Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമൂ​ന്നാ​റി​ൽ...

മൂ​ന്നാ​റി​ൽ മു​ണ്ടു​മു​റു​ക്കാ​നാ​ളു​ണ്ടോ?

text_fields
bookmark_border
മൂ​ന്നാ​റി​ൽ മു​ണ്ടു​മു​റു​ക്കാ​നാ​ളു​ണ്ടോ?
cancel

മൂന്നാറിൽ പൂച്ചക്ക് മണികെട്ടാൻ ശ്രമിച്ചവരൊക്കെ നടുവൊടിഞ്ഞ് മടങ്ങേണ്ടിവന്ന അവസ്ഥയാണുണ്ടായതെന്നിരിക്കെ, ഒരു മാസത്തോളമായി തുടരുന്ന ഭൂമി കൈയേറ്റം സംബന്ധിച്ച പുതിയ വിവാദങ്ങളും രാഷ്ട്രീയക്കാരുടെ ആരോപണപ്രത്യാരോപണങ്ങളുടെ പുകയിൽ മൂടി അപ്രത്യക്ഷമാകാനാണ് സാധ്യത. നിലനിൽപിനെ അപകടപ്പെടുത്തി ഭീകരമായ പ്രകൃതിചൂഷണത്തിന് മൂന്നാറിനെ ഇരയാക്കുന്ന അനധികൃത കൈയേറ്റക്കാരും അവരുടെ കോടാലിപ്പിടികളായ രാഷ്ട്രീയക്കാരും ചേർന്ന തേർവാഴ്ച എത്രത്തോളം എന്നു വ്യക്തമാക്കുന്നതാണ് ഇൗയിടെ പുറത്തുവന്ന റിപ്പോർട്ടുകളും തുടർന്നുണ്ടായ പ്രതികരണങ്ങളും.

സർക്കാറിലേക്ക് നിക്ഷിപ്തമായ വനഭൂമിയും പാവപ്പെട്ടവർക്ക് വീടുവെക്കാനായി നൽകിയ പട്ടയഭൂമിയുമുൾപ്പെടെ കൈയടക്കിയ കച്ചവടലോബി പാരിസ്ഥിതിക നിയന്ത്രണങ്ങൾ കാറ്റിൽപറത്തി അനധികൃത നിർമാണങ്ങളിലൂടെ ബഹുവിധ അക്രമപ്രവർത്തനമാണ് മേഖലയിൽ നടത്തിവരുന്നത്. ഇവരുടെ ഒാശാരംപറ്റുന്ന ഒത്താശക്കാരായ പ്രദേശത്തെ രാഷ്ട്രീയനേതൃത്വം ഇൗ അന്യായങ്ങൾക്ക് കൂട്ടിരിക്കുകയല്ല, അക്രമപ്രവർത്തനങ്ങളുടെ ദല്ലാളുമാരും ചാവേറുകളുമായി മാറാനും തയാറായി രംഗത്തുണ്ട്. നിയമവിരുദ്ധ കൈയേറ്റത്തിെൻറയും അനധികൃത നിർമാണപ്രവർത്തനങ്ങളുടെയും കൈക്കുപിടിക്കുന്ന ഉദ്യോഗസ്ഥരുടെ വീര്യം ചോർത്താനും അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നു ഭീഷണി മുഴക്കി തിണ്ണമിടുക്ക് പ്രകടിപ്പിക്കാനും അവർ രംഗത്തുണ്ട്. തൊഴിലാളികളുടെയും കർഷകരുടെയും പാവങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഇടതുകക്ഷികളാണ് എന്നും പ്രതിക്കൂട്ടിലെന്നതും മൂന്നാറിലെ വിരോധാഭാസമാണ്. 

