Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightമറ്റൊരു പരിസ്ഥിതി...

മറ്റൊരു പരിസ്ഥിതി സംവാദത്തിനു മുമ്പ്

text_fields
bookmark_border
മറ്റൊരു പരിസ്ഥിതി സംവാദത്തിനു മുമ്പ്
cancel

പരിസ്ഥിതിരംഗം വീണ്ടും കേരളത്തില്‍ സംഘര്‍ഷഭരിതമാവുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഉണ്ടായ ചില നിലപാടുകളാണ് ഈ കാര്യത്തില്‍ പുതിയൊരു ചര്‍ച്ചക്ക് വഴിയൊരുക്കിയത്. വൈദ്യുതിവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതി നടപ്പാക്കുമെന്ന പ്രസ്താവനയിലൂടെ പുതിയ സര്‍ക്കാറിന്‍െറ നിലപാട് ആദ്യമായി പ്രഖ്യാപിച്ചത്. തികച്ചും അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു ആ പ്രഖ്യാപനം. അതില്‍നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് പിന്നോട്ടു പോവേണ്ടിവന്നു. അഥവാ ഈ പ്രശ്നമുന്നയിക്കണമെങ്കില്‍തന്നെ മന്ത്രി ഒരുപക്ഷേ, ആദ്യം പറയേണ്ടിയിരുന്നത് പദ്ധതി പരിസ്ഥിതി സൗഹൃദപരമാണോയെന്ന് പരിശോധിക്കുമെന്നായിരുന്നു. എന്നാല്‍, ആശങ്കകള്‍ നീക്കി പദ്ധതി നടപ്പാക്കുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഈ പദ്ധതി ഉപേക്ഷിക്കേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു വലിയവിഭാഗം പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് ഈ പ്രഖ്യാപനത്തെ എതിര്‍ക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.

വൈദ്യുതിമന്ത്രിമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ കേള്‍ക്കാറുള്ള പതിവ് പ്രഖ്യാപനങ്ങളാണ് എന്ന് ഇത് തള്ളിക്കളയാന്‍ പറ്റുന്നതല്ല. വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥപ്രമുഖര്‍ മന്ത്രിയുടെ വായില്‍ തിരുകിയതാവാം ഇതെന്ന് ചിലര്‍ പറഞ്ഞുകേട്ടു. ഇതിനു സാധ്യതയുണ്ടെങ്കിലും വിവേചനശക്തി മന്ത്രിപദം കിട്ടുമ്പോള്‍ കളഞ്ഞു പോകില്ലല്ളോ. ഇതേ ഉദ്യോഗസ്ഥന്മാരുടെ പൂര്‍വികരാണ് കടവൂര്‍ ശിവദാസനെക്കൊണ്ട് കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുമെന്ന് നിയമസഭയില്‍ പറയിപ്പിച്ചത്. ഇ.കെ. നായനാരും ഇ.എം.എസും കൂടി വിതണ്ഡവാദങ്ങള്‍ നിരത്തിയും ജനകീയസമരങ്ങളെ കായികമായി നേരിട്ടും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത്  കിണഞ്ഞുശ്രമിച്ചിട്ടും കേരളജനതയുടെ ഇച്ഛാശക്തിക്കുമുന്നില്‍  മുട്ടുമടക്കേണ്ടിവന്ന ആണവനിലയ പ്രശ്നം ശിവദാസനിലൂടെ ഒരിക്കല്‍കൂടി അവതരിപ്പിച്ചു സജീവമാക്കാന്‍ വൈദ്യുതിബോര്‍ഡ് നടത്തിയ ശ്രമത്തിനു സമാനമാണ് ഇപ്പോള്‍ കടകംപള്ളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.   

