Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅവസാനത്തെ പച്ചപ്പും...

അവസാനത്തെ പച്ചപ്പും മായാതിരിക്കാന്‍...

text_fields
bookmark_border
അവസാനത്തെ പച്ചപ്പും മായാതിരിക്കാന്‍...
cancel

ഒട്ടൊരുപാട് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും അതിന്‍റെ പ്രത്യാഘാതങ്ങള്‍ക്കും നടുവില്‍ ലോകം ഇന്ന് ഭൗമ ദിനം ആചരിക്കുകയാണ്. ഈ അവസരത്തില്‍ തന്നെയാണ് ആഗോള താപനത്തിനെതിരായ പോരാട്ടത്തിന് അന്തര്‍ദേശീയ ഉടമ്പടിയിലെ ഒപ്പു ചാര്‍ത്തല്‍ നടക്കുന്നതും. 2009 മുതല്‍ യു.എന്നിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഭൗമ ദിനാചരണം കൊണ്ട് എന്തു നേട്ടമുണ്ടായി എന്ന കണക്കെടുപ്പ് നടത്തിയാല്‍ അത്ര ആശാവഹമായ സന്ദേശമല്ല അവയൊന്നും നല്‍കിയത് എന്ന് കാണാം. ഈ യാഥാര്‍ത്ഥ്യം ഒരു വശത്ത് നില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ഭൗമ ദിനത്തിലൂടെ ഒരു നിര്‍ണായക ചുവടുവെപ്പ് നടത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ലോകരാജ്യങ്ങള്‍.  

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പാരിസ് ഉടമ്പടി മറ്റൊരു കണ്‍കെട്ടാവില്ളെന്ന് ഉറപ്പു പറയാനാവില്ളെങ്കിലും അതിന് പ്രധാന്യം കൈവരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. 175 രാജ്യങ്ങള്‍ ആണ് ഒപ്പു ചാര്‍ത്താനായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ‘ക്യൂ’വില്‍ നില്‍ക്കുന്നത്. ഈ രാജ്യങ്ങളുടെ എണ്ണം യു.എന്നിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 2015 ഡിസംബര്‍ 12ന് പാരിസില്‍ ചേര്‍ന്ന നാഷണല്‍ ഫ്രെയിംവര്‍ക് ഓണ്‍ കൈ്ളമറ്റ് ചെയ്ഞ്ച് എന്ന ഉച്ചകോടിയില്‍ രൂപപ്പെടുത്തിയ ഉടമ്പടി 196 രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ രാജ്യങ്ങളും അധികരിക്കുന്ന ചൂട് രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെ ആക്കാന്‍ യത്നിക്കുമെന്നായിരുന്നു. അതിനായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. നേരത്തെയുള്ള ഉടമ്പടികളോട് മുഖം തിരിച്ചു നിന്ന രാജ്യങ്ങള്‍പോലും ഇത്തവണ താല്‍പര്യപൂര്‍വം മുന്നോട്ടു വന്നത് ചൂട് എന്ന പ്രതിഭാസം സമ്പനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതു കൊണ്ട് തന്നെയാണ്.

സാര്‍വത്രികവും പക്ഷപാതരിഹതവും ബഹുമുഖവും ഈടുനില്‍ക്കുന്നതുമായ ഒരു ഉടമ്പടിയാണ് ഇത്തവണത്തേതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.  ‘നമ്മുടെ ദൗത്യം ഇതോടെ അവസാനിക്കുന്നില്ല. ഇത് തുടങ്ങിയിട്ടേ ഉള്ളു. ഈ ഒപ്പുവെക്കല്‍ ചടങ്ങ് സര്‍വ പ്രധാനമായ ചുവടുവെപ്പാണ്’-എന്നും മുണ്‍ പറഞ്ഞിരിക്കുന്നു. നേരത്തെയുള്ള ഉടമ്പടികള്‍ അങ്ങനെ ആയിരുന്നില്ല എന്നു കൂടി അതില്‍ നിന്ന് വായിച്ചെടുക്കാം. സ്വാഭാവികമായും മുമ്പത്തെ അനുഭവങ്ങള്‍ കൂടിയാവണം  മൂണിനെക്കൊണ്ട് ഇത്തരത്തില്‍ പറയിച്ചത്.   ഓരോ തവണയും വെടിവെട്ടങ്ങള്‍ പറഞ്ഞ് ചായ കുടിച്ച് പിരിയുന്നതുപോലെയല്ല ഇനിയുള്ള കാര്യങ്ങള്‍ എന്ന് യു.എന്നും അംഗ രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപമാണ് ഇപ്പോള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെപോയാല്‍ ഇനിയൊരു ഉച്ചകോടിക്കായി ഒന്നിച്ചിരിക്കാന്‍ കഴിയുമോ എന്ന കാര്യം തന്നെ സംശയമാണ്.

