Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ​​വ​​ലാ​​തി​​യ​​ല്ല,...

ആ​​വ​​ലാ​​തി​​യ​​ല്ല, വേ​​ണ്ട​​ത്​ ആ​​സൂ​​ത്രി​​ത മു​​ന്നേ​​റ്റം

text_fields
bookmark_border
ആ​​വ​​ലാ​​തി​​യ​​ല്ല, വേ​​ണ്ട​​ത്​ ആ​​സൂ​​ത്രി​​ത മു​​ന്നേ​​റ്റം
cancel

രാജ്യത്ത് നിയമവാഴ്ചയും പൗരാവകാശവും ജനാധിപത്യവും പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നു. നേരന്ദ്ര മോദി സർക്കാറിന്‍റെ കേന്ദ്രഭരണത്തിൻ കീഴിൽ അധികാരദുർവിനിയോഗവും രാഷ്ട്രീയ പകപോക്കലും വഴി രാജ്യത്ത് അസഹിഷ്ണുത ഭീകരസ്ഥിതി പ്രാപിച്ചിരിക്കുകയാണെന്നും എങ്ങും അരക്ഷിതാവസ്ഥ വളർന്നുവരുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 16 പാർട്ടികളുടെ പ്രതിനിധിസംഘം പരാതിപ്പെടുന്നു. മുെമ്പാരിക്കലും നേരിടാത്ത ആശങ്കജനകമായ സ്ഥിതിവിശേഷമാണ് മൂന്നുവർഷത്തിനിടയിൽ രൂപപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണകൂടങ്ങൾതന്നെ ഇതിന് ഒത്താശ ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. സ്വേച്ഛാധിപത്യ ഭരണകൂടം ദേശീയതയുടെ പേരുപറഞ്ഞ് മതവംശീയ വിഭജനത്തിനു നേതൃത്വം നൽകുകയാണെന്നും രാഷ്ട്രപതിക്കു സമർപ്പിച്ച നിവേദനത്തിൽ അവർ പറയുന്നു. 

മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്നതിൽ പിന്നെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയവാദികൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം കൈയിൽവരുകയും അതിന്‍റെ ചുക്കാൻ ഹിന്ദു യുവവാഹിനി പോലുള്ള വർഗീയതയും സദാചാര ഗുണ്ടായിസവും സമം ചേർത്ത ക്രിമിനൽസംഘങ്ങൾക്കു നേതൃത്വം നൽകിയിരുന്ന യോഗി ആദിത്യനാഥ് ഏറ്റെടുക്കുകയും ചെയ്തതോടെ ഇൗ വംശവെറി കൂടുതൽ വെളിക്കു വന്നുകൊണ്ടിരിക്കുന്നു. ‘സർവരുടെയും കൂടെ സർവരുടെയും വികസനത്തിനു’ വേണ്ടി നിലകൊള്ളുമെന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പിലും ശേഷം ഭരണത്തിലേറിയപ്പോഴും ഉയർത്തിയെങ്കിലും കാര്യങ്ങൾ നീങ്ങുന്നത് കടുത്ത ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് അനുകൂലവും അവർ ശത്രുക്കളായി പ്രഖ്യാപിച്ചവർക്കെതിരിലുമാണ്. സദാചാരത്തിന്‍റെയും ഗോരക്ഷയുടെയും മറപിടിച്ചുള്ള ഗുണ്ടായിസം നിയമസംവിധാനങ്ങളെ അപ്രസക്തമാക്കി അരങ്ങു തകർക്കുകയാണ്. യു.പിയിലെ ഹിന്ദുത്വ വംശീയ ഉന്മാദം രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും ഝാർഖണ്ഡിലേക്കുമൊക്കെ വ്യാപിച്ചുകഴിഞ്ഞു. മാട്ടിറച്ചി തിന്നെന്നോ സൂക്ഷിച്ചെന്നോ ഉള്ള സംശയം ഉന്നയിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ കൊന്നവരുടെ പിന്മുറക്കാർ ഇപ്പോൾ ആൽവാറിൽ കൂടുതൽ പാൽ ചുരത്തുന്ന പശുവിനെ വാങ്ങിയതിനാണ് പഹ്ലൂഖാനെ അടിച്ചുകൊന്നത്. ഗോരക്ഷയുടെ പേരുപറഞ്ഞുള്ള ഗുണ്ടായിസം നിയന്ത്രിക്കേണ്ട ഭരണകൂടവും നേതാക്കളും അതിന് അരുനിന്നു സംസാരിക്കുന്നു. ആൽവാറിലെ പശുരക്ഷാ ഗുണ്ടകളുടെ കൊല, കേന്ദ്രമന്ത്രി പാർലമെൻറിൽ ജനപ്രതിനിധികൾക്കു മുന്നിൽ നിഷേധിക്കുകയായിരുന്നു ആദ്യം. ഒടുവിൽ കള്ളി പുറത്തായപ്പോൾ സംഘ്പരിവാറിന്‍റെ ആചാര്യനുതന്നെ ഗോരക്ഷയുടെ പേരിലെ അത്യാചാരങ്ങളെ, മുഖം രക്ഷിക്കാൻ വേണ്ടിയാണെങ്കിലും വിമർശിക്കേണ്ടി വന്നു.

