Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്ത്യയിലെ...

ഇന്ത്യയിലെ ഞാനുള്‍പ്പടെയുള്ള എല്ലാ സ്ത്രീകളും മരിച്ചു പോകാന്‍ ഉല്‍ക്കടമായി മോഹിച്ചുകൊണ്ട്...

text_fields
bookmark_border
ഇന്ത്യയിലെ ഞാനുള്‍പ്പടെയുള്ള എല്ലാ സ്ത്രീകളും മരിച്ചു പോകാന്‍ ഉല്‍ക്കടമായി മോഹിച്ചുകൊണ്ട്...
cancel

ബംഗാളിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ചു പോകണമെന്നും സ്ത്രീകളോടുള്ള നിന്ദയും പുച്ഛവും കിരീടമായി ചൂടിയ ബംഗാളി പുരുഷന്മാര്‍ അന്നേരം എന്തു ചെയ്യുമെന്നും ചോദിച്ച ആശാപൂര്‍ണാദേവിയെ ഓര്‍മ്മിച്ചുകൊണ്ട്...
ഇന്ത്യയിലെ ഞാനുള്‍പ്പെടുന്ന എല്ലാ സ്ത്രീകളും മരിച്ചു പോകാന്‍ ഉല്‍ക്കടമായി മോഹിച്ചുകൊണ്ട്...
പുരുഷന്മാരുടേതു മാത്രമായ ഇന്ത്യയെ കിനാവു കണ്ടുകൊണ്ട്...
ഫേസ്ബുക്കില്‍ ഇങ്ങനെ നാലഞ്ചു വരി എഴുതി ഞാന്‍ കണ്ണീരൊതുക്കി. അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടോ? ഇല്ല, എന്നെനിക്കറിയാം.

കടലാസ്സില്‍ സ്ത്രീക്കനുകൂലമായി അനവധി നിയമങ്ങളുള്ള ഈ രാജ്യത്ത്, അതെല്ലാം നടപ്പിലാക്കാനുള്ള സ്ഥാനവും അധികാരവും ഏറിയ കൂറും പുരുഷന്‍്റെ പക്കലുള്ള ഈ രാജ്യത്ത് ഒരു ശാപം പോലെ ഇവിടെ പുരുഷന്മാര്‍ മാത്രമായിപ്പോകട്ടെ അവര്‍ ഒന്നിച്ച് ജീവിച്ച് തമ്മില്‍ത്തല്ലി ചാകട്ടെ എന്ന് ചിതറിയൊടുങ്ങാനേ എനിക്ക് കഴിയുന്നുള്ളൂ.
‘നീയൊരു പെണ്ണാണ് നിന്നെ എനിക്കെന്തും ചെയ്യാം...ആരും ചോദിക്കാന്‍ വരില്ല’ എന്നും ‘എന്നോട് കളിക്കല്ളേ പച്ചമാങ്ങക്ക് കൊതിക്കു’മെന്നും  മറ്റൊരു ആണിന്‍റെ നേരെ നിന്‍റെ കൈ ഉയരില്ളെന്നും’ നീ യൊരു വെറും പെണ്ണായിപ്പോയി’  എന്നും മറ്റുമുള്ള പുരുഷാധികാര അധമ സംഭാഷണങ്ങളാണല്ളോ നമ്മുടെ സിനിമയിലും സീരിയലിലും എന്നു വേണ്ട സകലമാന കലാരൂപങ്ങളിലും പല വര്‍ണങ്ങളില്‍ പൊലിഞ്ഞാടുന്നത്. അതുകേട്ട് ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ രോമാഞ്ചംകൊണ്ട് തലയാട്ടി ശരിവെക്കുന്നു. പെണ്ണിനെ അടിച്ചൊതുക്കാം, ഗര്‍ഭം ധരിപ്പിച്ച് പീഡിപ്പിക്കാം, ഏതു തരത്തിലും എത്ര നീചമായും അവഹേളിക്കാം എന്ന പാഠം കുഞ്ഞുന്നാള്‍ മുതല്‍ നമുക്ക് ലഭ്യമാകുന്നുണ്ട്. അവള്‍ ഒരു രണ്ടാം തരം ജീവിയാണ്. ഏറു കൊണ്ട് മോങ്ങി ഓടുന്ന അല്ളെങ്കില്‍ ഒളിക്കുന്ന ഒരു കില്ലപ്പട്ടി ..അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ അവള്‍ക്ക് കൊള്ളാം തുടങ്ങിയ മനോഭാവം നമ്മുടെ സാഹിത്യവും കലാരൂപങ്ങളും വിശ്വാത്തരമെന്ന് നാം അഭിമാനം കൊള്ളുന്ന സംസ്കാരവും ഒന്നിച്ച് കുട്ടിക്കാലം മുതലേ നമുക്ക് ലിംഗഭേദമെന്യേ പകര്‍ന്നു നല്‍കുന്നു.