അതിവിശിഷ്ട ജൈവവൈവിധ്യമുള്ള മൂന്നാർ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അതിെൻറ ഭാഗമായി പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് നിയമസഭ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് വീണ്ടും മൂന്നാർ സജീവചർച്ചയാകുന്നത്. പത്തു കൊല്ലം മുമ്പ് അന്നത്തെ ഇടതുസർക്കാറിനെ നയിച്ച വി.എസ്. അച്യുതാനന്ദൻതന്നെ മുൻകൈയെടുത്ത് കൈയേറ്റക്കാരെ കുടിയിറക്കുന്നതിന് ശക്തമായ നീക്കം നടത്തിയെങ്കിലും സ്വന്തം കക്ഷിയുടെപോലും പിന്തുണ ലഭിക്കാതെ പാതിവഴിക്ക് പിന്തിരിയേണ്ടിവന്നു. ഇപ്പോൾ നിയമസഭ സമിതിയുടെ മുമ്പാകെ ലാൻഡ് റവന്യൂ കമീഷണർ നൽകിയ റിപ്പോർട്ടും അതിെൻറ ചുവടുപിടിച്ചുള്ള സമിതി നിർദേശങ്ങളും നിയമത്തിെൻറ വഴിക്കു നീങ്ങാനുള്ള ദേവികുളം സബ്കലക്ടറുടെ ശ്രമവുമാണ് കൈയേറ്റ ലോബിയെയും അവർക്ക് ഒാശാന പാടുന്നവരെയും വെകിളിപിടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സ്ഥാനമേറ്റ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കട്ടരാമൻ, റിയൽ എസ്റ്റേറ്റുകാരുടെയും ക്വാറി ഉടമകളുടെയും നൂറിലേറെ അനധികൃത ബഹുനില കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ നീക്കമാരംഭിച്ചു.

റിയൽ എസ്റ്റേറ്റുകാരെയും ക്വാറി ഉടമകളെയും അവരെ പിന്താങ്ങുന്ന രാഷ്ട്രീയനേതാക്കളെയും അസ്വസ്ഥപ്പെടുത്തിയ ഇൗ നീക്കത്തിനിടെയാണ് രണ്ടു സർക്കാർസമിതികളുടെ റിപ്പോർട്ടുകളും വെളിച്ചത്തുവരുന്നത്. ഇതിനെതിരെ കർഷകരെ മുന്നിൽ നിർത്തി അനധികൃത കൈയേറ്റത്തിനും ഭൂമിപിടിത്തത്തിനുമെതിരായ നീക്കം സാധാരണക്കാർക്കെതിരെയാണെന്ന് വരുത്തിത്തീർക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. ഗവൺമെൻറ് ഭൂമിയില്ലാത്തവർക്കു പട്ടയമായി നൽകിയ ഭൂമി പിടിച്ചെടുത്തും സർക്കാറിെൻറ നിക്ഷിപ്ത വനഭൂമി കൈയേറിയും ഇല്ലാത്ത പട്ടയാവകാശം ഉന്നയിച്ച് ഭൂമി വെട്ടിപ്പിടിച്ചുമൊക്കെ നടത്തിയ പ്രവർത്തനങ്ങൾക്കുമേൽ പിടിവീഴുമെന്നായി. അപ്പോഴാണ് പട്ടയഭൂമി ലഭിച്ച പാവങ്ങളെ വഴിയാധാരമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാരോപിച്ച് കർഷകസംഘത്തിെൻറ പേരിൽ പടയിളക്കം തുടങ്ങിയത്. സബ്കലക്ടറുടെ വസതിക്കു മുന്നിൽ നടന്ന സമരം ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിച്ചെങ്കിലും മൂന്നാർ ടൗണിലൊഴികെ കൈയേറ്റംതന്നെയില്ല എന്ന മട്ടിൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഷ്ട്രീയക്കാർ.

ഇവരുടെ തണൽപറ്റി, നിലവിലെ വാദപ്രതിവാദങ്ങളുടെ ചൂടടങ്ങിയാൽ എല്ലാം ശരിയാകുമെന്നും ചൂഷണവുമായി മുന്നോട്ടുപോകാമെന്നുമുള്ള ആശ്വാസത്തിലാണ് കച്ചവടലോബി. കൈയേറ്റം ചർച്ചചെയ്യാനായി കഴിഞ്ഞ 27ന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലും അനധികൃതപ്രവർത്തനങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളിയാണ് രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുയർന്നത്. കൈയേറ്റങ്ങൾക്കെതിരെയുള്ള കാർക്കശ്യം പ്രകടിപ്പിച്ചെങ്കിലും പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനും മുഖ്യമന്ത്രി മറന്നില്ല. റിസോർട്ട് നിർമാണത്തിന് നിയന്ത്രണം കൊണ്ടുവരും എന്നു പറയുേമ്പാൾതന്നെ മൂന്നാറിലെത്തുന്നവർക്ക് മതിയായ താമസസൗകര്യം വേണമെന്നും നൂറ്റാണ്ടുകളായി താമസിക്കുന്നവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള സബ്കലക്ടറുടെ അധികാരം വികേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറയുന്നത് സമരക്കാരെക്കൂടി മുന്നിൽകണ്ടാണ്.

