Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഐ.ടി സാധാരണക്കാരനും...

ഐ.ടി സാധാരണക്കാരനും പ്രയോജനപ്പെടണം

text_fields
bookmark_border
ഐ.ടി സാധാരണക്കാരനും പ്രയോജനപ്പെടണം
cancel

കാലാനുസൃതമായ ഐ.ടി സംരംഭങ്ങളുടെ വികാസം അനിവാര്യമായിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി വികസനത്തെ  രണ്ടു മേഖലകളില്‍ കേന്ദ്രീകരിച്ച് വിശകലനം ചെയ്യാവുന്നതാണ്. ചെറുപ്പക്കാരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന വ്യവസായ സംരംഭമെന്ന നിലയിലുള്ളതാണ് ഒന്ന്. രണ്ടാമത്തേത് സര്‍ക്കാര്‍ സേവനങ്ങളും ഇ-ഗവേണന്‍സും കൂടുതല്‍ കാര്യക്ഷമമാക്കുന്ന രീതിയിലും സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും വിധവുമുള്ള ഇടപെടലുകളും. ഈ രണ്ടു മേഖലയിലും വിപ്ളവകരമായ തുടക്കംകുറിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നത് കേരളമായിരുന്നു. ടെക്നോപാര്‍ക്ക്, ഐ.ടി മിഷന്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടാം.  90കള്‍ മുതല്‍ ഐ.ടി മേഖലയുടെ വളര്‍ച്ച പരിശോധനയില്‍  രാജ്യത്താദ്യമായി ഒരു ടെക്നോളജി പാര്‍ക്ക് തുടങ്ങുന്നത് കേരളമാണെന്നു കാണാം. ഇതിനുപുറമെ സാധാരണക്കാര്‍ക്ക് ഇ-സാക്ഷരത ലക്ഷ്യമാക്കി തുടങ്ങിയ അക്ഷയ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇ-സാക്ഷരത, കണക്ടിവിറ്റി, അധാര്‍ കാര്‍ഡ് എന്നിവയിലെല്ലാം നമ്മള്‍ മുന്നിലാണെന്നതും വിസ്മരിക്കുന്നില്ല. പക്ഷേ, പല കാരണങ്ങളാലും ഈ രണ്ടു മേഖലകളിലും ഒരു നിര്‍ണിത പരിധിക്കപ്പുറം വളരാനായില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ദേശീയ ഐ.ടി വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ പങ്കാളിത്തമാണ് കേരളത്തിനുള്ളത്.   

ഐ.ടി വ്യവസായങ്ങള്‍ക്ക് നല്ല കുതിപ്പായിരുന്നു തുടക്കത്തില്‍. കേരളത്തില്‍ ഐ.ടി സംരംഭങ്ങള്‍ തുടങ്ങാന്‍ കമ്പനികള്‍ മടിച്ചുനിന്നപ്പോഴാണ് ടെക്നോപാര്‍ക്ക് തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തില്‍  ഐ.ടി നിക്ഷേപങ്ങളുണ്ടായി. പക്ഷേ, ഈ കമ്പനികളെല്ലാം ഇവിടെ വന്ന്  നമ്മളുടെ ആളുകളെ ചൂഷണം ചെയ്യുന്നുവെന്ന മനോഭാവം ചില രാഷ്ട്രീയ നേതാക്കളിലും ഉദ്യോഗസ്ഥരില്‍ ചിലരിലും  വളര്‍ന്നുവന്നു. നിര്‍ണിത ജോലിക്ക് അമേരിക്കയില്‍ ഇത്ര രൂപ ശമ്പളം കൊടുക്കുമ്പോള്‍ കേരളത്തില്‍ അതിനെക്കാള്‍ താഴെയേ നല്‍കൂവെന്ന ചിന്തയായിരുന്നു പലരിലും. പക്ഷേ, മറ്റു മേഖലകളിലെ എന്‍ജിനീയര്‍മാര്‍ക്ക് കിട്ടുന്നതിനെക്കാള്‍ ഉയര്‍ന്ന വേതനമാണ് കേരളത്തില്‍ ഐ.ടി മേഖലയില്‍ ലഭിച്ചിരുന്നത് എന്നകാര്യം വിസ്മരിച്ചു. അമേരിക്കയില്‍ ഇതേ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം കിട്ടുമെങ്കിലും അവിടത്തെ ജീവിതച്ചെലവും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ജോലിചെയ്യുന്നവരുടെ ജീവിത നിലവാരം വളരെ ഉയര്‍ന്നതായിരുന്നു.

