Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനമുക്ക് ലജ്ജിക്കാം;...

നമുക്ക് ലജ്ജിക്കാം; വൃത്തികേടിന്‍റെ നെറുകയിൽ കയറി

text_fields
bookmark_border
നമുക്ക് ലജ്ജിക്കാം; വൃത്തികേടിന്‍റെ നെറുകയിൽ കയറി
cancel

ഏതാനും വർഷം മുമ്പത്തെ അനുഭവമാണ്. പരശുറാം എക്സ്​പ്രസിൽവെച്ച് പരിചയപ്പെട്ട സ്വിസ്​ ദമ്പതികൾ യാത്രയിലുടനീളം അസ്വസ്​ഥരായിരുന്നു. ആ മുഖങ്ങളിൽ മിന്നിമറഞ്ഞ ഭാവങ്ങൾ അറപ്പി​​​​​​​െൻറയും വെറുപ്പി​​​​​​​െൻറയും രോഷത്തിേൻറതുമാണ്. എന്തുപറ്റി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സഹയാത്രികരോട് കൂടുതൽ സംസാരിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയത് കൊണ്ട് മൗനമാണ് ഭൂഷണമെന്ന് കരുതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു; പഴംപൊരിയും കട് ല​​റ്റും ഉഴുന്നുവടയുമൊക്കെയായി ഓരോ കാറ്ററിങ് തൊഴിലാളി കടന്നുപോകുമ്പോഴും ദേഷ്യത്തോടെ അവർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. യാചകന്മാരുടെ വരവും പിച്ചച്ചട്ടിയുമൊക്കെ അവരെ അലോസരപ്പെടുത്തുന്നുണ്ട്. സദാ പുറത്തേക്ക് നോക്കിയിരിക്കയാണ്.
‘എന്തുപറ്റി; വണ്ടിയിലെ തിക്കും തിരക്കും പ്രയാസമായോ? ചോദ്യം പൂർത്തിയാക്കുന്നതിനു മുമ്പ് ആ മങ്ക പൊട്ടിത്തെറിച്ചു. ‘ഗോഡ്സ്​ ഓൺ കൺട്രി! റബ്ബിഷ്, റബ്ബിഷ്, ഇതാദ്യമായാണ് ഇങ്ങനെയൊരു അസഹ്യമായ യാത്ര നടത്തേണ്ടിവന്നത്. എങ്ങനെയെങ്കിലും ഒന്ന് കൊച്ചിയിൽ എത്തിയാൽ മതിയായിരുന്നു’.

ഇണയെ സമാധാനിപ്പിച്ച് സായിപ്പ് ശബ്ദം കുറച്ച് രോഷം ഒട്ടും കുറക്കാതെ വിഷയത്തിലേക്ക് കടന്നു. ‘‘ ഇത്രയധികം ആളുകൾ സഞ്ചരിക്കുന്ന കംപാർട്ട്മ​​​​​​​െൻറ് അൽപം വൃത്തിയിൽ നിങ്ങൾക്ക് സൂക്ഷിച്ചുകൂടേ. നെയ്യിൽ മുക്കിയ, മസാലയിൽ പൊതിഞ്ഞ പലഹാരങ്ങൾ വിൽക്കാൻ കൊണ്ടുപോകുന്നത് കണ്ടില്ലേ? ഒരു കടലാസ്​ കൊണ്ടെങ്കിലും അത് മറച്ചിരുന്നുവെങ്കിൽ. രോഗം പടരാൻ വേറെന്തെങ്കിലും വേണോ? എന്തുമാത്രം പൊടിപടലങ്ങളാണ് അതിൽ ചെന്നുവീഴുന്നത്. അതിനിടയിൽ കുഷ്ഠരോഗികൾ, മന്ത് പിടിപെട്ടവർ, യാചകർ, കുളിക്കാത്തവരും കഴുകാത്തവരും... ഞങ്ങളെ അദ്ഭുതപ്പെടുത്തിയത് ഒരാൾക്കും ഇതിലൊന്നും ഒരു പ്രയാസവുമില്ല എന്നതാണ്.’’

