Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകരുതിയിരിക്കുക ഈ...

കരുതിയിരിക്കുക ഈ യോഗിയെ

text_fields
bookmark_border
കരുതിയിരിക്കുക ഈ യോഗിയെ
cancel

15 വർഷത്തെ ഇടവേളക്കു ശേഷം ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് അധികാരം തിരിച്ചുകിട്ടിയപ്പോൾ പ്രധാനമന്ത്രി മോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും ചേർന്ന് യോഗി ആദിത്യനാഥ് എന്ന തീവ്രഹിന്ദുത്വവാദിയെ സംസ്​ഥാന ഭരണത്തിെൻറ സാരഥ്യം ഏൽപിച്ചത് സാമുദായിക സൗഹാർദത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവരെ വല്ലാതെ ആശങ്കാകുലമാക്കിയിട്ടുണ്ട്.  കാരണം, യോഗി ആദിത്യനാഥ് ഇതുവരെ അറിയപ്പെട്ടത് ഏതെങ്കിലും നല്ല കാര്യത്തിെൻറ പേരിലായിരുന്നില്ല. മറിച്ച്, ഹിന്ദുയുവവാഹിനി എന്ന സംഘടനയുടെ മറവിൽ കഴിഞ്ഞ രണ്ടുദശകമായി ഉത്തരേന്ത്യയിൽ ഭൂരിപക്ഷ വർഗീയതയുടെ വിഷധൂളികൾ വിതക്കുന്നതിനും കൊ യ്യുന്നതിനും നേതൃത്വം വഹിക്കുകയായിരുന്നു ഗോരഖ്​നാഥ് ക്ഷേ​ത്രത്തിലെ  ഈ പൂജാരി. ഒരു മതപുരോഹിത​െൻറ കൈകളിലേക്ക് ഇതുപോലെ രാഷ്​​ട്രീയാധികാരം തളികയിൽ വെച്ചുകൊടുത്ത അനുഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കാണാൻ സാധിക്കില്ല.

22 കോടി ജനം അധിവസിക്കുന്ന, ഇന്ത്യയിലെ പ്രബല സംസ്​ഥാനമായ യു.പിയിൽ  യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ഹിന്ദുത്വയുടെ മൂലധനനിക്ഷേപമായ വിദ്വേഷ രാഷ്​ട്രീയം പതിന്മടങ്ങ് വർധിപ്പിക്കാമെന്ന്​  കണക്കുകൂട്ടുന്നുണ്ടാകണം മോദി–അമിത് ഷാ പ്രഭൃതികൾ. 2019ൽ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇപ്പോൾ അലയടിച്ച തീവ്രഹിന്ദുത്വവികാരം നിലനിർത്താനും വിഭാഗീയതയുടെ പാരമ്യതയിലെത്തിക്കുന്ന അജണ്ടകൾ നടപ്പാക്കാനും യോഗിയെപ്പോലൊരു ‘യോഗ്യൻ’ ഇല്ലെന്ന് വിലയിരുത്തുന്നുണ്ടാവണം. അതുകൊണ്ടല്ലേ, ഇതുവരെ ഭരണരംഗത്ത് അശേഷം അനുഭവപരിചയമില്ലാത്ത ഒരാളെ ജനങ്ങളുടെ മാൻഡേറ്റുള്ള 325 പേരെ തഴഞ്ഞ്,  ലഖ്നോവിലെ അധികാരസോപാനത്തിലേക്ക് ആനയിച്ചത്. കടുത്ത ന്യൂനപക്ഷ വിരുദ്ധത മനോമുകുരത്തിൽ കൊണ്ടുനടക്കുന്നുവെന്ന് മാത്രമല്ല, തരവും സന്ദർഭവും നോക്കി സാമാന്യ ജനത്തിെൻറ മനസ്സുകളിൽ വർഗീയവിഷം കുത്തിച്ചെലുത്താൻ കേട്ടാലറക്കുന്ന ആേക്രാശങ്ങൾ നടത്തുന്നതിൽ യോഗി ഇതുവരെ കാണിച്ച മിടുക്ക്മാത്രം മതി ഉത്തരവാദപ്പെട്ട ജനാധിപത്യപദവി കൈയേൽപിക്കുന്നതിൽ  അദ്ദേഹത്തെ അയോഗ്യനാക്കാൻ. 

