Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരയിലല്ല, മാക്കിക്ക...

കരയിലല്ല, മാക്കിക്ക വെള്ളത്തിലായിരുന്നു ജീവിച്ചത്​...

text_fields
bookmark_border
കരയിലല്ല, മാക്കിക്ക വെള്ളത്തിലായിരുന്നു ജീവിച്ചത്​...
cancel


ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരാളുണ്ടായിരുന്നു. മാക്കി.. ജീവിതത്തിന്റെ മുക്കാൽ പങ്കും കായലിൽത്തന്നെ കഴിച്ചുകൂട്ടിയ മാക്കിക്ക.. അയാൾ എവിടെനിന്നാണ് ആറാട്ടുപുഴയ്ക്ക് വന്നതെന്നോ അയാളുടെ മാതാപിതാക്കൾ ആരൊക്കെയാണെന്നോ ആർക്കും ഇപ്പോഴും അറിയില്ല. പണ്ടെങ്ങോ തമിഴ് നാട്ടിൽ നിന്ന് ആമയെപ്പിടുത്തകാരുടെ കൂടെ വന്നതാണെന്ന് ചിലർ.. അതല്ല, ആന്ധ്രയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പാലായനം ചെയ്തു വന്നതാണെന്ന് മറ്റുചിലർ. പഴമക്കാർ അതല്ലാതെയും ചില കഥകൾ പറയുന്നുണ്ട്. ഏതാണ് ശരിയെന്ന് ആർക്കും നല്ല തിട്ടമില്ല. അയാൾ നാട്ടിൽ കൂടിയതിനു ശേഷമുള്ള കാര്യങ്ങൾ മാത്രമേ വിശ്വസിക്കാൻ കൊള്ളാവുന്നതായുള്ളൂ.

വക്കീൽ സാറിന്റെ കായലരികത്തെ പറമ്പിൽ തെക്കേ മൂലയ്ക്ക് മൂന്നാല് ഓല കുത്തിച്ചാരിവെച്ച് അതിനകത്തായിരുന്നു ആദ്യകാലത്ത് അയാളുടെ താമസം. ആരോടും മിണ്ടാറില്ല. മിണ്ടിയാൽത്തന്നെ എന്താ പറയുന്നതെന്ന് ആർക്കുമൊട്ട് മനസ്സിലായിരുന്നുമില്ല. കായലിലിറങ്ങി മുങ്ങാങ്കുഴിയിട്ട് മീനെപ്പിടിച്ചുകൊണ്ടുവരും. മുറ്റത്ത് വിറകുകത്തിച്ച് അത് ചുട്ടുതിന്നും. മഴക്കാലത്ത് പട്ടിണികിടക്കും. മുക്കാലും ചോർന്നൊലിക്കുന്ന കൊട്ടിലിന്റെ ചോരാത്ത ഭാഗത്ത് ചുരുണ്ടുകൂടിക്കിടന്നുറങ്ങും. കഷ്ടം തോന്നി ഉപ്പുപ്പയാണ് പത്തമ്പത് മടൽ ഓല മെടയിച്ച് ചോരാത്ത പരുവത്തിന് ഒരു ചെറ്റപ്പുര ഉണ്ടാക്കിക്കൊടുക്കുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കയ്യാളായിട്ട് കൂടെക്കൂട്ടുകയും ചെയ്തു. ജെട്ടിയിൽ അരിയിറക്കാൻ പോകും. വളവിൽ തൊണ്ടു മൂടും. തൊണ്ടുതല്ലുന്ന പെണ്ണുങ്ങൾക്ക് കട്ടൻ ‌ചായയും കഞ്ഞിയും വെച്ചുകൊടുക്കും.. കയറു മാടും. അത് വള്ളത്തിൽ കയറ്റി ആലപ്പുഴയ്ക്ക് കൊണ്ടുപോകുമ്പോൾ ഉപ്പൂപ്പാടെ കൂടെപ്പോകും.

