്നത്. തിരുവല്ലയിലെ ക്രിസ്ത്യന്‍ സഭയാണ് വീല്‍ചെയര്‍ സൗജന്യമായി നല്‍കിയത്. വികലാംഗ പെന്‍ഷനായി ലഭിക്കുന്ന ഇരുന്നൂറ് രൂപയാണ് സര്‍ക്കാറിന്റെ ആകെയുള്ള സഹായം. ജീവിതത്തില്‍ നേരിട്ട അഗ്‌നിപരീക്ഷണങ്ങളെ മനോബലം കൊണ്ട് നേരിടുന്ന ഈ ചെറുപ്പക്കാരന്റെ ചെറുവള്ളം കാലവര്‍ഷത്തില്‍ കലിപുരണ്ട ഒഴുകുന്ന പമ്പയാറ്റില്‍ ഇപ്പോഴും ഓളങ്ങളെ കീറിമുറിച്ച് നീങ്ങുന്നു, ആരോടും പരിഭവമില്ലാതെ.