Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബ്രീഫിങ് സുതാര്യതയുടെ...

ബ്രീഫിങ് സുതാര്യതയുടെ വാതില്‍

text_fields
bookmark_border
ബ്രീഫിങ് സുതാര്യതയുടെ വാതില്‍
cancel

സുതാര്യത ജനാധിപത്യത്തിന്‍െറ മര്യാദയാണ്. അത് ജനങ്ങളുടെ അവകാശവുമാണ്. ജനകീയഭരണത്തില്‍ സുതാര്യതയെക്കാള്‍ വലിയ അഴിമതിവിരുദ്ധ നീക്കമില്ല. സര്‍ക്കാര്‍ തീരുമാനവും അതിന്‍െറ പ്രസക്തിയും കാരണവും തീരുമാനത്തിലേക്കത്തെിയ നടപടിക്രമങ്ങളും അതുകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാലാണ് വിവരാവകാശ നിയമമുണ്ടായത്. ഇങ്ങനെ ഒരു നിയമം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായ വലിയൊരു വിപ്ളവമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പുകമറയും ഇരുമ്പുമറകളും തകര്‍ക്കാന്‍ ഈ നിയമത്തിനും അതുവഴി ഉണ്ടായ സ്ഥാപനങ്ങള്‍ക്കും കഴിയുമെന്ന ധാരണ ഏറക്കുറെ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. അതിന്‍െറ അവസാനത്തെ അനുഭവമാണ്, മന്തിസഭായോഗ തീരുമാനങ്ങള്‍ മാത്രമല്ല അജണ്ടയും മിനുട്സുമൊക്കെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരണമെന്ന ട്രൈബ്യൂണല്‍ വിധി.  

വിവരാവകാശനിയമം പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല. ഇനിയും ചിലേടങ്ങളില്‍ വിട്ടുകൊടുക്കാന്‍ മടികാട്ടുകയാണ് ഭരണകൂടങ്ങള്‍. വാസ്തവത്തില്‍ ഭരണതലത്തില്‍ സുതാര്യതയും ജനങ്ങള്‍ക്ക് ഭരണകാര്യങ്ങള്‍ അറിയാനുള്ള അവകാശവും വേണമെന്ന് നിര്‍ബന്ധിക്കുകയും അതിനായുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തവരുടെ മുന്‍നിരയില്‍ ഇടതുപക്ഷ പ്രസ്ഥാനവും ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍  അഴിമതി മുക്തമാണെന്ന പൊതുധാരണ ഇന്ത്യന്‍ ജനതയില്‍ എങ്ങനെയോ സാര്‍വത്രികമായുണ്ട്.  

മന്ത്രിസഭയുടെ തീരുമാനങ്ങളും ചര്‍ച്ചാവിവരങ്ങളും അതുസംബന്ധിച്ച രാഷ്ട്രീയവും സമകാലിക പ്രശ്നങ്ങളും ജനങ്ങളോട് പങ്കുവെക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ്, മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനം. കാബിനറ്റ് ബ്രീഫിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ സര്‍ക്കാറിനെ ചിലപ്പോഴൊക്കെ വെട്ടിലാക്കിയിട്ടുണ്ടെന്നത് നേരാണ്. പല മുഖ്യമന്ത്രിമാര്‍ക്കും നാക്കുപിഴക്കും ബ്രീഫിങ് വഴിവെച്ചിട്ടുമുണ്ട്. പക്ഷേ, കെണിയില്‍ വീണവരും പിന്മാറിയിട്ടില്ല. ജനങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നു പറയുന്നതിന്‍െറ സുഖവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് ജനാധിപത്യപ്രക്രിയയായി അവര്‍ കരുതിപ്പോന്നു. ഇ.കെ. നായനാരെ പോലുള്ള ഫലിതപ്രേമികള്‍ ഈ വാര്‍ത്താസമ്മേളനത്തെ വലിയ സംഭവങ്ങളാക്കി മാറ്റി. കരുണാകരന്‍െറ പല കുസൃതികളും ഈ ആഴ്ചവട്ട പരിപാടിയിലൂടെയാണ് ജനം അറിഞ്ഞത്. വി.എസ്. അച്യുതാനന്ദന്‍െറ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് പ്രധാന അരങ്ങ് മന്ത്രിസഭാവിവരങ്ങള്‍ പറയാനുള്ള പത്രസമ്മേളനമായിരുന്നു. എ.കെ. ആന്‍റണിയുടെ പിണക്കങ്ങളും ഇണക്കങ്ങളും ഈ വേദിയിലൂടെ ജനം അറിഞ്ഞു.