2004ല്‍ പാത്രക്കടവ് പദ്ധതി എന്നപേരില്‍ സൈലന്‍റ്വാലി പദ്ധതി പുനരവതരിപ്പിക്കാന്‍ ശ്രമംനടന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. അതിന്‍െറ അഭിപ്രായശേഖരണത്തിന് വിളിച്ചുകൂട്ടിയ യോഗത്തില്‍നിന്ന് സിവില്‍സാമൂഹിക പ്രവര്‍ത്തകരെ പിടിച്ചു പുറത്താക്കുകയും സുഗതകുമാരി അടക്കമുള്ളവരെ കൂവിവിളിക്കുകയും ചെയ്യാന്‍ തയാറായ ഒരു ട്രേഡ് യൂനിയന്‍ ആള്‍ക്കൂട്ടത്തിന്‍െറ അതിക്രമങ്ങള്‍ മറക്കാന്‍ കാലമായിട്ടില്ല. ’70കള്‍ മുതല്‍  കേരളത്തില്‍ സജീവമായ പരിസ്ഥിതിപ്രസ്ഥാനത്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇടതുപക്ഷസര്‍ക്കാറുകളുടെ നിലപാടുകള്‍ പരിസ്ഥിതിവിരുദ്ധമായിരുന്നു എന്നതല്ല പ്രശ്നം. ഇടതുപക്ഷമായാലും ഐക്യജനാധിപത്യമുന്നണി ആയാലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല എന്നതാണ്. സര്‍ക്കാറുകളുടെ മര്‍ക്കടമുഷ്ടി, ഇടതുപക്ഷത്തിന്‍േറതടക്കം പക്ഷേ പലപ്പോഴും വലിയ സമരങ്ങള്‍ക്ക്  കാരണമായിട്ടുണ്ട്. ബഹുമുഖമായ ഇത്തരം ആക്രമണങ്ങളെയും അപവാദപ്രചാരണങ്ങളെയും വ്യക്തിഹത്യകളെയുമൊക്കെ അതിജീവിച്ചാണ് കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനം മുന്നോട്ടു പോയിട്ടുള്ളത്. അതിന്‍െറ വിജയങ്ങള്‍ പരിമിതങ്ങളായിരിക്കുമ്പോള്‍പോലും ആശയപരമായ ചെറുത്തുനില്‍പിന്‍െറയും അതിജീവനസമരങ്ങളുടെയും ദീര്‍ഘമായൊരു പശ്ചാത്തലം അതിനുണ്ട് എന്നത് വിസ്മരിച്ചുകൂടാ. വൈദ്യുതിബോര്‍ഡിന്‍െറ തന്ത്രങ്ങള്‍ അതിനുമുന്നില്‍ ഇനി വിലപ്പോവില്ല.  

എന്നാല്‍, അത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഇനിയുമുണ്ടാവേണ്ട കാര്യമുണ്ടോ? കാരണം, മുന്നണികള്‍ക്കുള്ളില്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായമുള്ള ഒരു നേതൃത്വം ഉയര്‍ന്നുവന്നിട്ടുണ്ട്. സിവില്‍സമൂഹത്തിന്‍െറ തലത്തില്‍നിന്നുകൊണ്ട് ദശാബ്ദങ്ങളായി പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ് പാര്‍ട്ടികള്‍ക്കുള്ളില്‍പോലും ഈ ചേരിതിരിവിനു കാരണമായത്. പുതിയ പാരിസ്ഥിതിക അവബോധം എല്ലാവരിലും എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. കേരളത്തിന്‍െറ ഭൂമിശാസ്ത്രപരമായും ചരിത്രപരമായുമുള്ള സവിശേഷസാഹചര്യത്തില്‍ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് പരിസ്ഥിതിയുടേതെന്ന് പരക്കെ ബോധ്യമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി, ജനകീയ പ്രശ്നങ്ങളെ സമരത്തിന്‍െറ പാതയിലേക്ക് എത്തിക്കാതെ പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്.