കൈയേറ്റം ഒഴിപ്പിക്കാൻ മുതിരുന്ന മുപ്പതുകാരൻ സബ്കലക്ടറെ കൈയും കാലും വെട്ടുമെന്നും രണ്ടു കാലിൽ നടത്തിെല്ലന്നും പ്രഖ്യാപിക്കുന്നത് ഭരണകക്ഷി എം.എൽ.എയാണ്. സബ്കലക്ടറും നിയമസഭ സമിതിയുമൊെക്ക നൽകിയ റിപ്പോർട്ടുകൾ അപ്രസക്തമാക്കുന്നതും കൈയേറ്റത്തിനെതിരെ പറയുന്ന സ്വന്തം നേതാവടക്കമുള്ളവർക്ക് മൂന്നാർ വിഷയത്തിൽ ഒരു ചുക്കുമറിയില്ലെന്ന് പ്രസ്താവിക്കുന്നതും ഭരിക്കുന്ന കക്ഷിയുടെ മന്ത്രിയാണ്. എന്നിരിക്കെ ശ്രീറാം വെങ്കട്ടരാമൻ പഴയ സുരേഷ്കുമാറിെൻറ താവഴിയിൽ എലിയായിതന്നെ മടങ്ങും എന്ന കാര്യത്തിൽ സംശയമില്ല. അന്യായകെട്ടിടങ്ങൾ പൊളിക്കാനുള്ള നിർദേശം പ്രയോഗത്തിൽ പുതിയത് അനുവദിക്കേണ്ടെന്ന വിധത്തിലേക്ക് ഇപ്പോൾതന്നെ നേർപ്പിക്കപ്പെട്ടുകഴിഞ്ഞു.

സർക്കാറിലേക്കു നീക്കിവെച്ചതും സർക്കാർ പാവങ്ങൾക്ക് അനുവദിച്ചതുമായ ഭൂമി മാത്രമല്ല മൂന്നാറിൽ കാണാതായത്. അതുസംബന്ധിച്ച നിർണായക രേഖകൾപോലും കൈയേറ്റക്കാരും ഒത്താശക്കാരുംകൂടി കടത്തിക്കൊണ്ടുപോയിരിക്കുന്നു. അങ്ങനെ വാദി പ്രതിയും വേട്ടക്കാർ ഇരകളുമാകുന്നവിധം നേര് കീഴ്മേൽ മറിഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. കൈയേറ്റക്കാർക്കുവേണ്ടി വിളിച്ചുകൂവുന്നതും അവരെ ഭൂമാഫിയയെന്നു തിരിച്ച് അധിക്ഷേപിക്കുന്നതും ഭരണകക്ഷിയിലെ പ്രമുഖർതന്നെ. ആരോപണപ്രത്യാരോപണത്തിനുള്ള ഇൗ വീറും വാശിയുമൊന്നും പക്ഷേ, നൂറ്റാണ്ടുകൾ പഴകിയതും ഇപ്പോഴും തുടരുന്നതുമായ ഒരുവിധ കൈയേറ്റവും ചെറുക്കാൻ ആരും പ്രകടിപ്പിക്കുന്നില്ല. മൂന്നാറിൽ ഉടുമുണ്ടില്ലാത്തവർ ആരൊക്കെയെന്ന് ഒരിക്കൽകൂടി വെളിപ്പെടാനായി എന്നതു മാത്രമാണ് പുതിയ റിപ്പോർട്ടുകളുടെയും സബ്കലക്ടറുടെ നീക്കത്തിെൻറയുമൊക്കെ ഫലം. വീണ്ടെടുപ്പിനാകാത്തവിധം മൂന്നാറിനെ പച്ചയായി ബലാൽക്കാരം ചെയ്യുന്നവർക്കെതിരെ മുണ്ടു മുറുക്കാൻ ആർജവമുള്ളവരുണ്ടോ എന്ന ചോദ്യം അപ്പോഴും ബാക്കിതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - munnar issue
Next Story