സ്വന്തം പാര്‍ട്ടിക്കാര്‍  തന്നെ ബ്ളാക്മെയില്‍ ചെയ്യുന്നു എന്ന് തുറന്നുപറയാനുള്ള വേദിവരെയായി ആന്‍റണിക്ക് ഈ ബ്രീഫിങ് പരിപാടി. പി.കെ.വി ലോകകാര്യങ്ങള്‍ മുതല്‍ കുടുംബകാര്യങ്ങള്‍വരെ മന്ത്രിസഭക്കുശേഷം പത്രക്കാരുമായാണ് പങ്കുവെച്ചത്. അച്യുതമേനോനെ പോലുള്ള അതികായര്‍ പോലും സരസരായി മാറിയ വേദിയായിരുന്നു അത്. ആഴ്ചതോറും ജനങ്ങളോട് സംവദിക്കാനുള്ള ഒരുമാര്‍ഗമായാണ്, പൂര്‍വസൂരികള്‍ ഇങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാക്കിവെച്ചത്. അതിലുപരി ഭരണപരവും നയപരവുമായ തീരുമാനങ്ങളുടെ സുതാര്യവത്കരണം കൂടിയായി ഈ വേദി. ചാനലുകളുടെ ഈ പുഷ്ക്കലകാലത്ത് പൊതുവേ വാര്‍ത്താ താല്‍പര്യമില്ലാത്തവര്‍പോലും ഒരു ആചാരം പോലെ ബ്രീഫിങ് പരിപാടി ആസ്വദിച്ചുവന്നു എന്നതിന് തെളിവാണ് അത് സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ കാട്ടിയിരുന്ന മത്സരം. മന്ത്രിസഭായോഗങ്ങളില്‍ അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറയുന്നതിലൂടെ ഭരണസുതാര്യതയുടെ ആദ്യവാതില്‍ തുറന്നുകൊടുക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്തുവന്നത്. പൊതുജനത്തിന് ലഭിച്ചുവന്ന ഈ ആനുകൂല്യം പൊടുന്നനെ ഇല്ലാതായിരിക്കുന്നു.

പിണറായി വിജയന്‍ ശക്തനായ നേതാവാണ്. അതിനാല്‍തന്നെ ശക്തനായ മുഖ്യമന്ത്രിയാകാന്‍ കഴിവുള്ളയാളുമാണ്. ജനകീയ പ്രശ്നങ്ങള്‍ക്ക് വേണ്ടിയും അഴിമതിക്കെതിരെയും പോരാടിവന്ന ചരിത്രം അദ്ദേഹത്തിന് സ്വന്തമായുണ്ട്. ജനകീയപോരാട്ടങ്ങള്‍ക്ക് മുന്‍നിരയില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്ന നേതാവിനെയാണ് ജനം വിജയനില്‍ കണ്ടിട്ടുള്ളത്. അതിനാല്‍തന്നെ ഭരണസുതാര്യത ഇല്ലാതാക്കാനാണ് അദ്ദേഹം ബ്രീഫിങ് നിര്‍ത്തലാക്കിയതെന്ന് പറയാനാവില്ല. ചാനലുകള്‍ക്കുമുന്നില്‍ വാര്‍ത്താലേഖകരുമായി വാചകമടിച്ചിരുന്ന് സമയം കളയേണ്ടെന്ന് കരുതിയാകാം ഈ നിലപാട് സ്വീകരിച്ചത്. അതെന്തുമാകട്ടെ, സുതാര്യതയെപറ്റി പറയുന്ന വിജയന്‍  എടുത്ത ഈ നിലപാട് അത്രതന്നെ നന്നായില്ളെന്നേ പറയാന്‍ കഴിയൂ. ഭരണത്തിന് ഇരുമ്പുമറയിടാനുള്ള വഴിയായി ഇതിനെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനാവില്ല. ജനകീയ ജനാധിപത്യത്തില്‍ അടിയുറച്ച ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവ് ജനകീയപരിപാടികളില്‍നിന്ന് അകന്നുനില്‍ക്കുന്നതില്‍ അഭംഗിയുണ്ട്. ബ്രീഫിങ് എന്നത് വാര്‍ത്താലേഖകര്‍ ഏറെനാളത്തെ പരിശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു സൗകര്യമായിരുന്നു. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ വിദേശത്തോ ഇത്തരം ഒരു സ്ഥിരം വാര്‍ത്താ സമ്മേളനവേദി ആഴ്ചതോറും ഒരുക്കുന്നരീതി കണ്ടത്തൊനാവില്ല. അതിനാല്‍തന്നെ കേരളത്തിന്‍െറ മാതൃകയായി വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് ഈ പരിപാടി മാറിയിരുന്നു, വര്‍ഷങ്ങളിലൂടെ.

