കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യണം: പാകിസ്താന്‍

Tuesday, February 9, 2010
ഇസ്ലാമാബാദ്: ഈ മാസം അവസാനം നടക്കുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല കൂടിക്കാഴ്ചയില്‍ കശ്മീര്‍ പ്രശ്നം അടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കാതെ തുടരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പാകിസ്താന്‍.

കശ്മീര്‍, നദീജലം പങ്കുവെക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങള്‍ക്ക് ശക്തമായ വാദങ്ങളുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം മുല്‍താനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പക്ഷേ, ചര്‍ച്ചകള്‍  വേണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ ഒത്തുതീര്‍പ്പ് മേശയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കാന്‍ തങ്ങള്‍ തയാറാവില്ല എന്ന് അദ്ദേഹം പറഞ്ഞു. 'പാകിസ്താനുമായുള്ള ബന്ധം വിച്ഛേദിച്ചു എന്ന് പറഞ്ഞ് ഉഭയകക്ഷി ചര്‍ച്ച തകര്‍ത്ത് പോയതാണ് ഇന്ത്യ. ഇപ്പോള്‍ അവര്‍ തിരിച്ചുവന്നു ചര്‍ച്ച വേണമെന്ന് പറയുന്നു. അവരുടെ സമ്മര്‍ദത്തിന് വഴങ്ങുകയോ മുട്ടുമടക്കുകയോ ചെയ്യുന്ന പ്രശ്നമില്ല' ^ഖുറൈശി പറഞ്ഞു. നയതന്ത്രപരമായി പാകിസ്താനെ ഒറ്റപ്പെടുത്താന്‍ നടത്തിയ ഇന്ത്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചക്ക് തീയതി നിശ്ചയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെ പാക് ഹൈകമീഷണര്‍ ഷാഹിദ് മാലിക് ഇസ്ലാമാബാദില്‍ എത്തിയ അവസരത്തിലാണ് ഖുറൈശിയുടെ ഈ ഇടപെടല്‍.

ഫെബ്രുവരി 18, 25 എന്നീ ദിവസങ്ങളില്‍ ഏതെങ്കിലുമാണ് ഉഭയകക്ഷി ചര്‍ച്ചക്ക് തെരഞ്ഞെടുക്കുന്നത്. വെള്ളിയാഴ്ച മാലിക് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമറാവുവുമായി ചര്‍ച്ചകളുടെ രീതികളെ കുറിച്ച് ആശയവിനിമയം നടത്തി.
സെക്രട്ടറിതല ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രധാനമന്ത്രിമാരും തമ്മിലും ചര്‍ച്ച നടക്കും.
Share/Bookmark