Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുഖ്യമ​ന്ത്രിക്ക്​...

മുഖ്യമ​ന്ത്രിക്ക്​  ഒരു മുസ്​ലിം ബാസ്​റ്റഡ്​ എഴുതുന്നത്​...

text_fields
bookmark_border
മുഖ്യമ​ന്ത്രിക്ക്​  ഒരു മുസ്​ലിം ബാസ്​റ്റഡ്​ എഴുതുന്നത്​...
cancel

സഖാവ് പിണറായി വിജയന്,

അനുയായിയോ അനുഭാവിയോ അല്ല, താങ്കളുടെ നേതൃത്വത്തിൽ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വോട്ടു ചെയ്തില്ലെന്നു പോകട്ടെ ഒരു ഫേസ്ബുക്ക് ലൈക്കു കൊണ്ടുപോലും പിന്തുണ നൽകാത്ത ഒരുവനാണ്. വൻ ഭൂരിപക്ഷം നേടി ഇങ്ങള് അധികാരമേൽക്കുന്ന ചിത്രങ്ങൾ കണ്ടും ആവേശമെങ്ങും തോന്നിയിരുന്നില്ല. പക്ഷെ മുഖ്യമന്ത്രി പദമേറ്റ് ആദ്യമായി ഡൽഹിയിൽ എത്തി കേരളഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ  കേരള  പൊലീസിലെ ആർ.എസ്.എസ് എലമ​െൻറുകൾ പ്രവർത്തിക്കുന്നത് തിരിച്ചറിഞ്ഞതായും പ്രശ്നങ്ങൾ വഷളാക്കാൻ നോക്കുന്ന അത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്തുമെന്നും പ്രഖ്യാപിച്ചപ്പോൾ ഏറെ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തെന്നാൽ, പൊലീസിലെ വർഗീയവത്കരണം  രാജ്യത്തെ സമാധാന ജീവിതം എത്ര മാത്രം കളങ്കപ്പെടുത്തുന്നുവെന്ന്, സാധാരണക്കാരുടെയും ആദിവാസി-ന്യൂനപക്ഷവിഭാഗങ്ങളുടെയും അന്യവത്കരണം എമ്മാതിരി ശക്തമാക്കുമെന്ന്  ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഢിൽ നിന്നും മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ ഇടങ്ങളിൽ നിന്നും എത്തുന്ന ഇരകൾ വിവരിക്കുന്നത് പല തവണ നേരിട്ടു കേട്ടിട്ടുണ്ട്. 

മിക്കപ്പോഴും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദകാരാട്ട്, സുഭാഷിണി അലി, സി.പി.െഎയുടെ മഹിളാ സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി ആനി രാജ എന്നിവരാരുടെയെങ്കിലും സാന്നിധ്യത്തിൽ നടക്കുന്ന ജനകീയ തെളിവെടുപ്പുകളിലോ വാർത്താ സമ്മേളനങ്ങളിലോ ആണ് ആർ.എസ്.എസിനൊപ്പം ചേർന്ന് പൊലീസ് കാണിച്ചുകൂട്ടുന്ന ക്രൂരതകളെക്കുറിച്ച് വേട്ടയാടപ്പെട്ടവരും അവരുടെ ബന്ധുക്കളും നെഞ്ചുപൊട്ടി പറയാറ്. പതിനൊന്ന് വർഷം മുമ്പ് സി.പി.എം ഭരണകാലത്ത് ബംഗാളിലെ സിംഗൂരിൽ ടാറ്റക്കുവേണ്ടി കുടിയിറക്കപ്പെട്ട കർഷകരെ ഒഴിച്ചാൽ ബി.ജെ.പിയോ കോൺഗ്രസോ  ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരായിരുന്നു അവരെല്ലാം. അത്തരമൊരു അവസ്ഥ കേരളത്തിലുണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് ഞാൻ മനസിലേക്കെടുത്തത്.  ഒാർത്തുനോക്കണം, ബിഹാർ പൊലീസിലെ കർസേവകരോട് കാക്കി കളസമല്ല, സർക്കാർ ഇഷ്യൂ ചെയ്ത പാൻറാണിട്ടിരിക്കുന്നതെന്ന് തെര്യപ്പെടുത്തിയ ലാലു പ്രസാദിനും നിതീഷിനും മാത്രമാണ് വർഗീയ ശക്തികൾ മുളപിടിക്കുന്നത് തടയാനായത്. യു.പിയിലും മഹാരാഷ്ട്രയിലും ബിഹാറിലും കർണാടകത്തിലും ആന്ധ്രയിലുമെല്ലാം കോൺഗ്രസ് ഭരണകാലങ്ങളിൽ പൊലീസിന്‍റെ നിയന്ത്രണം കൈക്കലാക്കിയാണ് ആർ.എസ്.എസ് അജണ്ട നടപ്പാക്കിയിരുന്നത്. വൈകാതെ മിക്കയിടത്തും കോൺഗ്രസ് മണ്ണടിയുകയും ആ ചളിഞ്ഞ മണ്ണിൽ താമര വിരിയുകയുമായിരുന്നു.

