Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഒന്നും ചൊല്ലി, രണ്ടും...

ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നും ചൊല്ലി...

text_fields
bookmark_border
ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നും ചൊല്ലി...
cancel

1982ല്‍ ബോളിബുഡിലെ ബിഗ്ബാനറിന്‍െറ ഉടമയായ ബി.ആര്‍. ചോപ്ര ഒരു മുസ് ലിം കുടുംബ കഥ പ്രമേയമാക്കി ബിഗ് ബജറ്റ് സിനിമ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനു കണ്ടുവെച്ച പേര് ‘ത്വലാഖ്, ത്വലാഖ്’, ത്വലാഖ്’ എന്നായിരുന്നു. ബിസിനസിന്‍റെ തിരക്കില്‍ ഭാര്യയെ സ്നേഹിക്കാനോ അവരുടെ വേദനകള്‍ മനസ്സിലാക്കാനോ സമയം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ഭര്‍ത്താവ്, ഒരു ക്ഷണിക കോപത്തില്‍ മൂന്നുവട്ടം ത്വലാഖ് ചൊല്ലി ദാമ്പത്യബന്ധം വേര്‍പെടുത്തുന്നതും അതിനു ശേഷം അനുഭവിക്കുന്ന മനോവേദനയിലും അവസാനിക്കുന്നതായിരുന്നില്ല കഥയുടെ ചേരുവകള്‍. ഭാര്യയെ തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിനു മുന്നില്‍ ‘ശരീഅത്ത് നിയമം’ കടമ്പയായി വരുന്നു. മറ്റൊരാളെ വിവാഹം ചെയ്ത് ദാമ്പത്യ ബന്ധത്തിലേര്‍പ്പെടുകയും അയാള്‍ മൂന്നും ചൊല്ലി പിരിച്ചയച്ചാലേ വീണ്ടെടുപ്പ് സാധ്യമാകൂവെന്നും ഖാദി ഫത് വ നല്‍കുന്നു. പഴയ കോളജ്മേറ്റിനെ നിക്കാഹ് ചെയ്ത നായിക വീണ്ടും ത്വലാഖിനെ അഭിമുഖീകരിക്കേണ്ടി വരുന്ന നാടകീയ രംഗത്ത് ആര്‍ത്തിരമ്പിയത് സ്ത്രീകളെ മനുഷ്യരായി പോലും കാണാന്‍ കൂട്ടാക്കാതെ ശവമായി  മാത്രം കണ്ട് പുരുഷന്‍െറ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് വഴങ്ങേണ്ടി വരുന്ന സ്ത്രീയുടെ ധര്‍മരോഷമായിരുന്നു.

നികാഹ് എന്ന ചിത്രത്തിൽ സല്‍മ ആഗ
 

മുസ് ലിം വ്യക്തിനിയമത്തിന്‍െറ ദുരുപയോഗം ഇത്ര ആഴത്തില്‍ വരച്ചുകാട്ടിയ ഒരു സിനിമ ബോളിവുഡില്‍ വേറെ ഉണ്ടാവണമെന്നില്ല. യുവത്വത്തിന്‍െറ നട്ടുച്ചയില്‍ രാജ്ബബ്ബാറും പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട സല്‍മ ആഗയുമായിരുന്നു നായികാനായകന്മാര്‍. ചിത്രം തിയറ്ററിലെത്തിയപ്പോള്‍ പേര് ‘നിക്കാഹ്’ എന്നാക്കി. ഇതിവൃത്തം ത്വലാഖാണെങ്കിലും അപ്പേരില്‍ സിനിമ ഇറങ്ങിയാല്‍ മുസ് ലിം സമുദായം ഇളകിവശാകുമെന്ന് ചോപ്രക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു. എന്നാല്‍, മാസങ്ങളോളം ചിത്രം വന്‍ നഗരങ്ങളിലെ തിയറ്ററുകളില്‍ ഓടിയെങ്കിലും എവിടെ നിന്നും കോലാഹലം ഉയര്‍ന്നില്ല . അതിനു പ്രധാന കാരണം, കഥയല്ല, സിനിയിലെ പാട്ടായിരുന്നു ദേശീയതലത്തില്‍ ചര്‍ച്ചയായത് എന്നത് തന്നെ. സല്‍മ ആഗയുടെ ‘ദില്‍കെ അര്‍മാ ആസുഓമെ..’ എന്ന സൂപ്പര്‍ഹിറ്റും ഗസല്‍ ചരിത്രത്തിലെ മാസ്റ്റര്‍ പീസായി ഇടം നേടിയ,  ഗുലാം അലിയുടെ ‘ചുപ്കെ ചുപ്കെ’യും കലാഹൃദയങ്ങളെ കീഴടക്കി. ശരീഅത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയത് ആരെങ്കിലും ഗൗനിക്കുകയോ വിവാദമാക്കുകയോ ചെയ്തില്ല.