‘നീയൊരു പെണ്ണാണ് നിന്നെ എനിക്കെന്തും ചെയ്യാം...ആരും ചോദിക്കാന്‍ വരില്ല’ എന്നും ‘എന്നോട് കളിക്കല്ളേ പച്ചമാങ്ങക്ക് കൊതിക്കു’മെന്നും  മറ്റൊരു ആണിന്‍റെ നേരെ നിന്‍റെ കൈ ഉയരില്ളെന്നും’ നീ യൊരു വെറും പെണ്ണായിപ്പോയി’  എന്നും മറ്റുമുള്ള പുരുഷാധികാര അധമ സംഭാഷണങ്ങളാണല്ളോ നമ്മുടെ സിനിമയിലും സീരിയലിലും എന്നു വേണ്ട സകലമാന കലാരൂപങ്ങളിലും പല വര്‍ണങ്ങളില്‍ പൊലിഞ്ഞാടുന്നത്.

ഈ സംസ്കാരത്തിനെ അതിജീവിക്കാനുള്ള കഴിവ് നമ്മള്‍ കഴിഞ്ഞ കുറച്ചു കാലമായി നിര്‍മ്മിച്ച ഒരു നിയമസംഹിതക്കും ഉണ്ടായിട്ടില്ല. നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായ ജാതി വ്യവസ്ഥയെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അതികഠിനമായ അന്യായത്തെ തിരിച്ചറിയുമ്പോള്‍ പോലും നമുക്ക് ഫലപ്രദമായി എതിര്‍ക്കാന്‍ സാധിക്കാത്തതു പോലെ തന്നെയാണ് നമ്മുടെ സ്ത്രീ വിരുദ്ധമായ സംസ്കാരത്തെ നമ്മള്‍ സ്വാംശീകരിച്ച് ന്യായീകരിക്കുന്നതും. അധികം പേരും യാതൊന്നും തിരിച്ചറിയാതെയും മനസ്സിലാക്കാതെയും തന്നെയാണ് എല്ലാറ്റിനെയും ന്യായീകരിക്കുന്നത് എന്നതും സത്യമാണ്.

ജിഷയുടെ ദുരന്തത്തില്‍ ഈ രണ്ടു അന്യായങ്ങള്‍ക്കും ദാരിദ്ര്യത്തിനും വലിയ പങ്കുണ്ട്. ദരിദ്രയും പുറമ്പോക്കില്‍ പാര്‍ക്കുന്നവളും നിയമം പഠിച്ചവളുമായ ഒരു ദലിത് പെണ്ണിന്, സാക്ഷര കേരളത്തില്‍, സമത്വമെന്ന ആശയം മരിക്കാത്ത കേരളത്തില്‍, ജാതി വ്യവസ്ഥയുടെ കഷ്ടപ്പാടുകളെ ഏറിയ അളവോളം തോല്‍പ്പിച്ചു കഴിഞ്ഞു എന്നഭിമാനം കൊള്ളുന്ന കേരളത്തില്‍ ഇമ്മാതിരിയൊരു ദുരന്തം സംഭവിക്കാമെന്ന അവസ്ഥയുണ്ടെന്നുള്ളത് അന്താരാഷ്ട്രവേദികളില്‍ നാം അവകാശപ്പെടുന്ന യാതൊന്നും തന്നെ വാസ്തവത്തില്‍ ഇല്ല എന്നതിന്‍റെ കൃത്യമായ ദൃഷ്ടാന്തമാണ്.
ഈ ദുരന്തത്തിന്‍റെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴാണ് വര്‍ക്കലയില്‍ നിന്ന് വീണ്ടുമൊരു പീഡനവാര്‍ത്ത കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടി അവള്‍ ഏതു ജാതിക്കാരിയോ വിദ്യാര്‍ഥിനിയോ കാമുകന്‍റെ ഒപ്പം പോയവളോ ആരോ ആവട്ടെ കൃത്യമായി പീഡിപ്പിക്കപ്പെടുകയും വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതായി നാം അറിയുന്നു. പീഡിപ്പിക്കപ്പെട്ട അറുപത്തിയെട്ടുകാരിയായ വൃദ്ധയെക്കുറിച്ചും കൊച്ചു ബാലികമാരെക്കുറിച്ചും നാം തുടര്‍ന്നു കേള്‍ക്കുന്നു.
വസ്ത്രധാരണത്തിലെ, പ്രായത്തിലെ, അസമയത്ത് പുറത്തിറങ്ങി നടന്നതിലെ, പുരുഷനെ എതിര്‍ത്ത് സംസാരിച്ച് അവനെ കോപാകുലനാക്കിയതിലെ, ബലാല്‍സംഗത്തിനുള്ള അറപ്പിക്കുന്ന ന്യായങ്ങളായി ലിംഗഭേദമെന്യേ പലരും തട്ടിമൂളിക്കാറുള്ളവയൊന്നും കാരണമാക്കിക്കാണിക്കാന്‍ പറ്റാത്ത പീഡനങ്ങളാണ് ഈ നടന്നതൊക്കെയും. (ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞാല്‍ പീഡിപ്പിക്കാമെന്ന് ഈ എഴുതിയതിന് അര്‍ഥം കല്‍പിക്കരുത്.)

