Sorry, you need to install flash to see this content.

view counter

അമീനെ മാപ്പുസാക്ഷിയാക്കരുതെന്ന് കൂട്ടുപ്രതികള്‍; ഹരജി മൂന്നിലേക്കു മാറ്റി

Tuesday, July 27, 2010
അഹ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ശൈഖും ഭാര്യ കൗസര്‍ബിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ഡിവൈ.എസ്.പി ഡോ. എന്‍.കെ. അമീനെ മാപ്പുസാക്ഷിയാക്കുന്നതിനെ കേസിലെ കൂട്ടുപ്രതികളായ മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച  വാദം കേള്‍ക്കാനിരുന്ന അമീന്റെ ഹരജി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എ.ഐ. റാവല്‍ ആഗസ്റ്റ് മൂന്നിലേക്കു മാറ്റി.

കേസില്‍ പ്രതികളായി അമീനൊപ്പം സബര്‍മതി ജയിലില്‍ കഴിയുന്ന മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാര, മുന്‍ പൊലീസ് സൂപ്രണ്ടുമാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, എം.എന്‍. ദിനേശ് തുടങ്ങി എട്ടു കൂട്ടുപ്രതികളാണ് മാപ്പുസാക്ഷിയാക്കാനുള്ള ഹരജി പരിഗണിക്കുന്നതിനെ എതിര്‍ത്തത്. വിശദമായ സത്യവാങ്മൂലം കേസിന്റെ അടുത്ത വിചാരണ ദിവസം സമര്‍പ്പിക്കാമെന്ന ഇവരുടെ അഭിഭാഷകന്‍ പ്രിയേഷ് ലിംബാച്ചയുടെ വാദം അംഗീകരിച്ചാണ് കേസ് മൂന്നിലേക്കു മാറ്റിയത്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ ഞായറാഴ്ച അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് അമീന്‍ കോടതിയെ സമീപിച്ചത്. അതേസമയം, സബര്‍മതി ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും മാറ്റിപ്പാര്‍പ്പിക്കണമെന്നുമുള്ള അപേക്ഷ കോടതി നിരസിച്ചു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി 2008 ഫെബ്രുവരി 22 മുതല്‍ ജയിലില്‍ കഴിയുന്ന എന്‍.കെ. അമീന്‍ എന്നും വിവാദങ്ങള്‍ക്കൊപ്പം നിന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ബി.ജെ. മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ ജയിച്ച ഡോ. നരേന്ദ്രകുമാര്‍ അമീന്‍ എന്ന എന്‍.കെ. അമീന്‍ ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സയിലെ ദലിത് കുടുംബാംഗമാണ്. കേസില്‍ അമീനെ മാപ്പുസാക്ഷിയാക്കിയാല്‍ ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രമുഖരില്‍ പലരും കുടുങ്ങുമെന്നാണ് സൂചന.

കേസിന്റെ വിചാരണക്കിടെ ഈ വര്‍ഷം മേയ് 18ന് സൊഹ്‌റാബുദ്ദീന്‍-കൗസര്‍ബി കൊലക്കു പിന്നില്‍ പൊലീസും രാഷ്ട്രീയ ക്രിമിനലുകളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് 40കാരനായ അമീന്‍ കോടതിയില്‍ തുറന്നു പറഞ്ഞിരുന്നു. നേരത്തെ സഹപ്രവര്‍ത്തകയായ പൊലീസ് ഓഫിസര്‍ ഗീത ജോഹ്‌റിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമീന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ ഡ്രൈവര്‍ നതുബ ജദേജയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമീന്‍ പിടിയിലാവുന്നത്. കേസിലെ നിര്‍ണായക വിവരങ്ങളറിയുന്ന തന്നെ കൊല്ലാന്‍ ജയിലില്‍ ഗൂഢാലോചന നടക്കുന്നതായി ചൂണ്ടിക്കാട്ടി 2008 ഡിസംബറില്‍ അമീന്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

2004ല്‍ ഇശ്‌റത് ജഹാനും ജാവേദ് പിള്ളയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലും അമീന്റെ സര്‍വീസ് റിവോള്‍വറില്‍നിന്ന് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലുള്ള ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഇശ്‌റത്തിന്റെ മാതാവും ജാവേദിന്റെ പിതാവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് മുന്‍ അഭ്യന്തരമന്ത്രി ഹരിണ്‍ പാണ്ഡെ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന അമീന്റെ സര്‍വീസ് റിവോള്‍വറില്‍നിന്ന് വെടിയേറ്റു ഹൈദരാബാദില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് 2004 ഒക്‌ടോബറില്‍ മൗലാനാ നസിറുദ്ദീന്‍ എന്നയാളെ അറസ്റ്റുചെയ്യാന്‍ ഹൈദരാബാദിലേക്കു പോയ പൊലീസ് സംഘത്തെ കുടുംബാംഗങ്ങളും നാട്ടുകാരും എതിര്‍ത്തപ്പോഴാണ് വെടിവെച്ചത്. യുവാവായ മുജാഹിദ് സലീമാണ് കൊല്ലപ്പെട്ടത്. 2000 ഏപ്രിലില്‍ ബഹുരാഷ്ട്ര കമ്പനി ഉമ്പര്‍ഗാവില്‍ സ്വകാര്യ പോര്‍ട്ട് സ്ഥാപിക്കുന്നതിനെ എതിര്‍ത്തതിന് അറസ്റ്റിലായ റിട്ട. കേണല്‍ പ്രതാപ് സാവെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും അമീന്റെ പങ്ക് ചോദ്യംചെയ്യപ്പെട്ടിരുന്നു.

ഫാത്തിമ തന്‍വീര്‍

Share/Bookmark