ഇന്ന് നിലവിലുള്ള പരിസ്ഥിതിനിയമങ്ങള്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. ആഗോളതലത്തിലും ദേശീയതലത്തിലും സിവില്‍സമൂഹ പ്രവര്‍ത്തകര്‍ നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെയും പഠനങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി രൂപം കൊടുത്തിട്ടുള്ളവയാണ്. അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും സിവില്‍സമൂഹത്തിനുണ്ട്. പദ്ധതികളോടുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെ സമീപനം അതുകൊണ്ടുതന്നെ അതീവ ജാഗ്രതയുടേതായിരിക്കും. അതില്‍ അക്ഷമരാവുകയും പ്രകോപിതരാവുകയും ചെയ്യുന്ന ഭരണാധികാരികള്‍ പൊതുസമൂഹത്തില്‍ പരിഹാസ്യരാവുകയേയുള്ളൂ.  

വികസനമെന്നത് രാഷ്ട്രീയവ്യവഹാരത്തിലെ ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണ്. പദ്ധതികള്‍  നടപ്പാക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് പറയുന്നത്  അസൗകര്യമായിക്കാണുന്ന ഭരണാധികാരികളുടെ കൈയിലെ സ്ഥിരം പ്രയോഗമാണ് വികസനവിരുദ്ധര്‍ എന്നത്. ആദ്യകാലത്ത് ഇത് ഫലപ്രദമായി പരിസ്ഥിതിപ്രവര്‍ത്തകരെ ചാപ്പയടിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനുമുമ്പുണ്ടായിരുന്ന സ്വീകാര്യതയില്ല. പരിസ്ഥിതിമൗലികവാദം എന്ന പ്രയോഗവും കുറെക്കാലമായി കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അത് പ്രയോഗിച്ചുകഴിഞ്ഞു. പരിസ്ഥിതിപ്രശ്നങ്ങളെ ധീരതയോടെയും സത്യസന്ധതയോടെയും സമീപിക്കാന്‍ കഴിയാത്തവരുടെ കൈയിലെ മുനപോയ ആയുധമാണത്. ആ പ്രയോഗത്തെ തുറന്നെതിര്‍ത്തുകൊണ്ട്  സി.പി.ഐ നേതാവ്  ബിനോയ് വിശ്വം തന്നെ രംഗത്തുവന്നത് ശുഭോദര്‍ക്കമാണ്. മുന്‍കാലങ്ങളിലെപ്പോലെ പരിസ്ഥിതിസമരങ്ങളെ വൃഥാവായാടിത്തംകൊണ്ട് നേരിടാന്‍ സി.പി.എമ്മിനോ മറ്റേതെങ്കിലും പാര്‍ട്ടികള്‍ക്കോ ഇനി കഴിയില്ല എന്നതിന്‍െറകൂടി അടയാളമാണത്. ചിന്താപരമായ വലിയൊരുമാറ്റം ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്.

മുന്നണിയിലെ ഒരു പ്രധാന പാര്‍ട്ടി  എന്നനിലയില്‍ സി.പി.ഐ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് സ്വാഗതാര്‍ഹമാണ്. സി.പി.ഐ കൂടി ഭാഗമായുള്ള സംവിധാനത്തില്‍മാത്രമേ സി.പി.എം കേരളം ഭരിച്ചിട്ടുള്ളൂ. സി.പി.എം ഭരണത്തില്‍ തിരിച്ചുവന്നതുതന്നെ സി.പി.ഐയുമായി വീണ്ടും കൂട്ടുചേര്‍ന്നതിനുശേഷമാണ്. അതുകൊണ്ടുതന്നെ സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള ആശയപരമായ നിലപാടുകള്‍ കൂടുതല്‍ പ്രസക്തവുമാണ്. എന്നാല്‍, ഇതില്‍ രാഷ്ട്രീയമായ സമ്മര്‍ദം സി.പി.ഐ തുടരുമോ അതോ പിന്നോട്ട് പോകുമോ എന്നത് കാത്തിരുന്നു  കാണേണ്ട കാര്യമാണ്.

