Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഈ പനിക്കാലം ശരിക്കും...

ഈ പനിക്കാലം ശരിക്കും  നമ്മള്‍ അര്‍ഹിക്കുന്നു

text_fields
bookmark_border
fever
cancel

ഓരോ മഴക്കാലം വരുമ്പോഴും പനിമരണങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണങ്ങള്‍ ഇല്ല. ഇതിന്‍െറ മുഖ്യ കാരണക്കാരന്‍ കൊതുകാണെന്നും പല പേരുകളിലും രൂപങ്ങളിലും ഈ വില്ലന്‍ പനിയുടെ അണുക്കളെ ഓരോരുത്തരിലേക്കും ഇഞ്ചക്ട് ചെയ്യുകയാണെന്നും പറയുന്നുണ്ട്. കൊതുകുകള്‍ പെരുകുന്നതിന്‍െറ കാരണം വെള്ളം കെട്ടിക്കിടക്കുന്നതാണെന്നും വീടിന്‍െറ പരിസരത്തെ ചിരട്ട, തൊണ്ട്, പൊട്ടിയ പാത്രങ്ങളാദി സംഭവങ്ങള്‍ നീക്കം ചെയ്യണമെന്നും ശുദ്ധജലത്തില്‍ ക്ളോറിന്‍ വാരിയിടണമെന്നും ബോധവത്കരിക്കുന്നുമുണ്ട്. അതിനപ്പുറം പോയാല്‍ കാലാവസ്ഥാ വ്യതിയാനത്തെയും നമ്മള്‍ വലിയ വായില്‍ കുറ്റപ്പെടുത്തും. എന്നാല്‍, സ്വന്തം കാലിന്‍ ചുവട്ടിലുള്ള ഏറ്റവും വലിയ രോഗ ഉറവിടത്തെക്കുറിച്ച് ആരും മിണ്ടില്ല. മിണ്ടിയാല്‍ ചൂണ്ടുവിരല്‍ നീളുന്നത് സ്വന്തത്തിലേക്ക് തന്നെയാവും.

ദൈവത്തിന്‍്റെ നാടു കാണാന്‍ പുറത്തു നിന്നും വരുന്നവര്‍ ഇപ്പോള്‍ കാണുന്നത് ചെകുത്താന്‍ മാന്തിയ കുപ്പത്തൊട്ടിയാണെന്ന് ഒരു കമൻറ്​ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. ഇങ്ങനെപോയാല്‍ പത്തുവര്‍ഷം കൊണ്ട് കുപ്പത്തൊട്ടിയല്ല, ഒരു വലിയ മാലിന്യ മലയാവും കേരളം എന്നും അതിനുള്ളില്‍ 'ജീവിക്കുന്ന' എലികളാവും മലയാളികള്‍ എന്ന മറു കമന്‍റും കണ്ടു. വ്യക്തി ശുചിത്വത്തില്‍ ഇത്ര കാര്‍ക്കശ്യം പുലര്‍ത്തുന്ന മലയാളിയുടെ പൊതു ശുചിത്വ ബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ആ രണ്ട് കമന്‍റുകളും. ഒത്താല്‍ മൂന്നു നേരം വരെ കുളിച്ചു കളയുന്ന മലയാളിയുടെ മൂക്കിനു തുമ്പില്‍ മുട്ടിനില്‍ക്കുന്ന ഒന്നായി മാലിന്യം മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം.

എത്ര കൊണ്ടാലും പഠിക്കില്ല എന്ന പ്രയോഗം ഈ വിഷയത്തില്‍ ആണ് അക്ഷരംപ്രതി ശരിയാവുന്നത്. കേരളത്തിന്‍െറ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിന് ഒരു കാലത്തും മര്യാദക്ക് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിച്ചിട്ടില്ല. വീടിന്‍െറ പരിസരം വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് പൊതു ഇടങ്ങളുടെ ശുചിത്വമെന്നത് നമ്മുടെ പരിഗണനയുടെ ഏഴയലത്ത്പോലുമില്ല. അത് ജനങ്ങളായാലും ഭരണാധികാരികള്‍ ആയാലും.