കുറഞ്ഞ കാലം കൊണ്ടുതന്നെ അത്യാവശ്യം മലയാളം പറയാൻ അയാൾ പഠിച്ചിരുന്നെങ്കിലും അധികം ആരോടും സംസാരിക്കുമായിരുന്നില്ല. പ്രാകൃതമായ ഏതോ ഒരു ഭാഷയുടെ ചുവ അയാളുടെ മലയാളത്തിൽ എക്കാലവും പുരണ്ടിരുന്നു.

ഏത് മതക്കാരനാണെന്ന് അയാൾക്കുതന്നെ അറിയില്ലായിരുന്നു. എങ്കിലും, ഉപ്പൂപ്പ പള്ളിയിൽ പോകുമ്പോൾ കൂടെപ്പോകും. നിസ്കരിക്കുന്നതും നോക്കിക്കൊണ്ട് തിണ്ണയ്ക്കിരിക്കും. കുറേക്കാലം കഴിഞ്ഞപ്പോ മാക്കിയും നിസ്കരിക്കാൻ തുടങ്ങി. അങ്ങനെ അയാൾ മാക്കീക്കയായി.

ഓർമ്മവെച്ചിടം മുതൽ ഞാൻ അയാളെ കാണുന്നത് കഴുത്തറ്റം വെള്ളത്തിൽ കായലിൽ കഴിഞ്ഞുകൂടുന്നതായാണ്. എത്ര ആഴമുള്ളിടത്താണെങ്കിലും തല മാത്രം വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ച് പതച്ചുപതച്ചങ്ങനെ നിൽക്കും. എത്ര നേരം വേണമെങ്കിലും അങ്ങനെ നിൽക്കും. ഇടയ്ക്ക് മുങ്ങാങ്കുഴിയിട്ട് അങ്ങ് ദൂരെപ്പോയി പൊങ്ങുന്നതും കാണാം. മുങ്ങാങ്കുഴിയിടുമ്പോൾ ഞങ്ങൾ കുട്ടികൾ കരയ്ക്കുനിന്ന് എണ്ണാറുണ്ട്. ഒന്ന്.. രണ്ട്.. മൂന്ന്.. … ചില സമയത്ത് അഞ്ഞൂറും അറുന്നൂറും വരെ എണ്ണിയാലും അയാൾ പൊങ്ങിവരില്ല. കാണാതെയാകുമ്പോൾ എല്ലാവരുംകൂടി ഈണത്തിൽ ചൊല്ലും:

“മാക്കീക്കാ ബാ..
മാക്കീക്കാ ബാ..
വന്ന് ഞങ്ങളെയെല്ലാം...
പിടിച്ചുങ്കൊണ്ട് പോ..”

അപ്പോഴാവും അങ്ങ് ദൂരെ മുങ്ങിയ അയാൾ ഇങ്ങ് തീരത്ത് പൊടുന്നനെ പൊങ്ങിവന്നിട്ട് “ബേ… ബേ ബേ..” എന്ന് ഒച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത്. ഞങ്ങളെല്ലാം ‌പേടിച്ചോടും. തീരത്ത് വന്ന് ഇങ്ങനെ പൊങ്ങുമ്പോൾ മാത്രമാണ് അയാളെ അരയ്ക്ക് മുകളിലെങ്കിലും ശരിക്കൊന്ന് കാണാനാവുക. കറുത്തുമെലിഞ്ഞ ബലമുള്ള ശരീരം. ചെറിയ തല. കൂർത്ത മൂക്ക്. തലയിലേക്കൊട്ടിയ വലിയ ചെവികൾ. ഉപ്പുവെള്ളം കയറി ചുവന്നുതിളങ്ങുന്ന കണ്ണുകൾ..

‘കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി - മാക്കീക്ക’. ഇങ്ങനൊരു തമാശ പണ്ട് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളുടെ കാലം ആകുമ്പോഴേക്ക് നാട്ടുകാരെല്ലാം അയാളുടെ കരയിലെ ജീവിതം പാടേ മറന്നിരുന്നു. വെള്ളത്തിൽ മാത്രം ജീവിക്കുന്നൊരു ജീവിയായിത്തീർന്നിരുന്നു അയാൾ..

