Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശയപ്രകാശന...

ആശയപ്രകാശന സ്വാതന്ത്ര്യവും സ്രാവുകൾ വിഴുങ്ങുന്നോ? 

text_fields
bookmark_border
ആശയപ്രകാശന സ്വാതന്ത്ര്യവും സ്രാവുകൾ വിഴുങ്ങുന്നോ? 
cancel

ഡോ. ജേക്കബ്​ തോമസ്​ എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തു​േമ്പാൾ’ എന്ന ആത്​മകഥയുടെ പ്രകാശന ചടങ്ങിൽനിന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പിൻവാങ്ങിയത്​ വാർത്തയായിരുന്നു. അതിൽ വിസ്​മരിക്കപ്പെട്ട പ്രധാന കാര്യം, ആത്​മകഥ പ്രസിദ്ധീകരിക്കാൻ ഉദ്യോഗസ്​ഥന്​ സർക്കാറി​​​െൻറ മുൻകൂർ അനുമതി ആവശ്യമോ എന്നതാണ്​. പുസ്​തകത്തി​​​​െൻറ രചന ചട്ടപ്രകാരമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ്​ മുഖ്യമന്ത്രി പിൻവാങ്ങിയതെന്ന്​ അഭിപ്രായമുണ്ടായി. ചട്ടവിരുദ്ധതയുണ്ടെന്ന്​ ചീഫ്​ സെക്രട്ടറി പിന്നീട്​ ചൂണ്ടിക്കാട്ടുകയും ചെയ്​തു.  

ആശയപ്രകാശന സ്വാതന്ത്ര്യം പൗര​​​െൻറ മൗലികാവകാശമായി ഭരണഘടന ഉറപ്പുനൽകുന്നു. 19(1)(എ) അനുച്ഛേദത്തിന്​ എട്ട്​ നിയന്ത്രണങ്ങളാണ്​ ഭരണഘടന ഏർപ്പെടുത്തിയത്​. രാഷ്​ട്രത്തി​​​െൻറ പരമാധികാരവും അവിഭാജ്യതയും, രാഷ്​ട്രസുരക്ഷ, വിദേശ രാഷ്​ട്രങ്ങളുമായുള്ള സൗഹൃദം, പൊതുസമാധാനം, അന്തസ്സ്​്​ അഥവാ സദാചാരം, കോടതിയലക്ഷ്യം, അക്രമത്തിനു പ്രേരണ, മാനനഷ്​ടം എന്നിവയാണ്​ അതിൽ പരിഗണിക്കാനുള്ളത്​.  

സർക്കാറുദ്യോഗസ്​ഥനാകുന്നതോടുകൂടി ഒരു പൗരൻ മൗലികാവകാശങ്ങൾ എല്ലാം അടിയറവെക്കുന്നില്ല. ഭരണഘടന ഏർപ്പെടുത്തുന്ന ‘ന്യായമായ’ നിബന്ധനകൾക്ക്​ വിധേയമായി മൗലികാവകാശങ്ങൾ അനുഭവിക്കാൻ പൗരന്​ അവകാശ​മുണ്ട്​. ‘‘ഒരു അവകാശം അനുഭവിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്​ സ്വേച്ഛാപരമോ പൊതുതാൽപര്യത്തിന്​ നിരക്കാത്തതോ ആയിക്കൂടെന്നാണ്​ ന്യായപൂർവമായ നിയന്ത്രണം എന്നത്​ സൂചിപ്പിക്കുന്നത്​’’ എന്ന്​ സുപ്രീംകോടതി ‘ന്യായപൂർവം’ എന്ന വാക്കി​നെ വ്യാഖ്യാനിച്ചുകൊണ്ട്​ വ്യക്​തമാക്കിയിട്ടുണ്ട്​. 

