Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉറി ഭീകരാക്രമണവും...

ഉറി ഭീകരാക്രമണവും നയതന്ത്ര സുരക്ഷാവീഴ്ചകളും

text_fields
bookmark_border
ഉറി ഭീകരാക്രമണവും നയതന്ത്ര സുരക്ഷാവീഴ്ചകളും
cancel

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കശ്മീരിലെ ഉറി സൈനികക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍െറ സഹായത്തോടെ നുഴഞ്ഞുകയറിയ ജയ്ശെ മുഹമ്മദ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറയും സൈന്യത്തിന്‍െറയും വാദം. പാകിസ്താനുമായുള്ള നയതന്ത്രബന്ധത്തില്‍ കാതലായ മാറ്റത്തിന് കാരണമായേക്കാവുന്ന ഉറി ആക്രമണം കേന്ദ്രസര്‍ക്കാറിന്‍െറ നയതന്ത്ര, സുരക്ഷാവീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.

അധികാരത്തിലത്തെിയാല്‍ അതിര്‍ത്തി കടന്ന് ഒരു പക്ഷിപോലും ഇന്ത്യയിലേക്ക് പറക്കാന്‍ ധൈര്യം കാണിക്കില്ളെന്നായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അവകാശവാദം. ഈ വര്‍ഷം നടന്ന അസം നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി  അധ്യക്ഷന്‍ ഇത് ആവര്‍ത്തിക്കുകയുമുണ്ടായി. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി കശ്മീരില്‍ സമാധാനം പുന$സ്ഥാപിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന്‍െറ പൊള്ളത്തരങ്ങളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ വന്‍ സുരക്ഷാവീഴ്ചകളും ഒരുപോലെ തുറന്നുകാണിക്കുന്നതാണ് ഉറിയിലെ സൈനിക ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം. ഇതോടൊപ്പം കശ്മീരില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ സര്‍ക്കാറിന്‍െറ കശ്മീര്‍ നയത്തിന്‍െറ  പൂര്‍ണ പരാജയത്തെ തുറന്നുകാണിക്കുന്നു.

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലത്തെുന്നതിനു മുമ്പുള്ള ഒരു ദശാബ്ദക്കാലം പൊതുവെ ശാന്തമായിരുന്നു കശ്മീര്‍. 2006ല്‍ ഡോഡയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം 2013 വരെ പ്രധാന ഭീകരാക്രമണങ്ങള്‍ ഒന്നും കശ്മീരില്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല. എന്നാല്‍, 2014ന്‍െറ അവസാനം മുതല്‍ കാര്യങ്ങള്‍ നേര്‍വിപരീതമാകുന്നതാണ് കണ്ടത്. ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ ആറു സൈനികരും മൂന്നു പൊലീസുകാരുമുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു.
2015ല്‍ മാത്രം 24 തീവ്രവാദ ആക്രമണങ്ങളാണ് നടന്നത്. ഈ ആക്രമണങ്ങളിലായി 23 സൈനികരും 64 ഭീകരരുമുള്‍പ്പെടെ 92 പേര്‍ കൊല്ലപ്പെട്ടു. 2016 ജനുവരിയില്‍ പത്താന്‍കോട്ടിലെ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണം രാജ്യത്തെ തെല്ളൊന്നുമല്ല നടുക്കിയത്. ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധം ദൃഢപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനവും നവാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയും പ്രഖ്യാപിച്ച് ഒരാഴ്ചപോലും തികയുന്നതിനുമുമ്പായിരുന്നു ഈ ആക്രമണം. അതിര്‍ത്തി കടന്നത്തെിയ ഭീകരരാണ് ഇതിനു പിന്നിലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീകറും സൈനികമേധാവി ദല്‍ബീര്‍സിങ്ങും പ്രതികരിച്ചത്. പത്താന്‍കോട്ടിനു പുറമേ ചെറുതും വലുതുമായ ഇരുപതോളം തീവ്രവാദി ആക്രമണങ്ങളാണ് 2016 ഫെബ്രുവരി മുതല്‍ ഇന്നുവരെ താഴ്വരയില്‍ റിപ്പോര്‍ട്ട്  ചെയ്തത്. ഈ ആക്രമണങ്ങളിലായി 31 സൈനികരും 70 തീവ്രവാദികളും ഉള്‍പ്പെ ടെ 102 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.