2000-2010  കാലയളവില്‍ ഇന്ത്യയില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ അധികം ബിസിനസ് പ്രോസസ് ഒൗട്ട്സോഴ്സിങ് (ബി.പി.ഒ) ഗ്രൂപ്പുകളായിരുന്നു. ഇതിന്‍െറ ഭാഗമായാണ് നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയ കാള്‍ സെന്‍ററുകള്‍ അടക്കം ഇന്ത്യയിലേക്ക് വന്നത്. പക്ഷേ, ഇടക്കിടക്ക് ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കണ്ട് ഇത്തരം കമ്പനികള്‍ കേരളത്തിലേക്ക് വരാന്‍ മടിച്ചു. പക്ഷേ, ഇത്രയും കാലത്തിനിടെ ഉണ്ടായ ഹര്‍ത്താലുകള്‍ കാരണം ടെക്നോപാര്‍ക്കിലോ മറ്റോ ഒരു പ്രവൃത്തി ദിവസംപോലും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. അതേസമയം, പുറത്തുനിന്ന് പഠനം നടത്തുന്ന ആളെ സംബന്ധിച്ച് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വലിയ പ്രശ്നമായി തോന്നാം. ഹര്‍ത്താല്‍ മൂലം ഒരു ദിവസമെങ്കിലും പ്രവര്‍ത്തനം മുടങ്ങിയാല്‍ ജോലി വൈകുമെന്നും നഷ്ടമുണ്ടാകുമെന്നും കരാര്‍ നഷ്ടപ്പെടുമെന്നുമൊക്കെയായിരുന്നു കമ്പനികളുടെ ഭയം. ഇതുമൂലം മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇത്തരം കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് കേരളത്തിന് ശരിക്കും നഷ്ടം തന്നെയായിരുന്നു.

പ്രത്യേക സാമ്പത്തിക മേഖല

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ  വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് സ്പെഷല്‍ ഇക്കണോമിക് സോണുകള്‍ (സെസ്). വി.എസ് സര്‍ക്കാറിന്‍െറ കാലത്താണ് സെസ് വരുന്നത്. ഇതിനെതിരെ ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീടത് മാറി. അപ്പോഴും സ്വകാര്യ സ്പെഷല്‍ ഇക്കണോമിക് സോണുകളെ അനുവദിച്ചിരുന്നില്ല. കമ്പനികളെല്ലാം  ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതാകട്ടെ, സ്വകാര്യ സെസുകളിലും. ഇതിനിടെ, സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകാനുണ്ടായ കാലതാമസംമൂലം അവിടെയും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. 25 വര്‍ഷ കാലയളവിലെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ ഐ.ടി വ്യവസായങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണത്തിലും അടിസ്ഥാന സൗകര്യമൊരുക്കലിലും  വളരെ കുറഞ്ഞ ശതമാനം മാത്രമാണ് അതത് സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതമെന്ന് കാണാനാകും.  95 ശതമാനം സ്വകാര്യ നിക്ഷേപവും അഞ്ചു ശതമാനം സര്‍ക്കാര്‍ നിക്ഷേപവും. കേരളത്തിലാകട്ടെ ഇത് നേരെ തിരിച്ചും. ഇവിടെ അഞ്ചു ശതമാനം പോലും സ്വകാര്യ സംരംഭകരുടെ ചെലവില്‍  ഐ.ടി, ഐ.ടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണമോ  അടിസ്ഥാന സൗകര്യമൊരുക്കലോ ഉണ്ടായിട്ടില്ല. സ്വകാര്യ പാര്‍ക്കുകള്‍ക്ക് അനുകൂലമായ സാഹചര്യവുമുണ്ടായില്ല. 

