Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമാധ്യമത്തിനും...

മാധ്യമത്തിനും മീഡിയവണിനും വേണ്ടി റിയോ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍െറ കായിക മാമാങ്ക സ്മരണകള്‍

text_fields
bookmark_border
മാധ്യമത്തിനും മീഡിയവണിനും വേണ്ടി റിയോ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍െറ കായിക മാമാങ്ക സ്മരണകള്‍
cancel

റിയോയില്‍ ബസിറങ്ങിയത് നേരെ പട്ടാള സംഘത്തിനിടയിലേക്കാണെന്ന് പറഞ്ഞാല്‍ മതിയല്ളോ. സാവോപോളോയില്‍ വിമാനമിറങ്ങി ഏഴു മണിക്കൂര്‍ മനംനിറച്ച പ്രകൃതിക്കാഴ്ചകള്‍ കണ്ടുള്ള ബസ് യാത്രക്കൊടുവിലാണ് പട്ടാളപരിശോധന. പെട്ടിയും തോള്‍ബാഗും തുറന്നുകാണിച്ചു. ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ്, ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ് എന്നെല്ലാം പറഞ്ഞുനോക്കി. ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷയില്‍ കര്‍ശനമായി എന്തൊക്കെയോ പറയുന്നുണ്ട്. അവസാനം പെട്ടിയിലെ മീഡിയവണ്‍ മൈക്കും കേബ്ളും കണ്ടപ്പോഴാണ് തോക്കുധാരിക്ക് കാര്യം മനസ്സിലായത്. അതോടെ അയഞ്ഞു, ചിരിച്ചു. ബോട്ടഫോഗോ എന്ന സ്ഥലത്ത്  ബുക്ചെയ്ത ഹോട്ടലിന്‍െറ വിലാസം കാണിച്ചുകൊടുത്തു. എന്നെയും കൂട്ടി ടാക്സികള്‍ നിരനിരയായി നിര്‍ത്തിയിടത്ത് ചെന്നാക്കി. നിറഞ്ഞ ചിരിയോടെ യാത്രയയച്ചു.

നല്ല മനുഷ്യര്‍, സഹൃദയര്‍, സഹായ സന്നദ്ധര്‍. പക്ഷേ, എല്ലാത്തിനും വിലങ്ങുതടിയായി ഭാഷ. ഒരു അന്താരാഷ്ട്ര ഭാഷയുടെ ആവശ്യകത ഇത്തരം യാത്രകളിലാണ് നമുക്ക് ബോധ്യപ്പെടുക. മികച്ച സംഘാടനത്തിലൂടെ ഗംഭീര വിജയമായിരുന്നു റിയോ ഒളിമ്പിക്സ്. പക്ഷേ, 206 രാജ്യങ്ങളില്‍നിന്ന് വരുന്നവരെ സഹായിക്കാന്‍ ഇംഗ്ളീഷ് ഭാഷ അറിയുന്നവരെ സജ്ജരാക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. മുറി ഇംഗ്ളീഷ് അറിയുന്നവര്‍പോലും വിരളം. റസ്റ്റാറന്‍റുകളിലും ബസ്, ട്രെയിന്‍ സ്റ്റേഷനുകളിലുമെല്ലാം അറിയിപ്പ് ബോര്‍ഡുകളെല്ലാം പോര്‍ചുഗീസിലായതും കുഴക്കി. അരലക്ഷത്തോളം വളന്‍റിയര്‍മാര്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കിയ ഇംഗ്ളീഷ് പരിശീലനം ഫലപ്രദമായിരുന്നില്ളെന്ന് അവരുമായി സംസാരിക്കുമ്പോള്‍ മനസ്സിലാകും.