ഈ പരമ്പരയിലെ ഒടുവിലത്തേതാണ് ഉറി ഭീകരാക്രമണം. നിയന്ത്രണ രേഖയോട് അടുത്തുകിടക്കുന്ന സൈനിക താവളമാണ് ഉറിയിലേത്. ഏകദേശം 15,000 സൈനികരാണ് ഈ ക്യാമ്പിലുള്ളത്. പഴുതുകളില്ലാത്ത, സമ്പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ആവശ്യമാണ്. ഇങ്ങനെ അതീവ സുരക്ഷയുള്ള സൈനികത്താവളങ്ങളെ ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തുന്നതിനായി ഒറ്റദിവസത്തെ ശ്രമങ്ങള്‍കൊണ്ട് ഭീകരര്‍ക്ക് കഴിയില്ളെന്നുറപ്പാണ്. ഇതിനായി അവര്‍ മേഖലയില്‍ പലതരം മുന്‍കരുതലുകളും എടുത്തിട്ടുണ്ടാവും. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വീഴ്ച പൂര്‍ണമായും നയപരമായ പരാജയം തന്നെയാണ്. അമേരിക്കയും  റഷ്യയും  ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി അവകാശപ്പെടുന്ന, 44,282 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിരോധബജറ്റുള്ള, 1942 അത്യാധുനിക എയര്‍ക്രാഫ്റ്റുകളും 170ഓളം കപ്പല്‍വ്യൂഹങ്ങളുമുള്ള ഒരു സൈന്യത്തിന്‍െറ താവളങ്ങള്‍പോലും സുരക്ഷിതമല്ളെങ്കില്‍ ഈ രാജ്യത്തെ സാധാരണജനങ്ങളുടെ സുരക്ഷിതത്വം എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇങ്ങനെയുള്ള സുരക്ഷാപാളിച്ചകളാണ് അനുദിനം വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണമെങ്കില്‍, മറുവശത്ത് ജനങ്ങളുമായും വിഘടനവാദ സംഘടനകളുമായുമുള്ള കേന്ദ്രസര്‍ക്കാര്‍ ബന്ധത്തിന്‍െറയും നയത്തിന്‍െറയും പരാജയമാണ് താഴ്വരയില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അശാന്തി വിതച്ചത്. ബുര്‍ഹാന്‍ വാനി എന്ന ഹിസ്ബുല്‍ മുജാഹിദ് കമാന്‍ഡറുടെ മരണവുമായി ബന്ധപ്പെട്ടും തുടര്‍ന്നും ഉണ്ടായ കലാപത്തില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണെന്നത് സംഘര്‍ഷത്തിന്‍െറ ഭീകരത വെളിവാക്കുന്നു. രണ്ടര മാസമായി തുടരുന്ന കലാപവുമായി ബന്ധപ്പെട്ട് 1500 ലേറെ പേരെയാണ് സൈന്യവും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ കഴിയാതെ ഒട്ടേറെ സൈനികരെ കുരുതികൊടുത്ത സര്‍ക്കാര്‍ താഴ്വരയിലെ സാധാരണജനങ്ങളോട് യുദ്ധത്തില്‍ കീഴടക്കപ്പെട്ട ജനതയോടെന്ന പോലെയാണ് പെരുമാറുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

