Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഗള്‍ഫ് ജനായത്തവും...

ഗള്‍ഫ് ജനായത്തവും കുവൈത്ത് പാഠങ്ങളും

text_fields
bookmark_border
ഗള്‍ഫ് ജനായത്തവും കുവൈത്ത് പാഠങ്ങളും
cancel

ഒരിക്കല്‍കൂടി കുവൈത്തിന്‍െറ മണ്ണില്‍. കുവൈത്ത് വിധിദിനം റിപ്പോര്‍ട്ട് ചെയ്യാനത്തെുന്നത് ഇത് മൂന്നാം തവണ. അതും വളരെ കുറഞ്ഞ കാലയളവിനുള്ളില്‍. കുവൈത്ത് ജനതക്കു പക്ഷേ, ഇതിലൊന്നും ഒരദ്ഭുതവുമില്ല. തുടര്‍ച്ചയായ ജനായത്ത ശീലം. അതിനോട് അവര്‍ ഏതാണ്ട് സമരസപ്പെട്ടിരിക്കുന്നു. ഒരു തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്നെ അവര്‍ ചോദിക്കുകയായി, ‘‘അടുത്തത് ഇനിയെന്നാകും?’’.  ‘‘ഈ വര്‍ഷം തന്നെ കാണുമോ, അതോ അടുത്ത വര്‍ഷമോ? ഒരു നിശ്ചയമില്ലയൊന്നിനും’’ എന്ന കവിവാക്യം ഉണ്ടായതു പോലും കുവൈത്ത് ഇലക്ഷനെ കണ്ടാണെന്ന് അബ്ബാസിയയില്‍ ആളുകള്‍ ഫലിതം പറയുന്നു. എങ്കിലും ഇത്തവണ നല്ല പോളിങ് നടന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ. പരിമിത ജനായത്തപ്രക്രിയക്ക് ഒരു ജനത നല്‍കുന്ന കൈയൊപ്പായി വേണം ഇതിനെ കാണാന്‍. രണ്ടു തെരഞ്ഞെടുപ്പില്‍ മാറിനിന്ന ഇസ്ലാമിക് കൂട്ടായ്മകള്‍ കൂടി ഇത്തവണ രംഗത്തുണ്ടായിരുന്നു. ലഭ്യമായ സാധ്യത നിരാകരിക്കുന്നതില്‍ അര്‍ഥമില്ളെന്ന തിരിച്ചറിവിലായിരിക്കാം, അവരും. കൃത്യമായ ഇടവേളകളില്‍ താഴെതട്ടു മുതല്‍ വോട്ടെടുപ്പു പ്രക്രിയ നടക്കുന്ന ഇന്ത്യന്‍ മണ്ണില്‍ നിന്നു വന്നതുകൊണ്ടാവും അറബികളുടെ ഇലക്ഷന്‍ ആവേശത്തിന്‍െറ അകംപൊരുളൊന്നും നമുക്ക് പിടികിട്ടാതെ പോകുന്നത്, രണ്ടിടങ്ങളെയും ചേര്‍ത്തുപറയുന്നതു പോലും അസംബന്ധമായി ഉള്ളില്‍ നമുക്ക് തോന്നുന്നതും.

2002ലെ ബഹ്റൈന്‍ തെരഞ്ഞെടുപ്പാണ് കുവൈത്ത് ഇലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്‍െറ ഓര്‍മയില്‍. ബഹ്റൈന്‍ ദേശീയ അസംബ്ളി രൂപവത്കരണവും ആദ്യ തെരഞ്ഞെടുപ്പും സൃഷ്ടിച്ച ഉത്സവ ലഹരിയുടെ ആ നാളുകള്‍. ജനായത്തഘടനയുടെ നേര്‍ത്ത ശബ്ദം ബഹ്റൈനികളില്‍ പടര്‍ത്തിയ ആവേശം ചെറുതായിരുന്നില്ല. ഉപരിസഭയിലെ 40 പേരെ രാജാവ് തന്നെ നേരിട്ട് നിയമിക്കും. പിന്നെയുള്ളത് അധോസഭ. അതിലെ 40 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. നാട്ടിലേതു പോലെ പ്രായപൂര്‍ത്തി വോട്ടവകാശമല്ല. വോട്ടര്‍ പട്ടിക പോലും കുറ്റമറ്റതായിരുന്നില്ല. എന്തായാലും, ഒരു ലക്ഷത്തി ഇരുപതിനായിരം വോട്ടര്‍മാരുടെ പട്ടിക തയാറായി. ആദ്യ അങ്കത്തിനായി ഗോദയില്‍ നൂറുകണക്കിനായിരുന്നു സ്ഥാനാര്‍ഥികള്‍. പണമിറക്കിയുള്ള പുളപ്പന്‍ പ്രചാരണം. കൊടിതോരണങ്ങളും ബാനറുകളുമായി അന്ന് തെരുവുകള്‍ നിറഞ്ഞു. പവിഴദ്വീപിന്‍െറ ജനായത്ത ചുവടുകളെകുറിച്ച് മാധ്യമങ്ങള്‍ ധാരാളം എഴുതി പൊലിപ്പിച്ചു. ആ സമയത്താണ് ഇന്ത്യന്‍ പ്രതിനിധി സംഘം ബഹ്റൈനില്‍ എത്തുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം.