നാടും നഗരവും ജീവിത ശൈലിയും മാറിയപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവും ക്രമാതീതമായി പെരുകി. നാലും അഞ്ചും സെന്‍റില്‍ വീടുകളും ഫ്ളാറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡിലും പൊതു ഇടങ്ങളിലും ചപ്പു ചവറുകള്‍ 'വിശ്രമിക്കാന്‍' തുടങ്ങി. പുഴകളും തോടുകളും മറ്റു ജലാശയങ്ങളും അഴുക്കു വെള്ളം ഒഴുക്കി വിടാനും മാലിന്യക്കവറുകള്‍ എറിയാനുമുള്ള എളുപ്പ മാര്‍ഗങ്ങളായി. മാലിന്യം കൈകാര്യം ചെയ്യുന്നിടത്തെ മലയാളിയുടെ അലംഭാവവും അതിനോടുള്ള സമീപനവും തന്നെയാണ് ഇതിനെ ഗുരുതരമായ പ്രശ്നമാക്കി മാറ്റിയതും അത് അങ്ങിനെ തന്നെ നിലനിര്‍ത്തുന്നതും. ഇക്കാര്യത്തില്‍ സാക്ഷര കേരളം ഒട്ടും സാക്ഷരമല്ല എന്നതാണ് വൈചിത്ര്യം.

ഇന്ത്യയിലെ ഒരോ അടുക്കളയും പ്രതിമാസം ഏഴു മുതല്‍ പത്ത് കിലോ വരെ മാലിന്യം സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്. എന്നാല്‍, കേരളത്തിലേക്ക് വരുമ്പോള്‍ ഈ കണക്കിലൊന്നും നില്‍ക്കില്ല അത്. നഗരമാലിന്യങ്ങളിലേക്ക് ചേക്കേറുന്നവയില്‍ നല്ലൊരു ശതമാനം വീടുകളില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അടുക്കള മാലിന്യങ്ങളുമുണ്ട്. ഏറ്റവും എളുപ്പം വീടുകളില്‍ തന്നെ സംസ്കരിക്കാവുന്നവയാണ് ഇവയെങ്കിലും അങ്ങനെ ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന ധാര്‍ഷ്ഠ്യമാണ് ഓരോരുത്തരിലും.

ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഈ കൊച്ചു കേരളത്തിന്‍െറ ചെറുതും വലുതുമായ മാലിന്യ നിക്ഷേപങ്ങള്‍ മുഴുവനും. ഒരു കാലത്തും മര്യാദക്ക് സംസ്കരിച്ച ചരിത്രമൊന്നും ഇവയ്ക്കൊന്നിനുമില്ല. ഇതിലാവട്ടെ, എല്ലാ തരം മാലിന്യങ്ങളും ഉള്‍പെടുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ക്ക് പുറമെ, പ്ലാസ്​റ്റിക്​ കവറുകള്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍ തുടങ്ങി സംസ്കരണ പ്രക്രിയയെ അപ്രായോഗികമാക്കുന്ന വസ്തുക്കള്‍ ഒരുമിച്ച് നഗരങ്ങളിലെ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് തള്ളുക എന്നതാണ് വര്‍ഷങ്ങളായി ഇവിടെ നടന്നു വരുന്നത്. ഇതിനൊക്കെ പുറമെ, ആശുപത്രി - അറവുമാലിന്യങ്ങള്‍, ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങൾ, വിവാഹങ്ങളും ആഘോഷ ചടങ്ങുകളും മറ്റും നടക്കുന്നിടത്തു നിന്നുള്ള മാലിന്യങ്ങൾ...ഇങ്ങനെ എന്തും നഗരമാലിന്യത്തിലേക്ക് വന്നടിയുന്നു.

