Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.പി.ഐക്ക്...

സി.പി.ഐക്ക് ദലിതരിപ്പോഴും കണ്ടങ്കോരന്‍ ദേവസ്സിമാര്‍

text_fields
bookmark_border
സി.പി.ഐക്ക് ദലിതരിപ്പോഴും കണ്ടങ്കോരന്‍ ദേവസ്സിമാര്‍
cancel

പ്രസിദ്ധ ദലിത് സാഹിത്യകാരനായ ടി.കെ.സി. വടുതലയുടെ ‘അമ്പണ്ട വെന്തീഞ്ഞ ഇന്നാ’ എന്ന കഥയുടെ സാരം ഇങ്ങനെയാണ്: പുലയനായ കണ്ടങ്കോരന്‍ ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ മറികടന്ന് മതപരിവര്‍ത്തനത്തിലൂടെ ദേവസ്സിയാകുന്നു. ഇതോടെ, അയാളുടെ ഭൗതികജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. കീറപ്പായ പോയി ഒരു കയറ്റുകട്ടില്‍ തല്‍സ്ഥാനത്ത് കയറിപ്പറ്റി. അതൊരാളുടെ ഒൗദാര്യമാണ്. വെള്ളിനാണയങ്ങള്‍, അലക്കിത്തേച്ച വസ്ത്രങ്ങള്‍, മരുന്നുകുപ്പികള്‍, കഷായപ്പൊതികള്‍ എന്നുവേണ്ട സകല വിശേഷപ്പെട്ട പദാര്‍ഥങ്ങളും ഇഹത്തില്‍ ഒരു മനുഷ്യന് ആവശ്യമായതൊക്കെ അവിടെ വന്നുനിറഞ്ഞു. എങ്കിലും, ക്രൈസ്തവസമുദായത്തിലും സഭയിലും തുല്യത ലഭിക്കുന്നില്ളെന്ന തിരിച്ചറിവില്‍ അയാള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.
തെക്കേപ്പറമ്പിലെ പള്ളിപ്പെരുന്നാള്‍ ദിവസം, സ്വന്തം സമുദായാംഗങ്ങളുടെ മുന്നില്‍വെച്ച്, കണ്ടങ്കോരന്‍ ദേവസ്സിയെന്ന സവര്‍ണക്രിസ്ത്യാനികളുടെ വിളികേള്‍ക്കുമ്പോള്‍, താനിപ്പോഴും പഴയ കണ്ടങ്കോരന്‍പുലയനെന്ന വെളിപാടുണ്ടാകുന്നുണ്ട്. ദേവസ്സി മടിച്ചുനിന്നില്ല. ആത്മാഭിമാനം തകര്‍ന്ന്, തൊണ്ടയിടര്‍ച്ചയോടെ അയാള്‍ പള്ളിവികാരിയുടെ മുന്നിലത്തെുന്നു. പിന്നീട് കഴുത്തിന് ഭാരമായി തൂങ്ങിക്കിടന്നിരുന്ന പഴമുറംപോലുള്ള വെന്തിങ്ങ ഊരിയെടുത്തുകൊണ്ട് വെറുപ്പോടെ പറഞ്ഞു. ‘അമ്പണ്ട വെന്തിങ്ങ ഇന്നാ, എന്‍ പയേകണ്ടങ്കാരനായിട്ടുതന്നെ ചീവിച്ചോളം.’  ഒരു നിരൂപകന്‍െറ അഭിപ്രായത്തില്‍ ദലിതര്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയും സമത്വത്തിനുവേണ്ടിയുള്ള ദാഹവും ആവിഷ്കരിക്കുന്ന ഈ കഥ അനുസ്മരിക്കാന്‍ കാരണം സി.പി.ഐയുടെ പത്തനംതിട്ട ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. ചരളേല്‍ മനോജ് എന്ന സഖാവ്, മറ്റൊരു സഖാവായ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ ജാതിപറഞ്ഞ് ആക്ഷേപിച്ചതിനാലാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സവര്‍ണക്രിസ്ത്യാനിയാണ് മനോജ്. ആള് ചില്ലറക്കാരനല്ല. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ അടുത്ത ബന്ധുവാണെന്നുമാത്രമല്ല, വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്യൂണിസ്റ്റ് ഭാഷ്യത്തില്‍ ‘ചോരച്ചാലുകള്‍’ നീന്തിക്കടന്നുവന്നയാളുമാണ്. ഇപ്രകാരം സി.പി.ഐ എന്ന സഭയിലത്തെിച്ചേര്‍ന്ന മനോജ് സവര്‍ണ ജാതിബോധത്തില്‍നിന്ന് വിടുതല്‍നേടാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്. ഒന്ന്: സി.പി.ഐ എന്ന സഭ, മനോജിന്‍െറ പൈതൃകഗോത്രമാണ്. രണ്ട്:  ആ ഗോത്രത്തിലേക്ക് ജ്ഞാനസ്നാനം ചെയ്തത്തെിയ ഗോപകുമാര്‍ അന്യനാണ്. ഇപ്രകാരമൊരു തിരിച്ചറിവ് ആദ്യമായും ഉണ്ടാകേണ്ടത് ഗോപകുമാറിനുതന്നെയാണ്. കാരണം,  പ്രത്യക്ഷമായ മുറിവേല്‍ക്കലാണ് നടന്നിരിക്കുന്നത്. ഇതിന്‍െറയടിസ്ഥാനത്തില്‍ കാനം രാജേന്ദ്രന്‍ എന്ന പള്ളിവികാരിയുടെ കൈയില്‍, പാര്‍ട്ടിക്കാര്‍ഡ് എന്ന വെന്തിങ്ങ കൊടുത്ത് എം.എന്‍ സ്മാരകത്തിന്‍െറ പടിയിറങ്ങുകയാണ് വേണ്ടത്. എന്തുകൊണ്ടിപ്രകാരം സംഭവിക്കുന്നില്ല. സി.പി.ഐയുടെ കാരുണ്യത്താലാണ് ഉപ്പുംചോറും കിട്ടുന്നതെന്നും ഈ ജന്മത്തില്‍ മാത്രമല്ല, അടുത്ത ജന്മത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍, ചരിത്രപാഠം വേറെയാണ്. ഭരണഘടനയിലെ വ്യവസ്ഥാപിതമായ സംവരണത്തിലൂടെയാണ് ഗോപകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പകല്‍പോലെ തിരിച്ചറിയുന്നവരാണ് മനോജ് മുതല്‍ കാനം രാജേന്ദ്രന്‍ വരെയുള്ള ഖാപ് പഞ്ചായത്ത് മേധാവികള്‍. അവരെ സംബന്ധിച്ചിടത്തോളം ഗോപകുമാറിന്‍െറ എം.എല്‍.എ സ്ഥാനം യോഗ്യതയിലൂടെ (മെറിറ്റ്)  നേടിയതല്ല, സി.പി.ഐയുടെ ദാനമാണ്. ഈ മനോഭാവം ഉള്ളിലുള്ളതിനാല്‍ മനോജിന്‍െറ പ്രതികരണം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ നാക്കുപിഴയല്ല; ബോധപൂര്‍വം സംഭവിച്ചതാണ്.

