Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർവകലാശാല...

സർവകലാശാല ജനങ്ങളിലേക്ക്​ 

text_fields
bookmark_border
സർവകലാശാല ജനങ്ങളിലേക്ക്​ 
cancel

ഒരു സർവകലാശാലയുടെ ചരിത്രത്തിൽ അരനൂറ്റാണ്ട് പ്രായേണ വളരെ വലിയ കാലയളവല്ല. എന്നാൽ,  ഈ  അഞ്ച് പതിറ്റാണ്ടിനുള്ളിൽ കാലിക്കറ്റ് സർവകലാശാല കൈവരിച്ച നേട്ടങ്ങൾ വലുതാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തി​െൻറ നാഷനൽ ഇൻസ്​റ്റിറ്റ്യൂഷനൽ റാങ്കിങ്​ െഫ്രയിംവർക്​ (എൻ.ഐ.ആർ.എഫ്)  ഇന്ത്യയിലെ എണ്ണൂറിലേറെ സർവകലാശാലകളിൽ 57ാം റാങ്ക് കാലിക്കറ്റിന്​ നൽകിയിരിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നതവിദ്യാഭ്യാസസ്​ഥാപനങ്ങളിൽ 93ാം സ്​ഥാനവും നേടാനായി. നാഷനൽ അസസ്​മ​െൻറ്​ ആൻഡ്​ അക്രഡിറ്റേഷൻ കൗൺസിൽ (നാക്​) സമ്മാനിച്ച എ േഗ്രഡും കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും അധികം പോയൻറും കാലിക്കറ്റിനായിരുന്നു.

കേരളയെ വിഭജിച്ച് പുതിയൊരു സർവകലാശാല സ്​ഥാപിക്കുന്ന ഓർഡിനൻസ്​ 1968 ജൂലൈ 23ന് പുറപ്പെടുവിച്ചതോടെ മലബാറി​​െൻറ വൈജ്ഞാനിക ചരിത്രത്തിൽ പുതുയുഗപ്പിറവിയായി. 1968 ആഗസ്​റ്റ്​ 12ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെൻ ഔപചാരിക ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിച്ചു. തൃശൂരിനിപ്പുറം സംസ്​ഥാനത്തി​െൻറ വടക്കെ പാതിയിലെ യുവജനങ്ങൾക്ക് ഉന്നതപഠനത്തിനായി അക്കാലത്ത് കേവലം 54 കോളജുകളാണുണ്ടായിരുന്നത്. പിൽക്കാലത്ത് കാസർകോട്​, കണ്ണൂർ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേർപെട്ടിട്ടും ഇന്ന് കോളജുകളുടെ എണ്ണം 432 ആയി ഉയർന്നിരിക്കുന്നു. 35 പഠന^ഗവേഷണവകുപ്പുകൾ, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്​ഥാപനങ്ങൾ, 11 ഗവേഷണ ചെയറുകൾ എന്നിവയും സർവകലാശാലയുടെ ഭാഗമാണ്. സംസ്​ഥാനത്ത് ആദ്യമായി െക്രഡിറ്റ് സെമസ്​റ്റർ സമ്പ്രദായം നടപ്പാക്കിയതി​െൻറ െക്രഡിറ്റും കാലിക്കറ്റിന് സ്വന്തമാണ്. ഗോത്രവർഗ യുവജനതയുടെ സർവതോമുഖ പുരോഗതി ലക്ഷ്യമാക്കിയാണ്​ അവർക്കുവേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ൈട്രബൽ സ്​റ്റഡീസ്​ ആൻഡ്​ റിസർച്​ സ്​ഥാപിച്ചത്​. ഫോക്​ലോർ, വിമൻസ്​റ്റഡീസ്​ പഠനവകുപ്പുകളും സംസ്​ഥാനത്ത് കാലിക്കറ്റി​െൻറ തനിമയാണ്.  

കോളജുകളും സർവകലാശാലകളുമെല്ലാം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകണമെന്നും മാറാൻ മടിക്കുന്നവയുടെ അസ്​തിത്വംപോലും നീതീകരിക്കാനാവാത്തതാണെന്നും കലാശാലയുടെ േപ്രാ ചാൻസലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ 1968 നവംബർ രണ്ടിന് പ്രഥമ സിൻഡിക്കേറ്റ് യോഗത്തിൽ ചൂണ്ടിക്കാട്ടുന്നു. കേവലം പുതിയൊരു സർവകലാശാലകൂടി സ്​ഥാപിക്കുന്നുവെന്നതല്ല തികച്ചും നവീനവും വ്യത്യസ്​തവുമായൊരു സർവകലാശാല എന്നതായിരുന്നു അദ്ദേഹത്തി​െൻറ കാഴ്ചപ്പാട്.  