ഈ മാലിന്യങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ആരും ഇതുവരെ കാര്യമായ പഠനങ്ങള്‍ നടത്തിയിട്ടില്ല. ഇനി പഠനം നടത്തി പരിഹാരം കണ്ടു പിടിക്കാനുള്ള സാവകാശവുമില്ല. പതിറ്റാണ്ടുകളായുള്ള മാലിന്യക്കൂനകള്‍ കേരളത്തിന്‍െറ അനാരോഗ്യത്തിന് അത്രമേല്‍ സംഭാവനകള്‍ അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജൈവ മാലിന്യത്തിന്‍െറ സംസ്കരണം തടസ്സപ്പെടുത്തുംവിധം പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ അളവ് ഏറ്റുന്ന എല്ലാതരം പരിപാടികളെയും നമ്മള്‍ ഏറ്റവും നന്നായി ഏറ്റെടുത്ത് പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.

​കൈയൊഴിയാത്ത പ്ലാസ്​റ്റിക്​ കവറുകള്‍
കടന്നുപോവുന്ന വഴിയില്‍ ഉള്ള ഒരു പെട്ടിക്കടയിലേക്ക്മാത്രം നോക്കിയാല്‍ മതി. എത്ര പാക്കറ്റുകള്‍ ആണ് അവിടെ തൂങ്ങിക്കിടക്കുന്നതെന്ന്. കുട്ടികളുടെയും യുവാക്കളുടെയും വായില്‍ വെള്ളമൂറ്റുന്ന വലുതും ചെറുതുമായ ഈ പാക്കറ്റുകള്‍ കാലിയായി അതിന്‍െറ പരിസരത്തുള്ള വഴിയോരങ്ങളിലും ഓടകളിലും എത്രയും കാണാം. ഗ്രാമങ്ങളില്‍ പോലും മാസത്തിലൊന്ന് എന്ന കണക്കില്‍ മുളച്ചുപൊങ്ങുന്ന വര്‍ണാഭമായ ബേക്കറികള്‍ പ്ലാസ്​റ്റിക്കിന്‍െറ ചെറിയ സാമ്രാജ്യം തന്നെയാണ്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പല ചരക്ക്- പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പുറത്തേക്കിറങ്ങുന്ന ഒരാളുടെ കയ്യില്‍ ചുരുങ്ങിയത് അഞ്ച് പ്ലാസ്​റ്റിക്​ കവറുകളെങ്കിലും കാണും. പണ്ട് പത്ര- മാഗസിന്‍ കടലാസുകളില്‍ പൊതിഞ്ഞ് സഞ്ചിയില്‍ കൊണ്ടു വന്നിരുന്ന വീട്ടു സാധനങ്ങള്‍ ഇന്ന് ഒരു വലിയ കിറ്റിനകത്തെ ചറിയ ചെറിയ കിറ്റുകളില്‍ ആക്കി സ്റ്റൈലിഷ് ആയി കയ്യില്‍ തൂക്കി നമ്മള്‍ വീട്ടിലേക്ക്നടക്കുന്നു. 'കിറ്റ് വേണ്ട, എല്ലാംകൂടെ ഇതില്‍ ഇട്ടു തന്നാല്‍ മതിയെന്ന്' കൈയിൽ കരുതിയ സഞ്ചി നീട്ടിക്കാണിച്ചപ്പോള്‍ ഈ ദേശത്ത് നിങ്ങളൊരാള്‍ മാത്രമാണ് വീട്ടില്‍ നിന്ന് സഞ്ചികൊണ്ടുവരുന്നത് എന്ന് കടക്കാരന്‍െറ അല്‍ഭുതം. ഒരു കവർ പാല്‍ ആണെങ്കിലും രണ്ടു കോഴിമുട്ടയോ ഒരു കിലോ പഴമോ 50 രൂപയുടെ മീനോ ആണെങ്കിലും നമുക്ക് അത് കവറിലല്ലാതെ പറ്റില്ല. ഗ്രാമവാസി ആയാലും പട്ടണവാസി ആയാലും കൈയിൽ സഞ്ചി കരുതുന്നത് ഒരു കുറച്ചിലാണ് നമുക്ക്. ആരെങ്കിലും അത് പറയുമ്പോള്‍, 'ഈ കാലത്ത് പ്ലാസ്​റ്റിക്​ കവറില്ലാതെ എന്ത് നടക്കാനാ' എന്ന പരിഹാസവും. ഇതിനു പുറമെ, കുട്ടികള്‍ക്ക് ലക്കും ലഗാനുമില്ലാതെ വാങ്ങുന്ന പ്ളാസ്റ്റിക് കളിപ്പാട്ടങ്ങള്‍, ഒന്നിനു പിറകെ ഒന്നായി വാങ്ങിക്കൂട്ടുന്ന ചെരുപ്പുകള്‍, പ്ലാസ്​റ്റിക്​ ബോട്ടിലുകള്‍, വീട്ടുപയോഗത്തിനുള്ള പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗം കഴിഞ്ഞ് കാണുന്നിടത്തൊക്കെ വലിച്ചെറിയല്‍ നമ്മുടെ സ്ഥിരം കലാപരിപാടിയാണ്​.

