Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകേരളത്തിന് വയോജനനയം...

കേരളത്തിന് വയോജനനയം അത്യാവശ്യമാണ്

text_fields
bookmark_border
കേരളത്തിന് വയോജനനയം അത്യാവശ്യമാണ്
cancel

വയോജനങ്ങളുടെ ബാഹുല്യം കേരളത്തിന്‍െറ എല്ലാ സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണങ്ങളെ സമ്മര്‍ദത്തിലാക്കും. വൃദ്ധന്മാര്‍ സമൂഹത്തിന്‍െറ ശരാശരി ഉല്‍പാദനക്ഷമതയില്‍ താഴെയായതിനാല്‍ സമൂഹത്തിന്‍െറ വിഭവങ്ങളുടെ ഉപഭോക്താക്കളായി മാറും. ഇത് ക്രമേണ നൈതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ വരുത്തിവെക്കുന്നതിനാല്‍ സ്റ്റേറ്റിന്‍െറ ആസൂത്രണ മികവിനൊരു വെല്ലുവിളിയായിത്തീരും. ആയുര്‍ദൈര്‍ഘ്യം കൂടുകയും മരണനിരക്കും ജനനനിരക്കും കുറയുകയും ചെയ്യുന്നതിനാല്‍ കേരളം സാവധാനം വാര്‍ധക്യത്തിലേക്ക് പോകുകയാണെന്ന് പറയാം. ഇപ്പോഴാകട്ടെ, പകരംവെക്കല്‍ വളര്‍ച്ച (Replacement growth) പോലും കേരളത്തിനില്ല. ജനിക്കുന്ന കുട്ടികളുടെ എണ്ണം മരിക്കുന്നവരേക്കാള്‍ കുറവെന്നര്‍ഥം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയുടെ മൂന്നിലൊന്ന് ജില്ലകളിലും ഈ നിലയുണ്ടാകും. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കേരളത്തിലെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിലധികം 70 വയസ്സ് കടന്നവരായിരിക്കും.

എന്നാല്‍, നാമിപ്പോഴും വളരെ ലളിതമായ പ്രശ്നപരിഹാര മാര്‍ഗങ്ങളുമായിട്ടാണ് ഇത് നേരിടുന്നത്. ഉദാഹരണത്തിന് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടല്‍, ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവയും മറ്റ് ശാരീരിക രോഗങ്ങളും ചികിത്സിക്കാന്‍ ഉതകുന്ന ഒരു മെഡിക്കല്‍ മാതൃകയാണ് കൂടുതല്‍ സമയം ചര്‍ച്ചചെയ്യുന്നത്. വാര്‍ധക്യം ഒരു വികസന പ്രശ്നമായി പഠിക്കുന്ന കേന്ദ്രങ്ങള്‍ വാര്‍ധക്യത്തിലെ പോരായ്മകള്‍ക്കൊപ്പം അതിലെ അനുകൂലഘടകങ്ങളെയും കരുത്തിനെയും എങ്ങനെ സൃഷ്ടിപരമായി മാറ്റാമെന്നാണ് അന്വേഷിക്കുന്നത്.

ഉദാഹരണത്തിന് വാര്‍ധക്യത്തിന്‍െറ നിര്‍വചനംപോലും കാലഘട്ട നിബന്ധനകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. അറുപതോ അറുപത്തിയഞ്ചോ വയസ്സുകഴിഞ്ഞവര്‍ വൃദ്ധജനങ്ങളാണെന്ന് നാം പറയുന്നു. പല അന്താരാഷ്ട്രസംഘടനകളും ഈ വാദം ഉള്‍ക്കൊള്ളുന്നില്ല. പ്രായമാണ് വാര്‍ധക്യത്തിന്‍െറ അടിസ്ഥാനമെങ്കില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയ വികസിത രാജ്യങ്ങളില്‍ വൃദ്ധജനങ്ങളുടെ ബാഹുല്യം സമൂഹത്തിന് താങ്ങാവുന്നതിലും അധികമാവും, അതുപോലെ അമ്പതും അമ്പത്തഞ്ചും ആയുര്‍ ദൈര്‍ഘ്യമുള്ള പ്രദേശങ്ങളില്‍ 60 വയസ്സ് കടന്നവര്‍ വിരളവും. അപ്പോള്‍ പ്രായത്തോടൊപ്പം പരിഗണിക്കേണ്ട മറ്റ് ഘടകങ്ങള്‍ ഉണ്ടാവണം.