കേരളപ്പിറവിക്കുശേഷം ഉണ്ടായ മന്ത്രിസഭകള്‍ പൊതുവെ ആശയവിനിമയത്തിന് പ്രാമുഖ്യം നല്‍കി. ഇ.എം.എസിന്‍െറ ആദ്യ മന്ത്രിസഭ കേരളത്തിലെ വിവിധ ജില്ലകളില്‍ മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ട്. ഒരു സാധാരണ ബസില്‍ എല്ലാ മന്ത്രിമാരും ഒരുമിച്ച് യാത്രചെയ്ത് അവികസിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രിസഭ ചേര്‍ന്ന് പ്രാദേശിക വികസനപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അന്ന് വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു പത്രലേഖകനെ കൂടി കൂട്ടാന്‍ മന്ത്രിസഭ മടിച്ചില്ല. യാത്രാബുദ്ധിമുട്ടുകള്‍ ഏറെയുള്ള അക്കാലത്ത് കൂടുതല്‍ ലേഖകരെ കൂട്ടുന്നത് അപ്രായോഗികവും ആയിരുന്നു. കെ. ബാലകൃഷ്ണന്‍ എന്ന പ്രഗല്ഭനാണ് ആ ഭാഗ്യം ഉണ്ടായത്. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അദ്ദേഹം അന്നന്ന് മറ്റു പത്രങ്ങള്‍ക്കുകൂടി നല്‍കിയിരുന്നു.  മന്ത്രിസഭയുടെ കണ്ടത്തെലുകള്‍  അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് വന്ന മന്ത്രിസഭകള്‍ക്ക് ബ്രീഫിങ് പരിപാടികള്‍ ഉണ്ടായിരുന്നില്ല.  വിവരമറിയാന്‍ ഏതെങ്കിലും ഒരു മന്ത്രിയെ ആശ്രയിക്കേണ്ടിവന്നു, പത്രലേഖകര്‍ക്ക്.

പട്ടം താണുപിള്ളയുടെയും ആര്‍. ശങ്കറിന്‍െറയും മന്ത്രിസഭകളില്‍  റവന്യു-നിയമമന്ത്രി കെ. ചന്ദ്രശേഖരനായിരുന്നു  പത്രലേഖകരുടെ തോഴന്‍. പിന്നീട് അച്യുതമേനോന്‍ വരുന്നതുവരെ ഇങ്ങനെ ഓരോ മന്ത്രിമാരെ ആശ്രയിച്ച് വിവരങ്ങള്‍ അറിയേണ്ട ഗതികേടിലായി പത്രലേഖകര്‍. തീരുമാനങ്ങള്‍ മാത്രം പത്രക്കുറിപ്പായി നല്‍കാന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പുണ്ടായിരുന്നു. തീരുമാനങ്ങളുടെ പശ്ചാത്തലമറിയാത്തതിനാല്‍ പലപ്പോഴും അവയെ തെറ്റിദ്ധരിച്ച ചരിത്രവും ഉണ്ട്. ഇതിന് മാറ്റംവന്നത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായപ്പോഴാണ്. 1970നുശേഷം അങ്ങനെ വ്യവസ്ഥാപിതമായ ബ്രീഫിങ് ഉണ്ടായി. അച്യുതമേനോന്‍െറ ബ്രീഫിങ്ങിനെയാണ് തികഞ്ഞ ബ്രീഫായി വാര്‍ത്താലേഖകര്‍ കാണുന്നത്. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ആദ്യം വിവരിക്കും. തീരുമാനമെടുക്കാനുണ്ടായ പശ്ചാത്തലം പിന്നീട് പറയും. അതുകൊണ്ട് ജനത്തിനും സംസ്ഥാനത്തിനും ലഭിക്കുന്ന നേട്ടങ്ങള്‍ അവസാനം പറയും. കാര്യമാത്രപ്രസക്തമായിരുന്നു ഓരോ ബ്രീഫിങ്ങും. പിന്നീട് കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴും  എ.കെ. ആന്‍റണി മുഖ്യമന്ത്രിയായപ്പോഴും ഇതേരീതി തുടര്‍ന്നു. അതിനുശേഷം വന്ന പി.കെ.വി ബ്രീഫിങ് കൂടുതല്‍ ജനകീയവും വിപുലവുമാക്കി. ഏറെസമയം അദ്ദേഹം അതിനായി ചെലവഴിച്ചു.