ചുരുക്കത്തില്‍, അതിര്‍ത്തികടന്ന ഭീകരാക്രമണം പൂര്‍ണമായും ഇല്ലാതാക്കി കശ്മീരില്‍ സമാധാനം പുന$സ്ഥാപിക്കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തിലത്തെിയ കേന്ദ്രസര്‍ക്കാര്‍ സൈനികതാവളങ്ങള്‍പോലും സുരക്ഷിതമാക്കുന്നതില്‍  പരാജയപ്പെട്ടു എന്നതാണ് ഉറി ആക്രമണം കാണിക്കുന്നത്. 2014നു ശേഷം അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ വന്ന അഭൂതപൂര്‍വമായ വര്‍ധന ഈ വാദത്തിനു അടിവരയിടുന്നു. 2016 ജൂണ്‍ മാസത്തിനു ശേഷം തൊണ്ണൂറോളം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നതായി ആഭ്യന്തര സഹമന്ത്രി ഹന്‍സ്് രാജ് ആഹിര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. ആഭ്യന്തരസുരക്ഷ എന്ന വിഷയം ഉയര്‍ത്തിക്കാട്ടി അധികാരത്തിലത്തെിയ ഒരു പാര്‍ട്ടി രാജ്യംഭരിക്കുന്ന കാലത്താണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നത് ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും  ഉയര്‍ത്തുന്നു.

ഒന്നാമത്തേത്, ആഭ്യന്തരസുരക്ഷയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ കാഴ്ചപ്പാടാണ്. ആഭ്യന്തരസുരക്ഷയെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിരന്തരമായി പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ അധികാരത്തിലത്തെിയശേഷം അത് പ്രായോഗികമാക്കുന്നതിനോ, നവീകരിക്കുന്നതിനോ ഉള്ള നടപടികള്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ദേശീയ സുരക്ഷാ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും, ദീര്‍ഘവീക്ഷണത്തോടെയും വാര്‍ത്തെടുക്കുന്നതിനായി 1998ല്‍ വാജ്പേയി സര്‍ക്കാര്‍  രൂപംകൊടുത്ത ‘ദേശീയ സുരക്ഷാ ഉപദേശകകൗണ്‍സില്‍’ അധികാരത്തിലേറി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പുന$സംഘടിപ്പിക്കാന്‍പോലും ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

രണ്ടാമത്തേത്, മോദി എന്ന വലതുപക്ഷ പത്രമാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ ‘കരുത്തനായ’ പ്രധാനമന്ത്രിയുടെ കഴിവ്. അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ നേരിടുന്നതോടൊപ്പം രാജ്യത്തിനകത്തുള്ള ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും നല്‍കുമ്പോള്‍ മാത്രമാണ് ഒരു ഭരണാധികാരി വിജയിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കരുതലോടെയാണ് കശ്മീര്‍ പ്രതിസന്ധിയെയും അതിര്‍ത്തികടന്ന ഭീകരാക്രമണങ്ങളെയും സമീപിച്ചത്. ഇതിന്‍െറ ഫലമായിരുന്നു നേരത്തേ സൂചിപ്പിച്ച ഒരു ദശാബ്ദക്കാലം കശ്മീര്‍ താഴ്വരയില്‍ പുലര്‍ന്ന  സമാധാനം. അധികാരത്തിലത്തെി രണ്ടു വര്‍ഷത്തിനിടക്ക് കശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ ഇത്തരത്തില്‍ ഭരണാധികാരി എന്ന നിലയിലും നയതന്ത്രജ്ഞന്‍ എന്ന നിലയിലുമുള്ള മോദിയുടെ കഴിവിനെ ചോദ്യംചെയ്യുന്നു. കശ്മീരില്‍ ജനങ്ങള്‍ നടത്തിവരുന്ന സമരവും പാകിസ്താന്‍െറ പിന്തുണയോടെ തീവ്രവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനവും ഒരേപോലെ നോക്കിക്കാണുന്നു എന്നതും ഈ സര്‍ക്കാറിന്‍െറ രാഷ്ട്രീയപരാജയമാണ്. രാജ്യത്തങ്ങോളമിങ്ങോളം ദലിതര്‍ക്കും മുസ്ലിംകള്‍ക്കും  നേരെയുള്ള ആക്രമണങ്ങളെ ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കഴിവില്ലായ്മയുടെ ചിത്രം പൂര്‍ണമാകുന്നു.

