Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസെ​​ൻ​​കു​​മാ​​ർ...

സെ​​ൻ​​കു​​മാ​​ർ ​േക​​സി​​ലെ സു​​പ്രീം​​കോ​​ട​​തി വി​​ധി

text_fields
bookmark_border
സെ​​ൻ​​കു​​മാ​​ർ ​േക​​സി​​ലെ സു​​പ്രീം​​കോ​​ട​​തി വി​​ധി
cancel

പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിെൻറ അഞ്ചാംദിവസം ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ സമർപ്പിച്ച അപ്പീൽ ഹരജിയിേന്മൽ അദ്ദേഹത്തെ തിരികെ നിയമിക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് തീർച്ചയായും ചരിത്രപ്രധാനമാണ്; കേരളത്തിലെ നിലവിലെ സർക്കാറിനെ മാത്രമല്ല, മറ്റെല്ലാ സംസ്ഥാന സർക്കാറുകളെയും ബാധിക്കുന്നതുമാണ്. കേവലം രാഷ്ട്രീയപ്രേരിതമായി, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ നിരന്തരം ഇളക്കിപ്രതിഷ്ഠ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ സംസ്ഥാന സർക്കാറുകൾക്കും മേലിൽ, സുപ്രീംകോടതി പ്രകാശ് സിങ് കേസിൽ പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ടിവരും.

സംസ്ഥാന സുരക്ഷ കൗൺസിൽ രൂപവത്കരിക്കണം, യോഗ്യതയനുസരിച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെയും വേണം ഡി.ജി.പി നിയമനം, കുറഞ്ഞത് രണ്ടുവർഷമെങ്കിലും പദവിയിൽ തുടരാനനുവദിക്കണം, ഡി.എസ്.പി റാങ്കിനും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് സ്ഥാപിക്കണം, ഡി.എസ്.പി റാങ്കിനും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരെക്കുറിച്ച പൊതുജനങ്ങളുടെ പരാതികൾ അന്വേഷിക്കുന്നതിന് സംസ്ഥാനതലത്തിൽ പൊലീസ് കംപ്ലയിൻറ് അതോറിറ്റി രൂപവത്കരിക്കണം തുടങ്ങിയ നിർദേശങ്ങളായിരുന്നു മുൻ ഡി.ജി.പിമാരായ പ്രകാശ് സിങ്ങും എൻ.കെ. സിങ്ങും സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച് 2006ൽ സുപ്രീംകോടതി നൽകിയ വിധിയിലുണ്ടായിരുന്നത്. ഇൗ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില സംസ്ഥാന സർക്കാറുകൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളിക്കളയുകയാണ് ചെയ്തതെങ്കിലും പിന്നീടും വിധിനടപ്പാക്കുന്നതിൽ സർക്കാറുകൾ കാണിക്കുന്ന അലംഭാവത്തിൽ നിരാശ പ്രകടിപ്പിക്കുന്നതായിരുന്നു മോണിറ്ററിങ് കമ്മിറ്റി സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ട്.

രാഷ്ട്രീയ േനതാക്കളും അവരുടെ പ്രധാന ഉപേദശകരും പൊലീസിനുമേൽ അമിത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ നൽകിയ മുന്നറിയിപ്പ് കേരള സർക്കാർ അവഗണിച്ചതിലെ അതൃപ്തി സുപ്രീംകോടതി മറച്ചുവെച്ചിട്ടില്ല. രാഷ്ട്രീയക്കാരുടെയും പ്രധാന ഉപദേശകരുടെയും നിയന്ത്രണത്തിൽനിന്ന് പൊലീസിനെ സംരക്ഷിക്കാൻ നിയമപ്രകാരം സംസ്ഥാന സർക്കാർ രൂപവത്കരിക്കേണ്ട കമീഷൻ കേരളത്തിൽ എവിടെ എന്ന് ചോദിക്കുന്നു സുപ്രീംേകാടതി. രാഷ്ട്രീയ നേതൃത്വത്തിെൻറ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി നിയമവാഴ്ച ദുരന്തമായി മാറരുതെന്ന് പ്രകാശ് സിങ് കേസിൽ സുപ്രീംേകാടതി ചൂണ്ടിക്കാട്ടിയതാണ്.

