Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചുരിദാർ ധരിക്കുമ്പോൾ...

ചുരിദാർ ധരിക്കുമ്പോൾ നഷ്ടപ്പെടുന്ന ദേവചൈതന്യം

text_fields
bookmark_border
ചുരിദാർ ധരിക്കുമ്പോൾ നഷ്ടപ്പെടുന്ന ദേവചൈതന്യം
cancel

പുരോഗമനകാരികളായ സ്ത്രീകളെ ആത്മാർഥമായും സന്തോഷിപ്പിക്കുന്ന രണ്ട് സംഭവങ്ങൾ ഉണ്ടായ ദിവസമായിരുന്നു നവംബർ 29. അഞ്ച് വർഷം നീണ്ട കടുത്ത നിയമ പോരാട്ടത്തിനൊടുവിൽ ഭാരതീയ മുസ്ലീം മഹിള ആന്ദോളനിലെ എൺപതോളം സ്ത്രീകളടങ്ങുന്ന സംഘം മുംബൈ ഹാജി അലി ദർഗയിൽ പ്രവേശിച്ച് പ്രാർഥിച്ച ദിവസമായിരുന്നു അന്ന്. ദര്‍ഗ നടത്തിപ്പുക്കാരായ ട്രസ്റ്റിനെതിരെ സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒരു സംഘം സ്ത്രീകൾ നവംബർ 29ന് പുരാതനമായ ദർഗ്ഗയുടെ അകത്തളങ്ങളിൽ പ്രവേശിച്ചത്. 

അന്ന് തന്നെയാണ് തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് സ്ത്രീകൾ പ്രവേശിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ ഉത്തരവിറങ്ങിയതും. പിറ്റേന്ന് മുതൽ തന്നെ ഭക്തകൾ ചുരിദാർ ധരിച്ച് ക്ഷേത്ര ദർശനത്തിനെത്തി. എന്നാൽ, ഇത്തരത്തിലുള്ള ആചാരനിഷ്ഠകൾ ലംഘിക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ചില സംഘടനകൾ ഭക്തകളെ തടഞ്ഞു. തുടർന്ന് ഒത്തുതീർപ്പ് ചർച്ചയുണ്ടായി. ഭരണ സമിതി അധ്യക്ഷൻ അഡ്വ. ഹരിലാലെടുത്ത തീരുമാനം പതിവുപോലെ ആരേയും മുറിപ്പെടുത്താത്തതായിരുന്നു. നിലവിലെ വ്യവസ്ഥ തുടരുക. എന്നുവെച്ചാൽ ചുരിദാർ ധരിക്കരുത് എന്നർഥം.

1936ൽ പുറപ്പെടുവിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിൽ പറഞ്ഞിരുന്നത് മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നായിരുന്നു. സൗകര്യപ്രദവും മാന്യവുമായ വേഷമെന്ന രീതിയിൽ സാരിയേക്കാൾ അഭികാമ്യമായ വേഷമാണ് ചുരിദാർ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. സ്ത്രീകൾ വ്യാപകമായി ഉപയോഗിക്കുന്ന ചുരിദാർ എന്ന വസ്ത്രത്തെ നിരോധിക്കുന്നത് ഏതർഥത്തിലാണ് ന്യായീകരിക്കുക? മതപരമായ ആചാരവിശ്വാസങ്ങളില്‍ സർക്കാർ എന്തിനിടപെടുന്നു എന്നാണ് പ്രതിഷേധക്കാർ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. ചുരിദാർ ധരിച്ച് ക്ഷേത്ര ദർശനം നടത്താവുന്ന ഗുരുവായൂർ, ഏറ്റുമാനൂർ, പഴനി, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ ആചാരത്തിനും പാരമ്പര്യത്തിനും എന്തു കോട്ടമാണ് തട്ടിയത് എന്നുകൂടി പാരമ്പര്യവാദികൾ പരിശോധിക്കേണ്ടതുണ്ട്.  


മതസംഘടനകളും നേതാക്കളും ആചാരങ്ങളുടെ വക്താക്കളും പാരമ്പര്യമെന്ന പേരിൽ സ്ത്രീകളുടെ സ്വാതന്ത്യവും അവകാശവും കവർന്നെടുക്കുന്ന കാഴ്ചയാണ് എവിടെയും കാണാറുള്ളത്. ഭരണഘടന ഉറപ്പ് നൽകുന്ന പൗരൻമാർക്ക് ലഭിക്കേണ്ട തുല്യാവകാശവും ആരാധനാ സ്വാതന്ത്ര്യവും ഏതു വേഷവും ധരിക്കാനുള്ള സ്വാതന്ത്യവും എല്ലാം ഹനിക്കപ്പെടുന്നത് ആചാരങ്ങളുടെ പേരിലാണ്. ഹാജി അലി ദർഗയിലായാലും ശബരിമലയിലായും ശനീശ്വര ക്ഷേത്രത്തിലായാലും ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. എല്ലായ്പോഴും പാരമ്പര്യം അതിന്‍റെ നോക്കിനടത്തിപ്പിനായി ഏൽപ്പിക്കുന്നത് സ്ത്രീകളെയാണ്. കുടുംബത്തിലായാലും സമൂഹത്തിലായാലും പാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിക്കുകയെന്ന കർത്തവ്യം സ്ത്രീയുടേതാണ്. 


പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന മാറ് മറയ്ക്കൽ സമരം മുതൽ ഇങ്ങോട്ട് നിരവധി സമരങ്ങൾക്ക് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളുടേയും നിദാനം ഇത്തരം സമരങ്ങളാണ്. സമൂഹത്തിലെ മാറ്റങ്ങൾ കാലാനുസൃതമായി ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുക്കളാണ് ഇവിടെ പാരമ്പര്യത്തിന്‍റെ പേരിൽ വാളോങ്ങുന്നത്. ചെറിയ ചെറിയ വിഷയങ്ങളിൽ പോലും ഇടപെട്ട് ഹിന്ദുത്വവികാരം ഉണർത്തുകയും അതുവഴി ഭിന്നതയുണ്ടാക്കി നേട്ടമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യം പലപ്പോഴും തിരിച്ചറിയപ്പെടാതെയും പോകുന്നു. വിശ്വാസികളുടെ വികാരത്തേയും പാരമ്പര്യത്തേയും  മുറിപ്പെടുത്താതെ ഒരു പരിഷ്ക്കരണവും ഒരു സമൂഹത്തിലും ഇന്നുവരെ സാധ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം. 

187 വർഷങ്ങൾക്ക് മുൻപ്, 1829ലാണ് ഇന്ത്യയിൽ 'സതി' നിയമം മൂലം നിരോധിച്ചത്. നികൃഷ്ടമായ ആചാരമായിരുന്നു സതിയെന്ന് ബഹുഭൂരിഭാഗം പേരും ഇന്ന് സമ്മതിക്കുമെങ്കിലും നിരോധിക്കുന്ന കാലത്തും അതിന് ശേഷവും സതിക്കുവേണ്ടി വാദിക്കുന്ന അനേകം പേരുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ. വെറും മുപ്പത്വർഷം മുൻപ് 1987ൽ 18 വയസ് മാത്രം രൂപ് കൻവാറിനെ ഭർത്താവിന്‍റെ ചിതയിലിട്ട് കൊന്നിരുന്നു. അതിനെതിരെ ജയ്പൂർ നഗരത്തിൽ നടന്ന സ്ത്രീകളുടെ പ്രകടനത്തിൽ 30,000 പേർ പങ്കെടുത്തപ്പോൾ സതിക്കുവേണ്ടി പ്രകടനം നടത്തിയവരുടെ എണ്ണം എഴുപതിനായിരമായിരുന്നു. ആചാരം എന്ന പേരിൽ നീചമായ കൃത്യങ്ങൾക്കു വേണ്ടി പോലും കൂട്ടുനിൽക്കാൻ ഇവിടെ അനേകം പേരുണ്ട് എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ സംഭവം.


എന്നാൽ ഇതേ പാരമ്പര്യവാദികൾ ഓന്ത് നിറം മാറുന്ന പോലെ ഉത്തരാധുനികതയുടെ വക്താക്കളായി മാറുന്ന സന്ദർഭങ്ങളുമുണ്ട്. ക്ഷേത്രങ്ങളിൽ അത്യാധുനിക സംവിധാനങ്ങളായ സൗണ്ട് സിസ്റ്റം, ടെലഫോൺ, കാമറ, സി.സി.ടി.വി, ലിഫ്റ്റ്, മെറ്റൽ ഡിറ്റക്ടർ, ഓട്ടോമാറ്റിക് ഡോർ, ഓൺലൈൻ ക്യൂ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ ക്ഷേത്രാചാരങ്ങൾ മുറുകെ പിടിക്കുന്നവരാരും യാതൊരു എതിർപ്പും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. 

ആചാരത്തെ വിട്ട് മറ്റ് ചില കാഴ്ചകളിലേക്ക് കൂടി പോകാം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ചുരിദാർ നിരോധിച്ചിട്ടുള്ള മറ്റ് ക്ഷേത്രങ്ങളിലും കാണാവുന്ന അങ്ങേയറ്റം പരിതാപകരമായ ഒരു കാഴ്ചയുണ്ട്. ചുരിദാറിന്‍റെ അടിഭാഗം മേലോട്ട് ചുരുട്ടിവെച്ച് അതിനു മുകളിലൂടെ മുണ്ടുമുടുത്ത് പരിഹാസ്യമായ രീതിയിൽ ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകൾ. ജീവിതത്തിൽ ഒരിക്കലും അവർ അത്തരത്തിൽ ഒരു കോമാളിവേഷം ധരിച്ചുകാണില്ല. വേഷമെന്ന് വിളിക്കാൻ പോലുംകഴിയാത്ത ഈ 'വേഷംകെട്ടൽ' എന്തു മാന്യതയാണ് ധരിക്കുന്നവർക്കും കാണുന്നവർക്കും നൽകുന്നത്? അപരിഷ്കൃതമായ, പരിഹാസ്യമായ വേഷം ധരിക്കുന്ന ഈ സ്ത്രീകൾ ക്ഷേത്രങ്ങളുടെ പാരമ്പര്യത്തിനും ദൈവികതക്കും ഏതു തരത്തിലുള്ള പാവനത്വമാണ് നൽകുന്നത്‍ എന്നും ചുരിദാറിനെ എതിർക്കുന്നവർ ആലോചിക്കേണ്ടതാണ്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padmanabha Swamy Templedress code for women
News Summary - Padmanabha Swamy Temple changes dress code for women
Next Story