നിരന്തരമായ വിട്ടുവീഴ്ചയില്ലാത്ത തികഞ്ഞ ഇച്ഛാശക്തിയുള്ള സമര പരമ്പരകള്‍, പീഡിപ്പിക്കപ്പെടുന്ന നിന്ദിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന പെണ്‍മയോടുള്ള സ്ത്രീകളുടേതായ അടിയുറച്ച ഐക്യപ്പെടല്‍, അതു വഴി നിര്‍ബന്ധിതമാകുന്ന പൊതുസമൂഹത്തിന്‍റെ പിന്തുണ ഇതെല്ലാം ഒരുമിച്ചാല്‍ മാത്രം ചിലപ്പോള്‍ ഈ പീഡനങ്ങള്‍ക്ക് മാറ്റം സംഭവിക്കുമായിരിക്കും.

പീഡനങ്ങള്‍ക്ക് വേണ്ട സമയത്ത് വേണ്ടത്ര ശിക്ഷ ലഭിക്കുകയില്ലന്നെതും കുറ്റവാളിയേക്കാള്‍ ഇരക്കാണ് സാമൂഹികമായ അപമാനവും ഒറ്റപ്പെടലും സഹിക്കേണ്ടി വരികയെന്നതും പൊതുജനം നിസ്സംഗമായി നോക്കി നില്‍ക്കുമെന്നതും സ്ത്രീ വിരുദ്ധമായ മനസോടെയും തികഞ്ഞ അലംഭാവത്തോടെയും കേസ് അന്വേഷിക്കുകയും കുറ്റപത്രം തയാറാക്കുകയും ചെയ്യുന്ന പോലീസുകാരുണ്ടെന്നതും അതിനനുസരിച്ച് മാത്രം വിധി പറയേണ്ടുന്ന കോടതികളുണ്ടെന്നതും എല്ലാറ്റിനും പുറമേ രാഷ്ട്രീയവും അഴിമതിയും സമാസമം കലര്‍ത്തി എല്ലാ കുറ്റത്തേയും നിസ്സാരവല്‍ക്കരിക്കാനാകുമെന്നതും കുറ്റവാളികളെ സംബന്ധിച്ച് ശിക്ഷയില്ലാതെ രക്ഷപ്പെടുവാനുള്ള സുഗമമായ മാര്‍ഗങ്ങളാകുന്നു.
നിരന്തരമായ വിട്ടുവീഴ്ചയില്ലാത്ത തികഞ്ഞ ഇച്ഛാശക്തിയുള്ള സമര പരമ്പരകള്‍, പീഡിപ്പിക്കപ്പെടുന്ന നിന്ദിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന പെണ്‍മയോടുള്ള സ്ത്രീകളുടേതായ അടിയുറച്ച ഐക്യപ്പെടല്‍, അതു വഴി നിര്‍ബന്ധിതമാകുന്ന പൊതുസമൂഹത്തിന്‍റെ പിന്തുണ ഇതെല്ലാം ഒരുമിച്ചാല്‍ മാത്രം ചിലപ്പോള്‍ ഈ പീഡനങ്ങള്‍ക്ക് മാറ്റം സംഭവിക്കുമായിരിക്കും.
എല്ലായ്പ്പോഴും സഹിച്ചും ദുര്‍ലഭം മാത്രം സമരം ചെയ്തും ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകള്‍ക്ക് വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പിന്തുണ നല്‍കാത്ത ഓരോ സ്ത്രീയും മറ്റൊരു സ്ത്രീക്കുണ്ടാവുന്ന ചെറുതും വലുതുമായ പീഡനത്തിനു തികഞ്ഞ ഉത്തരവാദിയാണ്. ഒരു പക്ഷേ, സ്ത്രീയെ പീഡിപ്പിക്കുന്ന കുറ്റവാളിയോളം തന്നെ. അവളുടെ ദുരന്തം അവളുടെ പ്രശ്നമാണ് അല്ളെങ്കില്‍ അവളുടെ കൈയ്യിലിരിപ്പു കൊണ്ടാണെന്ന് ഏതെങ്കിലും തരത്തില്‍ പ്രഖ്യാപിക്കുകയും ദുരിതപ്പെടുന്ന പെണ്ണിനെ വിചാരണ ചെയ്യന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സ്ത്രീകള്‍ കുറ്റവാളികളുടെ ഒത്താശക്കാര്‍ തന്നെയാണ്.

