Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത്...

ഇത് കോര്‍പറേറ്റുകള്‍ക്കുള്ള പാരിതോഷികം

text_fields
bookmark_border
ഇത് കോര്‍പറേറ്റുകള്‍ക്കുള്ള പാരിതോഷികം
cancel

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതുമുതല്‍ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരംഭിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാറിന്‍െറ വിശദീകരണം മുഖവിലക്കെടുത്ത് കള്ളപ്പണം തടയാന്‍ നോട്ട് അസാധുവാക്കല്‍ നടപടി സഹായിക്കുമെങ്കില്‍ അത് രാജ്യത്തിന് ഗുണകരമാകുമല്ളോ എന്ന പ്രതീക്ഷയില്‍ സാധാരണ ജനം നടപടിയെ തുടക്കത്തില്‍ സ്വാഗതം ചെയ്യുകയായിരുന്നു. അതിനായി കുറച്ച് ക്ളേശങ്ങള്‍ സഹിക്കാനും അവര്‍ തയാറായി.  ജനങ്ങളുടെ ക്ളേശങ്ങള്‍ അറിഞ്ഞ് അവസരത്തിനൊത്ത് ഉയര്‍ന്ന ബാങ്ക് ജീവനക്കാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലും യുദ്ധകാലാടിസ്ഥാനത്തില്‍ പണിയെടുത്തതുകൊണ്ടാണ് കുറേ അധികം അത്യാഹിതങ്ങളെങ്കിലും ഒഴിവായത്.

നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ വന്ന വന്‍ വീഴ്ചമൂലം ദോഷഫലം അനുഭവിക്കേണ്ടിവന്നത് മഹാഭൂരിപക്ഷം സാധാരണക്കാരാണ്. ക്ളേശം സഹിക്കാന്‍ തുടക്കത്തില്‍ തയാറായ ജനം തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. കാര്‍ഷികമേഖല, ചെറുകിട വ്യവസായമേഖല, വ്യാപാരമേഖല, അസംഘടിതമേഖല തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന സമസ്ത മേഖലയിലും വലിയ മാന്ദ്യമാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലയിലെ സാമ്പത്തികചലനങ്ങളാകെ നിശ്ചലമായിരിക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ആണ്. നോട്ട് അസാധുവാക്കല്‍ സഹകരണമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി അതീവ ഗുരുതരമാണ്.

ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും കറന്‍സികള്‍ അസാധുവാക്കുമ്പോള്‍ പകരം അതേ തുകയിലുള്ള കറന്‍സി നല്‍കാന്‍ നിശ്ചയമായും സര്‍ക്കാര്‍ തയാറെടുപ്പ് നടത്തേണ്ടതായിരുന്നു. അത് ചെയ്യാതെ അതിനേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ട് ഇറക്കിയപ്പോള്‍ അത് വിതരണം ചെയ്യത്തക്കവിധം എ.ടി.എമ്മുകളെ സജ്ജീകരിക്കുകയും ചെയ്തില്ല. 1978ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചപ്പോള്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഐ.ജി. പാട്ടീല്‍ അതിനോട് രേഖപ്പെടുത്തിയ വിയോജിപ്പ് ഇപ്പോഴും പ്രസക്തമാണ്. കള്ളപ്പണത്തിന്‍െറ ഉടമസ്ഥര്‍ അവരുടെ കറുത്ത സമ്പാദ്യം നോട്ടുകെട്ടുകളാക്കി കിടക്കയുടെ അടിയിലും സ്യൂട്ട്കേസിലും നിറച്ചുവെച്ചിരിക്കുകയാണെന്ന ചിന്ത ശുദ്ധ അറിവില്ലായ്മയാണ്.