ന്യായപൂർവമായ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപ്പാക്കിയ 1968ലെ ഒാൾ ഇന്ത്യ സർവിസസ്​ (കണ്ടക്​റ്റ്​) ചട്ടം 6(2) പ്രകാരം സാഹിത്യകൃതി, കലാസൃഷ്​ടി, ശാസ്​ത്രീയ സ്വഭാവമുള്ള രചനകൾ എന്നിവക്ക്​ സർക്കാറി​​​െൻറ മുൻകൂർ അനുമതി ആവശ്യമില്ല. ഭരണഘടനയുടെ 33ാം അനു​േച്ഛദപ്രകാരം പൊലീസ്​ സേനാംഗങ്ങളുടെ ആശയപ്രകാശന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള അധികാരം പാർലമ​​െൻറിന്​ നൽകിയിരിക്കുന്നു. ഇതിൻപ്രകാരമാണ്​ 1966 പൊലീസ്​ അവകാശനിയന്ത്രണ നിയമം​ പാർലമ​​െൻറ്​ പാസാക്കിയത്​. ഇതുപ്രകാരം കേന്ദ്രസർക്കാറി​​​െൻറ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ രാഷ്​ട്രീയ സംഘങ്ങളോ തൊഴിലാളി സംഘടനകളോ രൂപവത്​കരിക്കാനോ അംഗങ്ങൾ ആകാനോ പാടി​ല്ല. തുടർന്ന്​ നിയമത്തി​​​െൻറ 3(സി) വകുപ്പുപ്രകാരം മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ പുസ്​തകം, കത്ത്​, മറ്റു രേഖകൾ എന്നിവ പ്രസിദ്ധീകരിക്കാനോ പാടില്ല. എന്നാൽ, ഒരു ഉദ്യോഗസ്​ഥ​​​െൻറ കർത്തവ്യനിർവഹണത്തി​​​െൻറ ഭാഗമായി ഉത്തമവിശ്വാസത്തി​​​െൻറ ഭാഗമായി മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും പുസ്​തകങ്ങൾ പ്രകാശനം ചെയ്യുന്നതും ഒഴിവാക്കിയിട്ടുണ്ട്​. ഇൗ പ്രസിദ്ധീകരണങ്ങൾ കേവലസാഹിത്യം, കലാസൃഷ്​ടി, ശാസ്​ത്രരചന എന്നീ ഇനങ്ങളിൽ പെട്ടതായിരിക്കണം. 

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പുഷ്​ടമായ സാഹിത്യശാഖയാണ്​ ആത്​മകഥ സാഹിത്യം. മലയാറ്റൂർ രാമകൃഷ്​ണ​​​െൻറ പ്രസിദ്ധമായ ‘എ​​​െൻറ ​െഎ.എ.എസ്​ ദിനങ്ങൾ’, എം.കെ.കെ. നായരുടെ ‘ആരോടും പരിഭവമില്ലാതെ’ തുടങ്ങിയവ മലയാളത്തിലെ എണ്ണപ്പെട്ട സർവിസ്​ സ്​റ്റോറികളാണ്​. 2006ൽ ​െഎ.എ.എസിൽനിന്ന്​ രാജിവെക്കുന്നതിനു മുമ്പാണ്​ അൽഫോൻസ്​ കണ്ണന്താനം ത​​​െൻറ ഏറെ വിവാദം സൃഷ്​ടിച്ച സർവിസ്​ അനുഭവങ്ങൾ​ പുസ്​തകമായി പ്രകാശിപ്പിച്ചത്​. ഇടുക്കി ജില്ല കലക്​ടറായിരിക്കു​േമ്പാൾ ഡോ. ഡി. ബാബുപോൾ സർവിസ്​ അനുഭവങ്ങൾ എഴുതിയിട്ടുണ്ട്​. 

ഒരു സർക്കാറുദ്യോഗസ്​ഥന്​ ആത്​മകഥ എഴുതി പ്രസിദ്ധീകരിക്കാൻ സർക്കാറി​​​െൻറ മുൻകൂട്ടിയുള്ള അനുമതിയാവശ്യമില്ല. ജേക്കബ്​ തോമസ്​ ആത്​മകഥ പ്രസിദ്ധീകരിക്കുന്നതിന്​ അനുവാദം ആവശ്യപ്പെട്ട്​ കഴിഞ്ഞ നവംബറിൽതന്നെ ചീഫ്​ സെക്രട്ടറിക്ക്​ കത്ത്​ നൽകിയതായി പറയുന്നു. ആറുമാസം കഴിഞ്ഞിട്ടും അതിൽ തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ്​ അറിയുന്നത്​. 