ഇനി, നിലക്കാത്ത പ്രവാഹമായി വീട്ടി​േലക്കെത്തുന്ന കവറുകള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. നാലോ അഞ്ചോ സെന്‍റുകളില്‍ ജീവിക്കുന്നവരാണ് നഗരവാസികള്‍ അധികവും. ഒന്നുകില്‍ ഇതെല്ലാം കൂട്ടിവെച്ച് വീടിന്‍െറ പരിസരത്ത് ഇട്ട് കത്തിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ അടുപ്പില്‍ തിരുകിവെച്ച് കത്തിക്കും. അതുമല്ലെങ്കിൽ കുടുംബശ്രീക്കാര്‍ കൊണ്ടുപേവാന്‍ വരുന്ന മാലിന്യത്തി​​െൻറ കൂടെ ഇടും. അതിനും കഴിയാത്തവര്‍ കെട്ടിപ്പൊതിഞ്ഞ് വഴിവക്കിലേക്കോ ജലാശങ്ങളിലേക്കോ എറിയും. ആരും റീ സൈക്കിള്‍ ചെയ്യാന്‍ കൊടുക്കാറില്ല എന്ന് ചുരുക്കം. അതിന് റീസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുവേണ്ടേ എന്നത് മറ്റൊരു പ്രശ്നം.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിളപ്പില്‍ ശാലയിലും ഞെളിയന്‍ പറമ്പിലുമൊക്കെ പോയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കൂറ്റന്‍ മാലിന്യ മലകളില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്​റ്റിക്​ മാലിന്യങ്ങള്‍ ആയിരുന്നു. എന്നാല്‍, അമ്പരപ്പിച്ച കാര്യം ഈ നാറുന്ന ചുറ്റുപാടില്‍ പോലും ഒരൊറ്റ ഈച്ചയെയോ കാക്കയെയോ കഴുകനെയോ ആ പരിസരത്ത് കണ്ടില്ല എന്നതാണ്. അത്രമാത്രം കാഠിന്യം കൂടിയ കീടനാശിനികള്‍ ആയിരുന്നു അതിന്‍മേല്‍ തളിച്ചുകൊണ്ടിരുന്നത്.