താങ്കളുദ്ദേശിച്ചത്ര എളുപ്പമായിരുന്നില്ല പൊലീസിനെ കൈകാര്യം ചെയ്യൽ, അല്ലെങ്കിൽ കരുതിയതിനേക്കാൾ വഷളായിരുന്നു പൊലീസിന്‍റെ അവസ്ഥ. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ രൂപപ്പെട്ട സംഭവിക്കരുതായിരുന്ന  സംഘർഷാവസ്ഥയെ രമ്യതയിലെത്തിക്കാൻ താങ്കൾക്കായില്ല. പൊലീസ് ഉദ്യോഗസ്ഥർ ചിലർ സംഭവം വഷളാക്കിയപ്പോൾ നിക്ഷ്പക്ഷത എന്ന ഭാവത്തിൽ അങ്ങ് നിസംഗത പുലർത്തി.

നിലമ്പൂർ കാടുകളിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നു അടുത്ത വീഴ്ച. മാവോയിസ്റ്റുകളെന്നും ദേശസുരക്ഷക്ക് ഭീഷണിയെന്നും മറ്റും പണ്ടത്തെ കേന്ദ്ര അഭ്യന്തരൻ ചിദംബരത്തെയും രമൺ സിങ്, നായിഡു പോലുള്ള  മുഖ്യമന്ത്രിമാരും പറയുന്ന വാദങ്ങളിൽ മറപിടിക്കേണ്ടി വന്നു, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദർശനത്തിന് വെക്കരുത് എന്ന ആർ.എസ്.എസ് തിട്ടുരത്തിന് താങ്കളുടെ പൊലീസ് വഴങ്ങിക്കൊടുത്തു. ഏറ്റുമുട്ടൽ കൊലയറിഞ്ഞെത്തിയ രക്തസാക്ഷികളുടെ ബന്ധുക്കളെ പരസ്യമായി അപമാനിച്ചു അവർ. ഹിന്ദു മുസ്ലിം കലാപമുണ്ടാകാതിരിക്കാനാണ് പൊതുദർശനം തടഞ്ഞതെന്ന് കള്ളക്കഥ പടച്ച് അതു കോടതിക്ക് മുന്നിൽ സമർപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും കാണിച്ചു. ശിവസേനയെന്ന വർഗീയ തെമ്മാടി സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിന് കുടപിടിച്ചു കൊടുത്തത് അടുത്ത അബദ്ധം.

രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മ ഡി.ജി.പിയെ കാണാനെത്തിയ നേരത്ത് പൊലീസ് കാണിച്ചു കൂട്ടിയത് യു.ഡി.എഫ് ഭരണത്തിന് കീഴിലാണ് നടന്നതെങ്കിൽ ആ അനീതിയെ തിരുത്തിക്കാൻ താങ്കളുണ്ടായിരുന്നേനെ മുന്നിൽ. കെ.എം.ഷാജഹാനെയും ഷാജർഖാനെയും അറസ്റ്റു ചെയ്തത്. വാശിയോടെ ജാമ്യം നിഷേധിക്കാൻ നോക്കിയത്, 80 പിന്നിട്ട മാതാവിനെ നിരാഹാര സത്യഗ്രഹത്തിന് നിർബന്ധിതയാക്കിയത്.... പാളിച്ചകളുടെ പരമ്പരകളായിരുന്നു. രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ  അമ്മയെ പൊലീസ് തടഞ്ഞ സമയം ഷാജഹാനോ ഷാജർ ഖാനോ മറ്റാരെങ്കിലുമോ  ഇടപെട്ടുവെങ്കിൽ കടമ മറന്ന നീതി പാലക സേനക്കു മുന്നിൽ നീതിക്കായി വാദിക്കുന്ന പൊതു സമൂഹം ഇപ്പോഴും ഇൗ നാട്ടിൽ അവശേഷിക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്. രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവർത്തകനായി ജോലി നോക്കവെ റിപ്പോർട്ടു ചെയ്യാൻ പോയ സമരങ്ങളുടെ കോസിനൊപ്പം ചേർന്ന് പലവട്ടം പങ്കാളി ആയിട്ടുള്ള ഒരാൾ എന്ന നിലയിൽ പൊലീസല്ല പൊതുപ്രവർത്തകരാണ് ശരിയെന്ന് വാദിക്കുന്നു.

ഇമ്മട്ടിലെല്ലാം താളപ്പിഴകളുള്ള പൊലീസ് സേനയുടെ പ്രവർത്തനം നേരെ ചൊവ്വെയാക്കുന്നതിന് ഒരു ഉപദേശകനെ നിയോഗിക്കാൻ തീരുമാനിച്ചത് തികച്ചും ന്യായം തന്നെ. പക്ഷെ വർഗീയ പൊലീസിങ്ങിന്‍റെ മലയാളത്തിലെ പര്യായ പദമായ ഒരാളിൽ നിന്നാണ് താങ്കൾ ഉപദേശങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുന്നത് എന്നോർക്കുന്നത് നടുക്കമുണ്ടാക്കുന്നു. 1991ൽ ബി.ജെ.പി അധ്യക്ഷനായിരുന്ന ഡോ. മുരളി മനോഹർ ജോഷി നയിച്ച വർഗീയ ഇന്ത്യയിലേക്കുള്ള രഥയാത്രയോടനുബന്ധിച്ച് പാലക്കാട് പുതുപ്പള്ളി തെരുവിൽ സിറാജുന്നീസ എന്ന സ്കൂൾ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം താങ്കൾ മറന്നു കാണില്ലല്ലോ. കേരളാ പൊലീസിന്‍റെ വർഗീയ വെടിയുണ്ടകളാണ് ആ 12 കാരിയുടെ തലയോട്ടി തകർത്തത്. ഇൗ സംഭവം നടക്കുമ്പോൾ കരുണാകരനായിരുന്നു കേരള മുഖ്യമന്ത്രി. ഞാനന്ന് സ്കൂൾ വിദ്യാർഥിയാണ്. താങ്കൾ കൂടി ചുമതല വഹിക്കുന്ന പാർട്ടി ദിനപത്രത്തിൽ നിന്നാണ് ഈ സംഭവത്തി​െൻറ വിശദാംശങ്ങൾ പലതും വായിച്ചറിഞ്ഞത്. എനിക്ക് മുസ്ലിം ബാസ്റ്റാർഡുകളുടെ ശവശരീരം വേണമെന്ന് ഉത്തരമേഖലാ ഐ.ജി ആക്രോശിച്ചെന്നും കീഴുദ്യോഗസ്ഥരിലൊരാൾ വെടിവെപ്പിനുത്തരവിട്ടെന്നും കൊലക്ക് ഉത്തരവാദിയായ പൊലീസുകാരെ മുസ്ലിം ലീഗും സർക്കാറും സംരക്ഷിക്കുന്നുവെന്നും സി.പി.എം നേതാക്കൾ പ്രസംഗിക്കുന്നത് പലവട്ടം കേട്ടു കേരളം. വീട്ടുമുറ്റത്ത് കളിച്ചു നിൽക്കവെ കൊലചെയ്യപ്പെട്ട 12വയസുകാരിയെ വർഗീയ കലാപ സംഘത്തെ നയിച്ച ഭീകര യുവതി എന്നായിരുന്നു പൊലീസ് രേഖപ്പെടുത്തിയത്.  