ബ്രസീല്‍ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത് ഇങ്ങനെയൊക്കെയാണ്. ഇന്ത്യയെപ്പോലെ വികസ്വര ജനാധിപത്യ രാജ്യം. അഴിമതിയും ദാരിദ്ര്യവും ഇനിയും ഉച്ചാടനം ചെയ്തിട്ടില്ല.  ദാരിദ്ര്യത്തിന്‍െറ വഴിയോരക്കാഴ്ചകള്‍ സാവോപോളോയില്‍ ധാരാളം. വഴിയരികിലും പാലങ്ങള്‍ക്കടിയിലും കൂടാരമുണ്ടാക്കിയും അല്ലാതെയും ജീവിക്കുന്നവര്‍. മുഷിഞ്ഞവേഷത്തില്‍ തെരുവില്‍ അലയുന്നവര്‍. റിയോയിലത്തെിയതോടെ ഇത്തരം കാഴ്ചകള്‍ കുറഞ്ഞു. നഗരത്തിലും ഗ്രാമങ്ങളിലുമെല്ലാം സമ്പന്നതയുടെ പൊലിമയുള്ള കാഴ്ചകള്‍ പൊതുവെ വിരളമായിരുന്നു. കൊച്ചുകൊച്ചു വീടുകളാണ് കൂടുതലും. അധികവും ഓടിട്ടവ. പിന്നെ ഫ്ളാറ്റ്സമുച്ചയങ്ങളും. കേരളത്തെപ്പോലെ കൂറ്റന്‍ ചുറ്റുമതിലുകെട്ടിപ്പൊക്കിയ ആര്‍ഭാട വീടുകള്‍ എങ്ങും കണ്ടില്ല.   ലക്ഷക്കണക്കിനാളുകള്‍ താമസിക്കുന്ന ഫവേലകള്‍ എന്ന ചേരി സമാന കൂരകളുടെ സമുദ്രങ്ങള്‍ വേറെ. ആകെ 20 കോടി ജനങ്ങളില്‍ മുക്കാല്‍ പങ്കും ജീവിക്കുന്നത്  നഗരങ്ങളിലാണ്. അരനൂറ്റാണ്ട് മുമ്പുതന്നെ പകുതിയിലേറെ ജനം ഗ്രാമങ്ങളിലായിരുന്നെങ്കില്‍ 2015ലെ യു.എന്‍ കണക്കനുസരിച്ച് 86 ശതമാനം നഗരങ്ങളിലാണ് താമസിക്കുന്നത്. ജീവിതമാര്‍ഗം തേടി ഗ്രാമങ്ങളില്‍നിന്നുള്ള കൂട്ടകുടിയേറ്റത്തിന്‍െറ ഫലം. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധിയില്ലാത്തതുകാരണം ഭൂമി കൂടുതലും ഭൂപ്രഭുക്കന്മാരുടെ കൈകളിലാണ്.