പരിസ്ഥിതിപ്രശ്നം എന്നത് കേവലം പദ്ധതികളുടെമാത്രം കാര്യമല്ല. ഗാഡ്ഗില്‍ സമരത്തിന്‍െറ കാലത്ത്  പശ്ചിമഘട്ട നിവാസികളെ ഒറ്റപ്പെടുത്തി ഈ വിഷയം ചര്‍ച്ചചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതാണ്. കടുത്ത മുതലാളിത്ത ഉപഭോഗസംസ്കാരത്തിന്‍െറ തിരിച്ചിറങ്ങാനാവാത്ത കെണിയില്‍വീണ മനുഷ്യവംശത്തിന്‍െറ ഒരു ഭാഗമാണ് കേരളവും. ആഗോളതാപനത്തിന്‍െറ പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രാന്തരചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോള്‍ ഉല്‍പാദനവും ഉപഭോഗവും കൂടുതല്‍ വൈവിധ്യവത്കരിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് നമുക്കറിയാം.  ഇത് പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായിട്ടില്ല. കേവലമായ റിഫോര്‍മിസ്റ്റ്  അജണ്ടകള്‍ മാത്രമേ ഇക്കാര്യത്തിലിപ്പോള്‍ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതിനുള്ള സാധ്യതകളെ ഇപ്പോഴുള്ളൂ. ഡീപ് ഇക്കോളജി (പരിസ്ഥിതിജീവിതദര്‍ശനം) അടിസ്ഥാനമാക്കിയുള്ള സമൂഹനിര്‍മിതി കേവലം ഉട്ടോപ്പിയന്‍ ആശയംമാത്രമായി നിലകൊള്ളുന്നു. വിപണിയുടെ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ലിബറല്‍ ജനാധിപത്യം ഈ പ്രശ്നം അഭിസംബോധനചെയ്യാന്‍ പര്യാപ്തമല്ല. മാത്രമല്ല, ലിബറല്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മാര്‍ക്സിസത്തിന്‍െറ ബദല്‍ പരിപ്രേക്ഷ്യങ്ങളുടെ  ഏറ്റവും ഉദാരമായ  മാതൃകകളും അത്തരമൊരു ദര്‍ശനത്തെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമല്ല. മുതലാളിത്തത്തിന്‍െറ ഉല്‍പാദന, ഉപഭോഗ യുക്തികളില്‍നിന്ന് ഭിന്നമായൊരു സമീപനം മുന്നോട്ടുവെക്കാന്‍ മാര്‍ക്സിസത്തിന് കഴിയില്ല എന്നത്  കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികപാഠം ആയിരുന്നു.  

ഓരോ ചെറിയ പരിസ്ഥിതിസമരവും വിശാലമായ അര്‍ഥത്തില്‍ ഇത്തരം ആശങ്കകളെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. നാം ജീവിക്കുന്ന കാലത്തിന്‍െറ വലിയ പരിമിതികള്‍ക്കുള്ളിലാണ്  ഈ വിഷയം നാം ചര്‍ച്ചചെയ്യുന്നതുതന്നെ. ആഗോളതലത്തില്‍ മുതലാളിത്തലോകം ചിന്തിക്കുന്നത് സാമ്പത്തികവളര്‍ച്ച അനവരതം സുസ്ഥിരമാക്കുന്ന പരിസ്ഥിതി പരിഷ്കാരങ്ങളെക്കുറിച്ചാണ്. ഒരേസമയം നാം ആ പ്രക്രിയയുടെ ഇരകളും ഗുണഭോക്താക്കളും പങ്കാളികളുമാണ്.
ഇവിടെ ആര്‍ക്കും  ഒരു പരിസ്ഥിതി മൗലികവാദവും ഇല്ല. പല തലങ്ങളിലായി നടക്കേണ്ട ഒരു സംവാദമാണ് പ്രകൃതി സംരക്ഷണത്തിന്‍േറത്. അനാവശ്യമായ ലേബലുകളും ഭീഷണിയോ മുന്നറിയിപ്പോ എന്ന് വര്‍ണ്യത്തില്‍ ശങ്കയുള്ള പ്രസ്താവനകളുമായി ചര്‍ച്ച തുടങ്ങിവെക്കുന്നത് ആര്‍ക്കും  പക്ഷേ, ഗുണകരമാവില്ല എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് പ്രാഥമികമായി ഉണ്ടാവേണ്ടത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nalamkannu
Next Story