1997ല്‍ ഡിസംബര്‍ 11ാം തിയ്യതി ജപ്പാനിലെ ക്യോട്ടോവില്‍ വെച്ചു നടന്ന ഉച്ചകോടിയായിരുന്നു മുമ്പ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. എന്നാല്‍, അന്ന് രൂപപ്പെടുത്തിയ ‘ക്യോട്ടോ പ്രോട്ടോക്കോള്‍’ അംഗീകരിക്കാന്‍ അമേരിക്ക മാത്രം തയ്യാറായില്ല.  അമേരിക്കയുള്‍പ്പടെയുള്ള 21രാജ്യങ്ങള്‍ 2020തോടെ കാര്‍ണ്‍ ബഹിര്‍ഗമനം 5.2ശതമാനം കണ്ട് കുറക്കുകയും ഭൂമിയുടെ താപനില വര്‍ധന 0.2 ഡിഗ്രിയില്‍ പരിമിതപ്പെടുത്തുക എന്നതമായിരുന്നു ഈ കരാര്‍ ലക്ഷ്യമിട്ടത്. ആ കരാര്‍ അമേരിക്ക ഒറ്റക്ക് നിന്ന് പൊളിച്ചു. സീനിയര്‍ ബുഷിന്‍െറ മകന്‍ ബുഷിനെ സ്വാധീനിക്കാന്‍ മറ്റു രാഷ്ര്ടങ്ങളും ശ്രമിച്ചെങ്കിലും നടന്നില്ല. ‘ക്യോട്ടോ ഉടമ്പടി അമേരിക്കക്ക് ചേര്‍ന്നതല്ല. അത് ഇതര രാഷ്ട്രങ്ങള്‍ക്കും അനുയോജ്യമല്ല' എന്നു പറഞ്ഞ് ബുഷ് തടിയൂരി.
2002ല്‍ ജോഹന്നസ്ബര്‍ഗില്‍ വെച്ചു നടന്ന ഉച്ചകോടിയിലും കാലാവസ്ഥാ ഉടമ്പടിയെ ബുഷ് പുഛിച്ചു തള്ളി. റഷ്യയും ചൈനയും കാനഡയും ക്യോട്ടോ പ്രോട്ടോക്കോളിനെ അംഗീകരിച്ചിട്ടും അമേരിക്ക തയ്യാറായില്ല. അമേരിക്ക അവിടെ ഒറ്റപ്പെട്ടു. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ തന്‍െറ രാജ്യം ലോക പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കുന്ന മഹനീയ പങ്കിനെ കുറിച്ച് പ്രസംഗിക്കവെ കേള്‍വിക്കാര്‍ കൂവി!! അതിനുശേഷം റിയോ ഡി ജനിറോവിലും കാന്‍കുണിലും ഡര്‍ബനിലുമെല്ലാം ഉച്ചകോടികള്‍ ചേര്‍ന്നു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ഏറ്റവും ഒടുവില്‍ പാരിസ് ആണ് പുതിയ സാധ്യതകള്‍ക്ക് അല്‍പമെങ്കിലും വഴി തുറന്നത്.

ഭൂമിക്കുവേണ്ടി ഒരു മരം

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ലോകത്തുടനീളം 7.8 ദശലക്ഷം മരങ്ങള്‍ നടുക എന്നാണ് ഇത്തവണത്തെ ഭൗമ ദിന സന്ദേശം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വെട്ടി നശിപ്പിച്ചു തീര്‍ത്ത മരങ്ങളോട് ചെയ്യുന്ന പ്രായശ്ചിത്തം. ഭൂമിയുടെ ശ്വസന നാളികള്‍ ആയ മരങ്ങളുടെയും കാടുകളുടെയും നാശം തന്നെയാണ് ലോക പാരിസ്ഥിതിക തകര്‍ച്ചയുടെ മുഖ്യ ഹേതു എന്ന തിരിച്ചറിവാണ് ഇത്തവണ ‘മരങ്ങള്‍ നടുക’ എന്ന സന്ദേശത്തിലേക്ക് യു.എന്നിനെ നടത്തിച്ചത്. ഏറി വരുന്ന മരം മുറിയുടെയും വനം നശീകരണത്തിന്‍റെയും കടുത്ത പ്രത്യാഘാതമാണ് നമ്മള്‍ അനുഭവിക്കുന്ന ചൂട്.

വ്യാവസായിക അടിസ്ഥാനത്തിലും അല്ലാതെയും നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ അളവ് ദിനംതോറും ഏറി വരുന്നു. 1980-90 കാലഘട്ടങ്ങളില്‍ 154 ദശലക്ഷം ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതായി. 2000 മുതല്‍ മൂന്നു വര്‍ഷം കൊണ്ടുള്ള ചുരുങ്ങിയ കാലയളവില്‍ 26000 ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി! ഇപ്പോള്‍ ഓരോ വര്‍ഷവും 170 ദശലക്ഷത്തിലധികം ഹെക്ടര്‍ ഉഷ്ണ മേഖലാ വനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കടുപ്പമുള്ള മരങ്ങള്‍ക്കു വേണ്ടി മധ്യരേഖാ വനങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നശിപ്പിച്ചിരിക്കുന്നു. മറ്റു വികസ്വര രാഷ്ട്രങ്ങള്‍ എല്ലാം കൂടി ഒരു വര്‍ഷം 20 ദശലക്ഷം ടണ്‍ മരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാശ്ചാത്യര്‍ ഏകദേശം160 ദശലക്ഷം ടണ്‍ മരം ഉപയോഗിക്കുന്നു. ഒരു പാശ്ചാത്യ പൗരന്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 300 കിലോഗ്രാം പേപ്പര്‍ ഉപയോഗിക്കുന്നു. ദരിദ്രരാജ്യങ്ങളിലാവട്ടെ അത് അഞ്ചു കിലോഗ്രാം മാത്രമാണ്.