മാന്യ അതിഥികളോട് വാദിക്കുന്നതോ ന്യായീകരിക്കാൻ ശ്രമിക്കുന്നതോ ശരിയല്ലെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ കുട്ടാക്കിയില്ല. എങ്കിലും മനസ്​ സ്വയം ചോദിച്ചു;  അവർ പറയുന്നതിലും കാര്യമില്ലേ? ഒരു വിദേശ വിനോദസഞ്ചാരി ദൈവത്തി​​​​​​​െൻറ ഈ പറുദീസയിൽ ഇങ്ങനെയൊരു കാഴ്ചയാണോ പ്രതീക്ഷിക്കുന്നത്?  പ്രബുദ്ധതയിൽ ഒന്നാം സ്​ഥാനത്തെന്ന് സ്വയം അഭിമാനിക്കുന്ന, സാക്ഷരതയിൽ  തങ്ങളോട് വെല്ലുവിളിക്കാൻ ഇന്ത്യാമഹാരാജ്യത്ത് ആരുമില്ലെന്ന് അഹങ്കരിക്കുന്ന, ജീവിതനിലവാരത്തിൽ ജപ്പാനോടും സിങ്കപ്പൂരിനോടും സ്വയം മൽസരിക്കുന്ന മലയാളികളുടെ ജീവിതപരിസരം വൃത്തിയുടെ കാര്യത്തിൽ പാതാളത്തിലാണെന്ന്  ആധികാരിക രേഖകൾ വിളിച്ചുപറയുമ്പോൾ ആ വിദേശജോഡികൾ പറഞ്ഞ ‘റബ്ബിഷ് ’ തന്നെയല്ലേ നമ്മളെന്ന് സമ്മതിച്ചുകൊടുക്കേണ്ടിവരുന്നില്ലേ?  വൃത്തി മാനദണ്ഡമാക്കി രാജ്യത്തെ നഗരങ്ങളെ കുറിച്ച് പഠനം നടത്തിയപ്പോൾ ആദ്യത്തെ 250എണ്ണത്തിൽ പോലും കേരളത്തിലെ ഒരു പട്ടണം കയറിക്കൂടിയില്ല എന്ന വാസ്​തവികത നമ്മെ വല്ലാതെ ലജ്ജിപ്പിക്കേണ്ടതല്ലേ? ശുചിത്വനിലവാരത്തെ കുറിച്ച് നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും മുന്തിയ നഗരമായ കോഴിക്കോടി​​​​​​​െൻറ സ്​ഥാനം 254 ആണ്. കൊച്ചിയുടേത് 271. അനന്തപുരിയോ? 372. മധ്യപ്രദേശിലെ ഇന്ദോറും ഭോപ്പാലും ഒന്നും രണ്ടും സ്​ഥാനങ്ങൾ കൈയടക്കിയപ്പോൾ കഴിഞ്ഞ രണ്ടുവർഷം ഒന്നാം സ്​ഥാനത്തുണ്ടായിരുന്ന മൈസൂരു അഞ്ചാം സ്​ഥാനമെങ്കിലും പിടിച്ചടക്കിയിട്ടുണ്ട്.

