Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകളം മാറുന്ന ലഹരി...

കളം മാറുന്ന ലഹരി ഉപയോഗം

text_fields
bookmark_border
കളം മാറുന്ന ലഹരി ഉപയോഗം
cancel

മദ്യം വിലകുറച്ച് ലഭിക്കുന്ന മാഹിയില്‍ നിന്ന് നിയമാനുസൃതമയി ഒരാള്‍ ഒരു കുപ്പി മദ്യം വാങ്ങി അതുമായി ബസ്സില്‍ കയറി അയല്‍ജില്ലയിലേക്ക് യാത്രയായി എന്നു സങ്കല്‍പിക്കുക. അതേ ബസ്സില്‍ 980 ഗ്രാം കഞ്ചാവുമായി മറ്റൊരാളുമുണ്ടെന്നും കരുതുക. എക്സൈസ് അധികൃതരോ പൊലീസോ ഇവരെ രണ്ടുപേരെയും പിടികൂടിയാല്‍ ആര്‍ക്കാണ് കൂടുതല്‍ ശിക്ഷ ലഭിക്കുക...? അത് കഞ്ചാവ് കേസിലാണെന്ന് ഏതൊരാള്‍ക്കും പെട്ടെന്ന് തോന്നിയേക്കാം. എന്നാല്‍ വാസ്തവം അതല്ല. ഇന്ന് നിലവിലുള്ള നിയമമനുസരിച്ച് ഒരു കിലോയില്‍ കുറഞ്ഞ കഞ്ചാവ് കൈവശം വെക്കുകയോ വില്‍പന നടത്തുകയോ ചെയ്യുന്ന ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ വെറും ആറുമാസം തടവാണ്. എന്നാല്‍ മാഹിയില്‍നിന്ന് മദ്യം വാങ്ങി വരുന്നവനെതിരെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ അയാള്‍ക്ക് ലഭിക്കുക 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ്. ഇത് മദ്യേതര ലഹരി ഉപയോഗം കൂടുന്നതിന്‍െറ ഒരു ചെറിയ കാരണം മാത്രമാണ്.

മദ്യം കേരളത്തെ മുക്കിക്കൊല്ലുകയാണെന്നും ഇന്ത്യയില്‍ എറ്റവും കൂടുതല്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗം കേരളത്തിലാണെന്നും നാം ഉത്കണ്ഠപ്പെടുമ്പോളും അതിന് സമാന്തരമായി അനുദിനം വളരുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചോ മദ്യത്തേക്കള്‍ കുടുതല്‍ അപകടകരമായ പത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചോ നാമിനിയും കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തിലുള്ളുവെങ്കിലും മദ്യവില്‍പനയുടെ 16 ശതമാനത്തിലധികം ഇവിടെയാണ്.

ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. ആളോഹരി മദ്യപാനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി 8.3 ലിറ്ററുമായി കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. 1980ല്‍ മദ്യ ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 വയസ്സായിരുന്നു. ഇപ്പോഴത് 12, 13 വയസ്സിലത്തെി നില്‍ക്കുന്നു. മദ്യ ഉപഭോഗത്തെക്കുറിച്ച് ഇത്തരത്തിലുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമാണെങ്കിലും മയക്കുമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ അധികമൊന്നും ലഭ്യമല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്നുകളുടെ ഉപയോഗവും ലഭ്യതയും തടയാനുള്ള പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ താരതമ്യേന കുറവണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതിയതലമുറയില്‍ മദ്യത്തേക്കാള്‍ മറ്റുരീതിയിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കാനുള്ള പ്രവണത ഏറിവരികയാണെന്ന് ലഹരിവിരുദ്ധ ചികിത്സാകേന്ദ്രങ്ങള്‍, എക്സൈസ് വിഭാഗം, മനോരോഗ വിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഒരുപോലെ പറയുന്നു. കൊണ്ടുനടക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം, മദ്യത്തെപ്പോലെ ഗന്ധം ഇല്ല എന്ന ആകര്‍ഷണിയത, ഇത് ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാനും പിടികൂടാനുമുള്ള പ്രയാസം എന്നിവയാണ് മയക്കുമരുന്നുകളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. വിപണനത്തിനുള്ള എളുപ്പവും കൊള്ളലാഭവും ഇക്കാര്യത്തില്‍ കച്ചവടക്കാരെയും പ്രലോഭിപ്പിക്കുന്നുണ്ട്.  