നിക്കാഹ് എന്ന ചിത്രത്തിലെ രംഗം
 

ഇന്നാണ് ‘നിക്കാഹ്’ റിലീസാവുന്നതെങ്കില്‍ എന്താകുമായിരിക്കും പുകില്? എണ്‍പതുകളുടെ ആദ്യപാദം വലിയൊരു കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത രാജ്യത്തുടനീളം തളംകെട്ടി നിന്നിരുന്നു. എണ്‍പതില്‍ അധികാരം വീണ്ടെടുത്ത ഇന്ദിരാഗാന്ധി ജനങ്ങളില്‍ പുതിയ കിനാക്കളും പ്രതീക്ഷയും വാരിവിതറി. 84ല്‍ അവരുടെ വധവും രാജീവ് ഗാന്ധിയുടെ അധികാരാരോഹണവും 85ല്‍ ഷാബാനു ബീഗം കേസിന്‍െറ  വിധിയും തുടര്‍ന്നു ആളിപ്പടര്‍ന്ന ശരീഅത്ത് വിവാദവും 86ല്‍ സകല എതിര്‍പ്പുകളും തൃണവത്ഗണിച്ച് രാജീവ് സര്‍ക്കാര്‍ കൊണ്ടുവന്ന മുസ് ലിം വനിതാനിയമവും അതിന്‍െറ ബഹളത്തിനിടയില്‍ ആളിപ്പടര്‍ന്ന രാമജന്മഭൂമി പ്രക്ഷോഭവുമെല്ലാമാണ് ഇന്ത്യാ മഹാരാജ്യത്തിന്‍െറ സഞ്ചാരഗതി മാറ്റിമറിച്ചത്. അങ്ങനെയാണ് തൊണ്ണൂകളുടെ അവസാനം തീവ്ര വലതുപക്ഷമായ ഹിന്ദുത്വശക്തികള്‍ അധികാരപഥത്തിലെത്തുന്നതും മതേതരത്വത്തിന്‍റെ നൈരന്ത്യത്തിനു മുന്നില്‍ ചോദ്യചിഹ്നമുയര്‍ന്നതും.