വനിത ശാക്​തീകരണം ലക്ഷ്യമാക്കി  ലൈഫ്​ലോങ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പരിപാടികൾ, ബഹുജന സേവനം നൽകുന്ന  ഹെൽത്ത് സ​െൻറർ, സ്​കൂൾവിദ്യാർഥികൾക്കുകൂടി മാർഗനിർദേശം നൽകുന്നതിനായി വിവിധ വിഭാഗങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ, ക്യാമ്പുകൾ, ബൗദ്ധിക ഭിന്നശേഷിക്കാർക്ക് സൈക്കോളജി പഠനവകുപ്പിൽ നടപ്പാക്കിയ സി.ഡി.എം.ആർ.പി (കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മ​െൻറ്​ ആൻഡ്​ റീഹാബിലിറ്റേഷൻ േപ്രാഗ്രാം), അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചത് സർവകലാശാലയുടെ നേട്ടമാണ്.

ഫയൽ നീക്കം ഡിജിറ്റൽ സംവിധാനത്തിലാക്കിയത് പേപ്പർരഹിത രീതിക്ക്​ തുടക്കം കുറിച്ചു.  ഇക്കാര്യത്തിലും സംസ്​ഥാനത്ത്  കാലിക്കറ്റിനാണ് പ്രഥമ സ്​ഥാനം. ഭരണ കാര്യക്ഷമത ഏറെ മെച്ചപ്പെടുത്താൻ  ഇതുവഴി സാധ്യമായി. സമ്പൂർണ വൈ^ഫൈ കാമ്പസുമാണ് കാലിക്കറ്റ്.
സർവകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണ് ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സെൻട്രൽ സൊഫിസ്​റ്റികേറ്റഡ് ഇൻസ്​ട്രുമെേൻറഷൻ ഫെസിലിറ്റി ശാസ്​ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങൾ വ്യത്യസ്​ത ശാസ്​ത്ര പഠനവകുപ്പുകൾക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ്​. ഗവേഷണം ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തുന്ന ഈ സ​െൻററിന് 120 കോടി രൂപയാണ് ചെലവ്. പരീക്ഷ ഭവൻ സുവർണ ജൂബിലി ബ്ലോക്ക്, ഡിജിറ്റൽ ലൈബ്രറി  മന്ദിരം, ഭാഷാ വിഭാഗങ്ങൾക്കായി ലൈബ്രറി, അന്താരാഷ്​ട്ര കൺവെൻഷൻ സ​െൻറർ, സ്​റ്റുഡൻറ്​സ്​ അമിനിറ്റി സ​െൻറർ, മ്യൂസിയം  കോംപ്ലക്സ്​, സ്​കിൽ ​െഡവലപ്മ​െൻറ്​ സ​െൻറർ, ഗവേഷക ഹോസ്​റ്റൽ, സ്​ഥിരം ഓപൺ സ്​റ്റേജ് എന്നിങ്ങനെ അടിസ്​ഥാന സൗകര്യ വികസനത്തിന് വൈവിധ്യമാർന്ന പദ്ധതികളുണ്ട്.