മാക്കിക്ക ജലജീവിയായിത്തീർന്നതിനു പിന്നിലെ കഥ ഉപ്പുപ്പ പറയാറുണ്ട്: ‘നല്ല ജോലിക്കാരനായിരുന്ന മാക്കിയ്ക്ക് വേണമെങ്കിൽ അതിലും നല്ലൊരു പെണ്ണിനെ കിട്ടുമായിരുന്നു. പക്ഷേ ആരുമില്ലാത്തവനായതുകൊണ്ട് കെട്ടിയൊഴിഞ്ഞുനിന്ന തച്ചന്റയ്യത്തെ നബീസയെ അവളുടെ ബാപ്പ അന്ത്രുമാങ്കുട്ടിക്കാക്ക സൂത്രത്തിൽ അവന്റെ തലയിൽ കെട്ടിവെച്ചുകൊടുത്തു. ഒരു തുണ്ടു വസ്തുവോ ഒരു പണവടപ്പൊന്നോ അവന് സ്ത്രീധനമായി കിട്ടിയില്ല. ഒരു ഹജ്ജിപ്പെരുന്നാളിന്റെ പിറ്റേന്നായിരുന്നു നിക്കാഹ്. വക്കീലിന്റെ വീട്ടുകാർ എതിരഭിപ്രായം ഒന്നും പറയാത്തതുകൊണ്ട് നിക്കാഹിനു മുമ്പേ അവന്റെ പുര നിന്നിടത്തുതന്നെ ഉപ്പുപ്പാ മുൻകൈയ്യെടുത്ത് പുതുക്കിപ്പണിയിച്ചുകൊടുത്തു. ഉണ്ടായിരുന്ന ഒറ്റമുറിയോട് ചേർത്ത് വേറൊരു മുറിയും ഒരടുക്കളയും പിന്നെ മുൻവശത്ത് ഒരു തട്ടികയും വെച്ച് വീട് വലുതാക്കി. കാലയീന്ന് ചെളിവാരിക്കൊണ്ടുവന്ന് മാക്കിക്കതന്നെ തറ മെഴുകി. എല്ലാം നടത്തിക്കൂട്ടി കല്യാണവും കഴിഞ്ഞെങ്കിലും നബീസായ്ക്ക് അവനെ മനസ്സിനു പിടിച്ചിരുന്നില്ല. അവൾ എപ്പഴും മാക്കിയെ കുറ്റം പറയുമായിരുന്നു. കറുത്തുമെലിഞ്ഞ അവനെ കാണുന്നതുതന്നെ അവൾക്ക് അറപ്പായിരുന്നു. ആമയെത്തീനി, പാണ്ടി, മാക്കാൻ എന്നൊക്കെ അയൽക്കാരുകേൾക്കെ വിളിച്ച് അധിക്ഷേപിക്കും. കുറേക്കാലം അവരങ്ങനെ ഇടിയും ബഹളവുമൊക്കെയായി കഴിഞ്ഞുകൂടി. ഇതിനിടെ അവർക്ക് ഒരു കുഞ്ഞും ഉണ്ടായി. കണ്ടാൽ മാക്കിയെ പറിച്ചുവെച്ചിരിക്കുകയാണെന്നേ തോന്നൂ. കറുത്തു നീണ്ടൊരു ആൺചെക്കൻ. അന്ത്രുമാങ്കുട്ടിക്കാക്ക അവന് അയ്യൂബ് എന്ന് പേരിട്ടു. മകനെ കിട്ടിയതോടെ നബീസയ്ക്ക് മാക്കിയോടുള്ള ദേഷ്യമൊക്കെ അടങ്ങി എന്നു പറയാം. അവന്റെ പൊരേന്ന് പിന്നെ അങ്ങനിങ്ങനെ വഴക്കും വക്കാണവുമൊന്നും കേൾക്കാറില്ലായിരുന്നു.