നിയമവിരുദ്ധ മാട്ടിറച്ചി കടകൾ പൂട്ടിക്കാൻ യോഗി ഭരണമേറ്റയുടൻ ഉത്തരവിട്ടപ്പോൾ ആവേശം കയറിയ അണികൾ പിന്നെ ഗോക്കളെ പോറ്റുന്നവരെയും വെറുതെ വിടില്ല എന്നായി. പൂവാലശല്യം നിയന്ത്രിക്കാനായി ആൻറി റോമിയോ സെല്ലിന് പൊലീസിൽ രൂപം നൽകിയപ്പോൾ അനുയായികൾ സദാചാരപ്പേരിൽ ഗുണ്ടസംഘങ്ങളുണ്ടാക്കി നിയമം കൈയിലെടുത്തു അഴിഞ്ഞാടാൻ തുടങ്ങി. എന്നാൽ, ഇവിടെയൊക്കെ വംശവെറി കൃത്യമായി മാനദണ്ഡമാക്കാൻ ഹിന്ദുത്വവർഗീയവാദികൾ പ്രത്യേകം ശ്രദ്ധിച്ചു. ആൽവാറിൽ കറവപ്പശുവിനെ കൊണ്ടുവരുന്നവെര തല്ലിച്ചതക്കുേമ്പാഴും കൂട്ടത്തിൽ മുസ്ലിമല്ലെന്നറിഞ്ഞയാളെ മാറ്റിനിർത്തി. മീറത്തിൽ ഷോപ്പിൽ കയറിയ യുവസുഹൃത്തുക്കളെ വിചാരണ ചെയ്ത ആദിത്യനാഥിന്‍റെ ‘ഹിന്ദു യുവവാഹിനി’ക്കാർക്ക് അവരുടെ മതം ഇസ്ലാമാണോ എന്നാണുറപ്പിക്കേണ്ടിയിരുന്നത്. അങ്ങനെ വംശവെറിയുടെ ആചാര്യൻ ഗോൾവൽക്കർ ‘വിചാരധാര’യിൽ ആഭ്യന്തരശത്രുക്കളായി ചൂണ്ടിക്കാണിച്ചവരെ നിർമൂലനം ചെയ്യാനുള്ള പടപ്പുറപ്പാടാണിപ്പോൾ ആരംഭിച്ചിരിക്കുന്നതെന്ന് എല്ലാ ഒാപറേഷനുകളും വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സ്റ്റോക്ഹോമിലെ ഭീകരാക്രമണം അപലപിച്ചാലും ആൽവാറിനെക്കുറിച്ച് മിണ്ടില്ലെന്ന് ഉറപ്പിച്ചിരിക്കുന്നു. ഇൗ ഉറപ്പ് വംശീയ അഴിഞ്ഞാട്ടത്തിനും ഉന്മൂലനത്തിനുമുള്ള മൗനസമ്മതമായി അനുയായികൾ ഏറ്റെടുക്കുന്നു. സദാചാര പൊലീസിങ്ങിനെതിരെ കാമ്പയിനിറങ്ങാറുള്ള മാധ്യമങ്ങൾ യു.പിയിലെ യോഗിയുടെ അന്ധ മതരാജിന്‍റെ ഇക്കിളിവർത്തമാനങ്ങൾ ആഘോഷിക്കുന്നു. വോട്ടുയന്ത്രത്തിലെ തട്ടിപ്പ് പാട്ടായിട്ടും തെരഞ്ഞെടുപ്പ് കമീഷൻ അനങ്ങാതിരിക്കുന്നു. കക്ഷികൾ തമ്മിലെ തർക്കത്തിൽ നിയമാനുസൃതം തീർപ്പുകൽപിക്കേണ്ട ന്യായപീഠത്തിന്‍റെ ചുക്കാൻപിടിക്കുന്നവർ ‘പുറം പഞ്ചായത്തിന്’ ഇറങ്ങാൻ ധിറുതി കാണിക്കുന്നു. ഇങ്ങനെ നിയമവാഴ്ചയെ വംശീയ പകപോക്കലിനുള്ള ഉപകരണമാക്കി മാറ്റി ഹിന്ദുത്വവർഗീയതയെ വ്യവസ്ഥാപിതമാക്കിയെടുക്കുന്നതിനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നിയമജ്ഞൻ ഫാലി എസ്. നരിമാൻ ചൂണ്ടിക്കാട്ടിയതു പോലെ ’ഹിന്ദു രാഷ്ട്ര’ത്തിലേക്ക് തെളിക്കെപ്പടുകയാണ് ഇന്ത്യ. 

