Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightജയിച്ചുകയറുന്ന ...

ജയിച്ചുകയറുന്ന  കോഹ്ലിപ്പട

text_fields
bookmark_border
ജയിച്ചുകയറുന്ന  കോഹ്ലിപ്പട
cancel
ഇന്ദോര്‍: 16 ടെസ്റ്റുകള്‍. അതില്‍ പത്തിലും ജയം. അഞ്ചെണ്ണം സമനില. തോല്‍വി വെറും ഒരു മത്സരത്തില്‍ മാത്രം. ഒടുവിലത്തെ നാലു പരമ്പരകളിലും വിജയം. സമീപകാല ക്രിക്കറ്റില്‍ അസൂയപ്പെടുത്തുന്ന നേട്ടം. വിരാട് കോഹ്ലിയും സംഘവും കുതിക്കുകയാണ്, ലോക ക്രിക്കറ്റിലെ ഒന്നാം റാങ്കുമായി. 

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലും വിജയിച്ചപ്പോള്‍ത്തന്നെ ഇന്ത്യ ഐ.സി.സി റാങ്കിങ്ങില്‍ പാകിസ്താനെ മറികടന്ന് ഒന്നാമതത്തെിയിരുന്നു. എന്നാല്‍, സ്ഥാനം ഉറപ്പിക്കാന്‍ മൂന്നാം ടെസ്റ്റിലെ ജയം അനിവാര്യമായിരുന്നു. ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിനു വേദിയായ ഇന്ദോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ 321 റണ്‍സിന് കിവികളെ അരിഞ്ഞുവീഴ്ത്തി ഇന്ത്യ അതു നേടി. റണ്ണുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ജയം. 115 പോയന്‍റുമായി അനിഷേധ്യമായ ഒന്നാം സ്ഥാനം. ഇതോടെ 111 പോയന്‍റുമായി പാകിസ്താന്‍ രണ്ടാം സ്ഥാനത്തായി. 2014 ഡിസംബറില്‍ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ നാടകീയമായി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വിരമിച്ചപ്പോള്‍ നായകസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന കോഹ്ലിക്കു പകരം മറ്റൊരാളെക്കുറിച്ച് ടീം മാനേജ്മെന്‍റിന് ചിന്തിക്കേണ്ടിവന്നിട്ടില്ല. 
 

2014ല്‍ ആസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ താല്‍ക്കാലിക ക്യാപ്റ്റനായി ചുമതലയേറ്റപ്പോള്‍ തോല്‍വിയോടെ തുടങ്ങാനായിരുന്നു കോഹ്ലിയുടെ നിയോഗം. പക്ഷേ, ആ തോല്‍വിയും പോരാട്ടത്തോടെയായിരുന്നു. ജയം മണത്തശേഷം 48 റണ്‍സിന് പരാജയം സമ്മതിക്കുകയായിരുന്നു. 
രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍സി ധോണി ഏറ്റെടുത്തെങ്കിലും നാലു വിക്കറ്റിനു തോല്‍വിതന്നെ ഫലം. മൂന്നാം ടെസ്റ്റില്‍ ധോണിയുടെ നായകത്വത്തില്‍ സമനില. നാലാം ടെസ്റ്റ് തുടങ്ങുന്നതിനു മുമ്പായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ധോണി ടെസ്റ്റ് കളി മതിയാക്കിയെന്നു പ്രഖ്യാപിച്ചു. കപ്പിത്താന്‍ നടുക്കടലില്‍ ചാടിയ കപ്പലിനെ ഉലയാതെ തീരമടുപ്പിക്കുന്ന രക്ഷാദൗത്യമായിരുന്നു നാലാം ടെസ്റ്റില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ കോഹ്ലിക്കു നിര്‍വഹിക്കാനുണ്ടായിരുന്നത്. അദ്ദേഹമത് ഭംഗിയായി നിര്‍വഹിച്ചു. നാലാം ടെസ്റ്റില്‍ സമനില വീണ്ടെടുത്തു.  ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് മഴയില്‍ മുങ്ങി. പക്ഷേ, ലങ്കന്‍ പര്യടനത്തില്‍ കോഹ്ലി ചരിത്രമെഴുതി. 23 വര്‍ഷത്തിനു ശേഷം ആദ്യമായി ലങ്കയില്‍ ഇന്ത്യ പരമ്പരവിജയം ആഘോഷിച്ചു. 
 

