അറബ് ലോകത്തുനിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം പ്രവഹിക്കും

Tuesday, February 9, 2010
ന്യൂദല്‍ഹി: അറബ് ലോകത്തു നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു.

ഏതാണ്ട് 3800 കോടി ഡോളറിന്റെ  പദ്ധതികളാണ് പരിഗണനയിലുള്ളത്. ഇന്നലെ ദല്‍ഹിയില്‍ ആരംഭിച്ച രണ്ടാമത് ഇന്ത്യ^അറബ് നിക്ഷേപ പദ്ധതി സമ്മേളനം വിവിധ പദ്ധതികള്‍ വിലയിരുത്തി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൌകര്യ മേഖലയിലും മറ്റും വന്‍തുക മുതല്‍മുടക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് അറബ് രാജ്യങ്ങളിലേക്കുള്ള നിക്ഷേപത്തിന്റെ തോതും ഗണ്യമായി വര്‍ധിക്കുമെന്നാണ് സൂചന.

യു.എ.ഇ വിദേശ വാണിജ്യ മന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസ്മി ഉള്‍പ്പെടെ പതിനൊന്ന് മന്ത്രിമാരാണ് അറബ് ലോകത്തു നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. അറബ് ലീഗ് പ്രതിനിധികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേരാണ് സമ്മേളനത്തിനെത്തിയത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാറിവരുന്ന ലോക സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം ഉറപ്പു വരുത്താന്‍ അറബ് രാജ്യങ്ങള്‍ക്കു കഴിയണമെന്ന് തരൂര്‍ നിര്‍ദേശിച്ചു.

ഇന്ത്യയുമായി അറബ് രാജ്യങ്ങള്‍ക്കുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുപ്പം വാണിജ്യ രംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി ആനന്ദ് ശര്‍മ, സഈദ് അലി ഖമാസ്, അഹ്മദ് ബിന്‍ഹലി, അറബ് മന്ത്രിമാര്‍ എന്നിവരും സംസാരിച്ചു.
Share/Bookmark