രാജ്യത്ത് കറുത്ത പണം കറന്‍സികളായി ശേഖരിച്ചിരിക്കുന്നത് വെറും ആറു ശതമാനമാണ്. ബാക്കി 94 ശതമാനം വരുന്ന അതിഭീമമായ കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപമായും മൂലധന നിക്ഷേപമായും ഓഹരി നിക്ഷേപമായും ഭൂമിയായും സ്വര്‍ണമായും ഈ നടപടിക്കുശേഷവും സംരക്ഷിക്കപ്പെടുകയാണ്.  കറുത്ത പണം കറന്‍സിയായി സൂക്ഷിക്കുന്ന ആറ് ശതമാനത്തില്‍തന്നെ സ്വാധീനശക്തിയുള്ള ചില വമ്പന്മാര്‍ നോട്ട് അസാധുവാക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി അറിഞ്ഞ് പണം വെളുപ്പിച്ചതിന്‍െറ സൂചനകളും പുറത്തുവന്നിട്ടുണ്ട്. സ്വിസ് ബാങ്കേഴ്സ് അസോസിയേഷന്‍ അവരുടെ ബാങ്കിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തിന്‍െറ മൂല്യം രണ്ട് ബില്യണ്‍ യു.എസ് ഡോളര്‍ ആണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ കണക്കിന്‍െറ ചുവടുപിടിച്ച് 2012 മേയ് മാസത്തില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച കള്ളപ്പണം സംബന്ധിച്ച ധവളപത്രത്തില്‍ 2010 വരെയുള്ള, യൂറോപ്യന്‍ ബാങ്കുകളിലുള്ള നിയമവിരുദ്ധ ഇന്ത്യന്‍ നിക്ഷേപങ്ങളാകെ 1.47 ലക്ഷം കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒൗദ്യോഗിക കണക്കുകള്‍ ഇതാകുമ്പോള്‍ യഥാര്‍ഥ തുക ഇതിലും എത്രയോ ഭീമമായിരിക്കും. ഇത് തിരികെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
ബാങ്കുകളില്‍ നിയമപ്രകാരം നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സാധാരണക്കാരെ അനുവദിക്കാത്ത നടപടിക്ക് ന്യായീകരണങ്ങളൊന്നുമില്ല. പഴയ കറന്‍സിക്ക് പകരം പുതിയവ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കറന്‍സിക്ക് ക്ഷാമം  സൃഷ്ടിച്ചതിന്‍െറ ലക്ഷ്യവും ജനങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ നിലനിര്‍ത്തുക എന്നതാണെന്ന് കരുതേണ്ടിയിരിക്കുന്നു. യഥേഷ്ടം പിന്‍വലിക്കാവുന്ന സ്വന്തം സമ്പാദ്യം പിന്‍വലിക്കുന്നത് ഒരു നിയമത്തിന്‍െറയും പിന്‍ബലം ഇല്ലാതെ തടഞ്ഞതു വഴി ജനങ്ങളുടെ സമ്പാദ്യമായ  അനേകം ലക്ഷം കോടി രൂപ ബാങ്കില്‍ കിടക്കാന്‍ നിര്‍ബന്ധിത സാഹചര്യം സൃഷ്ടിച്ചു. ഇതിന്‍െറ പ്രയോജനം ആര്‍ക്കാണ് ലഭിക്കുക?

സാധാരണക്കാരുടെ പണം ഇങ്ങനെ ബാങ്കുകളില്‍ പിടിച്ചു വെക്കുമ്പോള്‍തന്നെയാണ് മറുവശത്ത് കോര്‍പറേറ്റുകള്‍ക്കുള്ള സഹായം അണമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്നത്. 2005 മുതല്‍ 2015 വരെ കേന്ദ്ര ബജറ്റില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ച നികുതി ഇളവ് 42 ലക്ഷം കോടി രൂപയാണ്. വന്‍കിട വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന നടപടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ ദേശസാത്കൃത ബാങ്കുകള്‍ എഴുതിത്തള്ളിയത് കുത്തകകളുടെ 1,14,000 കോടി രൂപയാണ്. പൊതുമേഖല ബാങ്കുകള്‍ അതിഭീമമായി ഉയര്‍ന്ന കിട്ടാക്കടം മൂലം തകര്‍ച്ചയുടെ വക്കിലാണ്. ഈ എഴുതിത്തള്ളല്‍ മൂലം ബാങ്കുകള്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍ 2014 -2015 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ 70000 കോടി രൂപ സഹായം നല്‍കിയിട്ടും പൊതുമേഖല ബാങ്കുകള്‍ക്ക് കരകയറാന്‍ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഒന്നര മാസം മുമ്പ് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഉടനടി ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തണമെന്ന് നിര്‍ദേശിച്ചത്. അതുകൊണ്ടും ഗുണം ഉണ്ടായില്ല. ഒടുവില്‍ കോര്‍പറേറ്റുകള്‍ സൃഷ്ടിച്ച ദുരന്തത്തിനും പ്രതിസന്ധിക്കും പരിഹാരമായിട്ടല്ളേ കറന്‍സി അസാധുവാക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കറന്‍സി റദ്ദാക്കപ്പെട്ട ശേഷം പതിനൊന്ന് ദിവസം കൊണ്ടുതന്നെ ബാങ്കുകളിലേക്ക് ഏഴുലക്ഷം കോടി രൂപയുടെ നിക്ഷേപമത്തെി. ഈ പണവും ഒടുവില്‍ മടങ്ങുക കോര്‍പറേറ്റുകളുടെ കൈയിലേക്കാണ്. ബാങ്കുകളുടെ ലയനം ഉള്‍പ്പെടെ സമീപകാലത്തെ എല്ലാ നടപടികളും കോര്‍പറേറ്റുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് സൂചന. ജനജീവിതം തകര്‍ക്കുന്ന സാമ്പത്തിക ആക്രമണം അഴിച്ചുവിട്ട് കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ യഥാര്‍ഥ ലക്ഷ്യം മറച്ചുവെച്ച് ദേശീയ വികാരം ഉണര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
എസ്.ബി.ടി എംപ്ളോയീസ് യൂണിയന്‍ ദേശീയ പ്രസിഡന്‍റും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമാണ് ലേഖകന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - currency demonetization
Next Story