പുസ്​തകപ്രകാശന ചടങ്ങിലേക്ക്​ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതി​​​െൻറ ഭാഗമായി പുസ്​തകത്തി​​​െൻറ പകർപ്പ്​ മുഖ്യമന്ത്രിയുടെ ഉപദേശകനായ പ്രഭാവർമക്ക്​ നൽകിയതായും അദ്ദേഹം പറയുന്നു. പുസ്​തകത്തി​​​െൻറ പ്രതി നേര​േത്ത ലഭിച്ചിട്ടും അതിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടോയെന്ന്​ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉപദേശകർക്ക്​ കഴിഞ്ഞില്ല. പ്രസാധന ചടങ്ങിന്​ രണ്ടു മണിക്കൂർ മുമ്പ്​ മാത്രമാണ്​ ചടങ്ങിൽ പ​െങ്കടുത്താൽ നിയമ​പ്രശ്​നങ്ങൾ ഉണ്ടാകുമെന്ന്​ ബോധ്യപ്പെടുന്നത്​. കെ.സി. ജോസഫ്​ എന്ന കോൺഗ്രസ്​ നേതാവി​​​െൻറ കത്ത്​ മുഖ്യമന്ത്രിക്ക്​ ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്തരമൊരു നിയമപരിശോധന നടക്കുമായിരുന്നില്ല. 

മറ്റൊരു അഭിപ്രായം, പുസ്​തകത്തിലെ പല പരാമർശങ്ങളും 1923ലെ ഒൗദ്യോഗിക രഹസ്യനിയമത്തി​​​െൻറ പരിധിയിൽ വരുന്നു എന്നതാണ്​. രാജ്യത്തി​​​െൻറ ​െഎക്യത്തെയും അഖണ്ഡതയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങൾ പുസ്​തകത്തിലുണ്ടെന്ന്​ പുസ്​തകത്തിലെ ഉള്ളടക്കം വിവാദമാക്കിയ മാധ്യമങ്ങൾപോലും പറയുന്നില്ല. പുറത്തുവരാത്ത പുസ്​തകത്തിൽ അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തെ തകരാറിലാക്കുന്ന വിവരങ്ങൾ ഉണ്ടെന്നും പറയുന്നു. കൊളോണിയൽ ഭരണകാലത്തി​​​െൻറ ഹാങ്ങോവർ വിട്ടുമാറാത്തവരുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ ബ്യൂറോക്രസിയിൽ ഉണ്ടെന്നാണ്​ ഇൗ വാദമുഖങ്ങൾ ബോധ്യപ്പെടുത്തുന്നത്​. ​ബ്രിട്ട​​​െൻറ ഭരണകാര്യങ്ങൾ നാട്ടുകാർ അറിയാതിരിക്കുന്നതിനുവേണ്ടി പാസാക്കിയ നിയമം ​ഇന്ത്യ സ്വതന്ത്രമായതിനുശേഷവും നിലനിന്നു എന്നത്​ വിചിത്രമാണ്​. ബ്രിട്ട​​​െൻറ കൈയിൽനിന്ന്​ ഇന്ത്യൻ നേതാക്കളിലേക്ക്​ അധികാരം മാത്രമല്ല, അതി​​​െൻറ രഹസ്യങ്ങളും കൈമാറി. അടിയന്തരാവസ്​ഥയുടെ കറുത്ത നാളുകളിൽ ഒൗദ്യോഗിക നിയമം വ്യാപകമായി രാജ്യത്ത്​ ദുരുപയോഗം ചെയ്യപ്പെട്ടു. നിരവധി മാധ്യമപ്രവർത്തകർ, രാഷ്​ട്രീയ നേതാക്കൾ ഇൗ നിയമപ്രകാരം പ്രോസിക്യൂട്ട്​ ചെയ്യപ്പെട്ടു. ഇൗ നിയമത്തി​​​െൻറ തിക്​താനുഭവങ്ങൾ ഏറെ അനുഭവിച്ചവർ, അടിയന്തരാവസ്​ഥക്കുശേഷം അധികാരത്തിലെത്തിയെങ്കിലും നിയമത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. ജനതാ സർക്കാർ അതിനായി ഒരു കമീഷനെ നിയമിച്ചു എന്നത്​ നേര്​. എന്നാൽ, നിയമത്തിൽ മാറ്റങ്ങൾ വേണ്ടെന്നായിരുന്നു കമീഷ​​​െൻറയും ശിപാർശ! 