ചൂടുകാലത്ത് ഇത് എല്ലാംകൂടെ ഉരുകും. അവിടെ നടക്കുന്ന രാസപ്രവര്‍ത്തനം എന്താണെന്ന് ആര്‍ക്കുമറിയില്ല. എന്തൊക്കെ രോഗാണുക്കള്‍ ആണ് രൂപം കൊള്ളുന്നതെന്ന് ഒരു പിടിയുമില്ല. മഴക്കാലമാവുമ്പോള്‍ ചീഞ്ഞളിഞ്ഞ് മഴവെള്ളത്തിലൂടെ പരിസരങ്ങളിലേക്ക് പടരും, മണ്ണിലേക്ക് ഇറങ്ങും. മഴവെള്ളത്തില്‍ കലര്‍ന്ന് ആളുകള്‍ ഉപയോഗിക്കുന്നതും അല്ലാത്തതുമായ ജല സ്രോതസ്സുകളിലേക്ക് എത്തും. ഓരോ വര്‍ഷവും പൊങ്ങിവരുന്ന പകര്‍ച്ച രോഗങ്ങളെ കുറിച്ച് വലിയ പിടിപാടില്ലാതെ തപ്പിത്തടയുന്ന നമ്മുടെ ആരോഗ്യ വകുപ്പും മറ്റു അധികൃതരും ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശങ്ങളില്‍ ഇത്ര കാലമായിട്ടും പ്ലാസ്​റ്റിക്കിനെതിരായ ബോധവത്​കരണം ഇടംപിടിക്കാത്തത് അമ്പരപ്പിക്കുന്നതാണ്. അത് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചെലവില്‍ എഴുതിത്തള്ളിയിയിരിക്കുകയാണ്.

എന്നിട്ട് ആകെ ചെയ്യുന്നത്​, ഈ സമയത്ത് മുളപൊട്ടുന്ന എല്ലാ തരം പകര്‍ച്ച വ്യാധികളെയും 'പനി' എന്ന ഒരു പൊതു കുടക്കീഴിലേക്ക് കൊണ്ടുവരുന്നു. നാക്കില്‍ കൊള്ളാത്ത എന്തെങ്കിലും ഒരു വിചിത്ര പേരിടും. എന്നിട്ട് ഒരു ശാസ്ത്രീയ നാമവും കൊടുക്കും. ഇതോടെ ജനം അത് പനിയെന്ന് വിശ്വസിക്കും. എന്നിട്ട് ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ഓടും. കുറെ പേര്‍ക്ക് വാരിവിഴുങ്ങിയ ഗുളികകളില്‍ ഏതെങ്കിലും ഒന്ന് ഏശും. അതല്ലാത്തവര്‍ ജീവിതത്തില്‍ നിന്നു തന്നെ പിന്‍വാങ്ങും. മഴ കഴിയുമ്പോള്‍ അടുത്ത വര്‍ഷത്തേക്ക് കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ വില്ലന്മാർ പിന്‍വലിയും. അതോടെ നമ്മുടെ എല്ലാ പ്രതിരോധങ്ങളും കെട്ടടങ്ങും. ചുരുക്കിപ്പറഞ്ഞാല്‍ ഈ കലാപരിപാടികള്‍ നമ്മള്‍ മലയാളികള്‍ ശരിക്കും അര്‍ഹിക്കുന്നുണ്ടെന്ന് സാരം.

