Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകശ്മീര്‍:...

കശ്മീര്‍: ജനാധിപത്യംതന്നെ പരിഹാരം

text_fields
bookmark_border
കശ്മീര്‍: ജനാധിപത്യംതന്നെ പരിഹാരം
cancel

കലുഷിതമായ കശ്മീര്‍ താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി 51 ദിവസം നീണ്ട നിരോധാജ്ഞ പിന്‍വലിക്കാനുള്ള അധികൃതരുടെ തീരുമാനം ആശ്വാസകരമാണ്. പുല്‍വാമ, നൗഹട്ട, എം.ആര്‍ ഗഞ്ച് എന്നീ മൂന്നിടങ്ങളിലൊഴികെ കര്‍ഫ്യൂ പൊലീസ് നീക്കിയത് സ്ഥിതിഗതികള്‍ സാധാരണനില പ്രാപിക്കുന്നു എന്നു കരുതിയാണ്. ജൂലൈ എട്ടിന് തീവ്രവാദി സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കത്തിയാളിയ താഴ്വരയില്‍ പ്രശ്നപരിഹാരത്തിന് ഭരണകൂടത്തിന്‍െറ കര്‍ക്കശഭാഷയല്ല, ജനത്തെ വിശ്വാസത്തിലെടുത്തുള്ള സമാധാനസംഭാഷണവും തുടര്‍നടപടികളുമാണ് വേണ്ടതെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിന്‍െറ സൂചനയായി പുതിയ നീക്കത്തെ കാണാം. സംഘര്‍ഷനാളുകളില്‍ രണ്ടുതവണ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി വിഘടനവാദി സംഘടനകളുമായി ചര്‍ച്ചയില്ളെന്ന ആദ്യനിലപാടില്‍നിന്നു രണ്ടാം വട്ടം പിറകോട്ടു പോയി ആരുമായും ചര്‍ച്ചയാവാം എന്ന തുറസ്സിലേക്കത്തെി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കും മുമ്പ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമ്മേളനത്തില്‍ താഴ്വരയിലേക്ക് സര്‍വകക്ഷി സമാധാനസംഘത്തെ അയക്കാനുള്ള നിര്‍ദേശം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതിനു പിറകെ സെപ്റ്റംബര്‍ നാലിന് സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കാനും  തീരുമാനമെടുത്തിരിക്കുന്നു. 71 പേരെ കുരുതികൊടുത്ത കലാപം അറ്റം കാണാതെ നീളുന്നതിനിടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രം വഴങ്ങുകയാണിപ്പോള്‍.  

അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞിരുന്ന താഴ്വരയിലെ ജനത്തിന് ജീവസന്ധാരണത്തിന് വഴിതുറക്കുമെന്നതുതന്നെ കര്‍ഫ്യൂ അയവിന്‍െറ മെച്ചം. എന്നാല്‍, കശ്മീരിനെ മാസങ്ങള്‍ക്കുമുമ്പുള്ള നിലയിലേക്കു കൊണ്ടുപോകാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ സമീപനത്തിലും പ്രയോഗത്തിലും കാര്യമായ അഴിച്ചുപണി നടത്തേണ്ടിവരും. മൊബൈല്‍ നെറ്റ്വര്‍ക് സ്തംഭിപ്പിച്ചും പത്രമാരണം നടത്തിയും സോഷ്യല്‍ മീഡിയക്കുവരെ വിലങ്ങിട്ടും താഴ്വരയെ ലോകശ്രദ്ധയില്‍നിന്നു മറച്ചു ബുള്ളറ്റും പെല്ലറ്റും ഉപയോഗിച്ച് സൈന്യം നടത്തിയ മൃഗീയവാഴ്ച ഏശാത്തതാണ് അനുരഞ്ജനത്തിന് ഗവണ്‍മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മൂന്നിന പരിഹാരനിര്‍ദേശങ്ങള്‍വെച്ചിരുന്നു. വിഘടനവാദികളുമായി ചര്‍ച്ച, യു.പി.എ സര്‍ക്കാര്‍ മുമ്പ് നിയമിച്ച തരത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി മധ്യസ്ഥര്‍ എന്നിവയടങ്ങുന്ന നിര്‍ദേശങ്ങള്‍കൂടി മുന്നില്‍വെച്ചാവണം സര്‍വകക്ഷിസംഘത്തെ അയക്കാനുള്ള കേന്ദ്രതീരുമാനം.