എന്നാലും നെഞ്ചുപൊട്ടലോടെ ആരോടെന്നില്ലാതെ ഞാന്‍ പ്രാര്‍ഥിച്ചു പോകുന്നു. സൂര്യനെല്ലിയും വിതുരയും നിര്‍ഭയയും സൗമ്യയും ജിഷയുമൊന്നും നരകിക്കാത്ത ഒരു കാലത്തിനായി... ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയുടെ കരുത്താകുന്ന സല്‍ക്കാലത്തിനായി.. ആ കരുത്തിനു മുന്നില്‍ പൊതുസമൂഹം പെണ്ണിനെ ആദരിക്കുന്ന സുവര്‍ണ കാലത്തിനായി.

സ്ത്രീയെ നിയന്ത്രിക്കുന്നതാണ്, വരുതിക്ക് നിറുത്തുന്നതാണ്, കീഴ്പ്പെടുത്തുന്നതാണ്, അവളുടെ ഉടമസ്ഥനാകുന്നതാണ് പുരുഷത്വത്തിന്‍റെ കേമത്തമെന്ന തെറ്റിദ്ധാരണയില്‍ നിന്ന് സ്ത്രീയും പുരുഷനും ഒരുപോലെ മോചിതരാകാതെ ഈ പീഡന പരമ്പരകള്‍ക്ക് ചൂട്ടു പിടിക്കുന്ന സാംസ്കാരികാധ:പതനം അവസാനിക്കുകയില്ല. നിയമം കൃത്യമായി കര്‍ക്കശമാവുകയും നിയമത്തിന്‍റെ നടപ്പിലാക്കല്‍ കുറ്റമറ്റതാവുകയും ചെയ്താല്‍ പോലും ഇക്കാര്യത്തില്‍ വ്യതിയാനം ഉണ്ടാവുകയില്ല.
എന്നാലും നെഞ്ചുപൊട്ടലോടെ ആരോടെന്നില്ലാതെ ഞാന്‍ പ്രാര്‍ഥിച്ചു പോകുന്നു. സൂര്യനെല്ലിയും വിതുരയും നിര്‍ഭയയും സൗമ്യയും ജിഷയുമൊന്നും നരകിക്കാത്ത ഒരു കാലത്തിനായി... ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയുടെ കരുത്താകുന്ന സല്‍ക്കാലത്തിനായി.. ആ കരുത്തിനു മുന്നില്‍ പൊതുസമൂഹം പെണ്ണിനെ ആദരിക്കുന്ന സുവര്‍ണ കാലത്തിനായി.
എല്ലാ സങ്കട നിലവിളികളും കാതില്‍ മുഴങ്ങുമ്പോഴും എല്ലാ തേങ്ങലുകളും നെഞ്ചകം പൊട്ടിപ്പിളര്‍ത്തുമ്പോഴും... ഈ പ്രാര്‍ഥന ബാക്കിയാകുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder
Next Story