പക്ഷേ, വികസനത്തില്‍  ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍. രണ്ടു പ്രധാന നഗരങ്ങളായ സാവോപോളോയിലും റിയോ ഡെ ജനീറോയിലും സഞ്ചരിച്ചപ്പോള്‍ അത് വ്യക്തമായി. എടുത്തുപറയേണ്ടത് മികച്ച റോഡുകളും ശക്തമായ പൊതുഗതാഗത സംവിധാനങ്ങളുമാണ്. ഭൂഗര്‍ഭ റെയില്‍ പാതകളാണ് നഗരത്തിന്‍െറ ജീവനാഡി. ലക്ഷക്കണക്കിനാളുകളാണ് ദിവസവും ഇവ ഉപയോഗിക്കുന്നത്.  ഓരോ അഞ്ചുമിനിറ്റിലുമെന്നോണം അവ സര്‍വിസ് നടത്തുന്നു. തീര്‍ത്തും കാര്യക്ഷമം. അതുകൊണ്ടുതന്നെ കാറുകളുടെയും ബൈക്കുകളുടെയും പെരുപ്പമോ ഗതാഗതക്കുരുക്കോ റോഡില്‍ കാണാനില്ല. റോഡുകളെല്ലാം വീതിയും വൃത്തിയുമുള്ളവ. റിയോയിലെ മുഖ്യ ബസ്സ്റ്റേഷന്‍ വിമാനത്താവളം പോലെയുണ്ട്. ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനുമെല്ലാം അതിനകത്തുതന്നെ സൗകര്യമുണ്ട്.  ഒളിമ്പിക്സിനുവേണ്ടിയുള്ള മുഖംമിനുക്കലിന്‍െറ ഭാഗമല്ല ഈ സൗകര്യങ്ങള്‍. ഒളിമ്പിക്സിനായി നഗരത്തിന്‍െറ രണ്ടു മൂലകള്‍ പുതുതായി വികസിപ്പിച്ചെടുക്കുകയായിരുന്നു. അവിടേക്കായി ഭൂഗര്‍ഭ റെയില്‍ അല്‍പം നീട്ടി. പുതിയ അതിവേഗ ബസ് പാത പണിതു. സമ്പത്തുകൊണ്ട് സാഫല്യം നേടിയവരല്ല ഭൂരിഭാഗമെങ്കിലും ജനം ഉന്മേഷവാന്മാരും ഉല്ലാസപ്രിയരുമാണ്. ബ്രസീലുകാര്‍ തനിച്ച് സഞ്ചരിക്കുന്നത് അപൂര്‍വ കാഴ്ചയായിരുന്നു. ഒന്നുകില്‍ ഇണകള്‍ക്കൊപ്പം അല്ളെങ്കില്‍ കൂട്ടമായി. ബിയറാണ് മുഖ്യ പാനീയം. ഏതു പെട്ടിക്കടയിലും കിട്ടും. കുട്ടികള്‍ വരെ പരസ്യമായി ബിയറും കുടിച്ചുനടക്കുന്നു.


ഒളിമ്പിക്സ് വേദികളില്‍നിന്ന് വേദികളിലേക്കുള്ള മൂന്നാഴ്ചയോളം നീണ്ട സഞ്ചാരം ഇത്തരം വിസ്മയവും വ്യത്യസ്തതയും പകര്‍ന്ന കാഴ്ചകളാലും  മറക്കാനാവാത്ത അനുഭവങ്ങളാലും സമ്പുഷ്ടമായിരുന്നു. വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള ഫുട്ബാള്‍ ഫൈനല്‍ മത്സരം കാണാന്‍പോയത് അതിലൊന്ന്.  ഒരു ജനത കാല്‍പന്തുകളിയെ എത്രമാത്രം ആഴത്തിലാണ് മനസ്സില്‍ പ്രതിഷ്ഠിച്ചതെന്ന് ബോധ്യമായ സായാഹ്നം. ഉച്ചമുതല്‍ സ്റ്റേഡിയം ലക്ഷ്യമാക്കി നിറഞ്ഞൊഴുകുന്ന ട്രെയിനുകളും ബസുകളും. മുഖത്തും ദേഹത്തും ചായം പുരട്ടിയും അലങ്കാരവേഷം ധരിച്ചും പതിനായിരങ്ങള്‍. പെനാല്‍റ്റി ഷൂട്ടൗട്ട് വരെയായി രണ്ടരമണിക്കൂറോളം നീണ്ട കളിയില്‍ ഒരുനിമിഷം പോലും അവര്‍ വെറും കാഴ്ചക്കാരനായി ഇരുന്നിട്ടില്ല. ആര്‍ത്തുവിളിച്ചും ആരവം മുഴക്കിയും തിരമാലകള്‍ തീര്‍ത്തും പാട്ടുപാടിയും അവര്‍ സ്റ്റേഡിയം ഉത്സവപ്പറമ്പാക്കി.  60,000ത്തിലേറെ പേര്‍ ഒത്തുകൂടി ആര്‍ത്തുവിളിച്ചാല്‍ ഉണ്ടാകുന്ന പരമാവധി ശബ്ദം എത്രയാണെന്നറിയണമെങ്കില്‍ നെയ്മര്‍ ആദ്യ ഗോളടിച്ച നിമിഷം യൂട്യൂബില്‍നിന്ന് ഒന്നുകൂടി കണ്ടുനോക്കുക. എതിരാളി ഭീഷണിയുമായി ഗോള്‍മുഖത്തത്തെുമ്പോഴും നിശ്ശബ്ദതയില്ല. പകരം ഉത്കണ്ഠയുടെ ‘ശ്ശ്ശ്’ ശബ്ദം ഒറ്റ കണ്ഠനാളത്തില്‍നിന്നെന്നപോല്‍ സ്റ്റേഡിയത്തില്‍ കൊടുങ്കാറ്റ് തീര്‍ക്കും. ബ്രസീലുകാരെ ഒന്നാക്കുന്നത് ഈ കായികബോധമാണ്. ലോകം മുഴുവന്‍ ബ്രസീലിനെ അറിയുന്നത് പെലെ മുതലുള്ള താരങ്ങളുടെ പന്തുമായുള്ള നൃത്തച്ചുവടുകളിലൂടെയാണ്.