അവര്‍ക്കു മുന്നില്‍ ബഹ്റൈന്‍ ജനായത്തത്തിന്‍െറ വിശേഷങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും നീട്ടിനിരത്തി. അറബ് മണ്ണില്‍ ബഹ്റൈന്‍െറ പുതുവഴിനടത്തത്തെ കുറിച്ച് അവര്‍ വാചാലരായി. എല്ലാം കഴിഞ്ഞ് ബഹ്റൈന്‍ സംഘം മടങ്ങിയപ്പോള്‍ സാഹിബ് സിങ് വര്‍മ ഒരു സ്വകാര്യം പറഞ്ഞു. ‘‘ഇവിടെ ആകെയുള്ള വോട്ടര്‍മാര്‍ ഒന്നേകാല്‍ ലക്ഷം. ഞാന്‍ ഇപ്പോള്‍ എം.പിയായി ജയിച്ചത് ഒൗട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍നിന്ന്. എന്‍െറ മണ്ഡലത്തില്‍ മൊത്തം വോട്ടര്‍മാരുടെഎണ്ണം തന്നെ വരും 16 ലക്ഷത്തിനു മുകളില്‍’’.

ശരിയാണ്, രാജ്യത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലത്തിന്‍െറ പ്രതിനിധിയാണ് അദ്ദേഹം. സാഹിബ് സിങ് വര്‍മ പറഞ്ഞതില്‍ എല്ലാം അടങ്ങിയിരുന്നു. വലിയ ജനായത്ത രാജ്യം നല്‍കുന്ന വിശാലത കാണ്‍കെ, നമുക്കിതെല്ലാം വെറും കാട്ടിക്കൂട്ടലുകള്‍. വെറും കുട്ടിക്കളികള്‍. എന്നാല്‍, ഗള്‍ഫ് പൗരസമൂഹത്തിന്‍െറ ഭാഗത്തുനിന്ന് നാം എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വീണുകിട്ടിയതാണ് അവര്‍ക്ക് ഈ പരിമിത ജനായത്തം. വലിയ നിധി തന്നെയാണ് അവര്‍ക്കിത്. ജനാഭിലാഷം പ്രതിഫലിക്കാന്‍ ലഭിക്കുന്ന കൊച്ചു കൊച്ചു ഇടങ്ങള്‍. അവര്‍ അത് രസിച്ചിരുന്നു കാണുന്നു. മൂന്നു വര്‍ഷം മുമ്പ് കുവൈത്ത് പാര്‍ലമെന്‍റ് ഒന്നാകെ ചുറ്റിക്കാണാന്‍ അവസരം ലഭിച്ചു. വിശാലമായ ഹാളും മത്തേരം സൗകര്യങ്ങളും. കുവൈത്ത് ജനായത്തം നല്‍കുന്ന വിശേഷാധികാരങ്ങളെ കുറിച്ചായിരുന്നു അന്ന് എം.പിമാര്‍ ആവേശം കൊണ്ടത്.