സർവകലാശാല കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതൽ ഹരിതാഭമാക്കാനുള്ള ബൃഹദ്​പദ്ധതി ^ഗ്രീൻ കാമ്പസ്​ കാമ്പയിൻ^ തുടങ്ങി. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്​, ദേശീയ ഗവേഷക സംഗമം, പ്ലേസ്​മ​െൻറ്​ േപ്രാഗ്രാം, നൊബേൽ ജേതാക്കളെ ഉൾപ്പെടുത്തി േഫ്രാണ്ടിയർ പ്രഭാഷണങ്ങൾ, അന്താരാഷ്​ട്ര സെമിനാറുകൾ തുടങ്ങിയവ ജൂബിലി വർഷക്കാലത്ത് നടത്തും. വൈസ്​ ചാൻസലർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിനും കാലിക്കറ്റ് സർവകലാശാല വേദിയാകും. വിദേശ വിദ്യാർഥി സംഗമം, സാംസ്​കാരിക പരിപാടികൾ, ജൂബിലി സ്​പോർട്സ്​ ഫെസ്​റ്റിവൽ, സമൂഹത്തിലെ പാർശ്വവത്​കരിക്കപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ തുടങ്ങിയവയും വിഭാവനം ചെയ്യുന്നു. ഭവനരഹിതരായ 250 പേർക്ക് വീട് നിർമിച്ചു നൽകുകയെന്ന മഹത്തായ ദൗത്യം കാലിക്കറ്റ് സർവകലാശാല നാഷനൽ സർവിസ്​ സ്​കീം ജൂബിലി വർഷത്തിൽ ഏറ്റെടുത്തിട്ടുണ്ട്. വിശാലമായ കാമ്പസുകളിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് നിർത്തുന്നതിലൂടെ പരിസരവാസികൾക്കുകൂടി ഭൂഗർഭ ജലലഭ്യത മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. 

കായിക രംഗത്ത് ദേശീയതലത്തിൽ വൻ നേട്ടങ്ങൾ കൊയ്ത കാലിക്കറ്റ്, കായിക സർവകലാശാല എന്ന അപരനാമം  കരസ്​ഥമാക്കി. ഇക്കഴിഞ്ഞ വർഷം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളാണ് കാലിക്കറ്റ്​  പൊരുതി നേടിയത്. പി.ടി. ഉഷയുൾപ്പെടെ 20 ഒളിമ്പ്യന്മാർ, 14 അർജുന അവാർഡ് ജേതാക്കൾ, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങൾ എല്ലാം കാലിക്കറ്റി​െൻറ അഭിമാനം ഉയർത്തുന്നു.  സംസ്​ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും ഒരു സ്​റ്റേഡിയത്തിൽ രണ്ട് ഫുട്​ബാൾ ഗ്രൗണ്ടുകളും സ്വിമ്മിങ് പൂൾ, സ്​പോർട്സ്​ ഹോസ്​റ്റൽ എന്നിവയും സ്വന്തമായുള്ള കലാശാല രാജ്യത്ത്​ ആദ്യമായി കോളജ്് ഫിറ്റ്നസ്​ എജുക്കേഷൻ േപ്രാഗ്രാം സുവർണ ജൂബിലി വർഷത്തിൽ പ്രാവർത്തികമാക്കുകയാണ്. ജൂബിലി വർഷത്തിൽ അഖിലേന്ത്യാ ഫുട്ബാൾ ചാമ്പ്യൻഷിപ്​ നടത്താൻ സർവകലാശാലക്ക് അവസരം ലഭിക്കും.  

നിർമായ കർമണാശ്രീ^‘കളങ്കമില്ലാത്ത പ്രവൃത്തികൊണ്ട് ഐശര്യം’ എന്നാണ് കാലിക്കറ്റി​​െൻറ മുദ്രാവാക്യം. 49 വർഷങ്ങളിലായി സർവകലാശാലക്ക് സേവനമനുഷ്ഠിച്ച വൈസ്​ ചാൻസലർമാരുൾപ്പെടെയുള്ള സ്​റ്റാറ്റ്യൂട്ടറി ഓഫിസർമാർ, അധ്യാപകർ, ഉദ്യോഗസ്​ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് സർവകലാശാലയുടെ ഇന്നത്തെ ഔന്നത്യം. സർവകലാശാലയുടെ സ്​ഥാപനത്തിനും പരിപാലനത്തിനും പ്രയത്നിച്ച, ഇന്നും പ്രയത്നിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും ഈ സന്ദർഭത്തിൽ സ്​നേഹാദരങ്ങളോടെ സ്​മരിക്കുന്നു.  അന്താരാഷ്​ട്ര നിലവാരത്തിലേക്ക് സർവകലാശാലയെ നയിക്കുന്നതിനുള്ള നിരന്തര പ്രയത്നത്തിന് എല്ലാ വിഭാഗങ്ങളുടെയും നിസ്സീമമായ സഹകരണം അഭ്യർഥിക്കുന്നു. 

(കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി വൈസ്​ ചാൻസലറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsmalayalam newsgolden jubilee
News Summary - calicut university in golden jubilee -kerala news
Next Story