Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഗോൾഡൻ കോച്ച്

ഗോൾഡൻ കോച്ച്

text_fields
bookmark_border
ഗോൾഡൻ കോച്ച്
cancel

തേഞ്ഞിപ്പലം: ചാനൽ കാമറകൾക്കും പത്രഫോട്ടോഗ്രാഫർമാർക്കും മുന്നിൽ കെ. രാമചന്ദ്രൻ എന്ന സുവർണ പരിശീലകനെ കാണുന്നത് അപൂർവമാണ്. ഈ ദ്രോണാചാര്യെൻറ മികവിൽ സ്വർണം കൊയ്ത് മുന്നേറുകയാണ് പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്​.എസിലെ കുട്ടികൾ.

കൗമാരതാരങ്ങളുടെ കലവറയായ കല്ലടി സ്​കൂളിെൻറ ‘ബഹളങ്ങളില്ലാത്ത’ പരിശീലകനാണ് ഈ 40കാരൻ. സി. ബബിതയടക്കമുള്ള ശിഷ്യകളും മുഹമ്മദ് അജ്മലടക്കമുളള ശിഷ്യന്മാരും നിറഞ്ഞാടിയപ്പോൾ രാമചന്ദ്രന് ഗുരുദക്ഷിണയായി കിട്ടിയത് ഏഴ് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും. അവസാനദിനമായ ചൊവ്വാഴ്ച അഞ്ച് സ്വർണമാണ് വ്യക്തിഗതയിനത്തിൽ രാമചന്ദ്രസംഘം പ്രതീക്ഷിക്കുന്നത്. സർവകലാശാല തലത്തിൽ പലവട്ടം ഓടിയ അതേ മൈതാനത്തിലെ മെഡൽക്കൊയ്ത്ത് ഇദ്ദേഹത്തിന് കൂടുതൽ സന്തോഷമേകുന്നു.

അഞ്ചുവർഷം മുമ്പ് കല്ലടിയിലെത്തിയ ഈ കോച്ച്  പോൾവാൾട്ട് ഒഴികെ മിക്കയിനങ്ങളിലും തന്ത്രങ്ങളോതാൻ മിടുക്കനാണ്. ലോക സ്​കൂൾ മീറ്റിലടക്കം തിളങ്ങിയ സി. ബബിതയാണ് രാമചന്ദ്രെൻറ കളരിയിലെ പ്രധാന ആയുധം. തിങ്കളാഴ്ച 1500 മീറ്ററിലെ സൂപ്പർപോരാട്ടത്തിൽ അബിത മേരി മാനുവലിനെയും അനുമോൾ തമ്പിയെയും മറികടന്ന് രാവിലെ തന്നെ ബബിത ഗോൾഡൻ ഡബ്ൾ തികച്ചിരുന്നു. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലായിരുന്നു ബബിതയുടെ ആദ്യസ്വർണം. അതും ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം.

മൂന്നാം ദിനത്തിലെ മറ്റൊരു ഗോൾഡൻ ഡബ്ൾ താരം സി. ചാന്ദ്നിയും കല്ലടിയിൽ നിന്നാണ്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ആദ്യദിനം സ്വർണം നേടിയ ചാന്ദ്നി 1500ലും പൊന്നണിഞ്ഞു. അതിവേഗക്കാരനായ അജ്മലാണ് മറ്റൊരു ശിഷ്യൻ. അവസാനദിനം 200  മീറ്ററിലും ജേതാവായി സ്​പ്രിൻറ് ഡബ്ളിനായി കാത്തിരിക്കുകയാണ് അജ്മൽ. 400 മീറ്റർ ഹർഡ്ൽസിൽ ഇരുവിഭാഗങ്ങളിലും സ്വർണം നേടിയ  മുഹമ്മദ് അനസും അനില വേണുവുമാണ് കായികോത്സവത്തിൽ രാമചന്ദ്രന് മഞ്ഞപ്പതക്കം എത്തിച്ചുകൊടുത്ത മറ്റ് താരങ്ങൾ.

മണ്ണാർക്കാട് തിരുവിഴാംകുന്ന് കണ്ണമ്പുള്ളി വീട്ടിൽ രാമചന്ദ്രൻ കാലിക്കറ്റ് സർവകലാശാല ക്രോസ്​കൺട്രി ടീമിൽ അംഗമായിരുന്നു. വാണിയംകുളം സ്​കൂൾ ടീമിനെ പരിശീലിപ്പിച്ചിരുന്ന അദ്ദേഹം പിന്നീട് കല്ലടിയിലെത്തുകയായിരുന്നു. രാമചന്ദ്രെൻറ കീഴിൽ പരിശീലിക്കുന്ന 17 പേരാണ് തേഞ്ഞിപ്പലത്തെത്തിയത്. സ്​കൂളിൽ 25 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. രാവിലെ 6.15 മുതൽ 9.30 വരെയും വൈകീട്ട് 4.15 മുതലുമാണ് പരിശീലനം. ഇദ്ദേഹത്തിെൻറ ശിഷ്യരായിരുന്ന ആർ. അനൂജും പി.എസ്​. നിഷയും പി.എസ്​. നിഖിലുമെല്ലാം സംസ്​ഥാന സ്​കൂൾ കായികമേളയിലും സർവകലാശാല തലത്തിലും സ്വർണം നേടിയവരാണ്. മകൻ കെ.ആർ. രജിൽ ഹർഡ്ൽസ്​ താരമാണ്. ബിബിൻ, ജിബിൻ എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ ബീന.

അവസാന ദിനം ബബിത, ചാന്ദ്നി, മുഹമ്മദ് അജ്മൽ, അഞ്ജലി ജോൺസൺ, ജിഷ്ണ എന്നിവർ സ്വർണമണിയുമെന്ന് രാമചന്ദ്രന് ഉറപ്പാണ്. റിലേകളിൽ മത്സരിക്കുന്ന ബബിതയും അനിലയും പാലക്കാട് ടീമിന് സ്വർണം സംഭാവന ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും 60ാം മേളയിലെ മികച്ച പരിശീലകരിലൊരാളായ രാമചന്ദ്രൻ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coachatheleticsk. ramachandran
News Summary - golden coach
Next Story