കശ്മീര്‍ പ്രശ്നപരിഹാരത്തിനു സായുധനടപടിയല്ല, സംഭാഷണമാണ് വഴി എന്നു എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. 2008ല്‍ അമര്‍നാഥ് ക്ഷേത്ര ട്രസ്റ്റിനു കൂടുതല്‍ ഭൂമിയും അധികാരങ്ങളും നല്‍കാനുള്ള തീരുമാനം യുവാക്കളുടെ ‘സ്വാതന്ത്ര്യ’പ്രക്ഷോഭത്തിലേക്കു വഴിമാറിയപ്പോള്‍ ആദ്യം അടിച്ചമര്‍ത്തലിനു തുനിഞ്ഞ കേന്ദ്രം പിന്നെ സംഭാഷണത്തിനു മധ്യസ്ഥരെ നിയമിക്കുകയും അവര്‍ വിഘടനവാദികളടക്കമുള്ള നേതാക്കളുമായി ചര്‍ച്ചനടത്തുകയും ചെയ്തു. എന്നാല്‍, തുടര്‍പ്രവര്‍ത്തനത്തിനുള്ള ഇച്ഛാശക്തി യു.പി.എക്ക് ഉണ്ടായില്ല. സൈനികസാന്നിധ്യം വെട്ടിക്കുറക്കുകയും ‘അഫ്സ്പ’യുടെ പേരിലുള്ള അമിതാധികാരം നിയന്ത്രിക്കുകയും ചെയ്യുന്ന ചില ചുവടുകള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും എങ്ങുമത്തെിയില്ല.

ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെ മണ്ണും മനസ്സും ഒന്നിച്ചു രാജ്യത്തോടൊപ്പം നിര്‍ത്താന്‍ ക്രമപ്രവൃദ്ധമായ ജനാധിപത്യനടപടിക്രമം സ്വീകരിക്കുന്നതിനു പകരം സൈനികമായ അധികാരപ്രയോഗത്തിനു മുതിരുന്നത് ദോഷമേ വരുത്തൂ എന്നത് സര്‍വാംഗീകൃത സത്യമാണ്്. തൊണ്ണൂറുകളുടെ കാലുഷ്യത്തില്‍ നിന്നു മോചിതരായി ജനാധിപത്യത്തിന്‍െറയും സമാധാനത്തിന്‍െറയും വഴിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നതാണ് കശ്മീര്‍ ജനത. പാകിസ്താനോട് കൂറുപുലര്‍ത്തുന്ന ചില സംഘടനകളും സമ്പൂര്‍ണ ‘ആസാദി’ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും അവിടെയുണ്ടെങ്കിലും തൊഴില്‍നേടി ജീവിതം കെട്ടിയുയര്‍ത്താനുള്ള അത്യാവേശത്തിലാണ് പുതിയ തലമുറയില്‍ ഭൂരിഭാഗവും. തെരഞ്ഞെടുപ്പുകളോരോന്നിലും ജനപങ്കാളിത്തം ക്രമത്തില്‍ മെച്ചപ്പെട്ടുവരുന്നത് ഇതിന്‍െറ തെളിവാണ്. ചരിത്രപരമായ കാരണങ്ങളാല്‍ നീതിനിഷേധത്തിനെതിരായ പ്രതിഷേധം ഉള്ളില്‍ കനലായി സൂക്ഷിക്കുന്നവരാണ് കശ്മീരികള്‍. അത് പൊട്ടിത്തെറിക്കാനുള്ള സാധ്യതകളുടെ പഴുതടച്ച രാഷ്ട്രീയതന്ത്രങ്ങളും നടപടികളുമാണ് ആവശ്യം.

പി.ഡി.പിയുമായി ബി.ജെ.പി കൈകോര്‍ത്ത സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ ഈയൊരു അടവുനയം താഴ്വര പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മുന്‍ഗാമി വാജ്പേയി നേടിയെടുത്ത വിശ്വാസം പോലും കളഞ്ഞുകുളിക്കുന്നതായി മോദി ഗവണ്‍മെന്‍റിന്‍െറ കശ്മീര്‍ നയമെന്ന് ഇതുവരെയുള്ള നീക്കങ്ങള്‍ തെളിയിക്കുന്നു. ഏറ്റവുമൊടുവില്‍ പാക് അധീന കശ്മീരില്‍നിന്നു പുറത്തുപോയി രാജ്യത്തിന്‍െറ ഇതരഭാഗങ്ങളില്‍ കഴിയുന്ന 36,348 കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനം പോലും വിപരീതഫലമാണ് ഉളവാക്കുകയെന്ന് പഴയ അമര്‍നാഥ് പ്രശ്നം പരിശോധിച്ചാലറിയാം. ചരിത്രവസ്തുതകള്‍ അംഗീകരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും കശ്മീരികളെ രാജ്യത്തോടു ചേര്‍ത്തുനിര്‍ത്തണം. വാജ്പേയിയുടെ ചുവടൊപ്പിച്ച് ഇന്‍സാനിയത് (മാനവികത), കശ്മീരിയത് (കശ്മീരത), ജംഹൂരിയത് (ജനാധിപത്യം) എന്ന മുദ്രാവാക്യം മോദി ആവര്‍ത്തിക്കുന്നത് മനസ്സിരുത്തിയാണോ? എങ്കില്‍ അത് കര്‍മത്തില്‍ കാണിച്ചുകൊടുക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഒരേയൊരു വഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story