അതിലൊന്ന് സമൂഹത്തിന്‍െറ സാംസ്കാരിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടാണ്. ഓരോ സമൂഹത്തിനും ആരാണ് മുതിര്‍ന്നവര്‍ എന്ന ധാരണയുണ്ടാവും. ഇത് ഒരു കാഴ്ച രീതി മാത്രമല്ല, സമൂഹത്തിലെ കൊടുക്കല്‍ വാങ്ങലുകളില്‍ ക്രിയാത്മകമായി ഇടപെടാനുള്ള കഴിവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. സമൂഹത്തിലെ അംഗങ്ങള്‍ക്ക് പ്രായം ഏറിവരുമ്പോള്‍ അവര്‍തന്നെ ബാഹ്യപ്രേരണ കൂടാതെ പുതിയ മാനദണ്ഡങ്ങളിലേക്ക് മാറിക്കൊള്ളും. വികസിത രാജ്യങ്ങളില്‍ ഉദ്യോഗങ്ങളില്‍നിന്ന് വിരമിക്കലില്‍ വന്നിട്ടുള്ള നയംമാറ്റം ഇതിനൊരു ഉദാഹരണമാണ്. പ്രായവുമായി നേര്‍ബന്ധമില്ലാത്ത വാര്‍ധക്യസങ്കല്‍പത്തില്‍ കൂടുതല്‍പേരെ ഏതുസമയത്തും പ്രവര്‍ത്തനക്ഷമരായി നിലനിര്‍ത്താനാകും.

ഇത് സമൂഹത്തിന് നല്‍കുന്നത് ബൃഹത്തായ സാമ്പത്തിക ഉത്തേജനമാണ്. ഒരു വ്യക്തിയുടെ സിദ്ധികളും ശേഷികളുമാണ് അയാളുടെ സാമൂഹിക പ്രസക്തിയെയും തദ്വാര സാര്‍ഥകമായ ജനാധിപത്യത്തെയും സൂചിപ്പിക്കുന്നത്. അമര്‍ത്യ സെന്‍ സിദ്ധികള്‍/ശേഷികള്‍ എന്നിവ സ്വാതന്ത്ര്യവും വികസനവുമായി (Capabilities as Freedom 1999) ബന്ധപ്പെടുത്തിയിട്ടുണ്ട്. വയോജനങ്ങള്‍ ആരൊക്കെയെന്ന് പറയുമ്പോള്‍പോലും സാമൂഹികനീതി എന്ന ആശയംകൂടി ചേര്‍ത്ത് ചിന്തിക്കേണ്ടിവരും. അമര്‍ത്യ സെന്‍ മാതൃക വയോജന ആസൂത്രണത്തില്‍ കൊണ്ടുവന്നാല്‍ വേറിട്ടുള്ള വഴികളുടെ സങ്കീര്‍ണത ഇല്ലാതാകും. രണ്ടാമത്തെ ഘടകം വാര്‍ധക്യവും ആരോഗ്യവും തമ്മിലുള്ള ബന്ധമാണ്. വാര്‍ധക്യം ഒരു വ്യക്തിയുടെ രോഗാതുരമായ കാലഘട്ടമാണെന്ന ചിന്ത ഇപ്പോള്‍ ഇതേക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ വെച്ചുപുലര്‍ത്തുന്നില്ല. എഴുപതുകഴിഞ്ഞ ആയിരക്കണക്കിനാളുകളെ സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പല പ്രവൃത്തികളിലും വ്യാപൃതരാകുന്നതായി കാണുന്നു. മൊയ്രാ സിഡല്‍ (Moyra Sidell -Health in old age) എന്ന ഗവേഷക പറയുന്നത് വാര്‍ധക്യത്തിലെ ആരോഗ്യത്തിനെ രോഗവുമായി ബന്ധപ്പെടുത്തുന്നതുതന്നെ നിഷേധാത്മകവും പ്രതിലോമകരവുമായ ചിന്താരീതിയാണെന്നാണ്. അതുകൊണ്ടാണ് രോഗപ്രതിരോധം, കേടുവന്ന അവയവങ്ങള്‍ മാറ്റിവെക്കല്‍ (സന്ധിമാറ്റം ശസ്ത്രക്രിയ) എന്നിവയിലേക്ക് അതിശ്രദ്ധ പതിയുന്നതും മുതല്‍മുടക്കുകള്‍ അങ്ങോട്ട് ഒഴുകുന്നതും.