ഇത് മൊത്തത്തിലുള്ള കാര്യം. ഇനി നമ്മുടെ നാട്ടിലോ? ഏറെ വൈകിയാണെങ്കിലും ലോകം തിരിച്ചറിവിന്‍റെ പാതയിലൂടെ നടക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴും ഉണര്‍ന്നിട്ടില്ല.  ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമിയും ലോകത്തിലെ തന്നെ മികച്ച ആവാസ വ്യവസ്ഥകളിലൊന്നുമായ പശ്ചിമ ഘട്ടത്തിലെ മരങ്ങള്‍ വ്യവസായ ലോബികള്‍ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു. തോട്ടം- ടിമ്പര്‍ പ്ളാന്‍റേഷനുകള്‍ക്കും പല വിധത്തിലുള്ള പദ്ധതികള്‍ക്കുംവേണ്ടി എത്ര ലക്ഷം ഹെക്ടര്‍ മരങ്ങള്‍ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. തിരിച്ചു പിടിക്കാനാവാത്ത വിധം ഇവിടങ്ങളിലെ കാടുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. 

പലപ്പോഴും നിസ്സാരമായ കാരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ മരങ്ങളുടെ കഴുത്തില്‍ കത്തിവെക്കുന്നത്. പരിസരം ഇലകള്‍ വീണ് വൃത്തികേടാവുന്നു എന്നതിനാല്‍ വര്‍ഷങ്ങളുടെ ആയുസ്സുള്ള മരങ്ങള്‍ പോലും  ഒരു മന:ക്ളേശവുമില്ലാതെ മുറിച്ചുമാറ്റുന്നു. കരിയിലകള്‍ കൊണ്ട് നിറയുന്നു എന്ന കാരണം പറഞ്ഞത് പിതാവ് നട്ടു പിടിപ്പിച്ച പത്തു പ്ളാവുകള്‍  വീട്ടു പറമ്പില്‍ നിന്ന് മക്കള്‍ വെട്ടിമാറ്റിയത് നമ്മുടെ തൊട്ടടുത്ത് നടന്ന ദാരുണ സംഭവമാണ്.  എങ്ങനെ മരങ്ങളെ നിലനിര്‍ത്താം എന്നതിലല്ല, എങ്ങനെ മുറിക്കാം എന്നതിലാണ് നമ്മുടെ ഗവേഷണം. മുന്‍ കാലങ്ങളില്‍ അഞ്ചു ആറും പേര്‍ ചെയ്തിരുന്ന മരം മുറി എന്ന ഭഗീരഥ യത്നം ഇന്ന് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ യന്ത്രങ്ങള്‍ ചെയ്തു തരുന്നു. ഇങ്ങനെ ഇലകളോടും പച്ചപ്പിനോടുമുള്ള നമ്മുടെ അലര്‍ജി അത്യപകടകരമായ ഒരു വിപത്തായി തിരിച്ചു പതിച്ചുകൊണ്ടിരിക്കുകയാണ്.

മരം നടല്‍ എന്ന കര്‍മം തന്നെ പലപ്പോഴും പ്രഹസനമാവാറുണ്ട്.  കാമ്പയിന്‍ നടത്തി പത്രങ്ങളില്‍ ഫോട്ടോയുമടക്കം നല്‍കി നട്ട മരങ്ങളുടെ അവസ്ഥ തിരക്കി പിന്നീട് ചെന്നു നോക്കിയാല്‍ അവിടം ശൂന്യമായിരിക്കുന്ന കാഴ്ചയായിരിക്കും. മരം വെറും ഒരു മരം മാത്രമല്ളെന്നും അതില്‍ അധിവസിക്കുന്ന ഒരുപാട് ജീവിവര്‍ഗങ്ങള്‍ ഉണ്ടെന്നും ആരും ആലോചിക്കുന്നില്ല. മണ്ണും മരവും കാടും മഴയും പുഴയും മലകളും ചേരുമ്പോഴെ ഇവിടെ ജീവിതം സാധ്യമാവുകയുള്ളു. ഇതിന്‍റെ ഏതെങ്കിലും ഒന്നിന്‍റെ നാശം പോലും ഭൂമിക്ക് മാരക പ്രഹരമാവും. അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നതു തന്നെയാണ് ഓരോ നിമിഷവും ചൂഴ്ന്നു നില്‍ക്കുന്ന ചൂട് ബോധ്യപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global warmingtreesworld earth day
Next Story