മേത്തരം വീടുകൾ കെട്ടിപ്പൊക്കി ജീവിതനിലവാരം കൂട്ടാൻ കൂട്ട മൽസരം നടത്തുന്ന, തരാതരം വസ്​ത്രങ്ങളിഞ്ഞ് നെളിഞ്ഞുനടക്കാൻ അമിതാവേശം കാട്ടുന്ന ഒരു ജനത ഇവിടെ ജീവിക്കുമ്പോൾ, അവർ പെരുമാറുന്ന നഗരങ്ങൾ എന്തുകൊണ്ട് ശുചിത്വത്തി​​​​​​​െൻറ കാര്യത്തിൽ ദയനീയമാംവിധം പിറകോട്ട് പോയി എന്ന ചോദ്യത്തിനു നാം തന്നെയാണ് ഉത്തരം കണ്ടെത്തേണ്ടത്്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളമോഡലിൽ എവിടെയും നഗരശുചിത്വത്തെ കുറിച്ച് സങ്കൽപങ്ങളൊന്നുമില്ലെന്ന് പറയാനാവുമോ? വീടും പരിസരവും അങ്ങേയറ്റം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാൻ ശുഷ്ക്കാന്തി കാട്ടുന്ന കേരളീയനു എന്തുകൊണ്ട് അവരുടെ പട്ടണങ്ങളിലും നഗരങ്ങളിലും ഉയർന്ന സിവിക് സെൻസോടെ ജീവിക്കാൻ സാധിക്കുന്നില്ല. ഇന്ദോറിനു രാജ്യത്തെ ഏറ്റവും വെടിപ്പുള്ള നഗരം എന്ന ഖ്യാതി കിട്ടിയപ്പോൾ ലോക്സഭ സ്​പീക്കർ സുമിത്രമഹാജൻ ആദ്യമായി അഭിനന്ദിച്ചത്​ ആ നഗരത്തെ അങ്ങനെ പരിപാലിക്കുന്നതിൽ വലിയ പങ്ക്​ വഹിക്കുന്ന അവിടുത്തെ ജനങ്ങളെയായിരുന്നു. എത്രമാത്രം അടിസ്​ഥാന സൗകര്യങ്ങളുണ്ടായിട്ടും ജനം സഹകരിക്കുന്നില്ലെങ്കിൽ ഒരു പട്ടണവും മാലിന്യമുക്തമാവാൻ പോകുന്നില്ല.

വൃത്തിയുടെ കാര്യത്തിൽ മലയാളികൾ മറ്റു നാട്ടുകാരെ കളിയാക്കാറുണ്ടെങ്കിൽ അത്​ കപടമാണ്​. മലയാളിയുടെ വൃത്തി അവ​​​​​​​െൻറ വീട്ടി​​​​​​​െൻറ മുറ്റത്ത് അവസാനിക്കുന്നു. വീടും പരിസരവും കഴിച്ചുള്ളതെല്ലാം വൃത്തികേടാക്കാനുള്ളതാണെന്ന വികൃതചിന്ത സദാ കൊണ്ടുനടക്കുന്നത് പോലെ. മധ്യപൗരസ്​ത്യദേശത്തെ പ്രമുഖ മാധ്യമപ്രവർത്തകനും  അറബ് ന്യൂസ്​ പത്രത്തി​​​​​​​െൻറ മുൻചീഫ് എഡിറ്ററുമായ ഖാലിദ് അൽ മഈന കേരളത്തിലെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്. പൊതു ശുചിത്വബോധം വളരെ കുറഞ്ഞവരാണ് കേരളത്തിലെ ജനങ്ങൾ എന്ന്. ഒഴിവ് കാലം ചെലവഴിക്കാൻ കുടുംബസമേതം ഒരിക്കൽ കോട്ടയം കുമരകത്ത് വന്നപ്പോഴുണ്ടായ അനുഭവം ഞെട്ടലോടെയാണ് അദ്ദേഹം വിവരിച്ചത്. ഒരു സായാഹ്നത്തിൽ കുമരകം കായൽ തീരത്ത് പ്രകൃതി ആസ്വദിക്കാൻ ഇരുന്നതാണ്. അൽപദൂരത്ത് കാണാനിടയായ കാഴ്ച അവരെ ഞെട്ടിച്ച. മൂന്നാല് പേർ ഒരുമിച്ച് വെള്ളത്തിൽ മലമൂത്ര വിസർജനം നടത്തുകയാണെത്ര. അപൂർമായ കാഴ്ചവിരുന്ന് ഒരുക്കുന്ന പ്രദേശമാണെങ്കിലും പിന്നീട് കുമരകം ഭാഗത്തേക്ക് പോയിട്ടേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞുനിറുത്തിയപ്പോൾ വല്ലാതെ ചെറുതായതി​​​​​​​െൻറ ജാള്യം മറച്ചുപിടിക്കാൻ പാട്പെടേണ്ടിവന്നു.
ഫോട്ടോ: അഭിജിത്ത്
 