മൂന്നാമത്തേത്,  കേന്ദ്ര സര്‍ക്കാറിന് സൈനികരോടുള്ള സമീപനവുമായി ബന്ധപ്പെട്ടതാണ്. സൈനികസ്നേഹം കേന്ദ്രത്തിന്‍െറ പ്രഖ്യാപിതനയത്തിന്‍െറ ഭാഗമാണ്. എന്നാല്‍, ജീവിച്ചിരിക്കുന്ന സൈനികരേക്കാള്‍ കൊല്ലപ്പെടുന്ന സൈനികരോടാണ് കേന്ദ്രസര്‍ക്കാറിന് സ്നേഹം എന്ന രീതിയില്‍ കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഉദാഹരണത്തിന്, നൂറിലേറെ സൈനികരാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കശ്മീരില്‍ മാത്രം കൊല്ലപ്പെട്ടത്. ഇതില്‍ പലതും സര്‍ക്കാറിന്‍െറ സുരക്ഷാവീഴ്ചകളുടെയും കാഴ്ചപ്പാടില്ലായ്മയുടെയും അനന്തര ഫലമായിരുന്നു.

സൈനികരുടെ സുരക്ഷക്ക് മുന്‍കരുതല്‍ എടുക്കുന്നതിനുപകരം അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ രക്തസാക്ഷിത്വത്തെ മുതലെടുക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും. ഇങ്ങനെ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് ട്വിറ്ററില്‍ കുറിച്ചിടുന്ന ആദരാഞ്ജലിയല്ലാതെ അവരുടെ കുടുംബത്തെക്കുറിച്ചോ ആശ്രിതരുടെ ക്ഷേമത്തെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല എന്നതും വസ്തുതയാണ്.

ഏറ്റവും ഒടുവിലത്തേത് കശ്മീരിന്‍െറ ഭാവിയെക്കുറിച്ച ആശങ്കകളാണ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത് മേഖലയുമായി ബന്ധപ്പെട്ട് യുദ്ധതയാറെടുപ്പുകള്‍ നടക്കുന്നു എന്നതാണ്. യുദ്ധസമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് വാദത്തിനുവേണ്ടി പറയാമെങ്കിലും വരുംനാളുകളിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും വ്യത്യസ്തമായിരിക്കും. സൈനികനീക്കങ്ങളെക്കുറിച്ച പ്രവചനങ്ങള്‍ അസാധ്യമാണെങ്കിലും തെക്കന്‍കശ്മീരിലും മറ്റും കൂടുതല്‍ സൈനികരെ വിന്യസിച്ചതും, വിഘടനവാദികളോട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ളെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും ഇതിന്‍െറ ഭാഗമാണെന്ന് കരുതേണ്ടതുണ്ട്.

കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പും സമരങ്ങളും പാകിസ്താന്‍െറ സഹായത്തോടെ ഒരുവിഭാഗം വിഘടനവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളും ഒന്നാണെന്ന തെറ്റായ വിലയിരുത്തലാണ് ഒരു സൈനികനീക്കത്തിന് പ്രേരണയാകുന്നത്. ഇത്തരം കണക്കുകൂട്ടലുകള്‍ പ്രകാരം ശ്രീലങ്കയിലേതിനു സമാനമായ ഒരു അന്തിമ യുദ്ധത്തിനു വരുംനാളുകളില്‍ കശ്മീര്‍ താഴ്വര സാക്ഷ്യം വഹിക്കേണ്ടിവരും. പാകിസ്താനും, തീവ്രവാദികളും ഒരേപോലെ ആഗ്രഹിക്കുന്നതും ഇത്തരമൊരു യുദ്ധമാണ്.

(ജാമിഅ മില്ലിയ നെല്‍സണ്‍ മണ്ടേല പീസ് ആന്‍ഡ് കോണ്‍ഫ്ളിക്റ്റ് റസലുഷനില്‍ അധ്യാപകനാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uri terror attack
Next Story