പത്രങ്ങളിലെ ചരമ കോളങ്ങളിലൂടെ കണ്ണോടിച്ചാല്‍ കാണാവുന്ന ഒരു വിശേഷമുണ്ട് - തികച്ചും പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ താമസിച്ച് മരിച്ച 90 കഴിഞ്ഞവര്‍. ഒരു അവയവമാറ്റത്തിനും കോര്‍പറേറ്റ് ചികിത്സക്കും കഴിവില്ലാത്ത ഇവര്‍ ജീവിച്ചുപോന്നത് വാര്‍ധക്യം തീര്‍ത്തും മെഡിക്കല്‍ മാതൃകയിലൊതുങ്ങാത്തതു കൊണ്ടുതന്നെയല്ളേ? മൊയ്റാ സിഡല്‍ ഉയര്‍ത്തുന്ന മറ്റ് പ്രസക്ത വാദഗതികളും ശ്രദ്ധിക്കേണ്ടതുണ്ട്. പരിസ്ഥിതി, സാമൂഹിക സാമ്പത്തിക അവസ്ഥകള്‍, രാഷ്ട്രീയനിലപാടുകള്‍ എന്നിവയും വൃദ്ധജനങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കും. മാത്രമല്ല, സ്വന്തം വരുമാനവും ആരോഗ്യം സംരക്ഷിക്കാനുള്ള വ്യക്തി എന്ന തലത്തിലുള്ള കഴിവും തമ്മിലുള്ള ബന്ധം മറ്റേത് കാലത്തേക്കാളും വാര്‍ധക്യത്തില്‍ പ്രധാനമാണ്. സ്വന്തം ശരീരത്തിന്‍െറയും ജീവിതത്തിന്‍െറയും പുറത്ത് സ്വാധികാരം ഇല്ലാതായാല്‍ പിന്നെയെന്താരോഗ്യം? മറിച്ച് വ്യക്തികള്‍ക്ക് രോഗാവസ്ഥകളെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാമെന്ന ബോധമുണ്ടെങ്കില്‍ ആരോഗ്യത്തിന്‍െറ ചലനപഥം സ്വയം നിയന്ത്രിക്കാനാകുമെന്ന ഉത്തമബോധ്യമാകും അവര്‍ക്ക്.