വിവാദത്തിന്‍െറ രണ്ടാംഘട്ടം
ഇന്ന് രണ്ടാം ശരീഅത്ത് വിവാദത്തിനു തിരികൊളുത്തുമ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ‘ത്വലാഖ്, ത്വലാഖ് , ത്വലാഖ് ’ എന്ന മൂന്ന് വാക്കുകളാണ്. ‘ഒരൊറ്റ പുരുഷന്‍െറ നാവില്‍ നിന്നും ഈ വാക്കുകള്‍ ഒരിക്കലും ഉതിര്‍ന്നുവീഴാതിരിക്കട്ടെ നാഥാ’ എന്ന് സിനിമയില്‍ നായിക വിശുദ്ധ ഖുര്‍ആന്‍െറ പ്രതി മുഖത്തോട് ചേര്‍ത്തുവെച്ച് പ്രാര്‍ഥിക്കുന്നുണ്ട്. ഇങ്ങനെ മൂന്നുവട്ടം ത്വലാഖ് എന്ന വാക്ക് ഉച്ചരിച്ചു ഏതെങ്കിലും സ്ത്രീയെ വിവാഹമോചനം ചെയ്തതായി ഈ ലേഖകന്‍െറ ജീവിതത്തില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. വിവാഹമോചനങ്ങള്‍ എത്രയോ നടക്കുന്നുണ്ട്. അഭ്യസ്ഥവിദ്യരായ ന്യൂജനറേഷനില്‍ അതിന്‍റെ ഗതിവേഗം കൂടിക്കൂടി വരികയുമാണ്. മണിയറയുടെ മണം മാറുന്നതിനു മുമ്പ് ‘എനിക്ക് അവനെ വേണ്ടാ, ബോറനാ’ ’ എന്ന് ഉമ്മാനോട് പറയാന്‍ പെണ്ണ് ധൈര്യം കാട്ടുകയും ‘എന്നാല്‍ സീയു, ബൈ, ദുനിയാവില്‍ നീയല്ലാതെ വേറെയും പെണ്ണുണ്ടല്ലോ’’ എന്ന് പറഞ്ഞ് ഇടപാട് തീര്‍ക്കാന്‍ തിടുക്കം കാട്ടുകയും ചെയ്യുന്ന ‘ന്യൂജനറേഷന്‍’ ത്വലാഖിന്‍െറ കഥകള്‍ക്കൊന്നും പ്രസക്തിയില്ലാതായിട്ട് കുറെ നാളായി. ഒരുമിച്ച് ജീവിക്കാനും ശയിക്കാനും ഹൃദയച്ചേര്‍ച്ച ഇല്ലാത്തവര്‍ അവരുടെ പാട്ടിനു പോകട്ടെ എന്നത് പറഞ്ഞത് മഹാനായ നിയമജ്ഞന്‍ വി.ആര്‍. കൃഷ്ണയ്യറാണ്: While there is no rose but has a thorn, if what you hold, and no rose, better to throw it away’. റോസാപൂവില്ലാതെ, മുള്ള് മാത്രമാണ് കൈയില്‍ ബാക്കിയായതെങ്കില്‍ അത് വലിച്ചെറിയട്ടെ.

പക്ഷേ, മുസ് ലിം സമൂഹത്തെ കുറിച്ച് പണ്ട് പണ്ടേയുള്ള പരാതി അവര്‍ നാല് കെട്ടുന്നവരും തോന്നുമ്പോള്‍ തോന്നുമ്പോള്‍ കെട്ടിയവളെ കൈവിടുന്നവരുമാണെന്നാണ്. 1875 കാലഘട്ടത്തില്‍ ഇന്ത്യയില്‍ വര്‍ഗീയത വളര്‍ന്നുവന്ന കാലഘട്ടത്തില്‍ തന്നെ ‘ഹം പാഞ്ച് ഹംകൊ പച്ചീസ്’ -നാമഞ്ച്, നമുക്ക് 25 എന്ന സിദ്ധാന്തം ഇവിടെ വ്യാപകമായി പ്രചരിച്ചിരിന്നു. അതിന്‍െറ വകഭേദമാണ് ആര്‍.എസ്.എസ് സഹയാത്രികന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ യൂട്യൂബിലൂടെ പ്രസരിപ്പിക്കുന്നത്. പന്നിയെ പോലെ പെറ്റുപെരുകുന്നവര്‍ എന്ന അപഖ്യാതി പരത്തുന്നതിനു പിന്നിലെ മന:ശാസ്ത്രം കീറിമുറിച്ച് പരിശോധിക്കേണ്ടതുണ്ട്. കാരണം, ഏത് ആണ്‍കുട്ടി വിചാരിച്ചാലും നടക്കുന്ന കാര്യമാണ് സന്താനോല്‍പാദനം എന്നത്. പിന്നെ എന്തിനു അസൂയപ്പെടണം? വായ് കീറിയ പടച്ചോന്‍ ഏത് വയറും നിറക്കും എന്ന  ഉറച്ച വിശ്വാസത്തില്‍ അധ്വാനിച്ച് സമ്പാദിച്ച്  മക്കളെ താലോലിച്ച് പോറ്റുന്ന വര്‍ഗത്തെ എന്തിനു ഇങ്ങനെ ഇകഴ്ത്തിക്കെട്ടണം? മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ സത്യങ്മൂലം സമര്‍പ്പിച്ച നരേന്ദ്ര മോദിയുടെ കൈയാളുകള്‍ക്ക് ഒരു അക്കിടി പറ്റിയിട്ടുണ്ട്. ബഹുഭാര്യത്വം നിരോധിക്കപ്പെടുന്നതോടെ മുസ് ലിം ജനസംഖ്യ അതിവേഗത്തില്‍ പെരുകാന്‍ പോവുകയാണ്. ഒരു പുരുഷന്‍ നാല് ഭാര്യമാരെ പൊറുപ്പിക്കുന്നത് പോലെയാണോ നാല് സ്ത്രീകളെ നാല് പുരുഷന്മാര്‍ ഭാര്യമാരാക്കിവെക്കുമ്പോളുള്ള ഉല്‍പാദന വേഗം? 