അയ്യൂബിന് രണ്ടര മൂന്ന് വയസ്സായിട്ടുണ്ടാവും; ഒരു ദിവസം സന്ധ്യമയങ്ങിയപ്പോൾ മാക്കി മോനെയും കൊണ്ട് കായലിൽ നീന്താൻ പോയി. കുഞ്ഞുമായി കളിക്കാമെന്നു വിചാരിച്ചിട്ടുണ്ടാവും. ഇത്തിരിക്കോളം പോന്ന കുഞ്ഞിനേം കൊണ്ട് കായലിൽ പോകുന്നതിന് നബീസ തടസ്സം പറഞ്ഞതാണ്. അവൻ കേട്ടില്ല. കായലിൽ ഇറങ്ങി നിന്ന് അവരു രണ്ടുപേരും കൂടി കളിക്കുന്നത് അയല്പക്കത്തെ ചിലർ കണ്ടിട്ട് മാക്കിയെ താക്കീത് ചെയ്യുകയും ചെയ്തു. അവൻ അതൊന്നും കൂട്ടാക്കിയില്ല. എപ്പഴോ രണ്ടുപേരും തമ്മിലുള്ള കളിയിൽ രസം പിടിച്ചപ്പോൾ കുഞ്ഞിനേയും തോളത്തിട്ട് മാക്കി ആഴത്തിലേക്ക് നീന്തി. കുറേ അങ്ങ് ചെന്നപ്പോ കുഞ്ഞ് കയ്യിൽ നിന്ന് വഴുതി. വെള്ളത്തനടിയിൽ ഒരു മരത്തിന്റെ ചില്ലയും ചുള്ളിക്കമ്പുകളും ഉണ്ടായിരുന്നു. അതിനിടയിൽ നിന്ന് അവനെ പുറത്തെടുക്കുമ്പഴേക്ക് കഴിഞ്ഞിരുന്നു.

വടക്കേപ്പള്ളിയിലാണ് കുഞ്ഞിനെ അടക്കിയത്. അത്രേം ചെറിയൊരു ഖബർ അവിടെ മുമ്പ് കുഴിച്ചിട്ടില്ല. അത്രേം വലിയൊരു ആൾക്കൂട്ടം അതിനു മുമ്പോ പിൻപോ ഉണ്ടായിട്ടുമില്ല. .
അവിടെ കൂടിയവരെല്ലാം മാക്കിയെ കുറ്റം പറഞ്ഞു. നബീസയുടെ ആൾക്കാരും കുറച്ചു നാട്ടുകാരും കൂടി അവനെ അടിക്കാൻ പിടിച്ചു. ആൾക്കൂട്ടത്തിനു നടുവിൽ ഒരു പോഴനെപ്പോലെ നിന്ന അവനെ ഉപ്പുപ്പായും കുറേ ആൾക്കാരും ചേർന്ന് ഒരുവിധത്തിൽ അവിടുന്ന് രക്ഷിച്ചെടുത്തു. നബീസാ പിറ്റേദിവസം അവളുടെ കുടുംബത്തേക്ക് പോയി.

മൂന്നാം ഫാത്തിഹയുടെ അന്ന് മാക്കി അലറിവിളിച്ചുകൊണ്ട് കായലിലേക്കോടി. അവന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട സ്ഥലത്തു ചെന്ന് മുങ്ങിയും പൊങ്ങിയും അയ്യൂബേന്ന് വിളിച്ച് നീന്തിനടന്നു. പിന്നീടൊരിക്കലും‌ അയാൾ ‌കരയിൽ കയറിയിട്ടില്ല.’