വാര്‍ധക്യജീവിതം നയിക്കുന്നവര്‍ക്ക് സുഖകരമായ ജീവിതം ഉറപ്പുവരുത്താന്‍ ആസൂത്രകര്‍ തയാറാകണം. ആശ്ചര്യമെന്ന് പറയട്ടെ, നമ്മുടെ പട്ടണങ്ങളൊന്നും തന്നെ വൃദ്ധജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്നതല്ല. അവിടെയുള്ള പൊതുനിരത്തുകള്‍, വാഹനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, കമ്പോളങ്ങള്‍, ഉദ്യാനങ്ങള്‍ എന്നുതുടങ്ങി ഒരുസ്ഥാപനത്തിലും വൃദ്ധജനങ്ങള്‍ക്ക് സുരക്ഷിതമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടില്ല. ഇതുകൊണ്ടാണ് 80 വയസ്സ് കഴിഞ്ഞവരെ പൊതുസ്ഥലങ്ങളില്‍ കണ്ടുമുട്ടാത്തത്. വീടുകളുടെ ഘടനയിലും വൃദ്ധരായുള്ളവര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ വേണ്ടത്. തറയോടുകള്‍, ജലസ്രോതസ്സുകള്‍, സ്വിച്ചുകളുടെ വലിപ്പം, ശുചിമുറിയുടെ രൂപകല്‍പന എന്നിവ ഇവരുടെ സൗകര്യം കണക്കിലെടുത്തുവേണം നടപ്പാക്കാന്‍. കേരളത്തില്‍ നിയമനിര്‍മാണംമൂലം ഭവനരംഗത്ത് ഇതിനുവേണ്ട മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

അറുപതിനുമേല്‍ പ്രായമുള്ള നിരവധി പേര്‍ തങ്ങളുടെ വീടുകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് ഒറ്റക്ക് ജീവിക്കാനാവശ്യമായ ശാരീരികവും മാനസികവുമായ കഴിവുകള്‍ ഉണ്ടോ എന്ന് കണ്ടത്തൊനും സ്വതന്ത്രമായി തുടര്‍ന്നും ജീവിക്കാനുമുള്ള സഹായങ്ങള്‍ നല്‍കുന്നതിനും ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നിലവിലില്ല. നിലവിലുള്ള ഏജന്‍സികളാകട്ടെ വാര്‍ധക്യം തങ്ങളുടെ മേഖലയല്ളെന്ന് വിശ്വസിക്കുന്നു. അപ്പോള്‍ സര്‍ക്കാറിന്‍െറയും ആസൂത്രകരുടെയും സജീവശ്രദ്ധ ഇതില്‍ പതിയേണ്ടതുണ്ട്.

ഒരു വ്യക്തിക്ക് സമൂഹത്തില്‍ സ്വതന്ത്രമായി, എന്നാല്‍, കാര്യക്ഷമമായി കഴിയാനാകുമോ എന്ന് കണ്ടത്തൊന്‍ വളരെ മിതമായ പരിശോധനയേ വേണ്ടൂ. ദൈനംദിന ജീവിതചര്യാവലംബിയെന്ന സൂചികയാണ് ഇതിന് ഉപയോഗിക്കുന്നത്. മിതമായ രീതിയില്‍ തന്നത്തൊന്‍ പാകം ചെയ്യുക, തുണി അലക്കുക, ടെലിഫോണ്‍, റിമോട്ട് എന്നിവ ഉപയോഗിക്കുക, പണം/ചെക് എന്നിവ കൈകാര്യംചെയ്യുക, വീട്ടിലും പരിസരത്തും നടക്കുക, അടുത്തുള്ള പീടികയില്‍ പോകുക, പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക എന്നീ കഴിവുകളാണ് ഈ സൂചികയില്‍ പരീക്ഷിക്കപ്പെടുന്നത്. ആരോഗ്യ സാമൂഹികപ്രവര്‍ത്തകര്‍ക്ക് അഞ്ചുമുതല്‍ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ ഇത്തരം കഴിവുകളെ സാക്ഷ്യപ്പെടുത്താം.

ഇതില്‍ ഏതെങ്കിലും ഘടകങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ യുക്തമായ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കണം. വളരെ ചെലവുകുറഞ്ഞ ഇത്തരം ഇടപെടല്‍മൂലം വൃദ്ധജനങ്ങളില്‍ ഉണ്ടാകാവുന്ന ഗൗരവമുള്ള പ്രശ്നങ്ങള്‍,  പേശികള്‍ക്കും എല്ലുകള്‍ക്കുമുണ്ടാകുന്ന ക്ഷതം, മറവി, പെരുമാറ്റ വ്യതിയാനങ്ങള്‍, വിഷാദം എന്നിവ തടയാനോ കണ്ടത്തൊനോ കഴിയും. അതുകൊണ്ടാണ് ആസൂത്രണം പ്രധാനമെന്ന് പറയുന്നത്.

കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ പ്രായമേറുന്നതിന്‍െറ വേഗം വികസിത രാജ്യങ്ങളേക്കാള്‍ കൂടുതലാണെന്നാണ്. ഇതിനര്‍ഥം അവികസിത രാജ്യങ്ങളിലെ ജനസംഖ്യ വളരെവേഗം വാര്‍ധക്യത്തിലേക്ക് കടക്കുകയും ഇതുമായി പൊരുത്തപ്പെടാനുള്ള സമയം വികസിതരാജ്യങ്ങള്‍ക്ക് കിട്ടുന്നില്ല എന്നുമാണ്. ഈ പൊരുത്തക്കേട് പരിഹരിക്കാനും സാമ്പത്തികാസൂത്രണം ആവശ്യമാണല്ളോ. വാര്‍ധക്യത്തിലത്തെുന്നവരെ സഹായിക്കാന്‍ സമൂഹത്തിന് പ്രാപ്തിയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സഞ്ചിത സഹായ ഹസ്താനുപാനം (Potential Support Ratio -PSR) ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 65 വയസ്സ് കഴിഞ്ഞ ഓരോ വ്യക്തിക്കും സഹായത്തിനായി 15നും 64നും ഇടയില്‍ പ്രായമുള്ളവര്‍ എത്ര എന്നാണ് പി.എസ്.ആര്‍ നോക്കുന്നത്. ഇത് പ്രായംകൊണ്ട് മുതിര്‍ന്നവരെ ശുശ്രൂഷിക്കാന്‍ സമൂഹങ്ങളില്‍തന്നെ മാനവവിഭവം ഉണ്ടോ എന്ന് കണ്ടത്തെുന്നു. 2009ല്‍തന്നെ ഈ അനുപാതം എട്ടിനോടടുത്താണ്. 2050 ആകുമ്പോള്‍ ഇത് നാലോ അതില്‍താഴെയോ ആകാനാണ് സാധ്യത. സാമൂഹിക സുരക്ഷാ ആരോഗ്യ ഇന്‍ഷുറന്‍സ്, വൃദ്ധജനങ്ങളെ പരിപാലിക്കാനാവശ്യമുള്ള മാനവശേഷി വികസനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണിത്. എന്തെങ്കിലും പരിശീലനം സിദ്ധിച്ച വയോജന ശുശ്രൂഷകരുടെ എണ്ണം കേരളത്തില്‍ വളരെവേഗം കുറഞ്ഞുവരുന്നത് നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടുള്ളതാണല്ളോ.