നായനാരുടെ കമന്‍റുകള്‍ പലതും അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ബലാത്സംഗം ചായകുടിപോലെ സാധാരണമാണെന്നും ഭഗവാനെന്തിന് പാറാവെന്നും മറ്റുമുള്ള തട്ടുകള്‍ ഇപ്പോഴും ജനം ഓര്‍ക്കുന്ന ചിലതാണ്. പലപ്പോഴും പത്രക്കാരോട് അദ്ദേഹം കലഹിച്ചു. ചിലപ്പോള്‍ പരിഹസിച്ചു. അതിരുകടക്കുമ്പോള്‍ കടിഞ്ഞാണിടാന്‍ ബേബിജോണും ഇ. ചന്ദ്രശേഖരന്‍നായരും കെ. ചന്ദ്രശേഖരനുമൊക്കെ മാറിമാറി എത്തി.  കുഴപ്പത്തില്‍ പലകുറി ചാടിയിട്ടും ബ്രീഫിങ് സ്വയം ആസ്വദിക്കുന്ന മുഖ്യമന്ത്രിയാകാന്‍ നായനാര്‍ക്ക് കഴിഞ്ഞു. കരുണാകരന്‍ ബ്രീഫിങ്ങിനെ രാഷ്ട്രീയവേദിയാക്കി. ഗ്രൂപ് പോരാട്ടവും ഘടകകക്ഷികളുടെ പടലപ്പിണക്കവും കരുണാകരന്‍െറ ബ്രീഫിങ്ങുകളില്‍ മേമ്പൊടിയായി. അദ്ദേഹത്തിന്‍െറ കുസൃതികലര്‍ന്ന മറുപടികള്‍ പ്രത്യേക വാര്‍ത്തകളായി.

വി.എസും ബ്രീഫിങ് വേദിയെ രാഷ്ട്രീയമായി ഉപയോഗിച്ച നേതാവാണ്. എതിര്‍പക്ഷത്തെ ആക്രമിക്കാനും ഉള്‍പാര്‍ട്ടി പോരിനും അദ്ദേഹത്തിന്‍െറ പത്രസമ്മേളനങ്ങള്‍ വേദിയായി. ചിലപ്പോഴൊക്കെ മന്ത്രിസഭാ തീരുമാനങ്ങളെക്കാള്‍ പ്രധാനമായി അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ക്കുള്ള മറുപടിയുമായാണ് എത്തിയിരുന്നത്. അതേസമയം, മൂന്നാര്‍ ഒഴിപ്പിക്കല്‍ പോലുള്ള ശക്തമായ ചില നീക്കങ്ങള്‍വഴി ജനകീയനാകാനും അദ്ദേഹം ബ്രീഫിങ് വേദികള്‍ ഉപയോഗിച്ചു. രാഷ്ട്രീയ ആരോപണങ്ങളെ നേരിടാനുള്ള വേദിയായാണ് ഉമ്മന്‍ചാണ്ടി ഇതിനെ ഉപയോഗിച്ചത്. ഏത് ആരോപണത്തെയും നിസ്സാരവത്കരിക്കാന്‍ ഉമ്മന്‍ചാണ്ടി മിടുക്കു കാട്ടി. ആ മിടുക്ക് അനവസരത്തിലായപ്പോള്‍ അദ്ദേഹത്തിന്‍െറ വിശ്വാസ്യതക്കും മങ്ങലേറ്റു എന്നു പറയാതെ വയ്യ.

അങ്ങനെ നോക്കിയാല്‍ കേരള രാഷ്ട്രീയചരിത്രത്തിലെ ഓരോ മുഖ്യമന്ത്രിയുടെയും ചരിത്രത്തിന്‍െറ നാഴികക്കല്ലുകളായിരുന്നു കാബിനറ്റ് ബ്രീഫിങ് വേദികള്‍. കേരള മോഡല്‍ എന്ന് പറയാവുന്ന ഈ സുതാര്യതാ പ്രക്രിയ വിവരാവകാശ നിയമത്തിനും മേലെയായിരുന്നു. എന്തിനും മറുപടി പറയാവുന്ന, അഥവാ ഏതിനും മറുപടി പറയേണ്ടിവരുന്ന ഒരു വിചാരണ പ്രക്രിയകൂടിയായിരുന്നു അത്. ജനകീയ ജനാധിപത്യത്തിന്‍െറ പ്രയോക്താവായ പിണറായി വിജയന്‍ ഈ പ്രക്രിയയെ പൂര്‍ണമായി നിരാകരിക്കുന്നത് അഭിലഷണീയമാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf ministry
Next Story