യാതൊരു ആസൂത്രണമോ അടിസ്​ഥാന സൗകര്യങ്ങളോ ഇല്ലാത്ത പുരാതന നഗരങ്ങളെ ശുചിത്വമുള്ളതാക്കി നിലനിറുത്താൻ പ്രയാസമുണ്ടെന്ന് വാദിച്ചേക്കാം. അങ്ങനെയെങ്കിൽ ടിപ്പുവി​​​​​​​െൻറ കാലത്ത്  കെട്ടിപ്പൊക്കിയ മൈസൂരുവും നവാബ്മാരുടെ പ്രതാപൈശ്വര കാലഘട്ടത്തിൽ ഉയർന്നുവന്ന ഇന്ദോറും ഭോപ്പാലുമൊക്കെ എങ്ങനെ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നു. നഗരപാലകരും അവിടുത്തെ ജനങ്ങളും മനസ്സ് കൊണ്ടും പെരുമാറ്റം കൊണ്ടും ഒരേ ദിശയിൽ സഞ്ചരിക്കുമ്പോഴാണ് അത് സാധ്യമാകുന്നത്. നമ്മുടെ നഗരപാതകളും പാതയോരങ്ങളും എത്രമാത്രം മലീമസമാണെന്ന് നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു വർഷകാല രാത്രിയിൽ തലശ്ശേരി ബസ്​സ്​റ്റാൻഡിൽ ബംഗ്ലൂരിലേക്കുള്ള ബസ്​ കാത്ത് നിൽക്കുകയായിരുന്ന കർണാടകയിൽനിന്നുള്ള ഒരു ഉയർന്ന ഉദ്യോഗസ്​ഥൻ ബസ്​ സ്​റ്റാൻഡി​​​​​​​െൻറയും പരിസരത്തി​​​​​​​െൻറയും അതിശോചനീയമായ അവസ്​ഥ കണ്ട് കേരളീയരെ മൊത്തത്തിൽ പരിഹസിച്ചത് കേട്ട്നിൽക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. ഓരോ സെക്കൻറിലും സംസ്​ഥാനത്തി​​​​​​​െൻറ വിവിധ ഭാഗങ്ങളിലേക്ക് ബസുകൾ പുറപ്പെടുന്ന ബംഗളൂരു മെജസ്​റ്റിക് ബസ്​ സ്​റ്റാൻഡ് ഒന്ന് വന്നു കാണണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഒരു കടലാസ്​ കഷണം പോലും ഇതി​​​​​​​െൻറ 20ഇരട്ടി വിസ്​താരമുള്ള അവിടെ കാണാൻ പറ്റില്ല. മൈസൂരുവിലെ ഉൾവഴികൾ പോലും കിടന്നുറങ്ങാൻ പാകത്തിൽ വെടിപ്പുള്ളതാണെന്നും അദ്ദേഹം വാദിച്ചു. എല്ലാ കാര്യത്തിലും കേമന്മാരാണെന്ന് സ്വയം ഞെളിയുന്ന മലയാളികൾക്ക് എന്തുപറ്റി എന്ന് സ്വയം ചോദിച്ചു മനസ്​ പുണ്ണാക്കേണ്ടിവരുന്ന അവസ്​ഥ.