മറ്റൊരു തരത്തില്‍  സര്‍ക്കാറിന്‍െറ ഐ.ടി നിക്ഷേപത്തെ ആശ്രയിച്ചായിരുന്നു സ്വകാര്യ കമ്പനികള്‍ക്ക് ഐ.ടി വ്യവസായത്തിനായി  വാടകക്കെടുക്കാവുന്ന സ്ഥലവും സൗകര്യവും. സ്വകാര്യ മേഖലയിലെ ഐ.ടി പാര്‍ക്കുകളെ സഹായിക്കുംവിധം സൗഹാര്‍ദപരമായിരുന്നില്ല നമ്മുടെ നയങ്ങളും സമീപനങ്ങളും. വിദേശ മുതലാളിമാര്‍ കേരളത്തെ ചൂഷണംചെയ്യാന്‍ വരുന്നുവെന്ന അവബോധത്തില്‍ നിന്നാണ് ഇതുണ്ടായത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ തടസ്സവാദങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഈ മനോഘടന മാറണം. കഴിഞ്ഞ കാലത്തെ പോരായ്മകള്‍ മാറ്റിനിര്‍ത്തി, സ്വകാര്യ പാര്‍ക്കുകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് ഇനി വേണ്ടത്. ഈ രീതിയില്‍ കാലാനുസൃതമായ ഊന്നലുകളുണ്ടായില്ളെങ്കില്‍ നമ്മുടെ പാര്‍ക്കുകള്‍ ഒരു പരിധിക്കപ്പുറം വളരില്ല. ഏതെങ്കിലും സൊസൈറ്റിയോ സ്വകാര്യ സംരംഭകരോ ഐ.ടി വ്യവസായവുമായി മുന്നോട്ടുവന്നാല്‍ സര്‍ക്കാര്‍ അതിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കണം. ഈ കമ്പനിയില്‍ ജോലിചെയ്യുന്നവരുടെ വേതനം ചെലവഴിക്കപ്പെടുക ഇവിടെയായിരിക്കുമെന്നതാണ് നമുക്കുണ്ടാകുന്ന നേട്ടം. അതോടൊപ്പം കമ്പനികള്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇടപെടലുണ്ടാകണം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ വരുന്ന കമ്പനികള്‍ക്ക് എന്തോ ഒൗദാര്യം നമ്മള്‍ ചെയ്തുകൊടുക്കുന്നുവെന്നതാണ് ഉദ്യോഗസ്ഥരുടെ അടക്കം മനോഭാവം.