അടുത്തിടെ പുറത്തുവന്ന ലോക ബാങ്ക് റിപ്പോര്‍ട്ട് (2005) അനുസരിച്ച് വികസ്വര രാജ്യങ്ങളിലെ വലിയൊരു ശതമാനം വൃദ്ധജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും എന്നാണ്. അതോടൊപ്പം അവരില്‍ ഭൂരിപക്ഷംപേരും നിരക്ഷരരായതിനാല്‍ സാമൂഹികക്ഷേമ വ്യവസ്ഥകളില്‍നിന്ന് പലകാരണങ്ങളാല്‍ പിന്തള്ളിപ്പോകുകയും ചെയ്യും. വികസിത രാജ്യങ്ങളില്‍ വാര്‍ധക്യം വ്യാപകമായത് അവര്‍ സമ്പന്നരായതിനുശേഷമാണ്. എന്നാല്‍, അവികസിത രാജ്യങ്ങളിലാകട്ടെ സമ്പത്ത് ആര്‍ജിക്കുന്നതിനുമുമ്പുതന്നെ വാര്‍ധക്യം പടിക്കലത്തെിക്കഴിഞ്ഞു. സമ്പത്തും ധനവും കൈവശമാക്കാനുള്ള ചെറുപ്പക്കാരുടെ വ്യഗ്രത സാമ്പത്തിക സിദ്ധാന്തങ്ങളിലൂടെ കണ്ടാല്‍ ശ്ളാഘനീയമാകാം. എന്നാല്‍ ഇതിപ്പോള്‍തന്നെ നമ്മുടെ കുടുംബഭദ്രതയെ സമ്മര്‍ദത്തിലാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഏറക്കുറെ കേരളത്തിലെ അണുകുടുംബ സമ്പ്രദായംപോലും ശിഥിലീകരണത്തിന്‍െറ വക്കിലാണ്. ഏറക്കുറെ സ്ത്രീകളെല്ലാവരും തന്നെ തൊഴില്‍ മേഖലയില്‍ സജീവമായപ്പോള്‍ വീട് കുടുംബത്തിന്‍െറ സ്ഥാനം എന്നതില്‍നിന്ന് ഒത്തുചേരലിന്‍െറ ഇടമായി മാറിക്കൊണ്ടിരിക്കുന്നു. ചെറുപ്പക്കാരുടെ ആധുനികോത്തര ജീവിതം ഒരുതരം മോഡേണ്‍ -ഡേ-നൊമാഡിസം എന്ന രീതിയിലേക്ക് പോകുന്നുണ്ട്. ഈ സാമൂഹിക പശ്ചാത്തലത്തില്‍ വൃദ്ധജനങ്ങള്‍ക്ക് എന്തെങ്കിലും സ്ഥാനമുണ്ടാകും എന്ന് വിചാരിക്കാന്‍ വയ്യ. ഈ പശ്ചാത്തലത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കാണേണ്ടത്.
ഈ ദിശയില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഇടപെടലുകള്‍ ശ്രദ്ധ അര്‍ഹിക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടി പ്രാപ്ര്യമാക്കാന്‍ വേണ്ടതുചെയ്യുക, ഡോക്ടര്‍മാര്‍, സമാന്തര ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ട പരിശീലനം എത്തിക്കുക, വാര്‍ധക്യകാല സേവനങ്ങള്‍ ചെയ്യുന്ന സൊസൈറ്റികള്‍ക്ക് സഹായം നല്‍കുക, മാനസികാരോഗ്യ സേവനം മെച്ചപ്പെടുത്തുക, ആരോഗ്യകേന്ദ്രങ്ങളില്‍ വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകം കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണവ.

കേരളം പോലുള്ള സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ക്ക് വാര്‍ധക്യ പരിചരണം ഉറപ്പാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച തുടങ്ങേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഒരു ദിവസം ഒരാള്‍ തൊഴില്‍ മേഖലയില്‍നിന്ന് വിരമിക്കുന്ന രീതിമാറ്റി വിരമിക്കല്‍ വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയയായി മാറ്റിയാലെന്തെന്ന് ഈ വിഷയത്തില്‍ പ്രാവീണ്യമുള്ള ഗവേഷകര്‍ ചോദിക്കുന്നുണ്ട്. ജീവിതശൈലീ മാറ്റങ്ങള്‍ക്കുള്ള പ്രോത്സാഹനം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുമായി ചേര്‍ക്കുന്നതും ചിന്തിക്കേണ്ട കാര്യമാണ്. വാര്‍ധക്യത്തെപ്പറ്റിയുള്ള നമ്മുടെ പല പൊതുധാരണകളും പല പഴഞ്ചന്‍ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇവയെല്ലാം പാടെ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായ ഒരു വയോജന നയവും കര്‍മപദ്ധതിയും സൃഷ്ടിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old Age
News Summary - old age policy
Next Story