മാക്കിക്ക കായലിൽ അങ്ങോട്ടൂം ഇങ്ങോട്ടും വെറുതേ നീന്തിനടക്കും. മുങ്ങാങ്കുഴിയിട്ട് മീനിനെപ്പിടിക്കും. ഒരൊറ്റ മുങ്ങുമുങ്ങി നിവരുമ്പോൾത്തന്നെ രണ്ടു കൈകളിലും നല്ല പിടക്കുന്ന മീനുണ്ടാവും. ചിലപ്പോഴൊക്കെ ചുണ്ടിലും കടിച്ചുപിടിച്ചിട്ടുണ്ടാവും ഒരെണ്ണത്തിനെ. മീൻപിടിയന്മാരായ ഞാറപ്പക്ഷികൾ അതുകണ്ട് അങ്ങോട്ടുമിങ്ങോട്ടും തലവെട്ടിച്ച് കണ്ണുമിഴിക്കും. കായംകുളം കായലിലെ ഏറ്റവും വീതിയുള്ള ഭാഗമാണ് ആറാട്ടുപുഴയിലേത്. ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം വരും. കായലിനു കുറുകേ നാല് അതിർത്തിക്കുറ്റികൾ നാട്ടിയിട്ടുണ്ട്. എന്തിന്റെ അതിർത്തിയാണെന്നറിയില്ല. പിടിക്കുന്ന മീനുകളെ മാക്കിക്ക ഈ അതിർത്തിക്കുറ്റികളിൽ തറച്ചിരിക്കുന്ന ആണികളിൽ കോർത്തുവെക്കും. എന്നിട്ട് നീട്ടുവലക്കാർക്കോ രാത്രിയിൽ വരുന്ന പാട്ടവള്ളക്കാർക്കോ കടത്തുകാർക്കോ കൊടുക്കും. അവരുടെ കയ്യിൽ നിന്ന് ഒരു കെട്ടു ബീഡിയോ തിന്നാൻ ഒരിത്തിരി വറ്റോ കിട്ടും. അതു തിന്ന് പശിയടക്കും. മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോൾ വലക്കാരെ ആരെയും കാണാറില്ല. അപ്പോഴൊക്കെ അയാൾ പച്ചമീൻ തിന്നു കഴിച്ചുകൂട്ടും. ഉടൽ മുഴുവൻ വെള്ളത്തിലാക്കി മൂന്നാമത്തെ അതിർത്തിക്കുറ്റിയിൽ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു മാക്കിക്ക ഉറങ്ങിയിരുന്നത്.

രാത്രിയിൽ വള്ളവുമെടുത്തുകൊണ്ട് കായലിൽ പോയിട്ടുള്ളവരെല്ലാം ഒരുതവണയെങ്കിലും മാക്കിക്കായെ കണ്ട് പേടിച്ചിട്ടുള്ളവരാണ്. നമ്മൾ വള്ളം ഊന്നി അങ്ങനെ പോകുമ്പോഴാവും പൊടുന്നനെ വെള്ളത്തിൽ നിന്നുയർന്നു വന്ന് വിശേഷം ചോദിക്കുന്നത് :

“ഏയ്ടീക്കാ പോന്ന്?”.

പിന്നെ പേടിക്കാതിരിക്കുമോ? മുമ്പൊക്കെ ചരക്കുമായിപ്പോകുന്ന കേവുവള്ളക്കാരെ പേടിപ്പിക്കുന്നത് പുള്ളിക്ക് ഒരു വിനോദവുമായിരുന്നു. ദൂരെനിന്ന് വള്ളം വരുന്നതുകാണുമ്പോൾ പായലുകൾ കൂട്ടിവെച്ച് അതിനടിയിൽ മുങ്ങിയിരിക്കും. വള്ളം അടുത്തെത്തിയെന്ന് മനസ്സിലാകുമ്പോൾ പായലുകളെല്ലാം വാരിയെറിഞ്ഞ് മുകളിലേക്കൊരു ചാട്ടവും ‘ബേ.. ബേ ബേ..” എന്നൊരലർച്ചയുമാണ്. ഊന്നുകാർ വിറച്ചുനിൽക്കുമ്പോഴേക്കും പുള്ളി മുങ്ങാങ്കുഴിയിട്ട് എങ്ങോട്ടോ കടന്നുകളഞ്ഞിരിക്കും. പേടിച്ചരണ്ട് ചാടി അക്കരയിലേക്ക് നീന്തി രക്ഷപ്പെട്ട ഒരു കൂട്ടരുടെ കഥ പറയുന്നതു കേൾക്കാറുണ്ട്. ഒടുക്കം അവരുടെ വള്ളം അനാഥമായി ഒഴുകിയൊഴുകി അങ്ങ് അറബിക്കടലിൽ ചെന്നു ചേർന്നുവത്രേ!

