കേരളം ഇന്ന് മിസോറമിനെതിരെ
Tuesday, July 27, 2010
ക്ലസ്റ്റര്‍ മല്‍സരത്തില്‍ ഉത്തരഖണ്ഡിനെതിരെ 3-1ന് ജയിച്ചു തുടങ്ങിയ കേരളം ഹിമാചല്‍ പ്രദേശിനെ 10-0നും ഒടുവില്‍ നിര്‍ണായക പോരാട്ടത്തില്‍ അസമിനെ 5-2നും കീഴടക്കിയാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ക്ലസ്റ്റര്‍ എട്ടില്‍ രണ്ട് ജയവുമായി റെയില്‍വേക്കും മിസോറമിനും ഒറീസക്കും ആറ് പോയന്റ് വീതമായിരുന്നു സമ്പാദ്യം. ഗോള്‍ ശരാശരിയിലാണ് മിസോറം രക്ഷപ്പെട്ടത്. റെയില്‍വേ 11 ഗോളടിച്ച് രണ്ടെണ്ണം വാങ്ങിയപ്പോള്‍ മിസോറം 12 ഗോളടിച്ചു. മൂന്നെണ്ണം തിരിച്ചു വാങ്ങി. അസമിനെതിരെ തിളങ്ങിയ അതേ ഇലവനെയായിരിക്കും കോച്ച് എം.എം. ജേക്കബ് ഇന്നും കളത്തിലിറക്കുക. വിജയപ്രതീക്ഷയിലാണ് ടീമെന്ന് കോച്ച് പറഞ്ഞു. താരങ്ങളെല്ലാം ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.മുന്നേറ്റ നിരയില്‍ മലപ്പുറത്തുകാരന്‍ ഒ.കെ. ജാവേദ് തകര്‍പ്പന്‍ ഫോമിലാണ്. മധ്യനിരയില്‍ എം.പി. സക്കീറും ബിജേഷ് സെന്നും കൂട്ടരും ഗോളടിക്കാനും മിടുക്കരാണ്. ജാവേദ് അഞ്ചും സക്കീര്‍ നാലും ഗോളുകള്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അസമിനെതിരെ പ്രതിരോധം അല്‍പം പാളിയിരുന്നു. ക്യാപ്റ്റനായ ജസീര്‍ കാരണത്താണ് പ്രതിരോധം നയിക്കുന്നത്. പ്രതിരോധത്തിലെ വിള്ളല്‍ നികത്തിയാല്‍ മിസോറം മുന്നേറ്റ നിരക്ക് ജോലി കടുപ്പമാവും. ബാറിനു കീഴില്‍ ശരത്തിന് തന്നെയായിരിക്കും ചുമതല. തികഞ്ഞ പ്രതീക്ഷയിലാണ് ടീമെന്നും ക്വാര്‍ട്ടര്‍ ലീഗിലെത്തുമെന്നും നായകന്‍ ജസീര്‍ കാരണത്ത് പറഞ്ഞു. ഇന്നലെ രാവിലെ ടീം പരിശീലത്തിനിറങ്ങിയിരുന്നു. റെയില്‍വേയെ മറികടന്നെത്തിയ മിസോറമിനെ കുറച്ചു കാണാനാവില്ലെന്ന് ജസീര്‍ പറഞ്ഞു. ബിഹാറിനെതിരെ ഹാട്രിക് നേടിയ ലാല്‍റിന്‍ പുയ്യയും ബെയ്‌ക്കോഖെയും ആയിരിക്കും കേരള പ്രതിരോധത്തിന് ഭീഷണിയാവുക. ഡെംപോ താരം ജെറി സിര്‍സാംഗയും മിസോറം നിരയിലുണ്ട്. |
പുതിയ വാര്‍ത്തകള്‍ |