Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎഴുത്തുകാര്‍...

എഴുത്തുകാര്‍ രാഷ്ട്രീയം പറയുകതന്നെ വേണം

text_fields
bookmark_border
എഴുത്തുകാര്‍ രാഷ്ട്രീയം പറയുകതന്നെ വേണം
cancel

ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാഞ്ഞിട്ട്, മരിച്ചുപോയ ഭാര്യ അമംഗ് ദേവിയെയും ചുമലില്‍ വഹിച്ച് നടന്നുപോയ ദനാ മാജിയുടെ ചിത്രം ഒറ്റപ്പെട്ട ഒന്നാണെന്നാണ് പലരും കരുതിയത്. ഇതാ, മറ്റൊരു വാര്‍ത്ത വന്നത് ഈയാഴ്ച. ആശുപത്രിയില്‍നിന്ന് മകളുടെ മൃതദേഹവും ചുമന്ന് ഗതി ദീബര്‍ നടന്നത് 15 കിലോമീറ്റര്‍. ഇന്ത്യ എന്ന മഹാഭാരതത്തിലെ ഒഡിഷയില്‍നിന്നാണ് ഈ സങ്കടചിത്രവും.
‘ഭൂക്മാരീ സെ ആസാദി’ (ദാരിദ്ര്യത്തില്‍നിന്ന് സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ആരും മുഴക്കരുത്. കനയ്യകുമാറിനെപ്പോലെ നിങ്ങളും രാജ്യദ്രോഹിയാവും.
ഈ ദനാ മാജിയോടും ഗതി ദീബറോടുമൊക്കെയാണ് മഹാനായ പ്രധാനമന്ത്രി ‘കാഷ്ലസ് ഇക്കോണമി’യെക്കുറിച്ച് വിഡ്ഢിപ്പെട്ടിയില്‍നിന്ന് വാതോരാതെ സംസാരിക്കുന്നത്. ദാരിദ്ര്യം ഭക്ഷിച്ച്, ചാളകളില്‍ കിടന്നുറങ്ങി, ഒരു തുള്ളി വെള്ളം വരളുന്ന തൊണ്ടയില്‍ വീഴ്ത്താനാവാതെ മരിച്ചുജീവിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ‘കാഷ്ലസ്’ തന്നെയാണ്.

ഇവരെക്കുറിച്ചൊന്നും ഒരെഴുത്തുകാരനും മിണ്ടരുത് എന്നാണ് പുതിയ തീട്ടൂരം. എഴുത്തുകാരന്‍/എഴുത്തുകാരി കാര്‍കൂന്തലിനെക്കുറിച്ചും കുന്നുകളുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ പായ്യാരങ്ങളെഴുതി മിണ്ടാതിരിക്കണം. നോട്ടസാധുവെന്ന പേരില്‍ ഒരു ജനസമൂഹത്തെയത്രയും അസാധുവാക്കി, അധ്വാനിച്ചുണ്ടാക്കിയ പണത്തിന്‍െറ ഒരു ചെറിയ വിഹിതത്തിന് നടുറോഡില്‍ വെയിലേറ്റ് ക്യൂനില്‍ക്കുമ്പോള്‍ അതേക്കുറിച്ച് ‘കമ’ എന്നൊരക്ഷരം ഉരിയാടരുത്. ഒരു പുസ്തകപ്രകാശനവേളയില്‍ എം.ടി പറഞ്ഞതാണ് വലിയ അപരാധമായത്. ചാനല്‍ചര്‍ച്ചകളില്‍ ഞഞ്ഞംപിഞ്ഞം പറയുന്ന രാഷ്ട്രീയക്കാരന് സാമ്പത്തികശാസ്ത്രം അറിയേണ്ട. സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യ സെന്‍ അടക്കമുള്ളവര്‍ നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞത് കേള്‍ക്കേണ്ട.
‘കള്ളപ്പണ മുന്നണി’ക്കെതിരെ നാടുനീളെ പദയാത്ര നടത്തി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നവര്‍ ചരിത്രം ഇത്തിരിയെങ്കിലും അറിയുന്നതു നല്ലതാണ്.