പണ്ട് കിഴക്കേക്കരയിൽ വിശാലമായ പാടങ്ങളായിരുന്നു. കായലിൽ നിന്ന് ചൂളത്തെരുവിലേക്കു നീളുന്ന തോടിന് ഇരുപുറമായി രണ്ടായിരം ഏക്കറിൽ കൂടുതൽ ഉണ്ടായിരുന്നെന്നാണ് കണക്ക്. നൂറുകണക്കിന് ആളുകൾ അവിടെ ജോലിചെയ്തിരുന്നു. ഇതൊന്നും എന്റെ ഓർമ്മയിലുള്ള കാര്യങ്ങളല്ല. എന്റെയൊക്കെ ചെറുപ്പകാലത്തുതന്നെ അവിടെ കൊയ്ത്തും മെതിയുമെല്ലാം നിലച്ചിരുന്നു. പിന്നീട് വെള്ളം കയറി ആ പാടങ്ങളൊക്കെ വലിയ തടാകങ്ങൾ പോലെ കിടന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വടക്കേ ബണ്ട് നികത്തി അവിടെ താപനിലയം വന്നത്. അതോടെ മാക്കിക്കായുടെ ഉറക്കം കഷ്ടിയായെന്നു പറയാം.. നിലയത്തിന്റെ ടവറുകളിൽ നിന്നും അവിടുത്തെ വലിയ കെട്ടിടങ്ങളിൽനിന്നുമുള്ള പ്രകാശം കായലിൽ ഒരായിരം സ്വർണ്ണവരകൾ തീർത്തു.. അവ ഓളങ്ങൾക്കൊത്ത് പാമ്പുകളെപ്പോലെ പുളഞ്ഞു. ഇടയ്ക്കിടെ നിലയത്തിലെ ബോയിലറുകളിൽ നിന്നും പ്രെഷർ വെസ്സലുകളിൽ നിന്നും പാമ്പുകൾ ചീറ്റുമ്പോലെ ശ്ശ്..ശ്ശ് എന്ന് വലിയ ശബ്ദമുയരും. ഇതൊക്കെ കണ്ടും കേട്ടും കൊണ്ട് അയാൾ എങ്ങിനെ ഉറങ്ങും?

കാലം പുരോഗമിക്കുംതോറും മാക്കിക്കായ്ക്ക് അസ്വസ്ഥതകൾ ഏറിയേറിവന്നു. എത്ര പെട്ടെന്നാണ് കായലിന്റെ നിറവും രുചിയും മാറിയത്? കായലിന്റെ കൈവഴികളായ ഏതാണ്ട് എല്ലാ തോടുകളിൽ നിന്നും മാലിന്യത്തിന്റെ പ്രവാഹങ്ങൾ വന്നുചേർന്നുകൊണ്ടിരുന്നു. വെള്ളം നാവിൽ വഴുവഴുത്തുതുടങ്ങി. തനിക്ക് പരിചയമില്ലാത്ത എത്രയെത്ര കാര്യങ്ങളാണ് പല ദിക്കുകളിൽ നിന്നും വന്നു ചേർന്ന് കായലിലൂടെ ഒഴുകിപ്പോകുന്നതെന്ന് അയാൾ അമ്പരന്നിട്ടുണ്ടാവണം. ചീർത്തു വീർത്ത് പൊട്ടാറായ കുടലും പണ്ടങ്ങളും പ്ലാസ്റ്റിക്ക് സഞ്ചികളും അയാളെ അസ്വസ്ഥപെടുത്തി. കുടിച്ചുവലിച്ചെറിഞ്ഞ ബ്രാണ്ടിക്കുപ്പികളും പലതരം പാനീയങ്ങളുടെ ബോട്ടിലുകളും അയാളെ തട്ടിയും മുട്ടിയും ഒഴുകിനടന്നു. പണ്ടെങ്ങും കാണാത്തവിധം കരിമീനുകളും കോരകളും പള്ളയിൽ വൃണവുമായി പരക്കം പാഞ്ഞു. കുറച്ചുകാലങ്ങൾക്കു ശേഷം അവയെ കാണാതെയുമായി. ചെറുമീനുകൾ എവിടേയ്ക്കോ പാലായനം ചെയ്തു.. നീട്ടുവലക്കാരും രാത്രിയിൽ വന്നിരുന്ന പാട്ടവള്ളക്കാരും അപ്രത്യക്ഷരായി.. കരയിൽ വാഹനങ്ങളുടെ മുരൾച്ച അധികരിച്ചപ്പോൾ കടത്തുവള്ളങ്ങളും വരാതെയായി.. ഒരുപിടി പച്ചച്ചോറു തിന്ന കാലം അയാൾ മറന്നു. എത്ര മുങ്ങിനിവർന്നാലാണ് പശിയടക്കാൻ പാകത്തിന് ഒരു മീനിനെ കിട്ടുക? ദാഹം കൊണ്ട് വലഞ്ഞാൽ മാത്രമേ കായലിൽ നിന്ന് ഒരു തുള്ളി അകത്താക്കിയിരുന്നുള്ളൂ. എന്നിട്ടും ഛർദ്ദിയും അതിസാരവും അയാളെ വിടാതെ പിന്തുടർന്നു.