ഇത് തിരുത്തപ്പെടുകയും കമ്പനികള്‍ നമ്മുടെ പാര്‍ക്കുകളിലേക്ക് വരുന്നത് അവരുടെ ഒൗദാര്യം മൂലമാണെന്ന ബോധമുണ്ടാവുകയും വേണം. കാരണം, ഇത്തരം കമ്പനികള്‍ക്ക് ലോകത്തെവിടെയും നിക്ഷേപം നടത്താം. മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതലായി ഇത്തരം കമ്പനികള്‍ക്ക് ഒരു ആനുകൂല്യം നാമും നല്‍കുന്നില്ല. ചില സര്‍ക്കാര്‍ പാര്‍ക്കുകളുടെ വാടക പരിശോധിച്ചാല്‍ ബംഗളൂരുവിലോ മറ്റോ തുടങ്ങുന്നതാണ് ഇതിനെക്കാള്‍ ലാഭകരമെന്ന് ബോധ്യപ്പെടും. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ ഇന്ന് കാണുന്നതിനെക്കാള്‍ എത്രയോ ഇരട്ടി വളര്‍ച്ച നമുക്ക് ഐ.ടി വ്യവസായത്തില്‍ സാധിക്കും. അതിലൂടെ പതിനായിരക്കണക്കിന്് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. സര്‍ക്കാറിന്‍െറ ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ പരിശോധിച്ചാല്‍ പല വകുപ്പുകളും അവരുടെ സൗകര്യത്തിനനുസരിച്ച് സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചുവെന്ന് കാണാനാകും. രജിസ്ട്രേഷന്‍ വകുപ്പും റവന്യൂ വകുപ്പും ഒരുമിച്ചല്ല കമ്പ്യൂട്ടര്‍വത്കരിച്ചത്. ഇത്തരം പോരായ്മകള്‍  പരിഹരിച്ച് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മുന്‍ ഐ.ടി മിഷന്‍ ഡയറക്ടറും  നിലവിലെ എറണാകുളം കലക്ടറുമായ മുഹമ്മദ് വൈ. സഫറുല്ല ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

അഴിമതി ഒഴിവാകും

റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകള്‍ ഒരുമിച്ചുള്ള ഇ-ഗവേണന്‍സ് പ്ളാറ്റ്ഫോം ഉണ്ടാകണം. കൈക്കൂലിയടക്കം നഷ്ടപ്പെടുമെന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടാകണമെന്നില്ല. സംയോജിത ശ്രമത്തോടൊപ്പം സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുപോയാല്‍ സാധാരണക്കാര്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കണം. അനാരോഗ്യകരമായ പല ഇടപെടലുകളും ചൂഷണങ്ങളും ഇല്ലാതാക്കാനും സുതാര്യത ഉറപ്പുവരുത്താനും അര്‍ഹര്‍ക്ക് റേഷന്‍ സാധനങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഓണ്‍ലൈന്‍ പേമെന്‍റുകള്‍ക്കായി ആരംഭിച്ച ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാലത്ത് പ്രയോജനകരമായ ചുവടുവെപ്പായിരുന്നു. അന്ന് മറ്റ് ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനങ്ങളൊന്നുമില്ലായിരുന്നു. അക്ഷയയടക്കം പുതിയ സംരംഭങ്ങള്‍ വന്നതോടെ ഫ്രണ്ട്സിന്‍െറ പ്രസക്തി ഇല്ലാതായിട്ടുണ്ട്.

സാധാരണക്കാരന് ഫ്രണ്ട്സ് കൊണ്ടുള്ള പഴയ പ്രയോജനം ഇന്നില്ല. ഇന്ന് ചില  ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ ഇരിക്കാനും സ്ഥലംമാറ്റങ്ങള്‍ക്കുള്ള സൗകര്യമായും  ഫ്രണ്ട്സ് മാറിയിട്ടുണ്ട്.  ഇക്കാര്യങ്ങളില്‍ പുന$പരിശോധനയുണ്ടാകണം. ഇന്ന് എല്ലാ ജില്ലകളിലും ഇ-ഡിസ്ട്രിക്ട് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതു കാരണം സാധാരണക്കാരനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറെ ഒഴിവാക്കാനായിട്ടുണ്ട്. സര്‍ക്കാര്‍ ഫയലുകളുടെ നീക്കം സാധാരണക്കാരന് ഓണ്‍ലൈനിലൂടെ അറിയാന്‍ സാധിക്കുകയാണെങ്കില്‍ ഇന്ന് അവര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. കേരളത്തില്‍ പൂര്‍ണമായും ഇ-ഗവേണന്‍സ് നടപ്പാക്കുന്നപക്ഷം  സര്‍ക്കാറിന്‍െറ കാര്യക്ഷമത വര്‍ധിപ്പിക്കുക, സാധാരണക്കാരന്‍െറ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ സദ്ഫലങ്ങള്‍ നേടാന്‍ സാധിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:it
Next Story