എന്നാല്‍ മദ്യത്തെ അപേക്ഷിച്ച് മയക്കുമരുന്നുകള്‍ അപകടകരവും സമൂഹത്തിന് കൂടുതല്‍ ഭീഷണിയുമാണെന്ന് കോഴിക്കോട്ടെ പ്രമുഖ ലഹരിമുക്ത ചികിത്സാകേന്ദ്രമായ ‘സുരക്ഷ’യുടെ ഡയറക്ടര്‍ ടി. അബ്ദുല്‍ നാസര്‍ പറഞ്ഞു. ബ്രൗണ്‍ഷുഗര്‍,ചരസ്,ഗുളിക രൂപത്തിലുള്ള മരുന്നുകള്‍, ഇന്‍ഹേലറുകള്‍ തുടങ്ങിയവയെല്ലാം പുതിയ തലമുറയില്‍ കൂടുതലാണ്. മദ്യത്തിന് അടിമയായവരെ ചിട്ടയായ ചികിത്സയിലുടെയും കൗണ്‍സിലിങ്ങിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെങ്കില്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളായവരെ ചികിത്സിക്കുന്നതും സാധാരണ നിലയിലാക്കുന്നതും വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ ചികിത്സിക്കാന്‍ തയാറായാല്‍ തന്നെ വിജയശതമാനം വളരെ കുറവായിരിക്കും.

മദ്യത്തിന് ഒരു വ്യക്തി അടിമയാകണമെങ്കില്‍ ശരാശരി 10 വര്‍ഷമെങ്കിലും തുടര്‍ച്ചയായി മദ്യം ഉപയോഗിച്ചിരിക്കണം. എന്നാല്‍ ഒരു മാസക്കാലം മയക്കുമരുന്നുകള്‍ ഉപയോഗിച്ചല്‍ തന്നെ ആ വ്യക്തി അതിന് അടിമയായിത്തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. മദ്യത്തിന്‍െറ ലഭ്യതകുറയുന്നത് അനുസരിച്ച് ഇവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധയുണ്ടാവുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷം മുമ്പ് മയക്കുമരുന്നുകേസില്‍ ഒരു വര്‍ഷത്തിനിടെ പ്രതിയാവുന്നവരുടെ എണ്ണം നാലോ അഞ്ചോ ഇരട്ടിയിലധികമായിട്ടുണ്ടെന്ന് കോഴിക്കോട്ടെ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു. സമൂഹത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം കുതിച്ചുയരുകയാണ്, നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയും ശിക്ഷയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഈ വിപത്തിനെ നിയന്ത്രിക്കാനാവൂ. നിലവില്‍ കേസുകളില്‍ പിടിക്കപ്പെടുവരില്‍ അധികവും സ്ഥിരം കുറ്റവാളികളാണ്. പ്രത്യേകിച്ച് കഞ്ചാവ് കേസുകളില്‍. നിയമത്തിന്‍െറ പഴുതുകളെക്കുറ്റിച്ച് അറിയുന്ന ഇവര്‍ കുറഞ്ഞ ശിക്ഷ അനുഭവിച്ച് രക്ഷപ്പെടുകയും വീണ്ടും മയക്കുമരുന്ന് വില്‍പനപോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ചിലരെങ്കിലും രോഗചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന അലോപതി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നവരാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം മേധാവി ഡോ. കെ.എസ് പ്രഭാവതി പറഞ്ഞു. മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇങ്ങിനെ മയക്കുമരുന്നുകളായ ഉപയോഗിക്കുന്നുണ്ടെന്നത് തെറ്റിധാരണയാണ്. മനോരോഗ ചികിത്സക്കും അപസ്മാര ചികിത്സക്കും ഉപയോഗിക്കുന്ന ആധുനിക മരുന്നുകള്‍ മയക്കുമരുന്നുകളായി ഉപയോഗിക്കാന്‍ കഴിയില്ളെന്നും അവര്‍ പറഞ്ഞു. അതേസമയം പുതിയ തലമുറ ലഹരിക്ക് വേണ്ട് പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും സമൂഹം ഇതേക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholicdrug
Next Story