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇൗ അഴിഞ്ഞാട്ടത്തിനു അറുതിവരുത്താൻ രാഷ്ട്രപതിയെ കണ്ട് പായ്യാരം പങ്കുവെച്ചതു കൊണ്ടായില്ല. കാലാവധി തീരാറായ ആ പദവിയുടെ ഭാവിതന്നെ ശുഭകരമല്ല. അതിനാൽ, രാഷ്ട്രപതിഭവനിലേക്ക് ദൗത്യസംഘത്തെ നയിച്ച പാർട്ടികൾ ഹിന്ദുത്വ ഫാഷിസത്തിെനതിരെ ജനമധ്യത്തിലിറങ്ങി നാടിന്‍റെ പൊതുബോധത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തയാറുണ്ടോ? സ്വന്തം പാർട്ടിയിലെ നിരാശകാമുകന്മാരെ മറുകണ്ടം ചാടാതെ നോക്കാൻ, മതേതരത്വത്തെയും അതിന്‍റെ ജനാധിപത്യസാധ്യതയെയും ഉയർത്തിപ്പിടിച്ച് ഫാഷിസത്തിന് ചുട്ട മറുപടി കൊടുക്കാൻ മുന്നിട്ടിറങ്ങുമോ? രാഷ്ട്രപതി ഭവനെ ആസന്നനാളുകളിലും പിറകെ വരുന്ന തെരഞ്ഞെടുപ്പിലൂടെ നാടിനെയും രക്ഷപ്പെടുത്താവുന്ന മഹാസഖ്യത്തിന് അവർ വിവേകം കാണിക്കുമോ? ആവതുകെട്ടവരുടെ ആവലാതികളേക്കാൾ ആസൂത്രിതമായ ഇത്തരം രാഷ്ട്രീയനീക്കങ്ങൾക്കാണ് നാടും നാട്ടാരും ഇപ്പോൾ ആശേയാടെ കാത്തിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamameditorial
News Summary - madhyamam editorial
Next Story