പാര്‍ലമെന്‍റിന് പരിമിതിയുണ്ടെന്ന് ആ എം.പിമാര്‍ക്കും അറിയാം. എന്നിട്ടും സര്‍ക്കാര്‍പക്ഷ നിലപാടുകളെ അവര്‍ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെടുന്നു. സഭയില്‍ വിളിച്ചുവരുത്തി മന്ത്രിമാരെ മണിക്കൂറുകള്‍ നിര്‍ത്തി പൊരിക്കുന്നു. ഏറ്റുമുട്ടല്‍ മൂര്‍ച്ഛിക്കുമ്പോള്‍ അനുരഞ്ജന നീക്കമുണ്ടാകും. അതും പരാജയപ്പെട്ടാല്‍ പാര്‍ലമെന്‍റ് പിരിച്ചുവിടും. വീണ്ടും തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങും. ജനപക്ഷത്തുനിന്നാണ് മിക്കപ്പോഴും എം.പിമാരുടെ പ്രതികരണം. ഇത് ചെറിയ കാര്യമല്ല. ഇന്ധന സബ്സിഡി പിന്‍വലിക്കാനുള്ള നീക്കമായിരുന്നു കഴിഞ്ഞ പാര്‍ലമെന്‍റിന് അകാലചരമം വിധിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങള്‍ ജനങ്ങളുടെ ചെലവില്‍ വേണ്ടെന്ന് എം.പിമാര്‍ ശഠിച്ചു. പിരിച്ചുവിടല്‍ ഖഡ്ഗം തലക്കു മുകളില്‍ തൂങ്ങുമ്പോഴും ‘അരുത്’ എന്നു പറയാനുള്ള ആര്‍ജവമുണ്ടല്ളോ,അത് നാം സമ്മതിക്കണം.

സര്‍ക്കാര്‍പക്ഷ എം.പിമാര്‍ പോലും ജീവല്‍പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണ്. ഉള്ള സാധ്യതയെ ഫലപ്രദമായി വിനിയോഗിക്കാനുള്ള തിടുക്കം. കുവൈത്തില്‍ മാത്രം ഒതുങ്ങുന്നില്ല, ഈ മാറിയ വഴിനടത്തം. ഫെഡറല്‍ ദേശീയ കൗണ്‍സില്‍, നാഷനല്‍ അസംബ്ളി, ശൂറ കൗണ്‍സില്‍ എന്നിങ്ങനെ പല പേരുകളില്‍ ഗള്‍ഫില്‍ ജനായത്തത്തിന്‍െറ ദുര്‍ബലധാരകള്‍ ചിറകടിക്കുന്നുണ്ട്. പരാജയപ്പെട്ട അറബ് വസന്തത്തിന്‍െറ ഘടനക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിലയേറിയ പിടച്ചിലുകളായും ഇതിനെ കാണാം. ലക്ഷക്കണക്കിനുവരുന്ന പ്രവാസി സമൂഹത്തെ നേരാംവണ്ണം ഉള്‍ക്കൊള്ളാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്ന ദുരന്തവുമുണ്ട്.

സ്വദേശിവത്കരണവാദം മാത്രമല്ല പ്രശ്നം. പരദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന വാദം ആദ്യം ഉയര്‍ന്നത് കുവൈത്ത് പാര്‍ലമെന്‍റില്‍. എം.പിമാരില്‍ ഭൂരിഭാഗവും അതിന് കൈയൊപ്പ് ചാര്‍ത്തിയത് വലിയ മുന്നറിയിപ്പാണ്. കുവൈത്ത് മുതല്‍ സൗദി വരെ കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അന്യരാജ്യ തൊഴിലാളികളുടെ വിയര്‍പ്പു മുദ്രകള്‍ വലുതാണ്. അതു തള്ളാനുള്ള ധാര്‍ഷ്ട്യം ആര്‍ക്കാണ് ഗുണം ചെയ്യുക? ചെലവേറിയ പ്രവാസത്തില്‍, ജീവിതം തന്നെ വഴിമുട്ടുന്ന ഈ മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ എന്തുകൊണ്ട് ഈ ജനായത്തധാരകള്‍ക്ക് കഴിയാതെ പോകുന്നു?

കുവൈത്തില്‍നിന്ന് തിരികെ വിമാനം കയറുമ്പോള്‍ ഉള്ളില്‍ ഉയരുന്ന വലിയ ചോദ്യമാണിത്. നയതന്ത്ര കേന്ദ്രങ്ങളും പരദേശ കൂട്ടായ്മകളും പ്രവാസി പ്രമുഖരും ചേര്‍ന്ന് സംവാദത്തിന്‍െറ ഭൂമിക ഒരുക്കണം. കുവൈത്തില്‍ ജയിച്ച പുതിയ എം.പിമാര്‍. അവര്‍ക്കൊപ്പം തന്നെയാകട്ടെ, ആരോഗ്യകരമായ സംവാദത്തിന്‍െറ ആ നല്ല തുടക്കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf democracy
News Summary - gulf democracy
Next Story