ചില്ലറ ആശ്വാസങ്ങളും ഇല്ലാതെയില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു കൊച്ചുവള്ളവും തുഴഞ്ഞുകൊണ്ട് ആക്രി പെറുക്കാൻ ഒരു ‘അന്യഭാഷക്കാരൻ’ വരും. പ്ലാസ്റ്റിക് കുപ്പികളുടേയും മറ്റു പലവിധ സാധനങ്ങളുടേയും വലിയ കൂമ്പാരവുമായാണ് അയാൾ പിന്നീട് തിരികെപ്പോവുക. പണ്ടുകാലത്ത് നാലാൾ പൊക്കത്തിൽ വൈക്കോലുമായി വന്നിരുന്ന വള്ളങ്ങളെയാണ് അത് ഓർമ്മിപ്പിക്കുന്നത്.

അധികം താമസിയാതെ മാക്കിക്കയുടെ അതിജീവനവും കാലത്തിനൊപ്പിച്ചായി. കായലിൽ പൊങ്ങിയൊഴുകുന്ന കുപ്പികൾ പെറുക്കി അന്യഭാഷക്കാരനു കൊടുത്താൽ ഒരുകെട്ട് ബീഡിയോ അയാൾ ഭക്ഷണത്തിനായി കരുതിയിരിക്കുന്നതിൽ നിന്ന് ഒരു പങ്കോ കിട്ടും. അയാൾ വരാതെയായാൽ അന്നൊക്കെയും പട്ടിണിയായി. അയാൾ വരാത്ത ദിവസങ്ങളാണ് അധികവും. അയാളെ കാത്ത് അതിർത്തിക്കുറ്റിക്കു ചുറ്റും കൂട്ടിവെച്ച മാലിന്യക്കൂമ്പാരത്തിടയിൽ എത്രയോ ദിവസങ്ങൾ മാക്കിക്ക പട്ടിണികിടന്നു..

അധികകാലം കഴിഞ്ഞില്ല, പലവിധ അസുഖങ്ങൾ കാരണം മാക്കിക്കയുടെ കോലം ആകെ മാറി. കവിളുകൾ ഒട്ടി എല്ലും തോലുമായി. മുടി ചുവക്കുകയും കുറഞ്ഞ നാളുകൾക്കുള്ളിൽ അവയൊക്കെ കൊഴിഞ്ഞു പോവുകയും ചെയ്തു. കണ്ണുകളിൽ നിന്ന് ചുവന്ന നിറം മാഞ്ഞ് നീലയായി.. ഉള്ളിലെവിടെയോ വിങ്ങുന്ന വേദന സഹിക്കാനാവാതെ രാത്രികളിൽ അയാൾ ഉറങ്ങാതെ കരഞ്ഞു.. ബേ.. ബേ ബേ.. പേടിപ്പെടുത്തുന്ന ആ ശബ്ദം ഒരു ജലജീവിയുടെ നിലവിളിയായി കരയിലൊക്കെയും വെറുതേ കറങ്ങിനടന്നു.

