Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനൂറു ദിവസം: അവകാശവാദം,...

നൂറു ദിവസം: അവകാശവാദം, അനുഭവം

text_fields
bookmark_border
നൂറു ദിവസം: അവകാശവാദം, അനുഭവം
cancel

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് നൂറു ദിവസം പിന്നിട്ടപ്പോള്‍ അതുകൊണ്ടുദ്ദേശിച്ച പ്രയോജനങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. ഭരിക്കപ്പെടുന്ന ജനതയുടെ ദുരിതം ഏതായാലും അവസാനിച്ചിട്ടില്ല. ജനങ്ങളോട് സഹിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്‍െറ ഇരട്ടി ദിവസം കഴിയുമ്പോള്‍ നോട്ടുക്ഷാമം കുറഞ്ഞുതുടങ്ങുന്നേയുള്ളൂ. ദീര്‍ഘകാല പ്രത്യാഘാതങ്ങളാകട്ടെ, സാമ്പത്തിക മാന്ദ്യമായി എത്തിക്കഴിഞ്ഞു. മാന്ദ്യം മാറിവരാന്‍ ഒന്നരവര്‍ഷമെടുക്കുമെന്നത്രെ വിദഗ്ധര്‍ പറയുന്നത്.

അവകാശവാദങ്ങള്‍ക്കും രാഷ്ട്രീയ വാചാടോപങ്ങള്‍ക്കുമപ്പുറം ഇതിനെപ്പറ്റി വസ്തുനിഷ്ഠമായ വിവരങ്ങള്‍ ശേഖരിച്ച് രാജ്യത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു. പഴയ നോട്ട് ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി കഴിഞ്ഞ് ഒന്നരമാസമായിട്ടും തിരിച്ചത്തെിയ നോട്ടുകളെത്ര എന്ന കണക്ക് റിസര്‍വ് ബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. പിന്‍വലിച്ച 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളത്രയും തിരിച്ചത്തെിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നോട്ടുനിരോധനം വ്യര്‍ഥവ്യായാമമായെന്നതിനു തെളിവായി ഇതിനെ വിമര്‍ശകര്‍ ഉപയോഗിക്കുമെന്ന ആശങ്കയാണ് കാരണമെന്നും പറഞ്ഞുകേള്‍ക്കുന്നു. സമഗ്രവും കൃത്യവുമായ വിവരങ്ങള്‍ സര്‍ക്കാര്‍തന്നെ നല്‍കുകയാണ് കരണീയം.

വന്‍കിട ബിസിനസുകളെ നോട്ടുനിരോധനം വലുതായി ബാധിച്ചില്ളെന്നും നേരിയ പ്രതിസന്ധിതന്നെയും തരണംചെയ്തുവരുകയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഓഹരി വിപണിയില്‍ കാര്യമായ ഇടിവുണ്ടാകാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍, മറുഭാഗത്ത് ഇടത്തരം ചെറുകിട വ്യവസായ-വ്യാപാര സംരംഭങ്ങള്‍ക്കേറ്റ പ്രഹരം ശക്തമാണ്. കാശുരഹിത പണമിടപാടിന് വഴിയില്ലാത്ത അനേകസഹസ്രം ഗ്രാമീണരും, സര്‍ക്കാര്‍ പലപ്പോഴും കണ്ടില്ളെന്നു നടിക്കുന്ന അനൗപചാരിക, അസംഘടിത മേഖലകളിലുള്ളവരും അതിജീവനത്തിനുപോലും പ്രയാസപ്പെടുന്ന അവസ്ഥയാണ്. അനേകം പട്ടണങ്ങളിലെ അനേകം വ്യവസായങ്ങള്‍ മിക്കവാറും അടച്ചുപൂട്ടല്‍ ഘട്ടത്തിലാണ്.

യാഥാര്‍ഥ്യത്തില്‍നിന്ന് എത്ര അകലെയാണ് സര്‍ക്കാറെന്ന് തെളിയിക്കാന്‍ ഏതാനും പുതിയ അവകാശവാദങ്ങള്‍ പരിശോധിച്ചാല്‍ മതി. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയവേ പ്രധാനമന്ത്രി നരേന്ദ്ര മോദി, മികച്ച സാമ്പത്തികാവസ്ഥയുള്ള നേരം നോക്കി നോട്ടുനിരോധനം ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ചു. ശരീരത്തിന് ആരോഗ്യമുള്ളപ്പോഴാണ് ശസ്ത്രക്രിയ നടത്തുക എന്നാണദ്ദേഹം പറഞ്ഞത്. എന്നാല്‍, ബാങ്ക് വായ്പകള്‍ മുതല്‍ കയറ്റുമതി ഇടിവും വ്യവസായക്ഷീണവും വരെയായി. സാമ്പത്തിക രോഗാവസ്ഥയുണ്ടായിരുന്ന സമയത്താണ് ഈ കടുംകൈ ചെയ്തത് എന്നത്രെ സൂചികകള്‍ പറയുന്നത്. (നോട്ടുനിരോധനം കാരണം മരിച്ച 125 പേരെപ്പറ്റി പ്രധാനമന്ത്രി മൗനം പാലിച്ചു).

രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുന്നോട്ടുവെച്ച വാദം, ജനങ്ങളില്‍നിന്ന് അദ്ദേഹവും എത്ര ദൂരെയാണെന്ന് കാണിക്കുന്നു. ആവശ്യത്തിന് കറന്‍സിയില്ലാതെ ഒരൊറ്റ ദിവസംപോലുമുണ്ടായില്ല എന്നാണദ്ദേഹം രാജ്യസഭയില്‍ പറഞ്ഞത്. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്ന പ്രവൃത്തി പൂര്‍ത്തിയായെന്ന് പറഞ്ഞ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസും സത്യത്തെ തലകുത്തി നിര്‍ത്തുകയാണ് ചെയ്തത്. സാധാരണനില പുന$സ്ഥാപിച്ചെന്ന് കേന്ദ്രധനമന്ത്രി ഒരു യോഗത്തില്‍ പറഞ്ഞുകളഞ്ഞതും മറ്റേതോ രാജ്യത്തെപ്പറ്റിയാവാനേ തരമുള്ളൂ. റിസര്‍വ് ബാങ്കിലും സര്‍ക്കാറിലും വിശ്വാസം നഷ്ടപ്പെട്ടത് വെറുതെയല്ല.

പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുംകൊണ്ട് നാട്ടുകാരുടെ കഷ്ടപ്പാടുകള്‍ തീരില്ല. സാമ്പത്തിക പ്രത്യാഘാതങ്ങളും ഒഴിവാകില്ല. സമ്പദ്രംഗം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് എടുത്ത നടപടിമൂലം ഗണ്യമായ വ്യാപാരനഷ്ടവും തൊഴില്‍നഷ്ടവും ഉണ്ടായെന്നത് ദന്തഗോപുരവാസികള്‍ അംഗീകരിക്കാത്ത യാഥാര്‍ഥ്യമാണ്. അഞ്ചു ശതമാനമായിരുന്ന തൊഴിലില്ലായ്മനിരക്ക് ഉയരുകയാണ്. സമ്പദ്രംഗത്തെ പ്രതീക്ഷിത വളര്‍ച്ചനിരക്ക്  6.6 ശതമാനത്തിലേക്ക് ഇക്കൊല്ലം ഇടിയുമെന്ന് ഐ.എം.എഫ് കണക്കുകൂട്ടുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക ഉപദേഷ്ടാവും റിസര്‍വ് ബാങ്കുമെല്ലാം ഇതിനോട് ഏറക്കുറെ യോജിക്കുന്നുണ്ടെങ്കിലും വൈകാതെ തിരിച്ചുവരവുണ്ടാകുമെന്ന പ്രത്യാശയിലാണവര്‍.

പക്ഷേ, അതിന്‍െറ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. കരിമ്പണവും കള്ളനോട്ടും അഴിമതിയും ഇല്ലാതാക്കാമെന്ന പ്രതീക്ഷയും പുലര്‍ന്നതായി ലഭ്യമായ കണക്കുകള്‍ പറയുന്നില്ല. കൃത്യമായ കണക്കുകള്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഏകദേശകണക്കുകള്‍ തയാറാക്കിയിട്ടുണ്ട് -എല്ലാം കാണിക്കുന്നത് ഇതൊരു മടയത്തമായി എന്നാണ്. നോട്ടുനിരോധന നടപടിയിലൂടെ സര്‍ക്കാറിന് കിട്ടുമെന്ന് പ്രതീക്ഷിച്ച ലക്ഷം കോടികള്‍ വന്നില്ല -നികുതിയായും പിഴയായും ഒരു 72,800 കോടി രൂപ കിട്ടിയെന്നുവരാം. അതേസമയം, വളര്‍ച്ച ഒരു ശതമാനം കുറഞ്ഞാല്‍ ചോരുക ഒന്നര ലക്ഷം കോടി രൂപയാണ്. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതായതുമില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ചെയ്യേണ്ടത് വസ്തുനിഷ്ഠമായ വിവരങ്ങള്‍ പുറത്തുവിടുകയാണ്. പൊള്ളയായ അവകാശവാദങ്ങള്‍കൊണ്ട് ജനങ്ങളെ തൃപ്തിപ്പെടുത്താമായിരുന്ന സമയം കഴിഞ്ഞിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - 100 days: claims and reality
Next Story