ഹാഷിംപുരയിലും ഭാഗൽപൂരിലുമെല്ലാം നടന്ന കലാപങ്ങളിൽ പൊലീസ് ചെയ്തത് കേരളത്തിലും പരീക്ഷിച്ച അതേ ഉദ്യോഗസ്ഥനെ കരുണാകരന്‍റെ ബദ്ധവൈരിയായിരുന്ന ഉമ്മൻ ചാണ്ടി പിന്നീട് കേരളത്തിന്‍റെ ഡി.ജി.പിയായി അവരോധിച്ചു. അന്നാ തീരുമാനം വന്നയുടൻ സിറാജുന്നീസയുടെ നാട്ടിൽ ചെന്ന് വെടിവെപ്പിന്‍റെ ദൃസാക്ഷികളെയും ബന്ധുക്കളെ സന്ദർശിച്ച് ഈയുള്ളവൻ ഒരു പത്രക്കുറിപ്പ് എഴുതിയിരുന്നു. നൃശംസനീയമായ ആ വർഗീയ ആക്രോശം കലക്ടറുടെ ചേംബറിലെ യോഗത്തിനിടെ വയർലെസിലൂടെ കേട്ട വിവരം മുൻമന്ത്രി  വി.സി. കബീർ കഴിഞ്ഞ ദിവസവും ശരിവെച്ചിരിക്കുന്നു. ഡി.ജി.പി നിയമനത്തെ പാർട്ടി സെക്രട്ടറിയായിരുന്ന താങ്കളോ  ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് വാർത്താക്കിയിരുന്ന അന്നത്തെ പ്രതിപക്ഷനേതാവോ എതിർത്തതായി ഒാർക്കുന്നില്ല. പിന്നെയും പാലക്കാട്ടിലൂടെ ഒരു ബി.ജെ.പി രഥയാത്ര വന്ന ദിവസം വെടിവെപ്പിന്‍റെ ഒാർമക്കഥകൾ ദേശാഭിമാനി ഒന്നാം പേജിൽ നൽകിയിരുന്നു.  ഇപ്പോൾ താങ്കളെ ന്യായീകരിക്കാനായി  ബാസ്റ്റഡ് വിളിയുടെ ആധികാരികതയെക്കുറിച്ച് സംശയം നിർമിച്ചെടുക്കേണ്ട അവസ്ഥയിലാണ് സി.പി.എമ്മിലെ പൗരാവകാശ സുഹൃത്തുക്കൾ. സിറാജുന്നീസ കൊലപാതകത്തിൽ ഒതുങ്ങുന്നില്ല ഇൗ വർഗീയ പൊലീസ് മുഖം.

സിറാജുന്നിസ
 

ലെറ്റർ ബോംബ് കേസിൽ കുടുക്കി തിരുവനന്തപുരത്ത് മുഹ്സിൻ എന്ന വിദ്യാർഥിയെ പൊലീസ് പണ്ട് അറസ്റ്റു ചെയ്ത് പീഡിപ്പിച്ചു. പിന്നീട് മുഹ്സിനല്ല കുറ്റക്കാരനെന്ന് വ്യക്തമാവുകയും സംഘ്പരിവാറുകാരനായ യഥാർഥ പ്രതി പിടിയിലാവുകയും ചെയ്തപ്പോൾ അയാൾ മനോരോഗിയാണെന്ന് കളളസാക്ഷ്യം ചമച്ച പൊലീസ് മേധാവി ആരാണെന്ന് ഒന്നു തിരക്കി നോക്കുമോ?വി.െഎ.പികളുടെ സുരക്ഷാ ഡ്യൂട്ടിയിൽ നിന്ന് ഒരു മത വിഭാഗത്തിലെ പൊലീസുകാരെ മാത്രം മാറ്റി നിർത്തിയത് ആരുടെ കാലത്താണ് എന്നോർക്കുന്നോ?