വിവരാവകാശ നിയമം 2015 ഒക്​ടോബർ 12ന്​ പൂർണമായും രാജ്യത്ത്​ നടപ്പിലായതോടെ സുതാര്യതയുടെ ഒരു യുഗം ആരംഭിക്കുകയായിരുന്നു. അന്നുവരെ  ഭരണസിരാകേന്ദ്രത്തി​​​െൻറ ഉപശാലകളിൽ മറച്ചുവെച്ച പലതും പുറത്തുവന്നു. ലോകത്തിലെ ഏറ്റവും ശക്​തമായ അറിയാനുള്ള അവകാശ നിയമമായി ഇന്ത്യൻ നിയമത്തെ മാറ്റിയതും ഇൗ സവിശേഷതയാണ്​. ആർ.ടി.​െഎ നിയമത്തി​​​െൻറ 22ാം വകുപ്പുപ്രകാരം രാജ്യത്ത്​ ഇന്ന്​ നിലവിലുള്ള എല്ലാ നിയമങ്ങളെയും^ഒൗദ്യോഗിക രഹസ്യ നിയമം ഉൾപ്പെടെ^വിവരാവകാശ നിയമം അതിജീവിക്കുന്നുവെന്ന സുപ്രധാനമായ വ്യവസ്​ഥയാണ്​ കരുത്തുള്ള ഇൗ നിയമത്തി​​​െൻറ കാതൽ. 

വിവരാവകാശ നിയമത്തി​​​െൻറ 4(1)(സി) വകുപ്പുപ്രകാരം പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾ രൂപവത്​കരിക്കു​േമ്പാഴും തീരുമാനങ്ങൾ എടുക്കു​േമ്പാഴും പ്രസക്​തമായ എല്ലാ വസ്​തുതകളും പ്രസിദ്ധീകരിക്കണം എന്നാണ്​. 4(1)(ഡി) വകുപ്പുപ്രകാരം ഭരണപരവും അർധനീതിന്യായപരവുമായ തീരുമാനങ്ങളുടെ കാരണങ്ങൾ അത്​ ബാധിക്കുന്ന വ്യക്​തികൾക്ക്​ നൽകേണ്ടതാണ്​. കോടതിവിധികളിലൂടെ മാത്രം അനുവർത്തിച്ചിരുന്ന സ്വാഭാവിക നീതിയുടെ സുവർണതത്ത്വങ്ങൾക്ക്​ നിയമപരമായ സംരക്ഷണം ലഭിച്ചതും വിവരാവകാശ നിയമത്തി​​​െൻറ സവിശേഷതയാണ്​. ഇതൊന്നും പരിഗണിക്കാതെ കൊളോണിയൽ അവശിഷ്​ടങ്ങളുടെ ഭൂതം ആവേശിച്ചവർ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച​്​ നമ്മുടെ ഭരണസംവിധാനത്തെ അഞ്ചു പതിറ്റാണ്ടു പിന്നിലേക്ക്​ കൊണ്ടുപോവുകയാണ്​. 