ഷാബാനു ബീഗം

ഷാബാനുവിന്‍െറ പേരില്‍ ഒഴുക്കിയ കണ്ണീര്‍
ഈ ലേഖകനു നിയമം പഠിക്കാന്‍ പ്രേരണ നല്‍കിയതും പത്രപ്രവര്‍ത്തനം കര്‍മവേദിയായി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചതും ശരീഅത്ത് വിവാദകാലത്തെ സംവാദ തീഷ്ണതയായിരുന്നു. 1985-86കാലഘട്ടം രാജ്യം രണ്ടു ധ്രുവങ്ങളിലേക്ക് വേര്‍തിരിക്കപ്പെട്ടത് വിവാഹമോചനം ചെയ്യപ്പെട്ട മുസ് ലിം സ്ത്രീക്ക് ആര് ചെലവിനു കൊടുക്കണം എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്ന തര്‍ക്കത്തിന്‍െറ പേരിലായിരുന്നു. ആ തര്‍ക്കം മുസ് ലിം വനിതാ നിയമം എന്ന വിവാഹ മോചിതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണത്തില്‍ കലാശിച്ചുവെങ്കിലും രാഷ്ട്രീയ പ്രത്യാഘാതം ദൂരവ്യാപകമായിരുന്നു.

കേരളത്തില്‍ രണ്ടു മുസ് ലിം ലീഗുകള്‍ 11 വര്‍ഷത്തിനു ശേഷം ഒന്നായിത്തീര്‍ന്നു. ദേശീയതലത്തില്‍, ബി.ജെ.പി 1984 രണ്ടു സീറ്റില്‍നിന്ന് 86സീറ്റിലേക്ക് പെട്ടെന്ന് കുതിച്ചുചാടി. രാമക്ഷേത്ര പ്രക്ഷോഭം ഹിന്ദുത്വയെ വളര്‍ത്തി. ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ് ചതി കാണിച്ചുവെന്ന് വിധിയെഴുതിയ ന്യൂനപക്ഷങ്ങള്‍ കളം മാറ്റി ചവുട്ടി. അതോടെ പാര്‍ട്ടി പാപ്പരായി. എല്ലാവരും വൈകാരികമായാണ് വിഷയം കൈകാര്യം ചെയ്തത്. ഉപരിപ്ലവമായ സമീപനം കൈ കൊണ്ടപ്പോള്‍ വര്‍ഗീയവാദികള്‍ വിജയിച്ചു. എന്നാല്‍, അന്നു കൊണ്ടുവന്ന നിയമം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു. നമ്മുടെ തലമുറയിലെ മിടുക്കനായ അഭിഭാഷകന്‍ അഡ്വ. കാളീശ്വരന്‍ രാജ് പറയുന്നത് കേള്‍ക്കുക: ‘1986ല്‍ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് കൊണ്ടുവന്ന മുസ് ലിം വനിത സംരക്ഷണ നിയമം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ഷാബാനു കേസിലെ വിപ്ലവകരമായ വിധിന്യായത്തെ അട്ടിമറിച്ച നിയമം എന്ന നിലയിലാണ് ബുദ്ധിജീവികളും മാധ്യമങ്ങളും നിയമജ്ഞര്‍ത്തന്നെയും 86ലെ നിയമത്തെ കണ്ടത്. ക്രിമിനല്‍ നടപടിക്രമമെന്ന പൊതുനിയമ പ്രകാരം വിവാഹമുക്തയായ മുസ് ലിം സ്ത്രീക്ക് സംരക്ഷണച്ചെലവിനു അധികാരമുണ്ടെന്ന് ഷാബാനു കേസില്‍ സുപ്രീംകോടതി വിധിച്ചു.
 