കായികബോധമേറെയുള്ള ഈ ജനതതന്നെയാണ് ജമൈക്കയില്‍നിന്ന് വന്ന ഉസൈന്‍ ബോള്‍ട്ടിന്‍െറ ഓട്ടം കാണാന്‍ വന്‍തുക മുടക്കി ഗാലറിയിലത്തെിയതും ആര്‍പ്പുവിളിച്ചതും. ഒരു മനുഷ്യന്‍ ലോകത്തോളം വളര്‍ന്നാല്‍ ആരാകുമെന്ന് ചോദിച്ചാല്‍ ഉസൈന്‍ ബോള്‍ട്ടാകുമെന്ന് പറയാം. ബോള്‍ട്ടിന്‍െറ ഒളിമ്പിക്സായിരുന്നു ഇത്. ആ ഓട്ടം നേരില്‍ കാണുന്നതിന്‍െറ മഹാ ആനന്ദം അനുഭവിക്കുകതന്നെ വേണം. ഭൂഗര്‍ഭ അറയില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് വേഗരാജാവ് കയറിവരുന്നത് മുതല്‍ ഗാലറിയിലേക്ക് പടരുന്ന വൈദ്യുതി തരംഗം ഓട്ടവും വിജയാഘോഷവും ആനന്ദനൃത്തവുമെല്ലാം കഴിഞ്ഞിട്ടേ അലയടി നിര്‍ത്തൂ. സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ നിലയുറപ്പിച്ച് വെടിപൊട്ടുന്ന ഒരു നിമിഷം സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയിലേക്ക് വീണുപോകുന്ന സ്റ്റേഡിയം അടുത്തനിമിഷം താരക്കുതിപ്പില്‍ ഇരമ്പിയാര്‍ക്കും. ബോള്‍ട്ടിനുമാത്രം സാധിക്കുന്ന മാസ്മരികത. അദ്ദേഹത്തിന്‍െറ നോട്ടവും ആംഗ്യങ്ങളും കോപ്രായങ്ങളുമെല്ലാം മതിമറന്ന് ആസ്വദിക്കുന്ന ജനം. ബോള്‍ട്ടിന്‍െറ പ്രകടനം ഏതാനും സെക്കന്‍ഡുകള്‍ നീളുന്ന ഓട്ടം മാത്രമല്ല. നീണ്ടൊരു ഷോയാണത്.റിയോയില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് കഴിഞ്ഞ രണ്ടു ഒളിമ്പിക്സിലെയും പോലെ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സായിരുന്നു. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും. ഫെല്‍പ്സിനെ കുറച്ചുനേരം നോക്കിനിന്നാല്‍ വാലും ചിറകുകളുമെല്ലാമുള്ള ഒരു മത്സ്യരൂപം മനസ്സില്‍ രൂപപ്പെടും. സമാനതകളില്ലാത്ത ജലജീവിതം ഇതുവരെ നേടിയത് 23 സ്വര്‍ണമുള്‍പ്പെടെ 28 മെഡല്‍. 120 വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ നേടിയത് ഒമ്പത് സ്വര്‍ണമടക്കം 28 മെഡലുകള്‍.