സെൻകുമാറിെൻറ സ്ഥാനചലനത്തിന് മുഖ്യകാരണങ്ങളായി പിണറായി സർക്കാർ ഉന്നയിച്ച രണ്ട് പ്രധാന സംഭവങ്ങളും ^പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവും ജിഷ വധവും യഥാസമയം അന്വേഷിക്കുന്നതിലും തുമ്പുണ്ടാക്കുന്നതിലും ഡി.ജി.പിക്കുണ്ടായ പരാജയം^ തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടതാണ് അദ്ദേഹത്തിനനുകൂലമായി വിധിപുറപ്പെടുവിക്കാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. അദ്ദേഹത്തിനെതിരെ ചീഫ് സെക്രട്ടറി നളിനി നെറ്റോ നൽകിയ മൂന്ന് റിപ്പോർട്ടുകളും കോടതി നിരാകരിക്കുകയും ചെയ്തു. സെൻകുമാറിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പിണറായി സർക്കാർ മാത്രമല്ല കേരളത്തിലെ മുൻ ഇടതു^വലത് സർക്കാറുകളും മറ്റെല്ലാ സംസ്ഥാനങ്ങളിലെ സർക്കാറുകളും ഉദ്യോഗസ്ഥർ തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നവരും ലോക്കൽ പാർട്ടി ഘടകങ്ങളുടെപോലും താൽപര്യങ്ങൾക്ക് വഴങ്ങുന്നവരുമാവണമെന്ന് ശഠിക്കാറുണ്ട്. കാര്യക്ഷമതയോ സത്യസന്ധതയോ നീതിനിഷ്ഠയോ ഒന്നുമല്ല രാഷ്ട്രീയ നേതൃത്വത്തോടുള്ള കൂറും വിധേയത്വവുമാണ് സർക്കാറുകളുടെ പ്രഥമ പരിഗണന എന്ന തോന്നലും ജനങ്ങളിൽ സാർവത്രികമാണ്. തന്മൂലം തങ്ങളുടെ പ്രാഥമിക പ്രതിബദ്ധത വിസ്മരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഹിതാഹിതങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പൊലീസും എക്സിക്യൂട്ടിവും നിർബന്ധിതമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾതന്നെ യു.പി മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് എന്ന തീവ്രഹിന്ദുത്വ സന്ന്യാസി പൊലീസിനെയും ബ്യൂറോക്രസിയെയും അപ്പാടെ അഴിച്ചുപണിയുന്ന തിരക്കിലാണ്. ഇത്തരക്കാർക്ക് ഒരു താക്കീതും മുന്നറിയിപ്പുമാണ് സെൻകുമാർ കേസിലെ സുപ്രീംേകാടതി വിധി.

ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസ് സേനയെ സ്വതന്ത്രരായി കയറൂരിവിട്ടാൽ സംഭവിക്കുന്നതിലെ അപകടവും ഇതേസമയം കാണാതിരുന്നുകൂടാ. പൂർണമായും അഴിമതിമുക്തമോ ആർജവവും നീതിബോധവും പ്രകടിപ്പിക്കുന്നവരോ അല്ല നമ്മുടെ പൊലീസ് എന്ന് നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞതാണ്. വർഗീയതയും ജാതീയതയും സ്വജനപക്ഷപാതവും പൊലീസിനെ മാത്രം ബാധിച്ചിട്ടില്ലെന്നും ആശ്വസിക്കാനാവില്ല. ഇൗ സാഹചര്യത്തിൽ ജനകീയ സർക്കാറുകളുടെ ഇടപെടൽകൂടി ഇെല്ലങ്കിൽ സ്ഥിതി കൂടുതൽ അനിയന്ത്രിതമാവുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഒന്നുകിൽ കളരിക്കുപുറത്ത്, അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത് എന്നതാണ് സ്ഥിതിവിശേഷം. പൊലീസ് മേധാവികൾക്ക് രാഷ്ട്രീയവും മറ്റുമായ അവിഹിത ഇടപെടലുകളിൽനിന്ന് മുക്തി ലഭിക്കുന്നതോടൊപ്പം അവർക്ക് സ്വതന്ത്രവും നീതിപൂർവവുമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അവരത് ദുരുപയോഗിക്കാതെ ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത സത്യസന്ധമായി നിറവേറ്റുകയും ചെയ്യുന്ന ഒരു ശുഭകാലം എന്നെങ്കിലും രാജ്യത്തുണ്ടാവുമോ? നമുക്ക് കാത്തിരിക്കാം, പ്രാർഥിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - supreme court verdict on senkumar case
Next Story