കലയിലും സാഹിത്യത്തിലുമൊക്കെ അധികാരത്തിനെതിരെ നില്‍ക്കുന്ന കലാപത്തിന്‍െറ അംശങ്ങളുണ്ട്. ‘അധികാര’ത്തെക്കുറിച്ച് ആധികാരികമായിത്തന്നെ എം. ഗോവിന്ദന്‍ എഴുതിയിട്ടുണ്ട്. അധികാരകാമത്തിന്‍െറ അടിസ്ഥാന പ്രേരണകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ‘‘സഹജീവികളില്‍ ആധിപത്യം സ്ഥാപിക്കാനും അതില്‍നിന്ന് ആനന്ദം നേടാനുമുള്ള മസോക്കിസ്റ്റ് മനോഭാവം, ജനഗണമന അധിനായകനെന്ന അപദാനം കേള്‍ക്കാന്‍ കൊതി, ആശ്രിതവ്യൂഹങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ അദ്ഭുതപുമാനായി വിലസുന്നതിലുള്ള ചാരിതാര്‍ഥ്യം, അഹന്തക്ക് സസൈ്വരം വിഹരിക്കാന്‍ വിശാലമേഖലകള്‍ സജ്ജീകരിക്കാനുള്ള അടങ്ങാത്ത അഭിലാഷം, അനാഥരും അശരണരുമായവരുടെ രക്ഷാപുരുഷനാണെന്ന അഹംഭാവം, കുറുക്കുവഴികളിലൂടെ സ്ഥാനമാനങ്ങള്‍ നേടി വ്യക്തിപ്രഭാവം വികസിപ്പിക്കാനുള്ള സാധ്യത -ഇങ്ങനെ സങ്കീര്‍ണ വികാരങ്ങളുടെ കേളീരംഗമാണ് അധികാരം.’’
എഴുത്തുകാര്‍ വാഴുന്നവന്‍െറ കൈകള്‍ക്ക് വളകളിടുന്നവരല്ല. മൗനം പുതച്ച് ശവമാടങ്ങളില്‍ കിടക്കുന്നവരുമല്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ളെയര്‍ ബുഷിന്‍െറ വിശ്വസ്തനായ കാര്യസ്ഥനെപ്പോലെ പെരുമാറി ഇറാഖില്‍ സൈന്യത്തെ അയച്ചപ്പോള്‍, സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ബ്രിട്ടീഷുകാരനായ ഹരോള്‍ഡ് പിന്‍റര്‍ ബ്ളെയറെ അതിരൂക്ഷമായി വിമര്‍ശിച്ചു. ‘‘ലോക കോടതി ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ളെയറെ പിടികൂടി വിചാരണ നടത്താത്തത് വിലാസമറിയാത്തതുകൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ -10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’’ എന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചു ഈ എഴുത്തുകാരന്‍. ‘‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’’ എന്ന് ലണ്ടനില്‍വെച്ച് തനിക്ക് ലഭിച്ച ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ പൊട്ടിത്തെറിച്ചു ഡസ്റ്റിന്‍ ഹോഫ്മാന്‍. ഇവരെയൊന്നും ‘രാജ്യസ്നേഹം’, ‘ദേശീയത’ എന്നൊന്നും പറഞ്ഞ് ആരും ഭയപ്പെടുത്തിയിട്ടില്ല.