വീണിടത്തുനിന്ന് ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ച് എഴുന്നേറ്റ് ഓട്ടം തുടര്‍ന്ന് ലണ്ടനിലെ ഇരട്ടസ്വര്‍ണം നിലനിര്‍ത്തിയ ബ്രിട്ടന്‍െറ ദീര്‍ഘദൂര ഓട്ടക്കാരന്‍ മുഹമ്മദ്് ഫറ, ജിംനാസ്റ്റിക്സില്‍ നാലു സ്വര്‍ണം നേടിയ അമേരിക്കയുടെ കറുപ്പന്‍ താരം സിമോണ്‍ ബൈല്‍സ് എന്ന 19കാരി... റിയോയിലെ മറക്കാനാകാത്ത പ്രതിഭകള്‍. 125 കോടി ജനതക്ക് ആഘോഷിക്കാന്‍  11ാം ദിവസം വരെ കാത്തിരിക്കേണ്ടിവന്നു. അന്ന് സാക്ഷി മാലിക് എന്ന ഹരിയാനക്കാരി ഗോദയില്‍ കിര്‍ഗിസ്താന്‍കാരിയെ മലര്‍ത്തി വീഴ്ത്തുമ്പോഴും ത്രിവര്‍ണ പതാക റിയോയില്‍ ആദ്യമായി പറന്നപ്പോഴും സാക്ഷിയായത് വല്ലാത്തൊരു നിര്‍വൃതിയോടെയായിരുന്നു. കൊച്ചു രാജ്യങ്ങള്‍പോലും  സ്വര്‍ണമടക്കം മാറിലണിഞ്ഞ് വിലസിയപ്പോള്‍ ഇന്ത്യ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നുണ്ടോ എന്ന സംശയമായിരുന്നു പലര്‍ക്കും.  രണ്ടുദിവസം കഴിഞ്ഞ് ഹൈദരാബാദുകാരി പി.വി. സിന്ധുവിന്‍െറ വെള്ളി മെഡല്‍പോരാട്ടവും മനസ്സില്‍ മായാതെ നില്‍ക്കുന്നു. സ്വര്‍ണം കൊതിച്ചുപോയ മത്സരം. എങ്കിലും, ലോക ഒന്നാം നമ്പറിനോട് തോറ്റത് വീരോചിതം. മെഡലുകാരികള്‍ രണ്ടുപേരും ഒളിമ്പിക്സിലെ അരങ്ങേറ്റക്കാര്‍. ഇന്ത്യക്ക് ഒരു മേല്‍വിലാസവുമില്ലാത്ത ജിംനാസ്റ്റിക്സില്‍ ത്രിപുരയില്‍നിന്നുള്ള ദീപ കര്‍മാകര്‍ നാലാം സ്ഥാനത്തത്തൊന്‍ കാണിച്ച മെയ്വഴക്കം ലോകത്തെ അതിശയിപ്പിച്ചു. പത്തു മെഡല്‍ പ്രതീക്ഷിച്ചത് രണ്ടിലൊതുങ്ങി. 67ാം സ്ഥാനം. സിംഗപ്പൂരും ഫിജിയുമെല്ലാം ആദ്യ സ്വര്‍ണം നേടി മുകളിലുണ്ട്. എങ്കിലും ഒരു സുഹൃത്ത് പറഞ്ഞപോലെ ഇനി ബംഗ്ളാദേശിനെയും ശ്രീലങ്കയെയും പാകിസ്താനെയും നേപ്പാളിനെയുമൊക്കെ  നമുക്ക് അഹങ്കാരത്തോടെ നോക്കാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story