മാലിന്യ നിര്‍മാര്‍ജ്ജനം ഒരു കീറാമുട്ടിയാണോ?
കേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നത് കേരളത്തില്‍ അമ്പേ പരാജയമടഞ്ഞ പരിഹാരമാണ്. ഞെളിയന്‍പറമ്പ്, വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയവ അതി​​െൻറ മികച്ച ഉദാഹരണങ്ങളായി നമുക്കു മുന്നിലുണ്ട്. ഏറ്റവും നവീനവും കാര്യക്ഷമവുമായ പ്ലാന്‍റുകള്‍ സ്ഥാപിച്ചാല്‍ പോലും ഈ പ്രശ്നത്തെ മറികടക്കാനാവാത്തവിധം നാറിയിരിക്കുന്നു നമ്മുടെ രാഷ്ര്ടീയ-സാമൂഹ്യ പരിസരം. ഈ പ്രശ്നത്തോടുള്ള അങ്ങേയറ്റത്തെ അലംഭാവത്തിനു പുറമെ കെടുകാര്യസ്ഥതയും, അഴിമതിയും നിറഞ്ഞ ഒരു ഘടനയില്‍ തികഞ്ഞ പരാജയമാണ് ഇത്തരം പ്ലാൻറുകൾ. എന്നാല്‍, മറ്റു പരിഹാരങ്ങള്‍ ഒന്നും ഇല്ലാത്ത ഭീകര പ്രശ്നമായാണ് ഇതിനെ അധികൃതരും ജനങ്ങളും കാണുന്നതും അവതരിപ്പിക്കുന്നതും. ഈ സമീപനമാണ് അടിയന്തരമായി മാറ്റേണ്ടത്.

മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന് ഉരുവിട്ടു പഠിച്ചതുകൊണ്ട് കാര്യമായില്ല. ലക്ഷങ്ങളും കോടികളും മുടക്കി വലിയ വലിയ വീടുകള്‍ കെട്ടിപ്പടുക്കുന്നവര്‍ കാര്യമായ നീക്കിവെപ്പ് നടത്താത്ത വിഷയമാണ് മാലിന്യ സംസ്കരണം. നീന്തല്‍ കുളങ്ങള്‍ അടക്കം സര്‍വ സൗകര്യങ്ങള്‍ക്കും ഇല്ലാത്ത സ്ഥലവും വന്‍ തുകയും വകയിരുത്തുമ്പോള്‍ വീട്ടുമാലിന്യമെന്ന അടിസ്ഥാന പ്രശ്നത്തിന് ആരും പോംവഴി കാണുന്നില്ല.

നിയമം കര്‍ക്കശമാക്കിയും ബോധവത്​കരണത്തിലൂടെ ശീലങ്ങള്‍ മാറ്റിയെടുത്തും ഭരണകര്‍ത്താക്കളും ജനങ്ങളും ഒരുപോലെ ജാഗ്രത കാണിച്ചില്ലെങ്കിൽ വരും കാലം കേരളം ഒട്ടും വാസയോഗ്യമല്ലാത്ത ദേശമായി മാറും എന്നതില്‍ തര്‍ക്കമില്ല.

മാലിന്യ പ്രശ്നം എങ്ങനെ പരിഹരിക്കാം.

1.വികേന്ദ്രീകൃത മാലിന്യ സംസ്കരണം:

മാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ അതിന്‍റെ സംസ്കരണ ചുമതലയിലേക്ക്​ തിരിയുക എന്നതാണ് ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ ചുവടുവെപ്പ്. ഓരോ പഞ്ചായത്തിലും നഗരസഭയിലും പത്തോ പതിനഞ്ചോ ചെറു സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുക. വേര്‍തിരിച്ചുള്ള സംസ്കരണം അടക്കം ഈ യൂണിറ്റുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് തദ്ദേശഭരണകൂടങ്ങള്‍ കണിശമായ മേല്‍നോട്ടം വഹിക്കുക.