പൊലീസ് ഉപദേശിയായി ആളെ തിരയുമ്പോൾ  വർഗീയതക്കെതിരെ നിലപാടെടുത്ത് ഫാഷിസ്റ്റ് കോമരങ്ങളെ ഞെട്ടിച്ച ആർ.ബി. ശ്രീകുമാർ, ഗുജറാത്ത് വംശഹത്യക്കിടയിൽ മുന്നൂറിലേറെ യത്തീം ഖാന കുഞ്ഞുങ്ങളെ കൊല്ലാനൊരുമ്പെട്ട സംഘ്പരിവാർ അക്രമിക്കൂട്ടത്തെ ആട്ടിപ്പായിച്ചതിന്‍റെ പേരിൽ വേട്ടയാടപ്പെട്ട രാഹുൽ ശർമ, സഞ്ജീവ് ഭട്ട്, ജാതവേദൻ നമ്പൂതിരി, എസ്.എം. മുശ്രിഫ് തുടങ്ങിയ പൊലീസ് നായകരുടെയൊന്നും പേര് മനസിലെത്താതിരിക്കുകയും രമൺ ശ്രീവാസ്തവ എന്ന പേര് മനസിലുറക്കുകയും ചെയ്യുമ്പോൾ താങ്കൾ റദ്ദുചെയ്യുന്നത് വർഗീയ മുക്ത പൊലീസ് എന്ന പ്രഖ്യാപനത്തെയാണ്.

സഖാവെ, മാധ്യമ പ്രവർത്തകൻ എന്നാണ് ഞാനെന്നെ പരിചയപ്പെടുത്താറ്. പള്ളിയിൽ പോവുകയും നോമ്പെടുക്കുകയും ചെയ്യുമെങ്കിലും ചങ്ങാതിമാരിൽ ചിലർക്കെങ്കിലും മുന്നിൽ  ഞാനൊരു മുസ്ലിം ആകുന്നത് എവിടെയെങ്കിലും ഭീകരാക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദിവസങ്ങളിലാണ്. നിന്നെപ്പോലെയുള്ളവരല്ല, ‘മറ്റേ മുസ്ലിംകൾ’ ആണ് കുഴപ്പക്കാർ എന്ന പൊളളിക്കുന്ന സ്നേഹ പ്രകടനം 'നമാസി'യായ ഞാൻ മാത്രമല്ല മതാനുഷ്ഠാനങ്ങളും ചിഹ്നങ്ങളും  പാടെ തൂത്തെറിഞ്ഞ മുസ്ലിം പേരുകാർ പോലും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ രമൺ ശ്രീവാസ്തവയുടെ ഉപദേശം സ്വീകരിക്കുന്ന പൊലീസിനും മുഖ്യമന്ത്രിക്കും മുന്നിൽ അതുപോലൊരു മുസ്ലിമായല്ല 'മുസ്ലിം ബാസ്റ്റഡ്' ആയാണ് എന്നെ അടയാളപ്പെടുത്തേണ്ടത്. വയർലെസിലുടെ  ഒരു കൊലവിളി മുഴങ്ങിയാലുടൻ നെഞ്ചിലും തലയോട്ടിയിലും വെടിയുണ്ടയേറ്റ് ചത്തുപോവേണ്ട ബാസ്റ്റഡ്.

സഖാവേ,  98 വർഷം മുന്നെ പഞ്ചാബിലെ ജാലിയൻവാലാബാഗിൽ ഒത്തുകൂടിയ നിരായുധരായ ദേശാഭിമാനികൾക്കുനേരെ വെടിയുണ്ട തറച്ചു കൊന്നതിന്‍റെ ഒരു ഒാർമ ദിനമാണ് ഇന്ന്. ആ ഭീകരതക്ക് ആഹ്വാനം ചെയ്ത ജനറൽ ഡയറിനെ അനുസ്മരിപ്പിക്കും വിധം നിരായുധരായ ഒരു ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചയാളെ ഇതുപോലൊരു ദിവസം താങ്കളുടെ ദർബാറിലേക്ക് ആനയിക്കുന്നത് യാദൃശ്ചികം മാത്രമാവട്ടെ എന്നാശിക്കുന്നു.

സഖാവിനെ സ്നേഹിക്കുന്ന അനുയായികൾ പിണറായി വിജയൻ ഇരട്ട ചങ്കൻ എന്നാണ് പറയാറ്. പക്ഷെ രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കുക വഴി മുസ്ലിം ബാസ്റ്റഡുകളുടെ മാത്രമല്ല,  മുഴുവൻ മലയാളിയുടെയും മതേതര ചങ്കിനു നേരെയാണ് താങ്കൾ തോക്കു ചൂണ്ടുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raman srivastava
News Summary - kerala police advisor Raman Srivastava savad article
Next Story