സർക്കാർ വകുപ്പുകൾക്കുള്ളിലിരുന്ന്​​ അഴിമതിയെക്കുറിച്ചുള്ള വിവരം നൽകുന്നവരെ സംരക്ഷിക്കാനുള്ള വിസിൽ ബ്ലോവേഴ്​​സ്​ സംരക്ഷണ നിയമം ഇന്ത്യൻ പാർലമ​​െൻറ്​ പാസാക്കിയത്​ 2011ലാണ്​. വിസിൽ ബ്ലോവേഴ്​സ്​ സംരക്ഷണ നയം നടപ്പിലാക്കിയ രാജ്യമാണ്​ ഇന്ത്യ. മൂന്നു പതിറ്റാണ്ടുകളിലായി താൻ ജോലിചെയ്​തുവരുന്ന സ്​ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്​ഥതയും വെളിപ്പെടുത്തിയ ഉദ്യോഗസ്​ഥനെ ആക്രമിക്കാൻ ഭരണ^പ്രതിപക്ഷ ഭേദ​മന്യേ എല്ലാ രാഷ്​ട്രീയക്കാരും ഒത്തുചേർന്നു. ഇൗ കൊമ്പൻസ്രാവുകളുടെ ദുഷ്​കൃത്യങ്ങളും പൊതുപണാപഹരണങ്ങളുടെ കഥകളും അറിയാവുന്നവർ പുറത്തുപറയു​േമ്പാൾ സ്വാഭാവികമായും ആ നടപടി കൂട്ടമായിതന്നെ ആക്രമിക്കപ്പെടും. എഴുതിയതിൽ അപകീർത്തികരമോ വാസ്​തവവിരുദ്ധമോ കോടതിയലക്ഷ്യമോ ഉണ്ടെങ്കിൽ അതിന്​ നിയമപ്രകാരം നടപടി സാധ്യമാണ്​ എന്നിരിക്കെ ഗ്രന്​ഥകാരനെതന്നെ വിഴുങ്ങും എന്ന സമീപനം ജനാധിപത്യവിരുദ്ധമാണ്​. താൻ ജോലിചെയ്യുന്ന സ്​ഥാപനത്തിലെ അഴിമതി വെളിപ്പെടുത്തുന്നത്​ തൊഴിൽപരമായ പെരുമാറ്റദൂഷ്യമായി കാണാനാവില്ലെന്ന സുപ്രീംകോടതി വിധിയും ഇതോടൊപ്പം വായിക്കേണ്ടതാണ്​. അഴിമതിക്കാരെ സംരക്ഷിക്കുകയും അഴിമതി തുറന്നുകാട്ടുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട നിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്​. ഇൗ സംവാദത്തിന്​ തുടക്കമിടാൻ ഇൗ വിവാദം കാരണമാക​െട്ട എന്നാശിക്കുന്നു. 

പിൻകുറിപ്പ്​
കേരളത്തിലെ ഒരു മുൻസിഫ്​ നീതിന്യായ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച്​ പണ്ട്​ പ്രമുഖ പത്രത്തിൽ ലേഖനമെഴുതി. മുൻസിഫി​​​െൻറ ധിക്കാരത്തിൽ ക്ഷുഭിതരായ ഉന്നത ന്യായാധിപർ, എന്തു നടപടിയാണ്​ എടുക്കേണ്ടതെന്ന്​ ആലോചിക്കാൻ യോഗംചേർന്നു. ഗളഹസ്​തത്തിൽ കുറഞ്ഞ ശിക്ഷ വേണ്ടെന്ന്​ നീതിമാന്മാർ ശിപാർശ ചെയ്​തു. ഭരണഘടനാ വിദഗ്​ധരും മനുഷ്യാവകാശങ്ങളുടെ സംരക്ഷകരുമായവർ ചേർന്ന്​ മുൻസിഫിനെ നിഷ്​കരുണം പിരിച്ചുവിടാൻ തീരുമാനിച്ചു. 

മുഖ്യ ന്യായാധിപനും അതിനു സമ്മതം മൂളി. ഭരണഘടന പ്രകാരമുള്ള മൗലികാവകാശം ഒരാൾ ഉപയോഗിക്കു​േമ്പാൾ ഇത്തരം കടുത്ത നടപടി ശരിയോ എന്ന അതിലൊരു ന്യായാധിപ​​​െൻറ ചോദ്യത്തിനു മുന്നിൽ മുഖ്യ ന്യായാധിപൻ ഒന്നു പതറി. പരിണതപ്രജ്​ഞനായ അദ്ദേഹം പ്രശ്​നം ഒരു കമ്മിറ്റിക്കു വിട്ടു. പാവം മുൻസിഫ്​ അങ്ങനെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomassravukalkoppam neenthumpol
News Summary - right to expression become swallowed by sharks
Next Story