വിപ്ലവകരമായ വിധിയെതുടര്‍ന്ന് ഷാബാനു ബീഗത്തിനു പ്രതിമാസം 170രൂപ നല്‍കണമെന്ന് സുപ്രീംകോടതി ‘ഐതിഹാസികമായ’ വിധിയില്‍ നിര്‍ദേശിച്ചു. എന്നാല്‍, മൊഴിചൊല്ലിയ ഭാര്യക്ക് ജീവിതകാലം മുഴുവന്‍ ന്യായയുക്തമായ സംരക്ഷണ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും അതിനുള്ള തുക മൊത്തമായി നല്‍കണമെന്നും വിവാഹസമയത്ത് വാങ്ങിയ മുഴുവന്‍ സ്വത്തുക്കളും ഇതരസമ്പത്തും തിരിച്ചു കൊടുക്കണമെന്നും പറയുന്ന 1986ലെ നിയമം പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇത് ശരിയല്ല. 86ലെ നിയമം പൊതുനിയമത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്നാണ് വസ്തുത. മറിച്ചുള്ള പ്രചാരണങ്ങള്‍, അവ എത്രമേല്‍ ശക്തമായാലും സത്യസന്ധമല്ല. (ഏകീകൃത സിവില്‍ കോഡ് -അകവും പുറവും. എഡിറ്റര്‍: ഹമീദ് ചേന്നമംഗലൂര്‍)

ഇപ്പോള്‍ വിഷയം ജീവനാംശമല്ല. മുത്ത്വലാഖും ബഹുഭാര്യത്വവും ഏക സിവില്‍കോഡുമാണ്. അന്ന് ഡല്‍ഹി ഭരിച്ചത് സെക്കുലര്‍ കോണ്‍ഗ്രസ് ആണെങ്കില്‍ ഇന്ന് ഹിന്ദുത്വ ബി.ജെ.പിയാണ്. ചര്‍ച്ച മൂക്കുന്നത് അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പാദപതനം കേട്ടുതുടങ്ങിയ ഘട്ടത്തിലാണ്. പെട്ടെന്നൊന്നും സംവാദം കെട്ടടങ്ങാന്‍ പോകുന്നില്ല. സംവാദത്തിന്‍െറ മര്‍മം മനസ്സിലാക്കാന്‍ ഇവിടെ പ്രചാരത്തിലുള്ള കുറെ മിഥ്യകളെ തൊട്ടുകാട്ടി എന്താണ് സത്യമെന്ന് ചൂണ്ടിക്കാണിക്കട്ടെ.

വിവാഹ മോചനത്തിന്‍െറ ഏക മാര്‍ഗമാണോ മുത്തലാഖ്?
അല്ലേ അല്ല. ഒറ്റ നിര്‍ത്തത്തില്‍ ഭാര്യയുടെ മുഖത്ത് നോക്കി ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നും ചൊല്ലി നിന്നെ ഞാന്‍ ഒഴിവാക്കിയിരിക്കുന്നുവെന്ന് (‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍’ ശ്രീനിവാസന്‍ ചെയ്യുന്നത് പോലെ) പറയുന്ന രീതി എവിടെയാണ് നടപ്പുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. സംഘ്പരിവാറിന്‍െറ പ്രചാരണം കേട്ടാല്‍ തോന്നും ഇതാണ് രാജ്യത്താകമാനം നാട്ടുനടപ്പ് എന്ന്. ഇത് ശരിയായ രീതിയാണെന്നോ ശരീഅത്തിന്‍െറ സത്തക്ക് നിരക്കുന്നതാണെന്നോ വലിയൊരു വിഭാഗം മുസ് ലിംകള്‍ വിശ്വസിക്കുന്നില്ല. നിയമപുസ്തകത്തില്‍ ഇതിനെ ‘തലാഖ് ബിദ്ഇ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ത്വലാഖ് അഹ്സന്‍’, ത്വലാഖ് ഹസന്‍’ എന്നീ രണ്ടു രീതികളെ കുറിച്ചും നിയമപുസ്തകത്തില്‍ കാണാം. ‘Three pronouncement made during successive tuhurs and no intercourse taking place during the three tuhurs. It becoms irrevocable and complete on the third pronouncement, irrespective of Iddat എന്നാണ് ‘നല്ല ത്വലാഖ’ിന്‍െറ രീതിയത്രെ.