വൃത്തിയുടെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്​ഥാനത്ത് നിൽക്കുന്ന കോഴിക്കോടി​​​​​​​െൻറ അവസ്​ഥ തന്നെ ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചുനോക്കൂ. വൃത്തിയുള്ള ഒരു തെരുവെങ്കിലും ചൂണ്ടിക്കാട്ടാൻ പറ്റുമോ? അക്കാര്യത്തിൽ തിരുവനന്തപുരത്തെ എം.ജി റോഡി​​​​​​​െൻറയോ കോട്ടയത്തെ  ശാസ്​ത്രി റോഡി​​​​​​​െൻറയോ അടുത്തെങ്ങാനും എത്തുന്ന ഒരു പാത കോഴിക്കോട്ടില്ല എന്ന് സമ്മതിക്കുന്നതാവും സത്യസന്ധത. റെയിൽവേ സ്​റ്റേഷ​​​​​​​െൻറ സ്​ഥിതിയോ? മുന്ന്, നാല് പ്ലാറ്റ്ഫോമിലേക്ക് വരുന്ന െട്രയിൻ യാത്രക്കാരെ വരവേൽക്കുന്നത് മൂത്രത്തി​​​​​​​െൻറ രൂക്ഷഗന്ധമായിരിക്കും. ടവൽ കൊണ്ട് മൂക്ക് പൊത്തിപ്പിടിക്കാതെ ആർക്കെങ്കിലും ഈ വഴി കടന്നുപോവാൻ സാധിക്കുമോ? ടോയ്ലെറ്റ് മാലിന്യങ്ങൾ റെയിൽപാളത്തിനടിയിലേക്ക് ഒഴുക്കിവിടുന്നത് ആര് കണ്ടുപിടിച്ച മാർഗമാണ്? ഇതുവരെ ഇതിനെതിരെ ഒരാളും ശബ്ദിച്ചുകണ്ടില്ല എന്നത് തന്നെ നമ്മുടെ കാഴ്ചപ്പാട് പോലും എന്തുമാത്രം ‘അൺഹൈജീനിക്’ ആണെന്ന് വിളിച്ചറിയിക്കുന്നു. എത്ര പഴകിയ കെട്ടിടമാണെങ്കിലും പാതയാണെങ്കിലും അത് പരിപാലിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും ശുചിത്വബോധമാണ് അതിനെ മാലിന്യമുക്തവും മനുഷ്യവാസയോഗ്യവുമാക്കുന്നത്. കഴിഞ്ഞാഴ്ച ഖത്തറി​​​​​​​െൻറ ആസ്​ഥാനമായ ദോഹ സന്ദർശിച്ചപ്പോൾ ആ കൊച്ചുരാജ്യം ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പെേട്രാഡോളർ മാത്രമല്ല, ഒരു ജനതയുടെ മാറ്റത്തിനായുള്ള ത്വരയും വലിയ പങ്ക്വഹിക്കുന്നുണ്ടെന്ന് തോന്നി. അതിപുരാതനമായ ഇറാനിസൂക് ഇന്ന് വിനോദസഞ്ചാരികളെ ഹഠാദാകർഷിക്കുന്ന ഒരപൂർവ സന്ദശനകേന്ദ്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കടലിന്നടിയിൽ  മുങ്ങിത്തപ്പി മുത്തുച്ചിപ്പി വാരിയെടുത്ത് ജീവസന്ധാരണം നടത്തിയ ഖത്തറികളുടെ അതിജിവനകലയുടെ നാഗരികമുദ്രകൾ അതേപടി പകർത്തിവെച്ച ആ സൂകിലൂടെ രാവി​​​​​​​െൻറ മങ്ങിയ വെളിച്ചത്തിൽ നടന്നുനീങ്ങിയപ്പോൾ സിന്ദ്ബാദി​​​​​​​െൻറ കഥയിലെ ഏതോ തെരുവാണിതെന്ന് തോന്നിപ്പോയി. എന്തേയ് കോഴിക്കോടി​​​​​​​െൻറ മിഠായിത്തെരുവിന് പോർച്ചുഗീസും ബ്രിട്ട്ഷ്കാരും അറബികളും റോമക്കാരും ഗുജറാത്തികളും പാഴ്സികളും ബട്ടിക്കോളകളും പ്രതാപൈശ്വര്യങ്ങളുടെ ഒരു വസന്തത്തിൽ സംഗമിച്ച പഴമയേറിയ ചന്തത്തെരുവി​​​​​​​െൻറ ബാഹ്യമുദ്രകൾ തിരിച്ചുനൽകി, വൃത്തിയും വെടിപ്പുമുള്ള ഒരു നഗരത്തി​​​​​​​െൻറ പ്രതീകമാക്കി മാറ്റിയെടുത്തുകൂടാ.

മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും വിനോദയാത്രക്ക് പുറപ്പെടുന്ന അറബികളും യൂറോപ്യൻമാരും എന്തുകൊണ്ട് ഇന്ത്യ കവച്ചുവെച്ച് കടന്നുപോകുന്നുവെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ പ്രയാസമില്ല. ശുദ്ധിയുടെ കാര്യത്തിൽ നാം  എത്രയോ പിറകിലാണെന്നാണ് അവർക്ക് ലഭ്യമായ വിവരം. ഒരു ഭാഗത്തിരുന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടരികെ ചൂലുമെടുത്ത് തൂത്തുവാരുന്ന കാഴ്ച കേരളത്തിലെ ഹോട്ടലുകളിൽ പുതുമയുള്ളതാണോ? മാന്യമായി മറക്കാത്ത ശരീരത്തിലൂടെ കൈവിരലുകൾ പായ്ച്ച്, അതേ കൈ കൊണ്ട് ഭക്ഷണം എടുത്തുകൊടുക്കുന്ന  ‘മൈ ബോസ്​’ കാഴ്ചകൾ ഏതെങ്കിലും ടൂറിസ്​റ്റിന് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?  ശുചിത്വം ഒരു ജനം ശീലമാക്കുമ്പോഴാണ് അവരുടെ നാട് വൃത്തിയാകുന്നതെന്ന്  മലേഷ്യയുടെ തലസ്​ഥാനമായ ക്വാലാലംപൂർ സന്ദർശിച്ചപ്പോൾ കൺകുളിർക്കെ കാണാൻ കഴിഞ്ഞു. എല്ലാ വൈകുന്നേരവും ചാറൽ മഴ ലഭിക്കുന്ന ആ മഹാനഗരത്തി​​​​​​​െൻറ മുക്കും മൂലയും കിടന്നുരുളാൻ മാത്രം മാലിന്യമുക്തമാണ് . ഉൾഗ്രാമങ്ങൾ പോലും വെടിപ്പി​​​​​​​െൻറ കൊടിയടയാളം ഉയർത്തിപ്പിടിന്നു. തിരിക്കുപിടിച്ച സ്​ട്രീറ്റിൽ ഒരു തുണ്ട് കടലാസ്​ നിങ്ങൾ അശ്രദ്ധമായി ഇട്ടെന്ന് കരുതുക. പിറകെ വരുന്നവൻ അതെടുത്ത് കൃത്രിമകുപ്പത്തൊട്ടിയിൽ കൊണ്ടിട്ട് നിങ്ങളെ നോക്കി ചിരിക്കും. തെറ്റുപറ്റിയല്ലേ എന്ന സൂചനയോടെ. നമ്മുടെ നാട്ടിലാണെങ്കിൽ  വൃത്തിയുള്ള സ്​ഥലം പരതിപ്പോകുന്നത് എന്തിനാണെന്ന് പറയേണ്ടതില്ലല്ലൊ.

ജനാധിപത്യത്തി​​​​​​​െൻറ ബഹളഘോഷങ്ങൾക്കിടയിൽ ആരുടെ മസ്​തിഷ്ക്കത്തിലാണ് ഇത്തരം വേണ്ടാത്ത ചിന്തകൾ പൊട്ടിമുളക്കുകയല്ലേ? നാഗരിക സമൂഹത്തി​​​​​​​െൻറ പ്രാഥമികനിഷ്ഠ പോലും പാലിക്കാൻ കെൽപില്ലാത്ത ഒരു സമൂഹം എന്നും വൃത്തികേടി​​​​​​​െൻറ നെറുകയിൽ കയറി അർഥശൂന്യമായ മിഥ്യാഭിമാനത്തി​​​​​​​െൻറ കൊടിക്കൂറ പറപ്പിക്കാനേ ആവേശം കാട്ടുകയുള്ളൂ. മഹാകഷ്​ടം എന്നല്ലാതെ മറ്റെന്തുപറയാൻ. ആ സ്വഭാവമാണ് നമ്മെ വൃത്തികേടി​​​​​​​െൻറ നെറുകെയിൽ കൊണ്ടെത്തിച്ചിരികുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clean keralaclean citymalinya muktha keralam
News Summary - clean kerala
Next Story