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ സിംഹത്തിന്‍െറ മടയില്‍നിന്നുതന്നെയായിരുന്നു എഴുത്തുകാരും കലാകാരന്മാരും പ്രതിഷേധിച്ചത്. ‘‘മിസ്റ്റര്‍ ബുഷ്, ഇത് ലജ്ജാകരമാണ്. ഈ യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ല. നിങ്ങളേയോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു’’ എന്ന് അമേരിക്കയിലെ തോക്ക് സംസ്കാരത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ‘ബൗളിങ് ഫോര്‍ കൊളംബൈന്‍’ എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സ്വീകരിച്ച് പൊട്ടിത്തെറിച്ചു മൈക്കല്‍ മൂര്‍. ഹോളിവുഡിലെ ഉന്നത താരങ്ങള്‍ തിങ്ങിനിറഞ്ഞ ഓസ്കര്‍ അവാര്‍ഡുദാന ചടങ്ങില്‍ 3500ഓളം പേരെ സാക്ഷിനിര്‍ത്തി മൈക്കല്‍ മൂര്‍ ദൃഢമായ സ്വരത്തില്‍ സ്വന്തം നാടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ ലോസ് ആഞ്ജലസിലെ കൊഡാക് തിയറ്റര്‍ പ്രകമ്പനംകൊണ്ടു. അധികാരത്തിന്‍െറ മുഖത്തിനുനേരെ വിരല്‍ചൂണ്ടി രംഗത്തുവന്നത് എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അധിനിവേശം അമേരിക്കയുടെ മാറ്റാന്‍പറ്റാത്ത രോഗമാണെന്ന് അമേരിക്കയിലെ ഏറ്റവും വലിയ നോവലിസ്റ്റായിരുന്ന നോര്‍മന്‍ മെയിലര്‍ പറഞ്ഞു. യുദ്ധവിരുദ്ധ സംഗീത ആല്‍ബവുമായി ലോകപ്രശസ്ത പോപ് ഗായിക മഡോണ രംഗത്തുവന്നപ്പോഴും അമേരിക്കന്‍ മ്യൂസിക് പരിപാടിയില്‍ ‘war is not the answer’ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് യുദ്ധത്തിനെതിരെയുള്ള ഗാനങ്ങളുമായി ഷെറില്‍ ക്രോ എന്ന ഗായിക അരങ്ങുതകര്‍ത്തപ്പോഴും അധികാരത്തിന്‍െറ മുഖത്തു തുപ്പുകയായിരുന്നു അവര്‍. ഫ്രാന്‍സില്‍ വിദ്യാര്‍ഥിസമരത്തിന് ഴാങ്പോള്‍ സാര്‍ത്രെ നേതൃത്വം കൊടുത്തപ്പോഴും ഗവണ്‍മെന്‍റ് നിരോധിച്ച ഒരു പ്രസിദ്ധീകരണം പാരിസ് തെരുവില്‍ പരസ്യമായി വിറ്റുനടന്നപ്പോഴും അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകതന്നെയായിരുന്നു.

ബംഗാളിന്‍െറയും ബിഹാറിന്‍െറയും ഛത്തിസ്ഗഢിന്‍െറയും വിദൂരഗ്രാമങ്ങളില്‍ പട്ടിണി രുചിച്ച് കഴിയുന്ന ആദിവാസികള്‍ ഒരു പ്രശ്നമുണ്ടായാല്‍ ആദ്യം ഓടിയത്തെുക ഭരണാധികാരികളുടെ അടുത്തേക്കോ രാഷ്ട്രീയ നേതാക്കളുടെ അടുത്തേക്കോ ആയിരുന്നില്ല. സ്വന്തമായി ടെലിഫോണോ കൈഫോണോ ഇല്ളെങ്കിലും ബംഗാളിന്‍െറ പ്രിയപ്പെട്ട എഴുത്തുകാരി മഹാശ്വേതാദേവിയുടെ ലാന്‍ഡ്ഫോണ്‍ നമ്പര്‍ അവര്‍ക്കറിയാമായിരുന്നു. ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് അവര്‍ ഈ വലിയ എഴുത്തുകാരിയെയായിരുന്നു വിളിച്ചിരുന്നത്. മഹാശ്വേതാദേവി എല്ലാം മാറ്റിവെച്ച് അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നു. നിങ്ങള്‍ക്ക് രാഷ്ട്രീയം അറിയാമോ എന്ന് അവരോടാരും ചോദിച്ചിരുന്നില്ല.