കാരണമുണ്ട്, കേരളത്തിലെ ദലിത് സമുദായത്തെ അടിച്ചമര്‍ത്തുന്നതിലും ശിഥിലീകരിക്കുന്നതിലും സി.പി.ഐയുടെ പങ്ക് വളരെ വലുതാണ്. 1965-70 കാലത്ത് നടന്ന കര്‍ഷകത്തൊഴിലാളി സമരങ്ങളെ ചോരയില്‍മുക്കിക്കൊന്നത് സി. അച്യുത മേനോനാണ്. ദലിതരെ പുറമ്പോക്കുകളാക്കിയ ലക്ഷംവീടുകള്‍ എം.എന്‍. ഗോവിന്ദന്‍ നായരുടെ ഭാവനയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പാക്കാനും കെ.പി.എം.എസ് എന്ന ജാതി സംഘടനയുടെ പെറ്റമ്മയും പോറ്റമ്മയും സി.പി.ഐയായിരുന്നു. കെ.പി.എം.എസിന്‍െറ സമുന്നതനേതാവും മുന്‍മന്ത്രിയുമായ സി.കെ. രാഘവന്‍െറ മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാനുള്ള അവസരം സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് നിഷേധിച്ചു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുന്ന നിയമം അട്ടിമറിച്ചത് റവന്യൂ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിലാണ്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയെ ഒരു ചെമ്പുപട്ടയം കാണിച്ച് കുഴിച്ചുമൂടിയത്, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍ എന്നിവരടങ്ങിയ മൂവര്‍ സംഘമാണ്. ഈ പട്ടിക ഇനിയും നീട്ടാവുന്നതാണ്.

ഇപ്രകാരമൊരു പ്രസ്ഥാനത്തിലെ പ്രമാണിയായ മനോജിനെ സംബന്ധിച്ചിടത്തോളം അടൂര്‍ എം.എല്‍.എ സ്ഥാനം തന്‍െറ പൈതൃകസ്വത്താണ്. ആ അധീനമേഖലയിലേക്ക് ജാതിയെന്ന പരിഗണനയില്‍ ഗോപകുമാര്‍ അതിക്രമിച്ചുകടന്നിരിക്കുകയാണ്. ഇതിനെതിരായ പ്രതിരോധം അസാധ്യമായതിനാല്‍, കേവലം ഒരു വോട്ടറായ ഗോപകുമാറിനെയല്ല, അദ്ദേഹത്തിന്‍െറ ജാതിയെ ശപിച്ചുനിര്‍വീര്യമാക്കുന്നു. ഇതിനര്‍ഥം, പാര്‍ട്ടിക്കുള്ളിലെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍ വെള്ളംകോരികളും വിറകുവെട്ടുകാരുമായി നിന്നാല്‍മതിയെന്നാണ്. എങ്കിലും, മനോജിനെ പാര്‍ട്ടി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ ഖാപ് പഞ്ചായത്ത് വിധിയിലൂടെ കഴുകിക്കളയാവുന്നതല്ല, ഗോപകുമാറിനും അദ്ദേഹത്തിന്‍െറ സമുദായത്തിനും മേല്‍ വീണിരിക്കുന്ന കളങ്കം. കാരണം, സി.പി.ഐ എന്ന പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഒളിച്ചിരിക്കുന്ന, ഹിറ്റ്ലറിന്‍െറ വംശീയ വിദ്വേഷമാണ് പുറത്തായിരിക്കുന്നത്. അതിനെ ചെറുത്തുതോല്‍പിക്കേണ്ടത് കാനം രാജേന്ദ്രനല്ല, കേരളത്തിലെ പീഡിത ജനതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpicaste
News Summary - according to cpi dalit is kandankoran and devassi
Next Story