ഒരു ദിവസം അയാൾ കായലിൽ കമിഴ്ന്നു കിടന്നിരുന്നു. തീരത്തുനിന്ന് അത് കണ്ടവർ പറഞ്ഞു:

“ഓ.. അത് മാക്കിക്കയാണ്. അയാളുടെ ഓരോ കസർത്തുകളാണ്!”

ഓളങ്ങളിൽ ഉലഞ്ഞുലഞ്ഞ് അയാൾ പതിയെ തീരത്തടിഞ്ഞു.. ടൂറിസ്റ്റു ബോട്ടുകൾ ഉയർത്തിവിട്ട വലിയ മോദകളിൽ അയാൾ ബണ്ടിലേക്കുവന്ന് അലച്ചുകൊണ്ടിരുന്നു. കുറച്ച് പായലുകളും നീർപ്പോളകളും അയാൾക്ക് ചുറ്റും ചേർന്നു നിന്നിരുന്നു. എവിടെനിന്നോ എത്തിയ നാലഞ്ച് മീനുകൾ അയാളുടെ ചുണ്ടിൽ തുരുതുരെ മുത്തം കൊടുത്തിട്ടു കടന്നുപോയി.

പോലീസ് വന്ന് മാക്കിക്കയെ വലിച്ചു കരയ്ക്കുകയറ്റി. മാക്കിക്കയെ മുഴുവനേ കാണാനുള്ള ആകാംക്ഷയിൽ അയാളെ ഏതാണ്ട് മറന്നുകഴിഞ്ഞിരുന്ന നാട്ടുകാരെല്ലാം ചുറ്റും തടിച്ചുകൂടി. അയാളുടെ കാൽവിരലുകൾക്കിടയിൽ തവളകളുടേതുപോലെയുള്ള നേർത്ത ചർമ്മം വിടർന്നുനിന്നിരുന്നതുകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.. അയാളുടെ കണംകാലുകളിൽ വെള്ളിനിറത്തിലുള്ള ചെതുമ്പലുകൾ രൂപപ്പെട്ടിരുന്നു. ശരീരത്തിൽ അവിടവിടെയായി വട്ടത്തിൽ വലിയ വ്രണങ്ങളും ഉണ്ടായിരുന്നു. അതുകണ്ടിട്ട് അവിടെക്കൂടിയ ഒരാൾ പറഞ്ഞു :

“നമ്മളാരും ഈ കായലിൽ ജീവിക്കാത്തത് എത്ര നന്നായി!”

അധികം വെച്ചുതാമസിപ്പിക്കാതെ ബോഡി പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പക്ഷേ ഞങ്ങൾ നാട്ടുകാർക്ക് അത് വിശ്വസിക്കാനാവുമായിരുന്നില്ല.മീനുകൾ മുങ്ങിമരിക്കുമോ? ഒരുപക്ഷേ, രാമവൈദ്യൻ പറഞ്ഞതാവണം ശരി. അയാൾ വിഷം തീണ്ടി മരിച്ചതാവണം!

അയ്യൂബിന്റെയും നബീസയുടേയും അടുത്തുതന്നെയാണ് മാക്കിക്കയെ ഖബറടക്കിയത്.

ആയുസ്സിൽ മുക്കാലും ജലത്തിൽ ജീവിച്ച മാക്കിക്ക പൂർണ്ണമായും കിഴക്കേപ്പള്ളിയിലെ മണ്ണിൽ ലയിച്ചിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തെ തിന്നുതീർത്ത പുഴുക്കൾ കായലിലേക്ക് തീർഥയാത്ര പോയിട്ടുണ്ടാവണം. അവിടെ അവയൊക്കെയും ചത്തുമലച്ചിട്ടുമുണ്ടാവണം.

ലേഖകന്‍: - ഷഫീക്ക്​ മുസ്​തഫ
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artilceshafeek musthafa
News Summary - artilce shafeek musthafa
Next Story