2. മാലിന്യ സംസ്കരണത്തിന് വീടുകളില്‍ സംവിധാനമൊരുക്കുക:
ബയോഗ്യാസ് പ്ലാൻറ്​, പൈപ്പ്​ കമ്പോസ്റ്റ് തുടങ്ങിയവ വഴി ഇത് എളുപ്പം സാധ്യമാവും. ആലപ്പുഴ നഗരസഭയില്‍ തോമസ് ഐസക് എം.എല്‍.എ പരീക്ഷിച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന രീതിയാണിത്. എയറോബിക്​സ്​ സംവിധാനവും ആലപ്പുഴ നഗരസഭയിൽ വിജയകരമായി നടത്തിവരുന്നു. സബ്സിഡി നിരക്കില്‍ ഉപകരണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ സൗകര്യമൊരുക്കുക. ഇതുവഴി ഒരു പ്രശ്നം പരിഹരിക്കാമെന്ന് മാത്രമല്ല പാചകത്തിനുള്ള ഇന്ധനം സ്വന്തം നിലക്ക് ഉല്‍പാദിപ്പിച്ച് ആ ദൗര്‍ലഭ്യതയെ കൂടി മറികടക്കാന്‍ കഴിയുന്നു.ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ​െൻറർ ഫോർ സയൻസ്​ ആൻറ്​ എൻവയോൺമ​െൻറ്​ ഉറവിടത്തിൽ മാലിന്യം സംസ്​കരിക്കുന്ന ഇന്ത്യയിലെ നഗരങ്ങളുടെ ​േററ്റിങ്ങിൽ ആലപ്പുഴക്കാണ്​ ഒന്നാം സ്​ഥാനം നൽകിയത്​ എന്നതുകൂടി നമ്മൾ ഒാർക്കുക.

3. സ്വന്തമായി ആധുനിക സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത ആശുപത്രികള്‍, അറവുശാലകള്‍, കോഴിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ ലൈസന്‍സ് റദ്ദാക്കുകയും ഈ സംവിധാനമില്ലാതെ പുതിയത് തുടങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യത്തില്‍ കര്‍ശന സമീപനം സ്വീകരിക്കണം.

4. പുഴയിലും തോടുകളിലും പൊതു ഇടങ്ങളിലും മാലിന്യം എറിയുന്നവര്‍ക്കെതിരെ നിയമ നടപടി കര്‍ശനമാക്കുക. ഇത് നിരീക്ഷിക്കുന്നതിനായി ജനകീയ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക.

5. ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ : മാലിന്യത്തി​​െൻറ അളവ് കുറച്ചു കൊണ്ട് വരിക എന്നത് തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രശ്നം മറികടക്കുന്നതിനുള്ള ഏറ്റവും കാതലായ നീക്കം. പ്ലാസ്​റ്റിക്കിന്​ പകരം തുണി, പേപ്പര്‍ ബാഗുകള്‍ ഒരു ശീലമാക്കി മാറ്റുന്ന തരത്തിലേക്ക് നിരന്തര ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ചുക്കാന്‍ പിടിക്കുക.

6. ജനങ്ങളുടെ ബാധ്യത:
എല്ലാം അധികാരികളെ ഏല്‍പിച്ച് കൈയും കെട്ടി മാറി നില്‍ക്കുന്ന സ്വഭാവം ജനങ്ങളും അവസാനിപ്പിക്കുക. മാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെയാണ് അതി​​െൻറ വേര്‍തിരിച്ചുള്ള സംസ്കരണത്തിൽ ഒന്നാമതായി ബാധ്യതപ്പെട്ടവര്‍. സ്വന്തം വീട്ടിലെ മാലിന്യത്തി​​െൻറ അളവ് കുറച്ചു കൊണ്ട് വരികയും പൊതു സമൂഹത്തിന് ബാധ്യതയാവാത്ത വിധത്തില്‍ സ്വന്തം നിലയില്‍ സംസ്കരിക്കുകയും ചെയ്യുക.

7. സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടാവുന്ന അഴുക്കു വെള്ളം സംസ്കരിച്ചതിനു ശേഷം പൊതു കനാലുകളിലേക്കോ ഓടകളിലേക്കോ ഒഴുക്കിവിടുക. ഇങ്ങനെ ചെയ്യാത്തവര്‍ക്കു നേരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുക.
ഇവയൊക്കെ നടപ്പാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗങ്ങളാണ്. അതുകൊണ്ട് തന്നെ മാലിന്യ മുക്ത കേരളം എന്നത് ഒരു ബാലികേറാമലയല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverwaste
News Summary - dengue fever waste disaster
Next Story