അടുത്തത് ദക്ഷിണാഫ്രിക്കക്കെതിരായ ഊഴമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുമായി ഇന്ത്യയില്‍ പോരിനിറങ്ങിയ ദക്ഷിണാഫ്രിക്ക 3-0ത്തിന് പരമ്പര അടിയറവെച്ചു. കരീബിയന്‍ മണ്ണിലായിരുന്നു അടുത്ത അങ്കം. തന്‍െറ കന്നി ഡബ്ള്‍ സെഞ്ച്വറി മികവില്‍ ആദ്യ ടെസ്റ്റ് 192 റണ്‍സിന് വിജയിച്ച കോഹ്ലി രണ്ടാം ടെസ്റ്റില്‍ സമനില വഴങ്ങിയെങ്കിലും മൂന്നാം ടെസ്റ്റില്‍ 237 റണ്‍സിന്‍െറ വിജയം പിടിച്ചെടുത്ത് വിദേശ മണ്ണിലെ തുടര്‍ച്ചായായ രണ്ടാം പരമ്പരനേട്ടം ആഘോഷിച്ചു. 
ക്യാപ്റ്റനായശേഷമുള്ള 16 ടെസ്റ്റുകളില്‍ രണ്ട് ഡബ്ള്‍ സെഞ്ച്വറി. 48 റണ്‍സ് ശരാശരിയില്‍ നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുംകൂടി കുറിച്ചാണ് കോഹ്ലി ടീമിനെ മുന്നില്‍നിന്ന് നയിക്കുന്നത്. ടീമിന് അത്യാവശ്യമുള്ള സമയത്ത് നായകന്‍തന്നെ കരുത്തുകാട്ടി മറ്റുള്ളവര്‍ക്കു പ്രചോദനമേകുന്നു.
കോഹ്ലിയുടെ നായകത്വത്തില്‍ മറ്റുള്ളവരുടെ പ്രകടനവും മികച്ചുനിന്നു. 59.47 റണ്‍സ് ശരാശരിയില്‍ അജിന്‍ക്യ രഹാനെ നേടിയത് 1132 റണ്‍സാണ്. കോഹ്ലി 1007 റണ്‍സ് നേടിയപ്പോള്‍ ചേതേശ്വര്‍ പുജാര അടിച്ചെടുത്തത് 782 റണ്‍സ്.ബൗളിങ്ങില്‍ രവിചന്ദ്ര അശ്വിന്‍െറ തേരോട്ടമായിരുന്നു. 101 വിക്കറ്റുകളാണ് കോഹ്ലിയുടെ നായകത്വത്തില്‍ അശ്വിന്‍ വീഴ്ത്തിയത്. 40 വിക്കറ്റുമായി ജദേജയും മികച്ച പ്രകടനവുമായി ഷമിയും ഒപ്പം നിന്നു.

സ്വന്തം നാട്ടിലെ സ്പിന്നിന് അനുകൂലമായ  പിച്ചിലായിരുന്നു ഇന്ത്യന്‍ വിജയഗാഥ എന്ന വിമര്‍ശമുണ്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലും നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തിയത് പേസ് ബൗളര്‍മായിരുന്നു എന്നതും ഇരു ടീമുകള്‍ക്കും മുന്‍തൂക്കം ലഭിക്കുന്ന വിധത്തിലായിരുന്നു ഈ മത്സരങ്ങള്‍ എന്നതും ശ്രദ്ധിക്കേണ്ടതാണ്.  അതേസമയം, വിമര്‍ശകരെ ശരിവെക്കുന്ന വിധമായിരുന്നു മൂന്നാം ടെസ്റ്റ് നടന്ന ഇന്ദോറിലേത്. പക്ഷേ, ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വട്ടംകറക്കിയ സ്പിന്‍ മികവ് മിച്ചല്‍ സാന്‍റ്നറിനും ജീതന്‍ പട്ടേലിനുമൊന്നും പുറത്തെടുക്കാനുമായില്ല. ഏതു പിച്ചിലും ഏതു സാഹചര്യത്തിലും കളിക്കാന്‍ ഈ ടീം ശക്തമാണെന്ന് വിരാട് കോഹ്ലി ആവര്‍ത്തിക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. വരാനിരിക്കുന്ന ഇംഗ്ളണ്ടിന്‍െറയും ബംഗ്ളാദേശിന്‍െറയും ദക്ഷിണാഫ്രിക്കയുടെയും പര്യടനങ്ങളില്‍ ഈ മികവ് തുടരുമെന്ന് കോഹ്ലി ഉറപ്പിച്ചുപറയുന്നത് യുവനിരയിലുള്ള തികഞ്ഞ വിശ്വാസത്തോടെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india new zealand
Next Story