മുസ് ലിംകള്‍ക്ക് മാത്രമാണോ ഇന്ത്യയില്‍ വ്യക്തിനിയമം ഉള്ളത്?
ഒരിക്കലുമല്ല. ഇപ്പോഴത്തെ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുന്‍ നിയമമന്ത്രി വീരപ്പമൊയ് ലി ചുണ്ടിക്കാട്ടിയത് പോലെ, രാജ്യത്ത് 200-300 വ്യക്തി നിയമങ്ങളുണ്ട്. മത സമുദായങ്ങള്‍ക്ക് മാത്രമല്ല, ജാതി-ഉപജാതി വിഭാഗങ്ങള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും അവാന്തര വിഭാഗങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിപാലിക്കുന്ന നിയമസംഹിതയുണ്ട്. 1955-56 കാലഘട്ടത്തില്‍ നാല് ഹിന്ദു വ്യക്തിനിയമങ്ങളാണ് ക്രോഡീകരിക്കപ്പെട്ടത്: (1) Hindu Marriage Act, 1955 (2) Hidnu Succession Act, 1956 (3) Hindu Adoption and Maintenance Act, 1956, (4) Hindu Minority and Gaurdianship Act, 1956. മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സികള്‍ക്കും വെവ്വേറെ വ്യക്തി നിയമങ്ങളുണ്ട്. നാട്ടാചാരനിയമം (കസ്റ്റമറി ലോസ്) പ്രകാരമാണ് ഗോത്ര വര്‍ഗക്കാരുടെ വിവാഹവും അനന്തരാവകാശവും മറ്റും നിയന്ത്രിക്കപ്പെടുന്നത്.

എന്തുകൊണ്ട് ഏകസിവില്‍കോഡ് പ്രായോഗികമല്ല?
കാരണം പലതാണ് (a) ഇന്ത്യയുടെ ഫെഡറല്‍ സമ്പ്രദായം. (b) വ്യക്തികളുടെയും സമൂഹങ്ങളുടെയും മതത്തോടുള്ള കെട്ടുപാടും അഭേദ്യമായ അടുപ്പവും. (C) പ്രാദേശിക, ജാതി, ഗോത്ര ആചാരാനുഷ്ഠാനങ്ങളുടെ സ്വാധീനം. 44ാം അനുച്ഛേദമാണ് ഏകരൂപ വ്യക്തിനിയമത്തിനു ശ്രമിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നത്. 37ാം അനുച്ഛേദം വളരെ വ്യക്തമായി ഒരു കാര്യം പറയുന്നുണ്ട്: കോടതിയില്‍ പോയി നേടിയെടുക്കാന്‍ പറ്റുന്നതല്ല, മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ പറയുന്ന കാര്യങ്ങള്‍.

മോദി സര്‍ക്കാര്‍ ഈ ദിശയില്‍ എന്തുകൊണ്ട് ആവേശം കാട്ടുന്നു?
ഏകീകൃത സിവില്‍കോഡ്, കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം ഖണ്ഡിക, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്നിവയാണ് ഹിന്ദുത്വം എങ്ങനെയെങ്കിലും നടപ്പാക്കാന്‍ പോകുന്ന ‘കോര്‍ ഇഷ്യൂ’. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എടുത്തു പറഞ്ഞ ഇനങ്ങളാണിവ. അവ പ്രയോഗവത്കരിക്കാന്‍ സമയമായെന്ന് മോദി സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാവണം. ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നില്ലെങ്കിലും ഇതിന്‍റെ പേരില്‍ സാമുദായിക ധ്രുവീകരണം സാധ്യമാക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നുണ്ടാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talaqtriple talaquniform civil codehindutwashamano caseshariatnikah movie
News Summary - triple talaq uniform civil code
Next Story