സാമുദായിക കലാപം സൃഷ്​ടിച്ചതിെൻറ പേരിൽ നിരവധി കേസുകളുള്ള ഒരാളെ നിയമവാഴ്ചയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ ബി.ജെ.പി വെല്ലുവിളിക്കുന്നത്  ഭരണഘടനയെ തന്നെയാണ്. 2007ൽ യോഗി അറസ്​റ്റിലാവുന്നത് ഗോരഖ്പുരിൽ സാമുദായിക കലാപത്തിനു നേതൃത്വം കൊടുത്തതിെൻറ പേരിലാണ്. ഹിന്ദുയുവതികളെ തട്ടിക്കൊണ്ടുപോ യി മുസ്​ലിം ചെറുപ്പക്കാർ വിവാഹം ചെയ്യുന്നതിലൂടെ ഭൂരിപക്ഷ സമുദായം കടുത്ത ഭീഷണിയിലാണെന്ന് കാണിച്ച് ‘ലവ്​ ജിഹാദ്’ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു യോഗി. സൂര്യനമസ്​കാരം നിർവഹിക്കാൻ തയാറില്ലാത്തവർ പാകിസ്​താനിലേക്ക് വണ്ടികയറട്ടെ എന്ന അദ്ദേഹത്തി​െൻറ ജൽപനം വൻ വിവാദം സൃഷ്​ടിച്ചു. ബോളിവുഡ് താരം ഷാറൂഖ് ഖാനെ ഭീകരവാദിയായ ഹാഫിസ്​ സഈദുമായാണ് ഇദ്ദേഹം ഉപമിക്കാറ്. ‘ഘർവാപസി’യുടെ പേരിൽ 2005ൽ ഇട്ടാവയിൽ 1800ഓളം ക്രിസ്​ത്യാനികളെ  മതപരിവർത്തനത്തിന് വിധേയമാക്കിയത് പ്രദേശത്ത് സംഘർഷം വിതക്കുകയുണ്ടായി.

യോഗി ആദിത്യനാഥിനെ പോലുള്ളവരെ ഭരണത്തിെൻറ തലപ്പത്ത് അവരോധിക്കുകവഴി സംഘ്പരിവാർ നേതൃത്വം രാജ്യവാസികൾക്ക് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: ഹിന്ദുത്വയുടെ തീവ്രമുഖമായിരിക്കും വരുംനാളുകളിൽ അനാവൃതമാവുക  എന്നതുതന്നെ.  ജനാധിപത്യമൂല്യങ്ങൾക്കോ പാരസ്പര്യത്തിെൻറ പരമ്പരാഗത ഈടുവെപ്പുകൾക്കോ വരുംനാളിൽ ഇന്ത്യൻ അധികാരഘടനയിൽ ഒരു സ്​ഥാനവും പ്രതീക്ഷിക്കേണ്ടതില്ല എന്ന മുന്നറിയിപ്പും ബി.ജെ.പിയുടെ കടുത്ത ചുവടുവെപ്പുകളിൽനിന്ന് ആർക്കും വായിച്ചെടുക്കാം. രജപുത്രനായ യോഗി ആദിത്യനാഥിനെ അമരത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ തുലനം നഷ്​ടപ്പെടുന്ന ജാതീയസമവാക്യം നേരെയാക്കാനാവണം ഉപമുഖ്യമന്ത്രിമാരായി ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കേശവപ്രസാദ് മൗര്യയെയും ലഖ്നോ മേയർ ദിനേശ് ശർമയെയും നിയമിച്ചത്.

മൗര്യ പിന്നാക്ക സമുദായാംഗവും ശർമ ബ്രാഹ്മണനും ആണ്​. അതേസമയം, തെരഞ്ഞെടുപ്പിൽ ഒരു മുസ്​ലിമിനും സ്​ഥാനാർഥിത്വം നൽകാതെ  പാർട്ടിയുടെ  യഥാർഥമുഖം ജനങ്ങൾക്കു മുന്നിൽ അനാവൃതമാക്കുന്നതിൽ ‘ആത്മാർഥത’ കാണിച്ചവർ, മുൻ ക്രിക്കറ്റ് താരവും ഷിയാവിഭാഗം പ്രതിനിധിയുമായ മുഹ്സിൻ റാസയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ഒരു പുനർവിചിന്തനത്തിെൻറ ഫലമാണെന്ന് കരുതാനാവില്ല.  ഇത്തരം പിത്തലാട്ടങ്ങളൊന്നും തന്നെ, യോഗിയെ ഉത്തർപ്രദേശിെൻറമേൽ അടിച്ചേൽപിച്ചതിലൂടെ മോദിയും അമിത്ഷായും നമ്മുടെ ജനായത്ത വ്യവസ്​ഥയോട് കാട്ടിയ ധിക്കാരത്തിെൻറ ഗൗരവം കുറക്കുന്നില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചേ അടങ്ങൂ എന്ന് പരസ്യമായി വാദിക്കാറുള്ള യോഗി ആദിത്യനാഥിൽനിന്ന് ആ ദിശയിൽ  ത്വരിതഗതിയിലുള്ള കരുനീക്കങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് ആശങ്കിക്കേണ്ടത്. മനോവീര്യം തകർന്ന ‘മതേതര ചേരി’ യു.പിയിലെ ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾക്കും മുമ്പിൽ കാഴ്ചക്കാരായി നോക്കിനിൽക്കുകയല്ലാതെ, നഷ്​ടപ്പെട്ട ജനായത്ത ഭൂമിക തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച്  ആലോചിക്കുന്നുപോലുമില്ല എന്നത് ദുരന്തത്തിെൻറ വ്യാപ്തി കൂട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - always alert about this yogi
Next Story