കാസര്‍കോടുനിന്ന് പാറശ്ശാല വരെ നടത്തുന്ന കാല്‍നടജാഥ മാത്രമല്ല, രാഷ്ട്രീയം. അത് തെരഞ്ഞെടുപ്പു ഫണ്ട് പിരിക്കലോ ആരെയെങ്കിലും രാജ്യദ്രോഹിയായി ചിത്രീകരിച്ച് അവരുടെ വീട്ടിലേക്ക് ജാഥ നയിക്കലോ അല്ല. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കൊപ്പം നില്‍ക്കലാണ് രാഷ്ട്രീയമെങ്കില്‍ നമ്മുടെ എഴുത്തുകാര്‍ അത് ചെയ്തിട്ടുണ്ട്. രോഹിത് വെമുല ആത്മഹത്യ ചെയ്യേണ്ടിവന്നപ്പോള്‍ 21ാം നൂറ്റാണ്ടിലെ സാഹിത്യം കഥയോ കവിതയോ അല്ല അത് ആത്മഹത്യക്കുറിപ്പുകളാണെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞപ്പോള്‍ ദലിതന്‍െറ പക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം പറയുകയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റുകള്‍ ബാബരി പള്ളി പൊളിച്ചതിനുശേഷം തൊണ്ണൂറുകളില്‍ ‘സ്വരലയ’യുടെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ പ്രസംഗിച്ചു: ‘‘മതവിദ്വേഷത്തിന്‍െറ കരിമേഘങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ ഒന്നിനുപിറകെ മറ്റൊന്നായി ഉയര്‍ന്നുവരുന്ന കാലമാണിത്. രാമകൃഷ്ണ പരമഹംസന്‍െറയും വിവേകാനന്ദന്‍െറയും രമണമഹര്‍ഷിയുടെയും നാരായണഗുരുവിന്‍െറയും ശബ്ദമല്ല ഇപ്പോള്‍ ഇവിടെ കേള്‍ക്കുന്നത്. ഇവിടെ ഉച്ചത്തില്‍ മുഴങ്ങുന്നത് ബാല്‍ താക്കറെയുടെയും ഉമാഭാരതിയുടെയും ഗോപാല്‍ ഗോദ്സെയുടെയും അട്ടഹാസങ്ങളാണ്’’. എഴുത്തുകാരന്‍െറ ധീരമായ രാഷ്ട്രീയ ഇടപെടല്‍ തന്നെയായിരുന്നു അത്.

വെറുപ്പിന്‍െറ വിചാരധാരകള്‍ ആസൂത്രിതമായി ഇവിടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍ ജര്‍മനിയിലെ നാസിസത്തെ ദേശീയതയായും സോഷ്യലിസമായും ചിത്രീകരിച്ചതായി കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്ത് ലോക്സഭയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ദേശീയത, രാജ്യസ്നേഹം തുടങ്ങിയ സുന്ദര പദാവലികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇവിടെയും ഫാഷിസം നൂണ്ടുകയറുന്നുണ്ട്. ‘‘നമ്മളെല്ലാം ഏര്‍പ്പെട്ടിരിക്കുന്ന ഈ ജനാധിപത്യ സംവിധാനത്തില്‍ ധാരാളം ഫാഷിസങ്ങള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പ്രതിഷ്ഠിക്കപ്പെട്ടിട്ടുമുണ്ട്. അതിനെ നമ്മള്‍ അംഗീകരിക്കുന്നു. നിശ്ശബ്ദമായി അംഗീകരിച്ചുകൊണ്ടേയിരിക്കുകയാണ് എന്നതാണ് സത്യം. അംഗീകരിക്കുക മാത്രമല്ല, നമ്മളത് ഫാഷിസമായി കാണാതിരിക്കുകയും ചെയ്യുകയാണ്’’ -സക്കറിയ എഴുതുന്നു. ഒഡിഷയിലെ ദനാ മാജിമാരോടും ഗതി ദീബര്‍മാരോടും കാഷ്ലസ് ഇക്കോണമിയെക്കുറിച്ചും സൈ്വപിങ്ങിനെക്കുറിച്ചും അധികാരികള്‍ വാചാലമാകുന്ന ഇന്ത്യനവസ്ഥയില്‍ എഴുത്തുകാര്‍ രാഷ്ട്രീയം പറയുകതന്നെ വേണം.

ഹിറ്റ്ലര്‍ ജര്‍മനിയെയും
മുസോളിനി ഇറ്റലിയെയും
അത്രമേല്‍ സ്നേഹിച്ചിരുന്നു.
ഹിറ്റ്ലര്‍ ജൂതന്മാരെ കൊന്നൊടുക്കിയ ഗ്യാസ് ചേംബറിന്
കുളിപ്പുര എന്നായിരുന്നു പേരിട്ടിരുന്നത്.
നമ്മളെയും ഒരുനാള്‍ രാജ്യസ്നേഹികള്‍
കുളിപ്പിക്കാന്‍ കൊണ്ടുപോകും
എണ്ണതേച്ച്,
സോപ്പും തോര്‍ത്തുമായി നമുക്ക് കാത്തിരിക്കാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan Nair
News Summary - M T Vasudevan Nair
Next Story